Monday 06 April 2020 02:06 PM IST : By ഡോ. സജികുമാർ , പീഡിയാട്രിഷൻ , ഓച്ചിറ

കൊറോണ കാലത്ത് കുട്ടികൾക്ക് പനി വന്നാൽ...

Kids-fev

സാധാരണ കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ചൂട്, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾക്കാണല്ലോ. എന്നാൽ ഈ കൊറോണ കാലത്ത് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികൾക്കുണ്ടാകുന്ന ജലദോഷപ്പനിക്ക് നമുക്ക് വീട്ടിൽ എന്തൊക്കെ ചെയ്യാനാകും എന്നു നോക്കാം.

ജലദോഷം ഒരു വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശസംബന്ധമായ അണുബാധയാണ്. കുട്ടിയുടെ ഒരു മീറ്റർ അടുത്തുനിന്നു ആരെങ്കിലും ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ദ്രാവകത്തുള്ളികൾ ശ്വസിച്ചാണ് ജലദോഷം ഉണ്ടാകുന്നത്.

ഈ തുള്ളികൾ പറ്റിയിരിക്കുന്ന പ്രതലങ്ങൾ സ്പർശിച്ചാലും രോഗം പടരും. മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുഞ്ഞിനു സുഖം പ്രാപിക്കാൻ 3 മുതൽ 14 ദിവസം വരെ എടുത്തേക്കാം.

ജലദോഷം ഒരു വൈറസ് രോഗം ആയതിനാൽ ആൻറിബയോട്ടിക്കുകൾ ആവശ്യമില്ല. ചെറിയ അളവിൽ വീതം ധാരാളം പാനീയങ്ങൾ നൽകുക. കുട്ടിക്ക് വയറിളക്കം വരാതിരിക്കാൻ ഫ്രൂട്ട് ജ്യൂസ് പരിമിതപ്പെടുത്തുക. പക്ഷേ കുടിക്കാൻ അല്ലെങ്കിൽ കഴിക്കാൻ കുഞ്ഞിനെ നിർബന്ധിക്കരുത്.

വിശക്കുമ്പോൾ കുഞ്ഞ് ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുന്നതിനേക്കാൾ പ്രധാനം വെള്ളം കുടിക്കുക എന്നുള്ളതാണ്. കുഞ്ഞിന് ധാരാളം വിശ്രമം ആവശ്യമാണ് .

മൂക്കടപ്പ് കൊണ്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന കുഞ്ഞുങ്ങൾക്ക് വീട്ടിൽത്തന്നെയുണ്ടാക്കാവുന്ന ഉപ്പുവെള്ളം ഒന്നോ രണ്ടോ തുള്ളി മൂക്കിൽ ഒഴിക്കുക. അതിനുവേണ്ടി 100 മില്ലി വെള്ളം തിളപ്പിച്ച് അതിൽ ഒരു ഗ്രാം അയോഡിൻ ചേരാത്ത ഉപ്പു ഇടുക. ഇതിൽ കുറച്ചെടുത്ത് വൃത്തിയുള്ള കുപ്പിയിൽ അടച്ചു വയ്ക്കാം. ആവി പിടിക്കുന്നത് നല്ലതാണ്. തൊണ്ടവേദനക്കു മുതിർന്ന കുട്ടികൾക്ക് ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് തൊണ്ടക്കു കൊള്ളാൻ കൊടുക്കാവുന്നതാണ്.

കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം ചൂട് വരുന്നതിനെ അകാരണമായി ഭയക്കേണ്ടതില്ല. അണുബാധയെ ചെറുക്കുന്നതിനുള്ള ശരീരത്തിന്റെ ഒരു മാർഗ്ഗമാണ് പനി. കുഞ്ഞിന് ചൂട് കൂടുമ്പോൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പാരസെറ്റമോൾ കൊടുക്കാവുന്നതാണ്.

പ്രായത്തിന് ശരിയായ അളവ് അറിയാൻ, നൽകുന്നതിനുമുമ്പ് മരുന്നിന്റെ ലേബൽ വായിക്കുക. ആസ്പിരിനോ അല്ലെങ്കിൽ ആസ്പിരിൻ അടങ്ങിയിരിക്കുന്ന മരുന്നുകളോ നൽകരുത്. മൂക്കൊലിപ്പിനും ചുമയ്ക്കുമെന്നു പറഞ്ഞു കിട്ടുന്ന ഉള്ളിൽ കഴിക്കാവുന്ന മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കൊടുക്കരുത്. മുതിർന്നവർക്കുള്ള മരുന്നുകളും ഡോസ് കുറച്ചാണെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് കൊടുക്കരുത്.

മേല്പറഞ്ഞതൊക്കെ വൈദ്യസഹായം കൂടാതെ നിങ്ങൾക്ക് വീട്ടിൽ വെച്ചു തനിയെ ചെയ്യാവുന്നതാണ്. എന്നാൽ ചിലപ്പോൾ കുഞ്ഞിനെ ഡോക്ടറെ കാണിക്കേണ്ടതായിത്തന്നെ വരും.

പാരസെറ്റമോൾ തുടരെ കൊടുത്തിട്ടും മൂന്ന് ദിവസത്തിൽ കൂടുതൽ ചൂട് മാറാതെ നിന്നാൽ, ചൂടിന്റെ കൂടെ ജെന്നി ഉണ്ടായാൽ, മൂക്കിൽ കൂടി രക്തം വരിക, ഉയർന്ന രീതിയിലുള്ള ചുമ ഉണ്ടെങ്കിൽ, ശാസതടസ്സം ഉണ്ടെങ്കിൽ, വലിവോടു കൂടിയ ചുമ ഉണ്ടെങ്കിൽ, ചെവിവേദന അല്ലെങ്കിൽ അല്ലെങ്കിൽ തലവേദന ഉണ്ടെങ്കിൽ, കുട്ടിക്ക് വിഴുങ്ങാൻ പ്രയാസമുണ്ട് അല്ലെങ്കിൽ വെള്ളം കുടിക്കാൻ കൂട്ടാക്കുന്നില്ല...ശരിയല്ല എന്ന് തോന്നുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കേണ്ടതാണ്.

Tags:
  • Manorama Arogyam
  • Health Tips