കാച്ചെണ്ണ തേച്ച് തുളസിക്കതിർ ചൂടി അവൾ വരുമ്പോൾ
ഈറൻമുടി കാറ്റിലുലയുമ്പോൾ എങ്ങും കാച്ചെണ്ണയുടെ സൗരഭ്യം നിറയും. മുടിയിലെ തുളസിക്കതിരിനുമുണ്ട് ഒരു പ്രത്യേക ഭംഗി. വാലിട്ടെഴുതിയ കണ്ണുകളിൽ ആകാശനീലിമ മുഴുവനുമുണ്ടെന്നു തോന്നും. പുളിയിലക്കര പുടവയുടുത്ത്, നെറ്റിയിൽ ഇലക്കുറി തൊട്ട്, പൊൻവെയിലിന്റെ കാന്തിയോടെ അവൾ വരികയാണ്.
അരുണിമയാർന്ന ചുണ്ടുകളിൽ മൃദുസ്മിതം. മൈലാഞ്ചിച്ചോപ്പലിഞ്ഞ പാദങ്ങൾക്കും കുപ്പിവളക്കൈകൾക്കും എന്തൊരഴകാണ്! കാലമെത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിലെ നാടൻ പെണ്ണിന്റെ ചിത്രം ഇങ്ങനെ തന്നെയാണ്. പരിഷ്കാരങ്ങളുടെ പുതിയ കാലത്ത്, കൃത്രിമക്കൂട്ടുകൾ അഴകിനെ നിർവചിക്കുമ്പോൾ ഒരിക്കൽക്കൂടി ആ നാട്ടുപെണ്ണിനൊപ്പം നടക്കാം. പ്രകൃതിയെന്ന സൗന്ദര്യചെപ്പിൽ നിന്ന് അവൾ തൊട്ടെടുത്ത അലങ്കാരങ്ങളെ അറിയാം. മുഖവും മുടിയും കണ്ണുകളും ഉടലും ചർമവും അവളെങ്ങനെയായിരുന്നു പരിപാലിച്ചിരുന്നത് എന്നറിയാം.
കോമള കേശം ...
തിരുവാതിര ഞാറ്റുവേല വന്നാൽ പെണ്ണുങ്ങളെല്ലാം മുടിത്തുമ്പ് മുറിക്കണമെന്നാണ് വിശ്വാസം. മുടി നന്നായി വളരാനുള്ള മുന്നൊരുക്കമായിരുന്നു അത്. കറുത്ത് ഇടതൂർന്ന മുടിയ്ക്കായി അത്തരം ശീലങ്ങളെല്ലാം അവർ കൃത്യമായി പാലിച്ചു.
അന്ന് മുടിയിലും നല്ലെണ്ണ പുരട്ടും. നല്ലെണ്ണയുടെ ഒട്ടൽ മുടിയെ ബാധിച്ചു തുടങ്ങിയതോടെ നല്ലെണ്ണ ഒഴിവാക്കി പതിയെ വെളിച്ചെണ്ണയിലേക്കു മാറുകയായിരുന്നു. മുടിയഴകിനായി വെളിച്ചെണ്ണയും നല്ലെണ്ണയും ആവണക്കെണ്ണയുമൊക്കെ അന്ന് ആവശ്യാനുസരണം ഉപയോഗിച്ചിരുന്നു.
പിന്നെ കാച്ചെണ്ണയുടെ സുഗന്ധ കാലമായി. ചെമ്പരത്തിയുടെ ഇലയും പൂവും മൊട്ടും, തുളസിയില, കറിവേപ്പില, പനിക്കൂർക്കയില, കറ്റാർവാഴ... പ്രകൃതിയിൽ നിന്ന് ആർദ്രമായി നുള്ളിയെടുത്തവയെല്ലാം എണ്ണ കാച്ചുന്നതിനു ചേരുവയാക്കി. ‘കാച്ചെണ്ണ തേച്ച നിൻ കാർകൂന്തലത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുൻമാദം’ എന്നു കവി പാടിയതു തന്നെ സുഗന്ധഭരിതമായ ആ സ്മൃതികളിൽ നിന്നാണ്. കയ്യോന്നിയില, നീലയമരി ഇവയുടെ നീര്, മൈലാഞ്ചിയില, കുരുമുളക് ചതച്ചത്, നെല്ലിക്ക ചതച്ചത്, ആര്യവേപ്പില , കറിവേപ്പില ഇവയെല്ലാം വെളിച്ചെണ്ണയിൽ കലർത്തി കാച്ചെണ്ണ തയാറാക്കി, ഇത്തരം എണ്ണകളെ മുറുക്കിയ എണ്ണ എന്നും പറയാറുണ്ട്.
കാച്ചെണ്ണ തേച്ചാൽ മുടി നന്നായി കറുത്തു വരുമെന്നു മാത്രമല്ല, കട്ടിയായി ഇട തൂർന്നു വളരുകയും ചെയ്യും. നര തടയാനും ഉറക്കം കിട്ടാനുമൊക്കെ കാച്ചെണ്ണ ഏറെ ഗുണം ചെയ്തു. ഇന്നത്തെ നീലിഭൃംഗാദി എണ്ണയൊക്കെ കാച്ചെണ്ണ തന്നെയാണ്.
അന്നൊക്കെ മുടിക്കായയ്ക്ക് നെല്ലു പുഴുങ്ങുമ്പോളുള്ള ആവി കൊള്ളിച്ചും കുളി കഴിഞ്ഞ് തുവർത്തി ഉണക്കിയ മുടിയിൽ അഷ്ടഗന്ധം പുകച്ചും നാട്ടു പെണ്ണുങ്ങൾ മുടിയുടെ ആരോഗ്യം കാത്തു. അഷ്ടഗന്ധത്തിന്റെ പുകയേൽക്കുന്നത് മുടിക്ക് സുഗന്ധം ലഭിക്കാനും മുടി നന്നായി വളരാനും ഉത്തമമാണ്. മുടിയിലെ വിയർപ്പ്, അഴുക്ക്, പേൻ, കായ ഇതെല്ലാം മാറുന്നതിന് അഷ്ടഗന്ധത്തിന്റെ പുക സഹായിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്;
ഡോ. ബി. ശ്യാമള
പ്രഫസർ
വൈദ്യരത്നം ആയുർവേദ കോളജ്
തൈക്കാട്ടുശ്ശേരി, ഒല്ലൂർ
തൃശ്ശൂർ