Thursday 09 April 2020 04:29 PM IST : By ജിന്റോ വി ജോൺ

മൗത്ത് പെയിന്റിങ്ങിലൂടെ ‘മസ്കുലാർ ഡിസ്ട്രോഫി’യെ തോൽപ്പിച്ചു; നാലു ചുമരുകൾക്കുള്ളിൽ നിറമുള്ള ലോകം തീർത്ത് ജോയൽ!

iam-positive

പെൻസില്‍ പിടിക്കാന്‍ കരുത്തില്ലാത്ത കൈകള്‍ ഉപയോഗിച്ച് ജോയല്‍ കെ. ബിജു വിടര്‍ന്ന് പുഞ്ചിരിക്കുന്ന ഒരു പൂവിന്റെ ചിത്രം വരച്ചു. ആ ചിത്രം വിടരുന്ന പൂവിന്റേത് മാത്രമായിരുന്നില്ല, വീല്‍ചെയറിലൊതുങ്ങിയ ലോകത്ത് നിന്ന് മറ്റെ‍ാരു നിറമുള്ള വലിയ ലോകം സ്വപ്നം കാണാനുള്ള ജോയലിന്റെ കരുത്താർന്ന തുടക്കം കൂടിയായിരുന്നു. പിന്നീട് ചിത്രങ്ങളുടെ കളിക്കൂട്ടുകാരനായി നിറങ്ങളുടെ ലോകത്താണ് എപ്പോഴും ജോയല്‍. തളര്‍ന്ന് പോയ ശരീരത്തില്‍, ബ്രഷ് ചുണ്ടില്‍ ചേര്‍ത്ത് പിടിച്ച് േജായൽ ഇതുവരെ വരച്ച് കൂട്ടിയത് ആയിരത്തിലേറെ ചിത്രങ്ങളാണ്. വിധി വീല്‍ചെയറിലെ ജീവിതത്തിലേക്ക് ജോയലിനെ മാറ്റിയപ്പോള്‍ അവിടെ ബ്രഷും ചായങ്ങളും ഉപയോഗിച്ച് വര്‍ണം നിറച്ച് ആ വിധിയെ തോല്‍പിക്കുകയാണ് വയനാട്ടിലെ മീനങ്ങാടിയിലെ കാരച്ചാല്‍ എന്ന കൊച്ചു ഗ്രാമത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി.

വിടരാന്‍ ആഗ്രഹിച്ച്

നിറയെ കളികളും കുസൃതികളുമായി പറന്ന് നടക്കേണ്ട നാലാം വയസിലാണ് മീനങ്ങാടി കാരച്ചാല്‍ കണ്ടംമാലില്‍ ബിജുവിന്റെയും ടീനയുടെയും ഇളയമകനായ ജോയലിന്റെ ജീവിതം ട്രാക്ക് മാറി ഒാടാന്‍ തുടങ്ങുന്നത്. നടക്കുന്നതിനും ഒാടുന്നതിനും ഇടയില്‍ ചെറിയ വീഴ്ചകളായിരുന്നു തുടക്കം. വീണാലും പെട്ടെന്ന് എണീറ്റ് നടക്കുമായിരുന്നു. അഞ്ച് വയസ് ആയതോടെ പടികള്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ബുദ്ധിമുട്ട് കൂടിവന്നതോടെ ചികില്‍സകളുടെയും പരിശോധനകളുടെയും കാലം തുടങ്ങി.

ഒടുവില്‍ ജോയലിന് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞു. ഒപ്പം രോഗം മാറാന്‍ സാധ്യത വിരളമാണെന്നും. അവിടെ നിന്നാണ് ഒാടി നടന്നുള്ള കളിചിരികളില്ലാതെ വീല്‍ചെയറിലേക്ക് ജോയലിന്റെ ജീവിതം മാറുന്നത്.
ജോയലിന്റെ ജീവിതത്തിന്റെ ഇരുട്ടു നിറഞ്ഞപ്പോഴും തോറ്റു കെടുക്കാന്‍ രക്ഷിതാക്കള്‍ തയാറല്ലായിരുന്നു. മറ്റ് സമപ്രായക്കാരായ കുട്ടികളോടെപ്പം പഠിക്കാനും വളരാനും അവനെ തയാറാക്കുന്നതിന് അവര്‍ പരിശ്രമിച്ചു. എല്‍കെജി, യുകെജി, 1, 2 ക്ലാസുകളിൽ വാഹനത്തില്‍ സ്കൂളിലെത്തിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. വീഴ്ചകളും മുറിവുകളുമെല്ലാമായി
ദുരിതത്തിന്റെ നാളുകള്‍ വന്നതോടെ സ്കൂളിലെത്തിച്ച് പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും അവസാനമായി. 9 വയസ്സായപ്പോഴെക്കും പൂര്‍ണമായും വീല്‍ചെയറിലേക്ക് എത്തി. കഴുത്തിന് താഴെ ചലനശേഷി മെല്ലെ നഷ്ടമായി.

ചിത്രങ്ങളുടെ പൂക്കാലം

ആഘോഷമായി നടക്കേണ്ട ചെറു പ്രായത്തില്‍ ജീവിതം വീല്‍ചെയറില്‍ തളച്ചിട്ടതോടെ വാശിയുടെയും കരച്ചിലിന്റെയും ദിനങ്ങളായി. വീട്ടിനുള്ളിൽ വീല്‍ചെയറിൽ ഒതുങ്ങിയ ജീവിതത്തില്‍ ജോയലിന് സര്‍വ ശിക്ഷ അഭിയാന്റെ ഹോം ബെയ്സ്ഡ് എജ്യുക്കേഷന്‍ നല്‍കാന്‍ തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി ബിആര്‍സി നേതൃത്വത്തില്‍ ആഴ്ചയിലെ‍ാരു ദിവസം 2 മണിക്കൂര്‍ വീതം ക്ലാസുകള്‍ നല്‍കാന്‍ തുടങ്ങി. അക്ഷരങ്ങളുമായി ചങ്ങാത്തം കൂടി, പഠിച്ചു.
പഠനം മുന്‍പോട്ട് പോകുന്നതിനിടെ അധ്യാപികയായ ചന്ദ്രിക നല്‍കിയ പേപ്പറില്‍ ശേഷിയില്ലാത്ത കൈകെ‍ാണ്ട് ജോയല്‍ വിടരുന്ന പൂവിന്റെ ഒരു ചിത്രം വരച്ചു. വലിയെ‍ാരു മാറ്റത്തിന്റെ ചെറിയ തുടക്കമായിരുന്നു ആ ചിത്രം. അവന്റെ ഉള്ളിലെ ചിത്രകാരനെ മനസിലാക്കിയ അധ്യാപിക കൂടുതല്‍ കടലാസുകളും ചായങ്ങളും ജോയലിന് മുന്‍പിലെത്തിച്ചു.

ജോയല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ അതിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. അവിടെയും വിധി എതിരായി. മനസിലെ ആശയങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ ആ കുരുന്നു കൈകള്‍ക്ക് കരുത്തില്ലായിരുന്നു. കൈകെ‍ാണ്ടുള്ള ചിത്രം വര മുന്‍പോട്ട് കെ‍ാണ്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് മൗത്ത് പെയിന്റിങ് എന്ന രീതി പരീക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
ചുണ്ടില്‍ ബ്രഷ് കടിച്ച് പിടിച്ച് വരക്കാമെന്ന ആശയത്തിന് ശില്‍പിയും ചിത്രകാരനുമായ കെ.ആര്‍.സി. തായന്നൂര്‍ വീട്ടിലെത്തി പരിശീലനം നല്‍കി. 4 മാസങ്ങള്‍ കെ‍ാണ്ട് 600 ചിത്രങ്ങളാണ് വരച്ചു തീര്‍ത്തത്. വീടിന്റെ ചുവരുകളിലും ഭിത്തിയിലും അലമാരയിലുമെല്ലാമായി നിറയുന്ന ചിത്രങ്ങള്‍ നമ്മളോട് പലവിധ കഥ പറയും. ഒാരോ ചിത്രങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ജോയലിന്റെ കണ്ണുകൾ സന്തോഷത്താൽ നിറയും. ഒപ്പം ഫെയ്സ്ബുക്ക്, വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ എന്നിവയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും.

പുറംലോകത്തേക്ക്

നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടുന്നതില്‍ നിന്ന് ചായക്കൂട്ടുകളൊരുക്കിയ ലോകത്തേക്ക് എത്തിയതോടെ ജോയലിന്റെ ജീവിതവും മാറി. ഇതിനകം മൂന്ന് ചിത്രപ്രദർ ശനങ്ങൾ നടത്തി. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ട് മാജീഷ്യന്‍ മുതുകാട് തേടിയെത്തിയതും മൗത്ത് പെയിന്റിങ് അസോസിയേഷനില്‍ അംഗത്വം നേടിയ ജോയലിന്റെ ചിത്രരചനകള്‍ക്കുള്ള അംഗീകാരമായിരുന്നു.

ഇതിനകം 1500 ലേറെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ജോയലിന് കടല്‍ കാണുന്നതാണ് ഏറ്റവും ഇഷ്ടം. ഒരു തവണ മാത്രമാണ് കടല്‍ കണ്ടത്. പക്ഷേ കൂടുതല്‍ നേരം ആസ്വാദിക്കാന്‍ കഴിഞ്ഞില്ലെന്ന പരിഭവമുണ്ട്. കടല്‍ മനസ് നിറയെ കാണാനും വലിയ മലകൾ കയറിയിറങ്ങാനും മോഹിച്ച് ജോയൽ ചിത്രങ്ങൾ വരച്ചുെകാണ്ടേയിരിക്കുന്നു.

Tags:
  • Manorama Arogyam
  • Health Tips