Friday 18 September 2020 04:54 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കോവിഡ് വന്നവരിൽ വ്യായാമം ഹൃദയ തകരാറിന് ഇടയാക്കുമോ? പഠനം പറയുന്നത്....

heartrunning454

ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നിത്യവും വ്യായാമം ചെയ്യണമെന്നത് ആരോഗ്യത്തിന്റെ അടിസ്ഥാന തത്വമാണ് . കോവിഡ് കാലമായതോടെ ശരീരത്തെ നന്നായി വിയർപ്പിച്ച് ആരോഗ്യം നേടാനുള്ള ശ്രമങ്ങൾ കൂടുതലായി നടക്കുന്നുമുണ്ട്.   ചെറിയ രോഗാവസ്ഥകളിൽ പോലും ലഘുവ്യായാമം ചെയ്ത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിൽ തരക്കേടില്ല എന്നാണ് പൊതുവേ ഡോക്ടർമാർ പറയാറ്. കോവിഡ്19 നെക്കുറിച്ചുള്ള ചർച്ചകളിലും വലിയ ലക്ഷണമൊന്നുമില്ലാത്തവർക്ക് പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ലഘുവായ വ്യായാമങ്ങൾ ചെയ്യുകയും ആകുന്നതിൽ തെറ്റില്ല എന്നാണ് കേട്ടിരുന്നത്.

എന്നാൽ ഏറ്റവും പുതിയൊരു ഗവേഷണം പറയുന്നത് കോവിഡ‍് പൊസിറ്റീവ് ആയവർ വ്യായാമം ചെയ്യുന്നത് ഹൃദയത്തിനു ദോഷകരമാകുമെന്നും രോഗലക്ഷണങ്ങൾ കൂടുതൽ തീവ്രമാക്കുമെന്നാണ്. ജർമൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് ചെറിയ തോതിൽ രോഗമുള്ളവരിൽ പോലും മിതമായ തോതിലാണെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയപേശികൾക്ക് നീർവീക്കം സംഭവിക്കുന്ന മയോകാർഡൈറ്റിസ് എന്ന ഗൗരവകരമായ അവസ്ഥയ്ക്ക് കാരണമാകുമെന്നാണ്.

നമ്മൾ വ്യായാമം ചെയ്യുമ്പോൾ ഹൃദയപേശികളിലേക്ക് കൂടുതൽ ശക്തിയായി രക്തം എത്തുകയും ഇത് ഹൃദയത്തിന്റെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയപേശികളിൽ വൈറസ് പെരുകാൻ കാരണമാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഇങ്ങനെ വൈറസ് നിരക്ക് കൂടുന്നതാകാം മയോകാർഡൈറ്റിസ്, അരിത്മിയ, ഹൃദയപരാജയം എന്നിവയ്ക്ക് കാരണമാകുന്നതെന്നും ഗവേഷകർ പറയുന്നു.

‘‘കോവിഡ് മാത്രമല്ല ഏത് വൈറൽ അസുഖത്തിലും അക്യൂട്ട് ഫേസിൽ, അതായത് അസുഖം ഭേദമായി ഉടനെയുള്ള സമയത്ത്, വിശ്രമമാണ് വേണ്ടത്.’’ കോട്ടയം മെഡി. കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം ഡോ. ശ്രീജിത്ത് പറയുന്നു. ‘‘ എന്നാലേ പൂർണമായ സുഖംപ്രാപിക്കാനാകൂ. കോവിഡിൽ പ്രത്യേകിച്ചും. ശാരീരികമായി അധികം ആയാസമരുത്. ഒാടുക പോലുള്ള വ്യായാമങ്ങൾ ഒഴിവാക്കണം. ഹൃദയത്തിന് ആയാസമേറിയാൽ മയോകാർഡൈറ്റിസ് പോലുള്ള ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ വന്ന് ചിലരിൽ പെട്ടെന്നുള്ള മരണം പോലും സംഭവിക്കാൻ ഇടയുണ്ട്.

അസുഖം ഭേദമായ ഉടനെയുള്ള സമയത്ത് പരിപൂർണവിശ്രമമാണ് വേണ്ടത്. രണ്ടു മൂന്നാഴ്ച കഴിഞ്ഞ് പതിയെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനവും ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുകയാണ് വേണ്ടത്. കോവിഡ് 19 നുശേഷം വ്യായാമം തുടങ്ങും മുൻപ്, ഒന്നു നടന്നിട്ട് പൾസ് ഒാക്സിമീറ്റർ വച്ച് നോക്കുക. അപ്പോൾ ഒാക്സിജൻ നിരക്ക് കുറയുകയാണെങ്കിൽ ഗൗരവകരമായ എന്തോ പ്രശ്നം ഉണ്ട് എന്നാണ് അർഥം. ഡോക്ടറെ കണ്ട് ഇക്കാര്യം സംസാരിച്ച് വേണ്ട പരിശോധനകൾക്കു ശേഷം വ്യായാമം തുടങ്ങുന്നതാകും ഉത്തമം. ’’ ഡോക്ടർ പറയുന്നു.

ലക്ഷണമില്ലാതെ രോഗം വന്നു പോകുന്നവരിൽ ഇതു വലിയ അപകടം ആയേക്കാം. അതിനാൽ ഈ കോവിഡ് കാലത്ത് ജലദോഷമോ ചുമയോ വന്നുപോയ ശേഷം അധികം ആയാസമുള്ള വ്യായാമം ചെയ്യാതിരിക്കുകയാകും നല്ലതെന്ന് വിദഗ്ധർ പറയുന്നു. വയോജനങ്ങളും ഹൃദയസംബന്ധിയായ രോഗമുള്ളവരും കോവിഡ് ഭേദമായാലും വ്യായാമം തുടങ്ങുന്നതിനു മുൻപ് ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

എന്നാൽ പതിവായി വ്യായാമം ചെയ്യുന്നത് , കോവിഡ് ഭേദമായവരിൽ വരാവുന്ന അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ്സ് സിൻഡ്രം എന്ന മാരകമായ രോഗസങ്കീർണത കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. അതുകൊണ്ട് കോവിഡ് വന്നെന്നു കരുതി വ്യായാമം നിർത്തേണ്ട കാര്യമില്ല. പക്ഷേ, വ്യായാമം ചെയ്യുമ്പോൾ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നു ശ്രദ്ധിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, നെഞ്ചിടിപ്പ് വർധിക്കുക, കാലിൽ നീർവീക്കം, പേശീവേദനകൾ, അതികഠിനമായ ക്ഷീണം എന്നിവ കണ്ടാൽ വ്യായാമം തുടരരുത്. ഉടനെ തന്നെ ഡോക്ടറെ കണ്ട് എന്താണ് പ്രശ്നമെന്നു കണ്ടെത്തുക.

Tags:
  • Manorama Arogyam
  • Health Tips