Tuesday 01 December 2020 04:38 PM IST : By സ്വന്തം ലേഖകൻ

കൊളസ്ട്രോൾ: മുൻപേ അറിയാൻ ഈ പരിശോധനകൾ

chol45

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അതൊരു രോഗാവസ്ഥയിലേക്ക് കടക്കുന്നതുവരെയും കാര്യമായ ലക്ഷണങ്ങൾ കാണിക്കില്ല. അഥവാ ഏതെങ്കിലും പ്രകടമായ ലക്ഷണത്തിലേക്ക് എത്തുമ്പോഴേക്കും വൈകിപ്പോയെന്നും വരാം. അത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനായി കൊളസ്ട്രോൾ സാന്നിധ്യം മുന്‍കൂട്ടി അറിയേണ്ടതുണ്ട്. അതിനായി കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുക എന്നതു മാത്രമാണ് മാർഗം.

പണ്ട് രക്തത്തിലുള്ള ആകെ കൊളസ്ട്രോളിന്‍റെ അളവ് മനസ്സിലാക്കുകയായിരുന്നു പ്രധാന പരിശോധന. എന്നാൽ കൊളസ്ട്രോളിൽ തന്നെ നല്ലതും ചീത്തയുമായ ഘടകങ്ങൾ ഉണ്ടെന്നു മനസ്സിലായതോടെ അവയുടെ അളവ് നിര്‍ണയിക്കുന്നതിന്റെ പ്രാധാന്യമേറി. അങ്ങനെ കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കുന്നതിനുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്.

രക്തധമനികളില്‍ അടവുകളുണ്ടാക്കുന്നതില്‍ മുന്നിൽ നില്‍ക്കുന്ന, ചീത്ത കൊളസ്ട്രോളെന്നു വിളിക്കുന്ന എൽഡിഎൽ, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയ കൊഴുപ്പ് ഘടകങ്ങളുടെ അളവാണു ഈ പരിശോധനയിൽ നോക്കുന്നത്.

സാധാരണ നിലയില്‍ 12 മണിക്കൂർ ഭക്ഷണം കഴിക്കാതിരുന്നതിനു ശേഷമാണ് കൊളസ്ട്രോളിന്റെ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തേണ്ടത്. ഭക്ഷണം മാത്രമല്ല ശുദ്ധജലം ഒഴികെയുള്ള പാനീയങ്ങളും 12 മണിക്കൂർ ഇടവേളയിൽ ഒഴിവാക്കണം.

ചില കൊളസ്ട്രോൾ പരിശോധനകളിൽ നിരാഹാരം വേണ്ടിവരില്ല. അങ്ങനെയുണ്ടെങ്കിൽ അക്കാര്യം ഡോക്ടർ പ്രത്യേകം നിര്‍ദേശിക്കും.

ആകെ കൊളസ്ട്രോൾ നില, എച്ച്ഡിഎൽ അളവ്, എൽഡിഎൽ അളവ്, ട്രൈഗ്ലിസറൈഡുകളുടെ അളവ് , വിഎൽഡിഎൽ അളവ്, ആകെ കൊളസ്ട്രോളും എച്ച്ഡിഎല്ലുമായുള്ള അനുപാതം, എച്ച്ഡിഎല്ലും-എൽഡിഎല്ലുമായുള്ള അനുപാതം എന്നിവയാണ് ലിപ്പിഡ് പ്രൊഫൈൽ പരിശോധനയിൽ പ്രധാനമായും നോക്കുന്നത്.

കൊളസ്ട്രോൾ അനുപാതത്തില്‍നിന്നും പല അപകടസൂചനകളും വായിച്ചെടുക്കാനാകും.

ടോട്ടൽ കൊളസ്ട്രോൾ

200 - ൽ താഴെ            ഉത്തമം

200 - 239                താരതമ്യേന കൂടുതൽ

240 - ന് മുകളിൽ        അമിതം

എൽഡിഎൽ

100 - ൽ താഴെ            ഉത്തമം

100 – 129                അല്പം കൂടുതൽ

130 - 159                താരതമ്യേന കൂടുതൽ

160 - 189                കൂടുതൽ

190 - ന് മുകളിൽ        വളരെ കൂടുതൽ

എച്ച് ഡി എൽ            

40 - ൽ താഴെ            വളരെ കുറവ്

40 - 60                    നല്ലത്

60 - ൽ കൂടുതൽ        ഏറെ നല്ലത്

ടൈഗ്ലിസറൈഡ്സ്

150 - ൽ താഴെ                    ഉത്തമം

150 - 199                        താരതമ്യേന കൂടുതൽ

200 - 499                        കൂടുതൽ

500 - ൽ കൂടുതൽ                വളരെ കൂടുതൽ

വിവരങ്ങള്‍ക്ക് കടപ്പാട് :

ഡോ. എം. കെ. അനില്‍കുമാര്‍

സീനിയർ ഇന്റര്‍വെൻഷനൽ

കാര്‍ഡിയോളജിസ്റ്റ്

ആസ്റ്റര്‍മിംസ്, കണ്ണൂര്‍

Tags:
  • Manorama Arogyam
  • Health Tips