Friday 15 February 2019 05:39 PM IST

എഴുപത് ശതമാനം ഡയറ്റും മുപ്പത് ശതമാനം വർക് ഔട്ടും: 116ൽ നിന്ന് 85ലേക്ക് റോൺസൺ പറന്നെത്തിയതിങ്ങനെ

Asha Thomas

Senior Sub Editor, Manorama Arogyam

fitness
ഫോട്ടോ: അഭിജിത് ഭട്ടാചാര്യ

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിൽ പുഷ്പം പോലെ ബൈക്ക് എടുത്തുയർത്തി പ്രേക്ഷകരെ ഞെട്ടിച്ച യുവസുന്ദരനെക്കുറിച്ച് അന്വേഷിക്കാത്തവരില്ല. സാഹസിക പ്രകടനങ്ങൾ ഇഷ്ടപ്പെടുന്ന, ഭാര്യ എന്ന സീരിയലിലൂടെ മലയാളിപെൺകൊടികളുടെ പ്രിയം നേടിയ, കോഴിക്കോടുകാരൻ റോൺസൺ വിൻസന്റിന് മലയാളികൾ അധികം അറിയാത്ത ഒരു സിനിമാവിലാസം കൂടിയുണ്ട്. പഴയ ചില്ല് സിനിമയിലെ നായകൻ റോണി വിൻസന്റിന്റെ മകനാണ് റോൺസൺ വിൻസന്റ്.

സിക്സ്പാക്ക് ഹീറോയാകുന്നതിനു മുൻപ് അമിതവണ്ണം കൊണ്ട് വലഞ്ഞിട്ടുണ്ട് റോൺസൺ. 2008ൽ ഐടി ഫീൽഡിൽ വർക് ചെയ്തിരുന്ന ആ കാലത്തേക്കുറിച്ച് റോൺസൺ തന്നെ പറയുന്നു. ‘‘രാവിലെ എട്ടിനു കംപ്യൂട്ടറിനു മുൻപിൽ ഇരുന്നാൽ രാത്രി 11നാണ് പുറത്തിറങ്ങുക. കൃത്യമായി ഭക്ഷണം കഴിക്കില്ല. ഏതാനും സ്നാക് പായ്ക്കറ്റ് കംപ്യൂട്ടറിന്റടുത്ത് വച്ചിട്ടുണ്ടാകും. അതു കുറേശ്ശേ കൊറിച്ചുകൊണ്ടിരിക്കും.ക്രമേണ ഭാരം 116ൽ എത്തി. അതോടെ അതിശക്തമായ മുട്ടുവേദനയും നടുവേദനയും അലട്ടി തുടങ്ങി. കുനിയാൻ പോലും വയ്യ; ഷൂ ലേസ് കെട്ടിത്തരുന്നതു പോലും അമ്മയായിരുന്നു.

f2

116ൽ നിന്ന് 85ലേക്ക്

അച്ഛനാണ് പറഞ്ഞത് ‘ആരോഗ്യമില്ലാതെ ജോലി ചെയ്തിട്ട് എന്താണ് കാര്യം എന്ന്.’ അമ്മയും കട്ട സപ്പോർട്ടായിരുന്നു. അങ്ങനെ ജോലി രാജിവച്ച് ഞാൻ വർക് ഔട്ട് തുടങ്ങി. കടുത്ത ഭക്ഷണപ്രിയനായതുകൊണ്ട് ഡയറ്റിങ് പ്രയാസമായിരുന്നു. കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീൻ കൂടുതലുള്ള ഡയറ്റാണ് കഴിച്ചിരുന്നത്. പച്ചക്കറി കഴിക്കാൻ തീരെ ഇഷ്ടമുണ്ടായിരുന്നില്ല. സാലഡൊക്കെ കഷ്ടപ്പെട്ട് ‘ഇഷ്ടപ്പെട്ട്’ കഴിക്കുകയായിരുന്നു. നോൺ വെജ് എത്ര വേണമെങ്കിലും കഴിക്കാം.. അതായിരുന്നു ആശ്വാസം. ദിവസവും 45 മിനിറ്റ് തുടർച്ചയായി വർക് ഔട്ട് ചെയ്തു. അങ്ങനെ നാലു മാസം കൊണ്ട് 85 കിലോയിലെത്തി.

ഭാരം കുറഞ്ഞതോടെ റാംപ് ഷോകൾ ചെയ്തുതുടങ്ങി. ജോലി രാജിവയ്ക്കാൻ പറഞ്ഞപ്പോൾ അ ച്ഛന്റെ മനസ്സിൽ എന്നേക്കുറിച്ച് സിനിമാ മോഹങ്ങളുണ്ടായിരുന്നെന്ന് പിന്നീടാണറിഞ്ഞത്. ‘ഒന്നു ശ്രമിച്ചുനോക്ക്, പറ്റില്ലെങ്കിൽ വിട്ടേക്ക്’ എന്നു പറഞ്ഞു. അങ്ങനെ 2010ൽ ആദ്യസിനിമ ചെയ്തു, തെലുങ്കിൽ. അതിന് ആ വർഷം മികച്ച വില്ലനുള്ള ഭരതമുനി അവാർഡ് ലഭിച്ചു. തുടർന്നും തെലുങ്കിൽ വില്ലൻവേഷങ്ങൾ ചെയ്തു. മലയാളികൾക്ക് ഞാൻ പരിചിതനായത് ഭാര്യ സീരിയലിലൂടെയാണ്.

അഭിനയം പോലെ പാഷനാണ് ഫിറ്റ്നസും. കോ ഴിക്കോട് സ്വന്തമായി ഫിറ്റ്നസ് സെന്റർ നടത്തുന്നുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനായി വർക് ഔട്ട് ചെയ്യുന്നയാളാണ് ഞാൻ. 70 ശതമാനം ഡയറ്റും 30 ശതമാനം വർക് ഔട്ടും ആണ് ഫിറ്റ്നസിന്റെ സൂത്രവാക്യം. ഒാരോരുത്തരുടെയും ശരീരപ്രകൃതം അറിഞ്ഞു കഴിക്കുക എന്നതും പ്രധാനമാണ്. എനിക്ക് കാർബോഹൈഡ്രേറ്റ് കണ്ടാൽ മതി തടിക്കാൻ. ഇപ്പോൾ 11 വർഷമായി അരിയാഹാരം കഴിച്ചിട്ട്. ബിരിയാണിയുടെ രുചി പോലും മറന്നു. പക്ഷേ, നോൺവെജ് നന്നായി കഴിക്കും. ഒറ്റ ഇരിപ്പിൽ ഒരു ഫുൾ ചിക്കനൊക്കെ കഴിക്കുന്നയാളാണ് ഞാൻ. ചില ദിവസം കോഴിമുട്ട പുഴുങ്ങിയത് 25 എണ്ണം കഴിക്കും’’ ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ റോൺസൺ വാചാലനായി.

f1

എന്തും കഴിക്കാം, ഹെൽത്തിയായി

‘‘ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തായ്‌ലൻഡിലും, ചൈനയിലുമൊക്കെ രുചിതേടി യാത്ര പോയിട്ടുണ്ട്. പാമ്പ്, മുതല, പാറ്റ എന്നിങ്ങനെ എല്ലാം സ്വാദു നോക്കിയിട്ടുണ്ട്. എന്തു കഴിച്ചാലും ഡയറ്റ് തെറ്റിക്കാതിരിക്കാനുള്ള ഒ പ്ഷൻ ഉണ്ട്. ഉദാഹരണത്തിന്, തന്തൂരി ചിക്കൻ കഴിക്കുമ്പോൾ അതിനൊപ്പമുള്ള സോസ്, മയണൈസ്, കുബ്ബൂസ് എന്നിവയൊക്കെ ഒഴിവാക്കണം. സാലഡ് മാത്രം കഴിക്കുക. ഷവർമയാണെങ്കിൽ അതിലെ മാംസഭാഗം മാത്രം കഴിക്കുക.പല വിഭവങ്ങളും ഹെൽതിയാണ്. രുചിക്കൂട്ടുകളാണ് അവ അനാരോഗ്യകരം ആക്കുന്നത്.

റോൺസൺ ‘ബിഗ്ബോസ് ഷോ’ വേണ്ടെന്നു വച്ചതിനു പിന്നിലും ഭക്ഷണപ്രിയം തന്നെകാര്യം. ‘‘ഷോയുടെ സമയത്ത് അവർ പറയുന്ന ഭക്ഷണമേ കഴിക്കാൻ പറ്റൂ എന്നു പറഞ്ഞു. അതെനിക്കു സാധിക്കില്ല.’’ എല്ലാവരെയും പോ ലെ ചില ഡയറ്റ് ബലഹീനതകളൊക്കെയുണ്ട് റോൺസണ്. കേക്കും ചോക്ലേറ്റും ഐസ്ക്രീമുമൊക്കെയാണ് പ്രധാന പ്രലോഭനങ്ങൾ.

‘‘എന്തു കഴിച്ചാലും നന്നായി വർക് ഔട്ട് ചെയ്യും. എന്റെ ബോഡി കണ്ടില്ലേ? കഷ്ടപ്പെട്ട് ഉ ണ്ടാക്കിയെടുത്തതാണ്. ഇഷ്ടമുള്ള പലതും ത്യജിച്ചാലേ നല്ല ശരീരമുണ്ടാകൂ. രാവിലെ ജിമ്മിൽ പോകണമെങ്കിൽ രാത്രി പാർട്ടിയും കറങ്ങിനടക്കലും പറ്റില്ല. ശരീരത്തെ നശിപ്പിക്കുന്ന ശീലങ്ങൾ പാടില്ല. കുട്ടികളെയാക്കെ വർക് ഔട്ടിനു വിടുന്നത് നല്ലതാണ്. ശരീരത്തെ സ്നേഹിക്കാ ൻ തുടങ്ങിയാൽ ദുശ്ശീലങ്ങളിൽ നിന്നു മാറാൻ എളുപ്പമാണ്. ’’