Thursday 17 September 2020 11:35 AM IST

ഇനി സൂപ്പർ ടേസ്റ്റി ടൊമാറ്റോ സോസും കെച്ചപ്പും വീട്ടിൽ തയാറാക്കാം ലളിതമായി...

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

ketchup4546

കട്‌ലറ്റ്, സാൻവിച്ച്, ന്യൂഡിൽസ്, പാസ്ത, ഫ്രെഞ്ച് ഫ്രൈസ് ഇതെല്ലാം പെർഫക്റ്റ് കോംബിനേഷനിൽ എത്തുന്നത് ഒരാളും കൂടി അതിനൊപ്പം ചേരുമ്പോഴാണ്. അതെ, അതു തന്നെ ടൊമാറ്റോ സോസ് അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പ്. ടൊമാറ്റോ സോസും കെച്ചപ്പും ഇഷ്ടമില്ലാത്ത കുട്ടികളില്ല. മുതിർന്നവർക്കും ഇവ ഏറെ ഇഷ്ടമാണ്. പക്ഷേ പ്രധാനപ്പെട്ട വിഷയം വിപണിയിൽ നിന്നു വാങ്ങുന്നവ കുട്ടികൾക്ക് ആരോഗ്യകരമാണോ എന്നതാണ്. അങ്ങനെ വരുമ്പോൾ ഒരു കാര്യം ചെയ്യാം. വീട്ടിൽ തന്നെ ടൊമാറ്റോ സോസും കെച്ചപ്പും തയാറാക്കാം. ആരോഗ്യകരമായി , സിംപിളായി നമ്മുടെ കൺമുന്നിൽ തന്നെ ഇതു പാകപ്പെടുമ്പോൾ അനാരോഗ്യകരമായ ചേരുവയുണ്ടോ എന്നാലോചിച്ചു മനസ്സു വിഷമിപ്പിക്കേണ്ടല്ലോ.

ചേരുവകൾ അറിയാം

നല്ല ഫ്രഷായ പഴുത്ത തക്കാളി – ഒരു കിലോ

പഞ്ചസാര – 100 ഗ്രാം

ഉപ്പ് – 10ഗ്രാം ( 2 ടീസ്പൂൺ)

മുളകുപൊടി – 10 ഗ്രാം

കുരുമുളകു പൊടി – 10ഗ്രാം

ഉള്ളി – 30 ഗ്രാം

വെളുത്തുള്ളി – 15 ഗ്രാം

കറുവപ്പട്ട, ഏലയ്ക്ക, ഗ്രാംപൂ , ജീരകം – 5 ഗ്രാം

വിനാഗിരി – 70 മീലി ( അരക്കപ്പ് )

സോഡിയം ബെൻസോവേറ്റ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

തക്കാളി നന്നായി കഴുകി വൃത്തിയാക്കി ചെറു കഷണങ്ങളായി മുറിക്കുക. ഇത് അടി കട്ടിയുള്ള ഒരു പാത്രത്തിലിട്ട് ഒരു വുഡൻ ക്രഷർ അല്ലെങ്കിൽ മരത്തവി കൊണ്ട് നന്നായി ഉടച്ചെടുക്കുക. തുടർന്ന് തക്കാളി വേവിക്കുക. തക്കാളിയുടെ തന്നെ നീര് മതിയാകും, അതിനായി വെള്ളം ചേർക്കേണ്ടതില്ല. ഒരു പത്തു മിനിറ്റ് വേവിക്കുക. തിളച്ചു കഴിയുമ്പോൾ സ്‌റ്റൗവ് ഒാഫ് ചെയ്ത് വാങ്ങി വയ്ക്കുക. തുടർന്ന് ഒരു അരിപ്പ അല്ലെങ്കിൽ സൂപ്പ് സ്ട്രെയ്നർ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. തുടർന്ന് പഞ്ചസാരയുടെ മൂന്നിലൊന്ന് ഈ അരിച്ചെടുത്ത ജ്യൂസിൽ ചേർക്കുക. വീണ്ടും തിളപ്പിക്കുക. തിളയ്ക്കുന്നതിനൊപ്പം തുടരെ ഇളക്കിക്കൊണ്ടിരിക്കുകയും വേണം. തിളയ്ക്കുന്ന ഈ ജ്യൂസിലേക്ക് ഒരു സ്‌പൈസ് ബാഗ് ഇറക്കി വയ്ക്കുകയാണ് അടുത്ത ഘട്ടം.

സ്പൈസ് ബാഗ് എങ്ങനെയാണ് തയാറാക്കേണ്ടത് ?

ഉള്ളിയും വെളുത്തുള്ളിയും അരിയുക. മറ്റു സുഗന്ധവ്യഞ്ജനങ്ങൾ ചതച്ചെടുക്കുക. അരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും ചതച്ചെടുത്ത സുഗന്ധവ്യഞ്ജനങ്ങളും മുളകുപൊടിയും കുരുമുളകുപൊടിയുമെല്ലാം ഒരു തുണിയിലിട്ട് അത് അൽപം അയഞ്ഞരീതിയിൽ ഒരു സഞ്ചി പോലെ കെട്ടുക. ഇതാണ് സ്പൈസ് ബാഗ്.

സ്പൈസ് ബാഗ് ഇട്ട ശേഷവും തിളപ്പിക്കലും ഇളക്കലും തുടരുക.

ഇടയ്ക്ക് തവി കൊണ്ട് ഈ സ്പൈസ് ബാഗിൽ ഒന്നമർത്തിക്കൊടുക്കാം. തിളപ്പിക്കാനായി ആദ്യം വച്ച ജ്യൂസ് കുറുകി പകുതിയാകുന്ന ഘട്ടം വരെ സ്പൈസ് ബാഗിൽ അമർത്തിക്കൊടുക്കാം. അതിനു ശേഷം സ്പൈസ് ബാഗ് നീക്കം ചെയ്ത് വിനാഗിരി, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കുക. ശേഷം തിളയ്ക്കാനായി 5 മിനിറ്റ് കൂടി വയ്ക്കാം. സോസിന് ഇത്രയും നേരം തിളപ്പിച്ചാൽ മതി. ഈ സമയത്ത് പത്തു മിനിറ്റോളം തിളപ്പിച്ചാൽ അതു നന്നായി കുറുകി വരും. അപ്പോൾ കെച്ചപ്പായി മാറിക്കഴിഞ്ഞു. തുടർന്ന് ഇത് സ്‍‌‌റ്റൗവിൽ നിന്നു വാങ്ങി വയ്ക്കാം. നമ്മുടെ ടൊമാറ്റോ സോസും കെച്ചപ്പും തയാറായിക്കഴിഞ്ഞു.

ഇനി ആവശ്യമെങ്കിൽ ഇതിൽ അൽപമെടുത്ത് അതിൽ സോഡിയം ബെൻസോവേറ്റ് യോജിപ്പിച്ചശേഷം ഇത് പാത്രത്തിലെ സോസിലേക്ക്/ കെച്ചപ്പിലേക്ക് ചേർക്കുക. ഇവ കൂടുതൽ അളവിൽ തയാറാക്കുമ്പോൾ ചീത്തയാകാതിരിക്കുന്നതിനാണ് ഇതു ചേർക്കുന്നത്. ഇത് തണുത്തശേഷം ഉണങ്ങിയതും വായു സഞ്ചാരമില്ലാത്തതുമായ ഒരു ഗ്ലാസ് പാത്രത്തിലേക്ക് നിറയ്ക്കുക. ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത്.

ടൊമാറ്റോ സോസ് തയാറാക്കുന്നതു പോലെ തന്നെയാണ് കെച്ചപ്പും തയാറാക്കുന്നത്. ജ്യൂസ് നന്നായി കുറുകുമ്പോൾ കെച്ചപ്പ് സോസിനെക്കാൾ സ്പൈസിയായി മാറും. അതാണ് വ്യത്യാസം.

സോഡിയം ബെൻസോവേറ്റ് നിർബന്ധമല്ല

വീട്ടിൽ സോസും കെച്ചപ്പും തയാറാക്കുമ്പോൾ അതിൽ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവു കുറവായിരിക്കും എന്നതാണ് ശ്രദ്ധേയമായ വസ്തുത. ചെറിയ അളവിലാണു സോസ് തയാറാക്കുന്നതെങ്കിൽ സോഡിയം ബെൻസോവേറ്റ് ചേർക്കേണ്ടതില്ല. കാരണം അത് പ്രിസർവേറ്റീവ് ആണല്ലോ. മറ്റൊരു കാര്യം കൂടി പറയാം. സോസിൽ നാം ചേർക്കുന്ന ഉപ്പും വിനാഗിരിയും പ്രിസർവേറ്റീവിന്റെ ഗുണം ചെയ്യുന്നവയാണ്. സോഡിയം ബെൻസോവേറ്റ് ചേർക്കുന്നില്ലെങ്കിൽ സോസും കെച്ചപ്പും നിർബന്ധമായും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. ഉപയോഗിക്കാനുള്ളത് എടുത്തു കഴിഞ്ഞാൽ ഉടൻ ഫ്രിഡ്ജിൽ വയ്ക്കാൻ മറക്കരുത്. അല്ലെങ്കിൽ ചീത്തയായിപ്പോകും.

തക്കാളിയ്ക്കു കാലറി കുറവാണ്. അതിൽ ബീറ്റാ കരോട്ടിനും വൈറ്റമിനുകളും ധാരാളമുണ്ട്. ആന്റിഒാക്സിഡന്റുകളാൽ സമ്പന്നവുമാണ്. തക്കാളിയിലടങ്ങിയ ലൈക്കോപീൻ എന്ന ഘടകം ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ഹോം മെയ്ഡ് സോസ് കുട്ടികൾക്കു ദോഷമൊന്നും ചെയ്യില്ല എന്നു കരുതി അത് ഒരു പരിധി വിട്ട് കുട്ടികൾക്കു നൽകാതിരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കുമല്ലോ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ

കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

റെയിൻബോ പോളി ക്ലിനിക്

പടമുഗൾ, കൊച്ചി

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips