Wednesday 14 October 2020 05:47 PM IST : By ഡോ. ഷെരീക്ക്

കൈ കഴുകി തോൽപിക്കാം രോഗങ്ങളെ; ഒപ്പം കൈ ശരിയായി കഴുകേണ്ട രീതിയും അറിയാം

jand234

ലോകം കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. വെറും ഒരു ചെറിയ വൈറസ് മനുഷ്യന്റെ പ്രതിരോധങ്ങളെ എല്ലാം തകര്‍ത്തെറിയുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിനോ മരുന്നുകളോ ഇപ്പോള്‍ നിലവിലില്ല. ചിരപുരാതന കാലം മുതലുള്ള ചില അണുബാധ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ മാത്രം ഈ വൈറസിനെ പ്രതിരോധിക്കുന്നതില്‍ മനുഷ്യന് സഹായകരമാകുന്നുള്ളൂ. ഈ അടിസ്ഥാന ശിലകളിലൊന്നാണ് കൈകളുടെ ശുചിത്വം. മറ്റ് രണ്ട് മാര്‍ഗ്ഗങ്ങള്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കലുമാണ്. ഇത് കൊണ്ടാണ് ഒക്ടോബര്‍ 15ന് ഗ്ലോബല്‍ ഹാന്‍ഡ് വാഷിംഗ് ദിവസമായി ആചരിക്കുന്നത്.

മനുഷ്യ ശരീരത്തിലേക്ക് ഈ രോഗാണു പകരുന്നത് പ്രധാനമായും രണ്ട് വിധത്തിലാണ്. ഒന്ന് നേരിട്ടുള്ള ശ്വാസോച്ഛാസം വഴിയും, രണ്ട് കൈകളിലൂടെ ഉള്ള സ്പര്‍ശനം വഴിയോ ശ്വാസകോശത്തിലേയ്ക്ക് എത്തി ചേരുക എന്നതും ആണ്. കോവിഡ് ബാധിതരായ രോഗികളെ നാം അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുന്നത് വഴി ഈ വൈറസ് നമ്മുടെ കൈകളിലേക്കും തുടര്‍ന്ന് നാം മൂക്കിനടുത്തേക്ക് കൈ എത്തിച്ചാല്‍ (പ്രത്യേകിച്ച് മാസ്‌കില്ലാതെ) അത് മനുഷ്യ ശരീരത്തിലേക്കും എത്തിച്ചേരുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നു.

കൈകള്‍ അണുവിമുക്തമാക്കുക എന്നത് ഈ രോഗം പിടിപെടാതിരിക്കാനുള്ള ഒരു സുപ്രധാന നടപടിയാണ്. കൈകള്‍ അണുവിമുക്തമാക്കേണ്ടത് പ്രധാനമായും സോപ്പും വെള്ളവും ഉപയോഗിച്ചും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമാണ്.

ഏതെങ്കിലും പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷമാണ് കൈകള്‍ നാം ശുചിയാക്കേണ്ടത്. മാസ്‌ക്ക് മാറ്റുന്നതിന് മുമ്പും കൈകള്‍ ശുചിയാക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ മാസ്‌ക്ക് മാറ്റിയതിന് ശേഷവും കൈകള്‍ ശുചിയാക്കണം. കൈകളുടെ ശുചിത്വം കോവിഡിനെതിരെ മാത്രമല്ല ഫലപ്രദം, എല്ലാ രോഗാണുക്കളെയും ഇത് വഴി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതെ തടയാന്‍ ഇത് വഴി നമുക്ക് സാധിക്കും.

handwa43543
കൈ കഴുകേണ്ട വിധം അറിയാം

ആശുപത്രിക്കകത്ത് പടര്‍ന്ന് പിടിക്കുന്ന ചില അണുബാധകളെയാണ് നോസോക്കോമിയല്‍ അണുബാധകളെന്ന് പറയുന്നത്. പ്രധാനമായും വെന്റിലേറ്റര്‍ ഉപയോഗം മൂലമുള്ള ന്യുമോണിയ, ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന അണുബാധകള്‍, മൂത്രമാളികളിലെ അണുബാധകള്‍, രക്തത്തില്‍ വരുന്ന അണുബാധകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്.

ഇത്തരം അണുബാധകള്‍ പലപ്പോഴും അതീവഗുരുതരമായ അവസ്ഥകള്‍ രോഗികളില്‍ സൃഷ്ടിക്കുന്നു. ഇവ തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ശാസ്ത്രലോകം അംഗീകരിച്ചതാണ് കൈകളുടെ ശുചിത്വം പാലിക്കുക എന്നത്. രോഗികളെ തൊടുന്നതിന് മുമ്പും അതിന് ശേഷവും ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി ഹാന്‍ഡ് സാനറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാറുണ്ട്. ഇതെല്ലാം കോവിഡിനു മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ കോവിഡ് എന്ന വൈറസ് മനുഷ്യരാശിക്ക് തെന്നെ ഒരു ഭീക്ഷണിയായതോടെ ഇത്തരം പ്രക്രിയകള്‍ മനുഷ്യന്റെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാന ശിലകളാകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നാം കാണുന്നത്.

(തിരുവനന്തപുരം പട്ടം എസ്‌യു‌റ്റി ആശുപത്രിയിലെ അണുരോഗ വിദഗ്ധനാണ് ലേഖകൻ)

Tags:
  • Manorama Arogyam
  • Health Tips