Wednesday 15 April 2020 05:05 PM IST

പിരിമുറുക്കത്തിന്റെ കെട്ടുകളൊക്കെ അഴിഞ്ഞുപോകും, രോഗാതുരതകള്‍ പോയ്മറയും: വീട്ടിലിരുന്നു ചെയ്യാം മ്യൂസിക് തെറപി

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

lismi-music-story

പിന്നീട് ആസ്വദിച്ചു കേള്‍ക്കാം എന്നു കരുതി മാറ്റിവച്ചിരിക്കുന്ന പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റ് തപ്പിയെടുത്തോളൂ. ലോക്ഡൗണ്‍ ദിനങ്ങളില്‍ കാതില്‍ സംഗീതം നിറയുമ്പോള്‍ മനസ്സില്‍ പ്രത്യാശയും വിടര്‍ന്നുകൊള്ളും. മനസ്സ് പ്രക്ഷുബ്ധമായിരിക്കുമ്പോള്‍ ഒരു പാട്ടുകേട്ടാല്‍ എത്ര വലിയ മാറ്റമാണ് വരുന്നതെന്ന് ആരോടും പ്രത്യേകിച്ചു പറയേണ്ടതില്ല. സംഗീതം പോലെ ഇത്രയധികം നമ്മുടെ മൂഡിനെ മാറ്റിമറിക്കുന്ന മറ്റൊരു സാന്ത്വനസ്പര്‍ശം ഉണ്ടോ? ഇത്രയധികം മനസ്സു തണുപ്പിക്കുന്ന ഒരിളംതെന്നലുണ്ടോ?

നമ്മുടെ തലച്ചോറിലെ നിരവധി രാസപ്രതിപ്രവര്‍ത്തനങ്ങളെ ട്രിഗര്‍ ചെയ്തു റിലാക്സേഷന്‍ എന്ന വിശ്രാന്തിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സംഗീതത്തിനു കഴിയും സ്ട്രെസ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കറുച്ച് ആനന്ദത്തിന്റെ പുതുധാരകളെ നമ്മിലേക്ക് ഒഴുക്കിവിടാന്‍ സംഗീതത്തിനാകും.

ഇതിന്റെ ഫലമോ? പിരിമുറുക്കത്തിന്റെ കെട്ടുകളൊക്കെ അഴിഞ്ഞുപോകും. ഉത്കണ്ഠയുടെ ആകുലതയുടെ വലിയ ഭാരങ്ങള്‍ നെഞ്ചില്‍ നിന്നും അലിഞ്ഞുപോകും. രോഗാതുരതകള്‍ പോയ്മറയും. നല്ല ആരോഗ്യവും സ്വസ്ഥതയും കൂട്ടായ് വരും. ആനന്ദം മനസ്സിലും ശരീരത്തിലും നിറയും.

ക്ലാസ്സിക്കല്‍ സംഗീതം ആസ്വദിക്കുന്നതു മനസ്സിനു കൂടുതല്‍ നല്ലതാെണന്നു പറയാറുണ്ട്. മാനസ്സിക സമ്മര്‍ദമുണ്ടെങ്കില്‍ ക്ലാസ്സിക്കല്‍ സംഗീതം സ്ഥിരമായി കേള്‍ക്കുന്നത് ഗുണം ചെയ്യുമെന്നു വിദഗ്ധപഠനങ്ങളും പറയുന്നുണ്ട്. ഈ വീട്ടിലിരിപ്പുകാലത്ത് നമുക്കും ചെറുതായി ഒന്നു മ്യൂസിക് തെറപ്പി ചെയ്താലോ–പേഴ്സണല്‍ മ്യൂസിക് തെറപ്പി (Personal Music Therapy).

മനസ്സിനു കുളിര്‍മയും സൗഖ്യവും കരുത്തും പകരുന്ന നിരവധി രാഗങ്ങളുണ്ട്. ആ രാഗങ്ങളെ അറിഞ്ഞ് അവയില്‍ മെനഞ്ഞെടുത്ത പ്രിയ ഗാനങ്ങള്‍ കേള്‍ക്കാം. ഹിന്ദുസ്ഥാനി–കര്‍ണാടിക് സംഗീതപാരമ്പര്യത്തില്‍ നിന്നും ആധുനിക ചികിത്സകർ പോലും രാഗചികിത്സയുടെ ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ചില രാഗങ്ങളെ പരിചയപ്പെടാം. ആ രാഗത്തില്‍ ചിട്ടപ്പെടുത്തിയ മലയാള ചലച്ചിത്രഗാനങ്ങളെ അറിയാം.

ശങ്കരാഭരണം: പ്രക്ഷുബ്ധമായ മനസ്സിനെ ശാന്തമാക്കി സമാധാനവും ഐക്യവും നിറയ്ക്കാന്‍ ഈ രാഗത്തിനു കഴിയും. മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗങ്ങളെപ്പോലും ഭേദമാക്കാന്‍ ഈ രാഗത്തിനു കഴിയുമത്രേ. ഉദാ: (a) ദേവകന്യക സൂര്യതംബുരു... (ഈ പുഴയും കടന്ന്) (b) അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്... (അദ്വൈതം) (c) പിണക്കമാണോ... (അനന്തഭദ്രം) (d) എന്തു പറഞ്ഞാലും... അച്ചുവിന്റെ അമ്മ).

നീലാംബരി: ഉറക്കക്കുറവുണ്ടോ? നീലാംബരിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കിടക്കുംമുമ്പ് കേട്ടുനോക്കൂ. സുന്ദരമായ ഉറക്കത്തിലേക്ക് നിങ്ങളറിയാതെ വഴുതിവീഴുമെന്നുറപ്പാണ്.ഉദാ: (a) തൂവല്‍ വിണ്ണിന്‍ മാറില്‍ത്തൂവി (തലയണമന്ത്രം) (b) കണ്ണേ ഉറങ്ങുറങ്ങ്...(താലോലം) (c) തങ്കമനസ്സ്... (രാപ്പകല്‍) (d) ആലോലംപൂവേ... (പെരുമഴക്കാലം)

ബിലഹരി: പുറത്തിറങ്ങാനാകാതെ, ഒന്നും ചെയ്യാനാകാതെ ഇരിക്കുമ്പോള്‍ വിഷാദഭാവം മെല്ലെ ജീവിതത്തിലേക്കു കടന്നുവരാം. അതിന് അനുവദിക്കാതെ ബിലഹരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കേള്‍ക്കാം. വിഷാദത്തെ അകറ്റിനിര്‍ത്താം. ഉദാ: (a) ആനന്ദനടനം... (കമലദളം) (b) കല്യാണക്കച്ചേരി... (മാടമ്പി) (c) ഉണ്ണി വാവാവോ... (സാന്ത്വനം)

കല്യാണി: ഊര്‍ജം പകരുന്ന രാഗമാണിത്. ടെന്‍ഷനെ ഇത് ദൂരെയകറ്റും. ഉള്ളിലടിഞ്ഞുകൂടുന്ന വിവിധതരം ഭയങ്ങളെയും ഇതകറ്റുമത്രേ. ഉദാ: (a) വെള്ളിനിലാ... (വര്‍ണപ്പകിട്ട്) (b) മിഴി തമ്മില്‍... (മിന്നാമിന്നിക്കൂട്ടം) (c) പൂങ്കാറ്റിനോടും... (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്).

ശുദ്ധധന്യാസി: സങ്കടങ്ങളെല്ലാം ദൂരെയകറ്റി ഉള്ളില്‍ സന്തോഷം നിറയ്ക്കുന്ന രാഗമാണ് ശുദ്ധധന്യാസി. ഉദാ: (a) താരും തളിരും... (ചിലമ്പ്) (b) സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും... (മാളൂട്ടി) (c) ശശികല ചാര്‍ത്തിയ... (ദേവരാഗം) (d) സാഗരങ്ങളേ... (പഞ്ചാഗ്നി).

ശുഭപന്തുവരാളി: മനസ്സിനെ അലട്ടുന്ന വിഷമതകളിലേക്ക് ഒരു ഒൗഷധം പോലെയാണ് ശുഭപന്തുവരാളി കടന്നുചെല്ലുന്നത്. മനസ്സിലുള്ള അവ്യക്തതകള്‍ക്കും ഇതൊരു പരിഹാരമാകുന്നു. ഉദാ: (a) ശിവകരധമരുകലയമായ... (കൊച്ചു കൊച്ചു സന്തോഷങ്ങള്‍) (b) യമുന വെറുതേ... (ഒരേ കടല്‍) (c) നന്ദകിശോര... (ഏകലവ്യന്‍) (d) പ്രണയസന്ധ്യ... (ഒരേ കടല്‍)

ഷണ്‍മുഖപ്രിയ: കേള്‍വിക്കാരന്റെ മനസ്സിലേക്ക് െെധര്യം പകര്‍ന്നു തരുന്ന മാന്ത്രികത ഷണ്‍മുഖപ്രിയ രാഗത്തിനുണ്ട്. അതു ശരീരമാകെ ഊര്‍ജഭരിതമാക്കുകയും ചെയ്യും. ഉദാ: (a) എത്ര പൂക്കാലം... (രാക്കുയിലില്‍ രാഗസദസ്സില്‍) (b) ഗോപികാവസന്തം... (ഹിസ് െെഹനസ് അബ്ദുള്ള) (c) ചിങ്ങമാസം... (മീശമാധവന്‍) (d) ദേവസഭാതലം... (ഹിസ്ഹൈനസ് അബ്ദുള്ള).

ഭൈരവി: ഉത്കണ്ഠയെക്കുറച്ച് മനസ്സിനെ ഭാരമില്ലാത്ത തൂവല്‍പോലെ പാറി നടക്കുന്നതിന് ഭൈരവി രാഗം സഹായിക്കും. ഉദാ: (a) സുഖമോ ദേവി... (പ്രശ്നം ഗുരുതരം) (b) ശിവമല്ലിക്കാവില്‍... (അനന്തഭദ്രം) (c) ആരോ മൂളിയൊരീണം... (മഴനീര്‍ത്തുള്ളികള്‍)

കാപി: വിഷാദം ഒരു കാര്‍മേഘം പോലെ മനസ്സിനെ മൂടിനില്‍ക്കുന്നുണ്ടോ? കാപി രാഗത്തിലുള്ള മധുരഗാനങ്ങള്‍ കേട്ടുകൊണ്ടേയിരിക്കൂ. ഇതിനെ മറികടക്കാം. ഉത്കണ്ഠയും അകന്നുപൊയ്ക്കൊള്ളും. ആബ്സന്‍ഡ് മൈൻഡഡ് ആകാറുണ്ടോ? കാപി രാഗം കേള്‍ക്കുമ്പോള്‍ ആ പ്രശ്നവും കുറഞ്ഞുകൊള്ളും. ഉദാ: (a) പാലപ്പൂവേ... (ഞാന്‍ ഗന്ധര്‍വന്‍) (b) തുമ്പീ വാ തുമ്പക്കുടത്തില്‍... (ഒാളങ്ങള്‍) (c) പാട്ടില്‍ ഈ പാട്ടില്‍... (പ്രണയം) (d) മൗനസരോവര.... (സവിധം)

ശ്യാമ: ഉത്കണ്ഠാകുലമായ മനസ്സിനെ മെല്ലെ വിശ്രാന്താവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്യാമരാഗത്തിനു കഴിയും. നല്ല ഉറക്കവും ലഭിക്കും. ശാന്തിയിലേക്കുള്ള ഒരു മനോഹരയാത്രയാണ് ഈ രാഗം സമ്മാനിക്കും. ഉദാ: (a) യാത്രയായി (ദേശാടനം) (b) ആനന്ദനടനം (കടത്താട്ടുമാക്കം) (c) അടിതൊഴുന്നേന്‍ (മാമാങ്കം).

അങ്ങനെ നോക്കുമ്പോള്‍ അനന്തമായ ഒരു സാഗരം പോലെ രാഗങ്ങളുടെ ശ്രേണി പരന്നുകിടക്കുകയാണ്. അവയില്‍ കോർത്തെടുത്ത ഗാനങ്ങളോ. അവയും അതുപോലെ തന്നെ. സംഗീതമെന്ന ആ വലിയ സാഗരത്തില്‍ നിന്നു തിരഞ്ഞെടുത്ത ഏതാനും രാഗങ്ങളെക്കുറിച്ചു മാത്രമേ നാം ചിന്തിച്ചുള്ളൂ. എന്തായാലും ഒന്നുറപ്പാണ്. ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും സ്പര്‍ശിക്കുന്നുണ്ട് സംഗീതത്തിന്റെ വിരലുകള്‍. ഒരു ഗാനം കേട്ടാല്‍ ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നാമതു മൂളിനടക്കാറില്ലേ? അത് സംഗീതമെന്ന വലിയ ലഹരിയിലേക്കു നാം വീണുപോയതുകൊണ്ടാണ്.

ഇനി ഐപോഡോ, മൊബൈൽ ഫോണോ, ലാപ്ടോപ്പോ എടുത്തോളൂ. പ്രിയരാഗങ്ങള്‍ തിരയൂ. അതിലെ ഗാനങ്ങള്‍ വിരല്‍ത്തുമ്പിലൊ മനസ്സുനിറയെ കേട്ടോളൂ... മിഴി നിറയുന്നതു വരെയും.

Tags:
  • Manorama Arogyam
  • Health Tips