Saturday 06 July 2019 02:35 PM IST

കൊറിച്ച് കൊറിച്ച് ഭാരം 86 കിലോയിലെത്തി! കാർബോ ഹൈഡ്രേറ്റിന് കടിഞ്ഞാണിട്ടപ്പോൾ കുറഞ്ഞത് 10 കിലോ; ആ രഹസ്യം

Asha Thomas

Senior Sub Editor, Manorama Arogyam

diet

നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ പൊലിയുകയും ജീവിതം പുണരുകയും ചെയ്യുന്ന അതിതീവ്ര പരിചരണ വിഭാഗത്തിന്റെ ചുമതലക്കാരനായി, മനസ്സും ശരീരവും ജാഗ്രത്തായി സൂക്ഷിക്കുന്നൊരാളെ സംബന്ധിച്ച് ഭാരം കുറയ്ക്കലിനായി മാറ്റിവയ്ക്കുന്ന സമയം പോലും വില പിടിച്ചതാണ്. പക്ഷേ അതുവഴി നേടുന്ന ഫിറ്റ്നസ് വിലമതിക്കാനാകാത്തതാണെന്നറിയാം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ, നിപ്പയുടെ നിയന്ത്രണത്തിൽ നിർണായക പങ്കുവഹിച്ച ഡോ. അനൂപ് തടി കുറച്ചതും ഈ അധിക ഫിറ്റ്നസ്സിനായാണ്. മൂന്നു മാസം കൊണ്ട് വളരെ ആരോഗ്യകരമായി ഭാരം കുറച്ച അനുഭവം മനോരമ ആരോഗ്യത്തോട്

ഡോക്ടർ പങ്കുവയ്ക്കുന്നു;

‘‘ഇടയ്ക്കൊക്കെ ഒാടും, ജിമ്മിൽ പോകും. അതിനപ്പുറം സ്ഥിരമായി ഫിറ്റ്നസ് ചിട്ടയൊന്നുമില്ലായിരുന്നു എനിക്ക്. നിപ്പ പനി പടർന്ന സമയത്ത് ഊണും ഉറക്കവും കഷ്ടിയായിരുന്നു. പാതിരാത്രി ഉറക്കം അകറ്റാൻ ഇടയ്ക്കിടെ കാപ്പി കുടിക്കും. അസമയത്ത് കൊറിക്കാൻ കിട്ടുന്നത് മധുരമുള്ള എന്തെങ്കിലുമായിരിക്കും. അങ്ങനെ ശരീരഭാരം വല്ലാതെ വർധിച്ചു. 86 കിലോയിലെത്തി. 10 കിലോ കൂടിയത് പുറമേക്ക് അത്ര മനസ്സിലാകില്ലായിരുന്നെങ്കിലും ഡ്രെസ്സ് സൈസിൽ നല്ല വ്യത്യാസം വന്നിരുന്നു. പഴയ ഷർട്ട് ഒക്കെ ഇറുകിത്തുടങ്ങി. നിപ്പയോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് അവാർഡ് വാങ്ങുന്ന സമയത്ത് എനിക്ക് നല്ല വയറുമുണ്ട്. അവാർഡ് ഫോട്ടോ കണ്ടപ്പോഴാണ് വയർ ഇത്രയും ചാടിയിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. തലേവർഷം കോഴിക്കോട് ഹാഫ് മാരത്തണ്ണിൽ പങ്കെടുത്തിരുന്നു. വണ്ണം കുറച്ചില്ലെങ്കിൽ ഈ വർഷം ഒാടാൻ പറ്റില്ല എന്നുറപ്പായിരുന്നു. അങ്ങനെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചു.

കോഴിക്കോട് തന്നെയുള്ള ക്രോസ്ഫിറ്റ് ട്രെയ്നർ രഞ്ജിത്തിനെ നേരത്തെ പരിചയമുണ്ട്. ഇടയ്ക്ക് ഒന്നുരണ്ടു തവണ അദ്ദേഹത്തിന്റെ ജിമ്മിൽ പോയിട്ടുമുണ്ട്. അതുകൊണ്ട് ഭാരം കുറയ്ക്കാൻ ആലോചിച്ചപ്പോഴേ രഞ്ജിത്തിന്റെ ജിമ്മിൽ പോകാമെന്നു തീരുമാനിച്ചു. ആയോധനമുറകളും വിവിധ വ്യായാമങ്ങളും ചേർന്ന പരിശീലനപരിപാടിയാണ് ക്രോസ് ഫിറ്റ്. അവിടെത്തന്നെ പരിശീലനത്തിനു വരുന്നവർ ചേർന്ന് ഒാടാനും പോകുമായിരുന്നു. ഞാനും ആ ഗ്രൂപ്പിൽ ചേർന്ന് ഒാടിത്തുടങ്ങി. ഒരു ഘട്ടമെത്തിയപ്പോൾ വ്യായാമം കൊണ്ട് മാത്രം വിചാരിച്ചത്ര വ്യത്യാസമുണ്ടാകുന്നില്ല എന്നു തോന്നി. അങ്ങനെയാണ് ഡയറ്റിങ്ങിൽ ഒരു കൈ നോക്കിയത്.

നമ്മൾ മലയാളികൾക്ക് വണ്ണം കൂടാൻ പ്രധാനകാരണം കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണരീതിയാണ്. പ്രത്യേകിച്ച് എളുപ്പം ദഹിക്കുന്ന സിംപിൾ കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കുന്നത്. എളുപ്പം ഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് നന്നേ കുറഞ്ഞ ഡയറ്റാണ് ഞാൻ ചെയ്തത്. ചോറ്, അരി ഭക്ഷണം, ഗോതമ്പ്, മധുരം, ജങ്ക് ഫൂഡ് എന്നിവയെല്ലാം പൂർണമായും ഒഴിവാക്കി. തനി മധുരവും മധുരപലഹാരങ്ങളും മാത്രമല്ല മധുരം അധികമുള്ള പപ്പായ, നേന്ത്രപ്പഴം എന്നിങ്ങനെയുള്ളവയും കുറച്ചു. ഒാറഞ്ച്, ആപ്പിൾ എന്നിവയൊക്കെ കൂടുതൽ ഉൾപ്പെടുത്തി. പ്രോട്ടീൻ ധാരാളം കഴിച്ചു. ഒരു മുട്ടവെള്ളയിൽ രണ്ടര–മൂന്ന് ഗ്രാം പ്രോട്ടീനുണ്ട്. ദിവസം 8–10 മുട്ടവെള്ള വരെ കഴിച്ചിരുന്നു.

രാവിലെ നാലര ആകുമ്പോഴേക്കും ഉണരും. അഞ്ചരയ്ക്ക് ഒാടാൻ പോകും. ഒാടുന്നതിനു മുൻപ് അര ആപ്പിൾ , ഒരു ഗ്ലാസ്സ് ഗ്രീൻ ടീ. അല്ലെങ്കിൽ മോര് ഉപ്പിട്ട് കുടിക്കും. ഒരു മണിക്കൂർ ഒാട്ടം കഴിഞ്ഞ് ആറരയ്ക്ക് ജിമ്മിൽ പോകും. പ്രാതലിന് മൂന്നു നാല് മുട്ടവെള്ള, കൂടെ ഗ്രീൻ ടീ. കാർബോഹൈഡ്രേറ്റ് അളവ് കുറവുള്ള ബ്രോക്കോളി, കോളിഫ്ളവർ, കാപ്സിക്കം എന്നിവ വേവിച്ച് കഴിക്കും. ഇത് കിട്ടാൻ പ്രയാസമാണെങ്കിൽ വെള്ളരിക്ക, പാവയ്ക്ക, മത്തൻ, ചുരയ്ക്ക, വഴുതനങ്ങ, കോവയ്ക്ക എന്നീ പച്ചക്കറികൾ കഴിച്ചാലും മതി. 10–11 മണിയോടെ ഒരു ഗ്ലാസ്സ് ഗ്രീൻ ടീ കുടിക്കും. ഉച്ചയ്ക്ക് മുട്ടവെള്ള കൊണ്ടുള്ള ഒാംലറ്റ്, പച്ചക്കറി വേവിച്ചത്, മീൻ എണ്ണ കുറച്ച് വറുത്തതോ കറി വച്ചതോ. ഇടനേരങ്ങളിൽ ആപ്പിൾ, നിലക്കടല എന്നിവയിലേതെങ്കിലും. മധുരമില്ലാത്ത ചായ കുടിക്കും.

രാത്രി ഏഴു മണിക്കു മുൻപേ അവസാനഭക്ഷണം കഴിക്കും. പച്ചക്കറി വേവിച്ചതും ഒരു കഷണം മീനോ ഒന്നോ രണ്ടോ കഷണം കൊഴുപ്പില്ലാത്ത ചിക്കനോ കൂടി കഴിക്കും. ചിക്കൻ ഗ്രില്ല് ചെയ്തോ കറി വച്ചതിൽ നിന്ന് കഷണങ്ങൾ മാത്രമായോ ആണ് കഴിക്കുക.

ആഴ്ചയിൽ രണ്ടു തവണയെങ്കിലും സെമിനാറുകളും ക്ലാസ്സുകളുമായി പുറത്തുനിന്നു ഭക്ഷണം കഴിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അപ്പോഴും സാലഡും മീനും ഒാംലറ്റും മാത്രം കഴിച്ച് ഡയറ്റ് പാളിപ്പോകാതെ നോക്കിയിരുന്നു. പല ഭക്ഷണങ്ങളും ഒഴിവാക്കിയെങ്കിലും അമിതവിശപ്പോ ക്ഷീണമോ അനുഭവപ്പെട്ടതേയില്ല. അത് പ്രോട്ടീനിന്റെയും നാരുകളുടെയും മാജിക്കാണ്. പ്രോട്ടീൻ എളുപ്പം വയറുനിറഞ്ഞ ഫീൽ തരും. ആ ഫീൽ കുറേസമയത്തേക്ക് അങ്ങനെ തന്നെ നിൽക്കുകയും ചെയ്യും.

ദാഹം നന്നായുണ്ടായിരുന്നു. ഉപ്പിട്ട നാരങ്ങാവെള്ളം, മോരുംവെള്ളം, ഗ്രീൻ ടീ എന്നിങ്ങനെ പല വഴികളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിച്ചു. ആഹാരത്തിലെ നാരുകളുടെ അളവ് കുറഞ്ഞപ്പോൾ ചർമത്തിൽ കുരുക്കൾ വന്നു. പച്ചക്കറികൾ ധാരാളം കഴിച്ചപ്പോഴേക്കും അതു മാറി.

ആകെ മെലിഞ്ഞു, വല്ലാതെ ക്ഷീണിച്ചുപോയി എന്നിങ്ങനെ പൊതുവേ ആളുകൾ തടി കുറയ്ക്കുമ്പോൾ കേൾക്കുന്ന പഴികൾ ഞാനും കേട്ടു. പക്ഷേ ശരീരം മെലിഞ്ഞെങ്കിലും സ്റ്റാമിന വർധിച്ചതായാണ് അനുഭവം. കഷ്ടി രണ്ടു മീറ്റർ പോലും ഒാടാൻ വയ്യാതിരുന്ന ഞാൻ ആ വർഷത്തെ ഹാഫ് മാരത്തൺ ഒാടി പൂർത്തിയാക്കി. ക്രിട്ടിക്കൽ കെയറിന്റെ ചുമതലയിലിരിക്കുന്ന ഒരാൾക്ക് പാതിരാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രോഗികളുടെ അടുത്തെത്തേണ്ടിവരും. പുതുതായി നേടിയ ഫിറ്റ്നസ് ഏറ്റവും ഗുണം ചെയ്യുന്നതും ഇക്കാര്യത്തിലാണ്.’’ ഫിറ്റ്നസിന്റെ ആത്മവിശ്വാസം ഡോക്ടറുടെ വാക്കുകളിലുണ്ട്.