Monday 14 September 2020 05:34 PM IST : By സ്വന്തം ലേഖകൻ

സ്തനപുഷ്ടിക്കും മാറിടപേശികളെ ദൃഢമാക്കാനും വ്യായാമം: വീട്ടിൽ തന്നെ ചെയ്തുനോക്കാം

4534546

സ്തനവലുപ്പത്തിന് വ്യായാമമോ? വ്യായാമം ചെയ്താൽ ഉള്ള തടി കൂടി പോകില്ലേ എന്നാണ് പൊതുവായ ഒരു ചിന്ത. എന്നാൽ വ്യായാമം പോഷകങ്ങളുടെ ആഗിരണവും സംസ്കരണവും മെച്ചപ്പെടുത്തും. അങ്ങനെ ശരീരത്തിന് പുഷ്ടിയുണ്ടാകും. ശരീരം പുഷ്ടിപ്പെടുത്തുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും ചെയ്യണമെന്നു പറയുന്നത് ഇതുകൊണ്ടാണ്. തന്നെയുമല്ല മനുഷ്യശരീരത്തിനു സ്വാഭാവികമായ ഒരു ഘടനയുണ്ട്. ഉയർന്നും ഒതുങ്ങിയും വളഞ്ഞും ശിൽപസമാനമായ ഘടന. വണ്ണം കൂടുന്നതനുസരിച്ച് ശരീരത്തിലെ ചർമവും പേശികളും കൂടി വലിഞ്ഞുനീളും. കൊഴുപ്പടിഞ്ഞ് വളവുകളില്ലാത്ത നേർരേഖയായി ശരീരം മാറും. ഇത് കൊഴുപ്പു മൂലമുള്ള രോഗങ്ങളുടെ പ്രകടമായ ലക്ഷണമാണ്. എന്നാൽ വ്യായാമം ചെയ്താൽ ശരീരത്തിലെ പേശികളെയെല്ലാം വടിവൊത്തതും മുറുകിയതുമാക്കും. സ്തനപുഷ്ടി കുറഞ്ഞവർ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം നെഞ്ചിലെ പേശികൾക്ക് പ്രത്യേകമായുള്ള വ്യായാമവും ചെയ്യണം. ഭക്ഷണം മാറിടത്തിന്റെ വലുപ്പം (കപ് സൈസ് ) കൂട്ടും. വ്യായാമം മാറിടപേശികളെ ബലവത്തും വികസിച്ചതുമാക്കി സ്തനങ്ങളെ ഉയർന്നതും കാഴ്ചയിൽ വലുപ്പമുള്ളതുമാക്കും.

സ്തനപുഷ്ടിക്കു സഹായിക്കുന്ന ചില വ്യായാമങ്ങളാണ് ചുവടെ.

∙ ട്രൈസെപ് ഡിപ്സ്– പിടിയുള്ള കസേര ഉപയോഗിച്ച് ഇതു ചെയ്യാം. കേസരയിൽ സാധാരണപോലെ ഇരുന്ന് കൈകൾ ഇരുവശത്തും പിടിക്കുക. ഇനി കാലുകൾ മുന്നോട്ടു നീക്കി കസേരയിൽ നിന്നും താഴുക. ഇപ്പോൾ കൈപ്പത്തികൾ മാത്രമാണ് കസേരയിലുള്ളത്. കൈമുട്ടുകൾ ശരീരത്തോടു ചേർന്നിരിക്കുന്നു. വീണ്ടും കസേരയിൽ ഇരിക്കുക. വ്യായാമങ്ങളെല്ലാം ചെയ്യുമ്പോൾ സാവധാനം സമയമെടുത്ത് ചെയ്യുക.

ഈ വ്യായാമം പ്രധാനമായും മുട്ടിനു തൊട്ടുമുകളിലുള്ള ട്രൈസെപ്സ് പേശികൾക്കു വേണ്ടിയാണുള്ളതെങ്കിലും നെഞ്ചിലെ പേശികൾക്കും ആയാസം ലഭിക്കുന്നുണ്ട്.

∙ നേരേ നിവർന്നു നിൽക്കുക. ഇനി രണ്ടു കൈയും അഭിവാദ്യം ചെയ്യാനെന്നപോലെ മുന്നോട്ടു കൊണ്ടുവന്ന് കൂപ്പി കൈപ്പത്തികൾ തമ്മിൽ അമർത്തുക. ഈ ലളിതമായ വ്യായാമം പെക്റ്ററൽ പേശികൾക്ക് ഏറെ ഗുണകരമാണ്.

∙ കൈ കൂപ്പി നെറ്റിയിൽ മുട്ടുന്നവിധം ഉയർത്തിപ്പിടിക്കുക. ഇനി കൈപ്പത്തികൾ ചേർത്തമർത്തുക. കൂടുതൽ മികച്ച ഫലത്തിനായി ഒരു സ്പോഞ്ച് ബോൾ കൈക്കുള്ളിൽ വച്ച് അമർത്തുക. ഇത് പെക്റ്ററൽ അപ്പർ മസിലുകളെ വടിവൊത്തതും ദൃഢവുമാക്കും.

∙ കട്ടിലിന്റെ ഒരു വശത്തായി നിവർന്നു കിടക്കുക. ഒരു കൈ താഴേക്ക് ഇടുക. ഉയർത്തുക. ഇത് കുറേ തവണ ചെയ്യുക. ശേഷം ഇടതുവശത്തെ കൈ താഴെയിട്ട് ഉയർത്തി വലത്തേ തോളിൽ മുട്ടിക്കുക. ഏതാനും തവണ ചെയ്തശേഷം മറുവശവും ഇതേപോലെ ചെയ്യുക. കുറച്ചുകൂടി മികച്ച ഫലത്തിന് ഇതേ വ്യായാമം തന്നെ നിറയെ വെള്ളമുള്ള ഒന്നോ രണ്ടോ ലീറ്ററിന്റെ കുപ്പി ഉപയോഗിച്ചും ചെയ്യാം.

∙ വാൾ പുഷ് അപ്. ഭിത്തിക്ക് അഭിമുഖമായി രണ്ടടി മാറി നിൽക്കുക. നെഞ്ചിന്റെ അതേ നിരപ്പിൽ ഭിത്തിയിൽ കൈയ്യമർത്തി ശരീരം മുന്നോട്ടായുക. കാലുകൾ നിൽക്കുന്നിടത്തുനിന്ന് അനക്കരുത്. ഭിത്തിയോട് അടുക്കുന്തോറും കൈകൊണ്ട് പിന്നോട്ടു തള്ളുക. ഇത് മാറിടത്തിനടിയിലുള്ള പേശികളെ ബലവത്താക്കും.

വിവരങ്ങൾക്ക് കടപ്പാട്

സുമേഷ്കുമാർ

റിലീഫ് ഫിസിയോതെറപി സെന്റർ

തൊടുപുഴ

Tags:
  • Manorama Arogyam
  • Health Tips