പകലാകെ നീളുന്ന ഒപി തിരക്കും അടിയന്തരചികിത്സാനേരങ്ങളും ചേർന്നൊരു താളത്തിലാണല്ലോ ഡോക്ടർമാരുടെ ജീവിതം. അതിനിടയിലും പ്രിയപ്പെട്ട കലയെ ഹൃദയത്തോടു ചേർത്തു നിർത്തുന്ന ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. ഡോക്ടർക്കും കലയുടെ കൈവിരൽ തൊട്ടു നിൽക്കാം എന്നു സുന്ദരമായി തെളിയിച്ച കലാകാരി. കലയോടുള്ള പാഷനും ഡോക്ടറെന്ന പ്രഫഷനും അവരുടെ ഹൃദയത്തിന്റെ രണ്ടു പാതികൾ പോലെ. അടുത്തറിയുമ്പോൾ ഈ ജീവിതത്തിന് ഒരു പ്രത്യേകഭംഗിയാണ്.
ഭാവസാന്ദ്രം സുന്ദരം
മിനിസ്ക്രീനിൽ ഡോ. ദിവ്യയെ കാണാൻ കാത്തിരിക്കുന്ന ഒരുപാടുപേരുണ്ട്. കൃഷ്ണവേണി, ഡോ. ലക്‌ഷ്മി അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ദിവ്യ നമ്മുടെ മനസ്സിൽ എന്നേ ഇടംനേടിക്കഴിഞ്ഞതാണ്. നമ്മുടെ വീട്ടിലൊരാളെപ്പോലെ, കഥാപാത്രങ്ങൾക്കു ജീവഭാവം പകരുന്ന അഭിനേത്രിയെസ്നേഹിക്കാതിരിക്കുന്നതെങ്ങനെ?
വർഷങ്ങൾക്കപ്പുറത്ത് സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ‘നോക്കത്താ ദൂരത്ത്’ എന്നൊരു സീരിയലിൽ ദിവ്യ എന്നൊരു കൊച്ചുപെൺകുട്ടി അഭിനയിച്ചിരുന്നു. ഒരു സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുക്കവേയാണ് അവൾക്ക് ആ അവസരം ലഭിച്ചത്. പിന്നീട് മഹാസമുദ്രം എന്ന സിനിമയിൽ ആ കുട്ടി റഹ്മാന്റെ ജോടിയായി വീണ്ടുമെത്തി. രസതന്ത്രം എന്ന സിനിമയിൽ മോഹൻലാലിന്റെ സഹോദരിയുടെ കുട്ടിക്കാലത്തിനു ജീവൻ പകർന്നതും അവളുടെ മുഖമായിരുന്നു. പിന്നെ പഠനത്തിരക്കിന്റെ നാളുകൾ. കൊല്ലത്തെ കല്ലട സ്വദേശി ദിവ്യാ നായർ മിനി സ്ക്രീനെയും ബിഗ് സ്ക്രീനെയും അന്നു മറന്നതാണ്. പഠനം, വിവാഹം, അമ്മയായതിന്റെ തിരക്കുകൾ.. കാലം കടന്നു പോയി. പിന്നെ ഒട്ടേറെ ചാനലുകളിൽ ആങ്കറിങ് ചെയ്തുകൊണ്ടായിരുന്നു ദിവ്യയുടെ തിരികെ വരവ്.
Passion
വളരെ അവിചാരിതമായാണ് ദിവ്യാ നായർ മിനി സ്ക്രീനിലേക്ക് എത്തുന്നത്. പ്രമുഖ ചാനലിലെ ‘പാദസരം’ എന്ന സീരിയലിലെ കൃഷ്ണവേണി എന്ന െഎടി പ്രൊഫഷനലായി. മലയാളത്തനിമയുള്ള മുഖശ്രീയും കയ്യടക്കമുള്ള അഭിനയവും. മിനിസ്ക്രീൻ ആരാധകർക്കു ദിവ്യയെക്കുറിച്ച് കൂടുതൽ അറിയണമെന്നായി. അങ്ങനെയാണ് ദിവ്യ ഡോക്ടറാണെന്ന് അറിയുന്നത്. തൂവൽ സ്പർശം, ബന്ധുവാര്, ശത്രുവാര് എന്നീ സീരിയലുകളും ശ്രദ്ധേയമായി. പ്രണയം എന്ന സീരിയലിലെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ഡോ. ലക്‌ഷ്മി എന്ന കഥാപാത്രമായിരുന്നു അടുത്തത്. സിബിെഎ ഡയറി എന്നൊരു ക്രൈംത്രില്ലർ സീരിയലും.
സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും ധാരാളം ഒാഫറുകൾ ഇപ്പോൾ ഡോ. ദിവ്യയെ തേടിയെത്തുന്നുണ്ട്. പക്ഷേ, സെലക്ടീവാകാനാണ് ദിവ്യയുടെ തീരുമാനം. പുതിയ സീരിയലിനെക്കുറിച്ചുള്ള ആലോചനകളാണിപ്പോൾ. പ്രഫഷനും കൂടി ഒപ്പം കൊണ്ടു പോകേണ്ടതു കൊണ്ടാണ് തുടരെ അഭിനയിക്കാതെ ബ്രേക് എടുക്കുന്നത് എന്നു ദിവ്യ പറയുന്നു. ഗായികയും ക്ലാസിക്കൽ നർത്തകിയുമായിട്ടും അഭിനേത്രിയായാണ് ദിവ്യ തിളങ്ങിയത്.
സീരിയലുകളിൽ നിന്ന് ഇടവേള എടുക്കുമ്പോൾ ആങ്കറിങ്ങിലും സ്റ്റേജ് ഷോകളിലും ദിവ്യ സജീവമാകും. ഒട്ടേറെ ചാനലുകളിൽ അവതാരകയാണ്. മോണിങ് ഷോകൾ, സെലിബ്രിറ്റി ഇന്റർവ്യൂകൾ, ഡോക്ടേഴ്സ് ഇന്റർവ്യൂകൾ, താരനിശകൾ അങ്ങനെ...
Profession
തിരുവനന്തപുരത്ത് കവടിയാറിലെ ഡോ. ദിവ്യാസ് ഹോമിയോപ്പതിക് സ്പെഷാലിറ്റി ക്ലിനിക്കിന്റെ ഡയറക്ടറാണ് ഡോ. ദിവ്യ. മാർത്താണ്ഡത്തെ വൈറ്റ്മെമ്മോറിയൽ ഹോമിയോപ്പതിക് മെഡി.കോളജിലായിരുന്നു പഠനം. കോസ്മറ്റോളജിയിൽ ഫെലോഷിപ് പൂർത്തിയാക്കിയത് മലേഷ്യയിൽ നിന്നാണ്. ആരോഗ്യപ്രശ്നങ്ങൾക്കു സമഗ്ര ഹോമിയോപ്പതി ചികിത്സ ഇവിടെയുണ്ട്. ഇവിടത്തെ സ്കിൻ ഹെയർ ക്ലിനിക് സൗന്ദര്യപ്രശ്നങ്ങൾക്കു മികച്ച പരിഹാരമേകുന്നു. ഹോമിയോപ്പതിയിലൂടെ കോസ്മറ്റോളജി ചികിത്സ എന്നതാണ് ദിവ്യയുടെ ചികിത്സാരീതി. ഭർത്താവ് അനുശങ്കർ. മകൾ വേദ.