Friday 03 July 2020 11:12 AM IST : By ഡോ. ജോർജി ജോർജ് കുരുവിള

കോവിഡ് വയോജനങ്ങളിൽ: അനാവശ്യ ഭയം വേണ്ട, മാനസികസമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

cofjorjgjnhft77

ഒട്ടും ഭയപ്പെടാതെ  ജാഗ്രതയോടെ സമചിത്തതയോടെ ജീവിതത്തെ വീക്ഷിക്കുവാൻ വയോജനങ്ങൾക്ക് കഴിയും. ലോകത്തെ മുഴുവൻ ഒരു ഇത്തിരിക്കുഞ്ഞൻ കൊറോണ വൈറസ് കൈപ്പിടിയിലൊതുക്കിയിരിക്കുകയാണല്ലോ. ഇതെഴുതുന്നതു വരെ 8.7 മില്യൻ പേർ രോഗബാധിതരാവുകയും 4.6 ലക്ഷം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട് (ജൂൺ 22). പഠനമനുസരിച്ച് അമേരിക്കയിൽ മാത്രം മരണപ്പെട്ടവരിൽ 88 % വയോധികരാണ് (65 വയസ്സിനു മുകളിൽ പ്രായമുള്ളവർ). ഈ സാഹചര്യത്തിൽ വയോജനങ്ങൾക്കു വേണ്ട ജാഗ്രതയും അവരുടെ പരിചരണവും കരുതലും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വയോജനങ്ങളുടെ പരിചരണം എങ്ങനെയാവണം എന്നതിന് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഇത് എഴുതുന്നത്‌. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നു പഠിപ്പിച്ചതും പ്രായമായവരുടെ അനുഭവസമ്പത്താണല്ലോ.

I. പ്രത്യേക ശ്രദ്ധ നൽകേണ്ടതും, ജാഗ്രത വേണ്ടതും ആർക്കൊക്കെയാണ്?

(High Risk Category) 

a) 65 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾ 

b) വളരെക്കാലമായി നേഴ്സിംഗ് ഹോമുകൾ , ആശുപ്രതി, പാലിയേറ്റീവ് /ജറിയാടിക് / റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിൽ കഴിയുന്നവർ.

c) താഴെപ്പറയുന്ന എല്ലാ പ്രായവിഭാഗങ്ങളിലും:

    1) തീവഹൃദയസംബന്ധമായ അസുഖം ഉള്ളവർ 

    2) BMI 30 ന് മുകളിലുള്ള അമിതവണ്ണക്കാർ 

(BMI = Weight in Kg / Height in meter sq.)

    3) ഡയബറ്റിക് രോഗികൾ 

    4) ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികൾ

    5) കരൾരോഗമുള്ളവർ 

    6) പ്രതിരോധശേഷി കുറഞ്ഞവർ - ക്യാൻസർ ചികിത്സ ,പുകവലിശീലം , മജ്ജ / അവയവ മാറ്റം കഴിഞ്ഞവർ , HIV / AIDS രോഗികൾ,  ദീർഘകാലമായി സ്റ്റിറോയിഡ് / ഇമ്മ്യൂണിറ്റി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ etc

    7) മറ്റുള്ളവർ : ഗർഭിണികൾ , പരസഹായം ആവശ്യമുള്ളവർ , വീടില്ലാതെ തെരുവുകളിൽ കഴിയുന്നവർ .

 വയോജനങ്ങളിൽ കോവിഡ്19 രോഗം എങ്ങനെ നിയന്ത്രിക്കാം.?

 1) കഴിവതും വീടിനുള്ളിൽ കഴിയുക.

2) ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. 

3) മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കുക.

4) കൈകൾ തൊടുവാൻ സാധ്യതയുള്ള പ്രതലങ്ങൾ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക . 

5) അനാവശ്യ യാത്രകൾ ഒഴിവാക്കുക.

 6) സോപ്പും വെള്ളവും / ആൽക്കഹോൾ അടിസ്ഥാനപ്പെടുത്തിയുള്ള സാനിടൈസർ  ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുചിയാക്കുന്നത് ശീലമാക്കുക .

 7) കുറഞ്ഞത് രണ്ട് ആഴ്ചത്തേയ്ക്കുള്ള നിത്യോപയോഗ സാധനങ്ങളും / അത്യാവശ്യ മരുന്നുകളും , പെട്ടെന്ന് നാശമാവാത്ത ഭക്ഷണസാധനങ്ങളും കരുതിവയ്ക്കുക . സർക്കാരും ആരോഗ്യവകുപ്പും സമയാസമയങ്ങളിൽ 

ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും , നൽകുന്ന നിർദ്ദേശങ്ങളും പൂർണമായി പാലിക്കുക.

വയോജനങ്ങളിലെ മാനസികസമ്മർദ്ദവും ഭയവും കുറയ്ക്കാം.

മാധ്യമങ്ങൾ മരണവും ഭയവും ചർച്ച ചെയ്യുന്ന ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ മാനസിക ആരോഗ്യത്തിനു വലിയ പ്രസക്തിയുണ്ട്. അനാവശ്യ ഭയവും ആകുലതയും നിയന്ത്രിക്കുന്നതിലൂടെ വലിയ ഒരു പരിധി വരെ മാനസിക ആരോഗ്യം നിലനിർത്താം. 

അതിനായുള്ള ചില നിർദ്ദേശങ്ങൾ ചേർക്കുന്നു :

1. വാർത്താമാധ്യമങ്ങളിൽ (സാമൂഹ്യമാധ്യമങ്ങളിൽ) നിന്നും താൽക്കാലികമായി വിട്ടു നിൽക്കുക. ഗവണ്മെന്റ് തലത്തിലുള്ള നിർദേശങ്ങൾക്ക് മാത്രം ചെവികൊടുക്കാം.

2. ശാരീരികവും മാനസികുമായ ആരോഗ്യപാലനത്തിന് മുൻതൂക്കം നൽകുക. 

     a. യോഗ മെഡിറ്റേഷൻ ശീലമാക്കാം , 

     b. നല്ല ഭക്ഷണശീലങ്ങൾ ആരംഭിക്കാം . ഉദാ : ഫൈബർ കൂടുതലുള്ള ഭക്ഷണം , ഉപ്പിന്റെ നിയന്ത്രണം.

     c. ഭക്ഷണം 'വർണ്ണ ശബളമാക്കാം'  -പച്ചക്കറികൾ , പഴവർഗങ്ങൾ , മുട്ടയുടെ വെള്ള , ഇലക്കറികൾ ഇവ കൂടുതൽ ഉപയോഗിക്കാം.

     d. ചിട്ടയായ വ്യായാമം - കുറഞ്ഞത് ആഴ്ചയിൽ 150 മിനിറ്റ് നടത്തം, ആഴ്ചയിൽ രണ്ടു ദിവസം മസിലുകൾ ശക്തിപ്പെടുത്തണം,  ബാലൻസ് മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ (ഉദാ: ഒറ്റക്കാലിൽ നിൽക്കാൻ ശ്രമിക്കാം.) 

ഭക്ഷണ ക്രമീകരണം ഒരു ന്യൂട്രിഷണിസ്റ്റിന്റെ സഹായത്തിടെയും, വ്യായാമക്രമീകരണം ഒരു ഫിസിക്കൽ മെഡിസിൻ ഡോക്ടറുടെയും സഹായത്തോടെയും നടപ്പിലാക്കുക.

3. ഒരു കെയർപ്ലാൻ തയ്യാറാക്കാം

(ഇത് ഒരു കടലാസിൽ എഴുതി തയ്യാറാക്കേണ്ടത് ആണ്.)

 ഇതിൽ ഉൾപ്പെടുത്തേണ്ടത്:

 1.നിലവിലെ രോഗങ്ങൾ / ആരോഗ്യപ്രശ്നങ്ങൾ,

2.കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും അളവുകളും സമയങ്ങളും (മരുന്നുകൾക്ക് അലർജിയുണ്ടെങ്കിൽ അതും), 

3.നിങ്ങളുടെ ഡോക്ടറുടെ  /ആശുപത്രിയുടെ വിവരങ്ങൾ,

4.ഒരു അത്യാവശ്യത്തിനു വിളിക്കുന്നവരുടെ ഫോൺ നമ്പരുകൾ,

5 .End of Life Care നിർദ്ദേശങ്ങൾ.

      ഇത് തയ്യാറാക്കിയശേഷം നിങ്ങളുടെ ഡോക്ടർ , നിങ്ങളെ പരിചരിക്കുന്ന കുടുംബാംഗം / നഴ്സ് എന്നിവരോടു ചർച്ച ചെയ്ത് കൂടുതൽ വ്യക്തത വരുത്തുക . ഈ പരിചരണ പദ്ധതി കോവിഡ് കാലത്തേക്ക് മാത്രമുള്ളതല്ല. സമയാസമയങ്ങളിൽ പുനർപരിശോധിച്ച് വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ട ഒന്നാണ്. 

     വയോജനങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്  'നിസ്സാരമായ' ഈ കുറിപ്പിന് പല വലിയ പ്രയോജനങ്ങൾ ഉണ്ട് എന്നാണ്.  മെച്ചപ്പെട്ട ചികിത്സാ സഹായം ഉറപ്പാക്കുവാൻ സഹായിക്കുന്നു , നിലവിലെ ആരോഗ്യനിലവാരം ഉയർത്തുവാൻ സഹായിക്കുന്നു, അത്യാഹിത വിഭാഗത്തിൽ കൊണ്ടുചെല്ലേണ്ട എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നു , ആശുപ്രതിവാസ ദൈർഘ്യം കുറയ്ക്കുവാൻ സാധിക്കുന്നു എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. അതിനാൽ 65 വയസ്സ് കഴിഞ്ഞ ഏവരും പിന്തുടരേണ്ട ഒരു മാർഗരേഖയായി ഇതിനെ കണക്കാക്കണം . 

5. ചില മുന്നൊരുക്കങ്ങൾ നടത്താം -

 1). പ്രയോജനപ്പെടുന്ന ഫോൺ നമ്പറുകൾ സൂക്ഷിക്കുക :  ആരോഗ്യപ്രവർത്തകർ , ആശുപ്രതി,  ആംബുലൻസ്, ശരിയായ വിവരങ്ങൾ നൽകുന്ന പ്രാദേശിക ഗവണ്മെന്റ് വിഭാഗം,  ഭക്ഷണം / മരുന്ന് / നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ നൽകുന്നവർ,  എമർജൻസിയിൽ ബന്ധപ്പെടേണ്ട നമ്പരുകൾ മുതലായവ.

2). വീട്ടിൽ ഒരു മുറി പ്രത്യേകമായി സജ്ജീകരിക്കാം. നിലവിലെ അസുഖങ്ങൾ മൂർച്ഛിച്ചാലും കോവിഡ് പിടിപെട്ടാലും പ്രത്യേക പരിചരണം നൽകുവാൻ ഇത് സഹായിക്കും .

 3). എപ്പോഴാണ് അടിയന്തര സഹായം തേടേണ്ടത് ? 

കോവിഡ് 19 ന്റെ ലക്ഷണങ്ങൾ കണ്ടാൽ - ശ്വാസം മുട്ടൽ , പനി , ചുമ , നെഞ്ചുവേദന , നെഞ്ചിൽ ഭാരം തോന്നുക , മുഖത്തിനും ചുണ്ടുകൾക്കും നീലനിറം , ആശയക്കുഴപ്പം, പരസ്പര ബന്ധമില്ലാത്ത സംസാരം , സ്ഥിരമായ ക്ഷീണം , ഉറക്കം,  ഉറക്കത്തിൽ നിന്നും ഉണരുവാനുള്ള പ്രയാസം മുതലായവ.

4).നിങ്ങളുടെ പണമിടപാടുകൾക്ക് പുതിയ രീതികൾ കൈക്കൊള്ളാം. ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കാം . പെൻഷൻ ലഭിക്കുന്നതിന് സ്വയം യാത്ര ഒഴിവാക്കി മറ്റു മാർഗങ്ങൾ കണ്ടെത്താം . 

5).നിങ്ങൾ പരസഹായം ആവശ്യമുള്ള വ്യക്തിയാണെങ്കിൽ ഇപ്പൊഴുള്ള നഴ്സ്/സഹായിയെ കൂടാതെ മറ്റൊരു നേഴ്സ്‌/സഹായിയെ കൂടി കണ്ടുവെയ്ക്കാം. നിലവിലുള്ള സഹായിക്ക് രോഗബാധയോ മറ്റ് അസൗകര്യങ്ങളോ നേരിട്ടാൽ ഈ ക്രമീകരണം പ്രയോജനകരമാക്കാം .

6). നിങ്ങൾ വയോധികനും മറ്റൊരു വ്യക്തിയുടെ സഹായിയും ആണെങ്കിൽ (ഉദാ : കൊച്ചുമക്കൾ , പ്രായമായ ഭർത്താവ്/ഭാര്യ/സഹോദരങ്ങൾ)  മറ്റൊരു വ്യക്തിയെ ഇവരുടെ സേവനത്തിനായി കണ്ടെത്തി വയ്ക്കാം. ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് അവരെ സഹായിക്കുവാനുള്ള സാഹചര്യം നഷ്ടമായാൽ ഈ ക്രമീകരണം പ്രയോജനകരമാകും. 

7). ടെക്നോളജിയുടെ സഹായം തേടാം -  പല ആശുപ്രതികളും ടെലിമെഡിസിൻ/ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത് ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും സഹായകമാണ് . 

6. AYUSH മേഖല പ്രയോജനപ്പെടുത്താം.

 ഹോമിയോപ്പതി ഉൾപ്പെടെയുള്ള ഇതര വൈദ്യശാസ്ത്രങ്ങൾ പ്രതിരോധശക്തി ബലപ്പെടുത്തുവാനും അങ്ങനെ വൈറൽപനി 

പ്രതിരോധിക്കുവാനും ശരീരത്തെ സജ്ജമാക്കുന്നതായി Ayush മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റു പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഇവയും പ്രയോജപ്പെടുത്താവുന്നതാണ്.

7.  നഴ്സിംഗ് ഹോമുകൾ, വൃദ്ധ മന്ദിരങ്ങൾ, കമ്മ്യൂണിറ്റി/ജെറിയാട്രിക്ക് കേന്ദ്രങ്ങൾ മുതലായ സ്ഥാപനങ്ങൾക്കും ഉള്ള അധിക നിർദ്ദേശങ്ങൾ.

  സന്ദർശകരെ നിയന്ത്രിക്കുക, വയോജനങ്ങൾക്കൊപ്പം പരിചരിക്കുന്നവർക്കും കൃത്യമായ വൈദ്യപരിശോധനയും കോവിഡ് ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ മനസ്സിലാക്കുവാനുള്ള സാഹചര്യവും ഏർപ്പെടുത്തുക. ഈ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ , ഒത്തുകൂടിയുള്ള പ്രവർത്തനങ്ങൾ മുതലായവ നിയന്ത്രിക്കുക. ചുരുക്കത്തിൽ ഈ സമയത്ത് വയോജനങ്ങളും I-ആം വിഭാഗത്തിൽ പറയുന്നവരും കഴിവതും വീടിനുള്ളിൽ കഴിയുക . 

അടിയന്തിരാവശ്യങ്ങൾക്കു പുറത്തുപോകേണ്ടിവന്നാൽ മാസ്ക് ധരിക്കുക, സ്പർശനം (ഹസ്തദാനം) തുടങ്ങിയവ ഒഴിവാക്കുക , വ്യക്തികളുമായി സുരക്ഷിത അകലം (1 മീറ്റർ) പാലിക്കുക , കൈകൾ സോപ്പ് ഉപയോഗിച്ച് ശുചിയാക്കുന്നത് ശീലമാക്കുക. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ ഉപയോഗിക്കുകയും കഴിവതും ആശുപ്രതിസന്ദർശനം ഒഴിവാക്കുകയും ചെയ്യുക . ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.

'ജാഗ്രത പാലിക്കുക. ഭയപ്പെടുകയേ വേണ്ട.'

ഡോ. ജോർജി ജോർജ് കുരുവിള

ഇന്റേണൽ മെഡിസിൻ വിഭാഗം

ആസ്റ്റർ മെഡ്സിറ്റി ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips