Monday 06 April 2020 02:10 PM IST

കൊറോണ: കുട്ടികളെ പഠിപ്പിക്കാം വൃത്തിയുടെ പാഠങ്ങൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

Hyg-kid

ശുചിത്വപാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കുകൂടി പകര്‍ന്നു െകാടുക്കുന്നതിനുള്ള കാലമാണ് ഈ ലോക് ഡൗണ്‍ ദിവസങ്ങള്‍. വൃത്തിയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കേണ്ട കുരുന്നുകളെ അതു പഠിപ്പിക്കുന്നതിനുള്ള കാലം കൂടിയാകട്ടെ ഇത്.

വൃത്തിയുടെ ബാലപാഠങ്ങള്‍ കുഞ്ഞുങ്ങളില്‍ ഒരു ശീലമായി തന്നെ വളര്‍ത്തിയെടുക്കണം. െെകകഴുകല്‍ ഒരു പ്രധാന കാര്യമാണല്ലോ. എന്തിനാണു െെക കഴുകുന്നതെന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. െെകയില്‍ അല്‍പം ചായം പുരട്ടിയ ശേഷം അതൊരു പേപ്പറിലേക്കു വയ്ക്കുക. ചായം പേപ്പറിലാകെ പുരണ്ടുകഴിഞ്ഞു. അതുപോലെ നമ്മുടെ െെകകളില്‍ അണുക്കളുണ്ടെന്നും അവ നമ്മള്‍ എവിടെയൊക്കെ തൊടുന്നുവോ, അവിടെയെല്ലാം വ്യാപിക്കുമെന്നും കുഞ്ഞുങ്ങളോടു പറയുക. അണുക്കളെ പക്ഷേ, നമുക്കു കാണാനാകില്ല. എങ്കിലും അണുക്കള്‍ അവിടെത്തന്നെയുണ്ട് എന്നു കുഞ്ഞുങ്ങളോടു പറയണം.

എന്നാല്‍ ചായം പുരണ്ട െെക നന്നായി കഴുകിയശേഷം പേപ്പറില്‍ തൊടാന്‍ പറയുക, അപ്പോള്‍ ചായം പറ്റുന്നില്ല എന്നതും കാണിച്ചുകൊടുക്കണം. വലിയ കുട്ടികള്‍ക്ക് ഇതു പറഞ്ഞുകൊടുക്കാന്‍ മറ്റുദാഹരണങ്ങളും കാണിക്കാവുന്നതാണ്.

െെകകള്‍ കൊണ്ടു ഭക്ഷണം കഴിക്കുന്നതിനാല്‍ നമ്മുടെ െെകയില്‍ പറ്റുന്നതെല്ലാം െെകകള്‍ വൃത്തിയില്ലാത്തതാണെങ്കില്‍ ഉള്ളിലേക്കു പോകുമെന്നും പറയാം. കണ്ണുകള്‍, വായ്, മൂക്ക് ഇവിടെയെല്ലാം തൊടുമ്പോള്‍ അണുക്കള്‍ അവിടേക്ക് എത്തുമെന്നും പറയാം.

െെകകള്‍ എപ്പോഴൊക്കെ കഴുകണം എന്നും പറയാം. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ്, ഭക്ഷണം കഴിച്ച ശേഷം, െെകകളിലേക്കു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താല്‍, ടോയ് ലറ്റില്‍ പോയശേഷം എല്ലാം െെകകള്‍ നന്നായി കഴുകണമെന്നു ബോധ്യപ്പെടുത്തണം.

അഴുക്കുള്ള സ്ഥലത്തു തൊട്ടാല്‍ െെകകള്‍ നിര്‍ബന്ധമായും കഴുകണം എന്നു പറഞ്ഞു കൊടുക്കണം. വീട്ടിലിരിക്കുന്ന കുട്ടിക്കു സാനിെെറ്റസറിന്റെ ആവശ്യമില്ല. സോപ്പോ ഹാന്‍ഡ് വാഷോ മതിയാകും. െെകകള്‍ കഴുകുന്നതിന്റെ രീതി പറഞ്ഞുകൊടുക്കാം. വിരലുകള്‍ക്കിടയിലും നഖങ്ങളിലുമെല്ലാം സോപ്പു പുരട്ടി നന്നായി വൃത്തിയാക്കുന്നതു കാണിച്ചുകൊടുക്കാം. ഇതിന്റെ വിഡിയോകളും കാണിക്കാം.

എല്ലാ ദിവസവും കുളിക്കണം എന്നതു കുട്ടിയെ േബാധ്യപ്പെടുത്താം. കുളിക്കുമ്പോഴും വൃത്തിയാക്കേണ്ട ശരീരഭാഗങ്ങള്‍ ഏതെന്നു വ്യക്തമായി പറയാം. തലമുടി കഴുകിയില്ലെങ്കില്‍ പേനും താരനും വരാം, കണ്ണുകള്‍ വൃത്തിയാക്കണം, മൂക്കു വൃത്തിയാക്കണം, മൂക്കിലും വായിലുമൊക്കെ വിരലിട്ടാല്‍ െെകകള്‍ കഴുകണം ഇതെല്ലാം പറയാം. കക്ഷം, മൂത്രമൊഴിക്കുന്ന ഭാഗം മലദ്വാരം ഇതെല്ലാം വൃത്തിയായി കഴുകുന്നതു വളരെ പ്രധാനമാണെന്നു കുഞ്ഞുങ്ങളോടു പറയണം.

മലദ്വാരഭാഗത്തു വിരശല്യം മൂലം ചൊറിച്ചിലുണ്ടാകുമ്പോള്‍ കുട്ടികള്‍ ചൊറിയാറുണ്ട്. നേരിട്ടു ചൊറിയുന്നതു ശരിയല്ല തുണിയിലൂടെ ചൊറിയുന്നതാണു സുരക്ഷിതമെന്നു പറയണം. അല്ലെങ്കില്‍ നഖങ്ങള്‍ക്കിടയില്‍ അവയുടെ മുട്ടകള്‍ പറ്റിപ്പിടിക്കാം.

കാല്‍പാദങ്ങളും പാദങ്ങളുടെ ഉള്‍വശവും വൃത്തിയായി വയ്ക്കണം. കുളി കഴിയുമ്പോള്‍ കക്ഷവും ഇടുക്കുകളുമൊക്കെ നനവു തങ്ങിനില്‍ക്കാതെ ഉണക്കി വയ്ക്കണം. കളിച്ചു കഴിഞ്ഞാല്‍ കുളിക്കണം. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും ആവശ്യമെങ്കില്‍ കുളിക്കാം. ഷൂകള്‍ സൂര്യപ്രകാശത്തില്‍ ഉണക്കിവയ്ക്കണം.

പല്ലുകള്‍ ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യണമെന്ന് കുഞ്ഞുങ്ങളെ കൂടെക്കൂടെ ഒാര്‍മിപ്പിക്കേണ്ടതാണ്. പല്ലുകള്‍ക്കിടയില്‍ ഫൂഡ് ഇരിക്കുന്നത് ‘ടൂത്ത് പിക്’ കൊണ്ടു എടുത്തു കാണിക്കുകയുമാവാം. ഈ ഫൂഡ് പാര്‍ട്ടിക്കിള്‍സിന്റെ മേല്‍ അണുക്കള്‍ വളരുമെന്നു പറയണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കര്‍ച്ചീഫ് ഉപയോഗിക്കണമെന്നു പറയാം.

കര്‍ച്ചീഫ് ദിവസവും വൃത്തിയായി ഉപയോഗിക്കണമെന്ന് പഠിപ്പിക്കണം. മറ്റുള്ളവരുമായി പങ്കുവയ്ക്കരുതാത്ത വസ്തുക്കള്‍ എന്തൊക്കെയാണെന്നും പറയണം. മറ്റുള്ളവരുടെ ഷൂസ്, സോക്സ്, അടിവസ്ത്രങ്ങള്‍, ടവ്വലുകള്‍ ഇവയൊന്നും ഉപയോഗിക്കരുത് എന്നും പറഞ്ഞുകൊടുക്കണം.

വീട്ടില്‍ പറഞ്ഞുറപ്പിക്കുന്ന ശുചിത്വപാഠങ്ങള്‍ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ അവര്‍ക്കു കരുത്താകുന്ന ജീവിതപാഠങ്ങള്‍ കൂടിയാണ്. ഈ ഇടവേള അതിനുവേണ്ടി വിനിയോഗിക്കൂ.

വിവരങ്ങള്‍ക്കു കടപ്പാട്:

ഡോ. നീന ഷിലന്‍

ഡെവലപ്മെന്റല്‍ പീഡിയാട്രീഷന്‍,

സണ്‍െെറസ് ഹോസ്പിറ്റല്‍, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips