കോവിഡ് പുതിയ ഭാവങ്ങളോടെ നിലയുറപ്പി ക്കുകയാണ്. ലോക്ക് ഡൗണും നീളുകയാണ്.
ഈ സാഹചര്യത്തിൽ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അതിനായുള്ള ആദ്യ പടികൾ എന്നത് സാമൂഹിക അകലം ഉറപ്പാക്കുകയും സ്പർശനത്തിൽ സുരക്ഷിതത്വം നിർബന്ധമാക്കുകയുമാണ്.
സാമൂഹിക അകലം
കൊറോണ വൈറസ് ഒരു അദൃശ്യ സാന്നിധ്യമാണെന്ന് നമുക്കറിയാം. അതിനാൽ തന്നെ അതു നമുക്കരികിൽ ഉണ്ടോ എന്ന് അറിയാനാകില്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു വളരെ വേഗം പടരുന്ന ഈ വൈറസ്
ശരീരത്തിന് ഉള്ളിൽ കടന്നാൽ പിന്നെ നേരിടുക ഏറെ ശ്രമകരമാണ്. കോവിഡ് രോഗിയായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്ത് വരുന്ന സ്രവങ്ങളിലും സംസാരിക്കുമ്പോൾ പുറത്തുവരുന്ന ഉമിനീർ കണികകളിലും ഈ വൈറസ് ഉണ്ടാകാം. അങ്ങനെ നേരിട്ടും സ്രവങ്ങളിലൂടെയും നാം കോവിഡിനെ സ്വീകരിക്കുകയാണ്. ശരീരത്തിനു പുറത്തു വച്ചു തന്നെ ഈ വൈറസിനെ തടയുകയാണ് പരമ പ്രധാനം. അതിന് സാമൂഹിക അകലം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
പരമാവധി അകന്നിരിക്കാൻ ഈ കോവിഡ് കാലം നമ്മോട് അവശ്യപ്പെടുന്നതും അതു കൊണ്ടാണ്. ആർക്കാണ് രോഗം ഉള്ളത് എന്നറിയാൻ കഴിയാത്ത ഈ സാഹചര്യത്തിൽ എത്രത്തോളം അകലം പാലിക്കാമോ അത്രയും നല്ലത്. അതിന്റെ മുന്നൊരുക്കം ആയാണ് പൊതുഗതാഗതം നിർത്തലാക്കിയതും, ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടതും, വർക്ക് ഫ്രം ഹോം എന്ന തൊഴിൽ രീതി നടപ്പിലാക്കിയതും, ഓഫീസുകളിൽ പരമാവധി ജീവനക്കാരുടെ എണ്ണം കുറച്ചതും.
മറ്റൊരാളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കണം എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ഇനിയങ്ങോട്ട് രണ്ടു മീറ്റർ അകലം സൂക്ഷിച്ചാൽ കൂടുതൽ നല്ലതാണ്. ഒരു മുറിയിൽ രണ്ടുപേർ ഉണ്ടെങ്കിൽ അവർ മുറിയുടെ രണ്ടു മൂലകളിൽ ആയിരിക്കുക. കടയിലും ആശുപത്രിയിലും ഡോക്ടറെ കാത്തിരിക്കുമ്പോഴും ഓഫീസിലും
എല്ലാം അകലം ഉറപ്പാക്കണം. ചെറിയ തിരക്കിലേക്ക് പോലും അറിഞ്ഞു കൊണ്ടു പ്രവേശിക്കരുത്. യാത്രയിൽ സ്വകാര്യ വാഹനമായാലും അധികം ആളുകൾ വേണ്ട.
രണ്ടു പേർക്കിടയിലുള്ള അകലം പോലും കരുതലോടെ നിയന്ത്രിക്കേണ്ട സമയമാണിത്. രോഗ വ്യാപനത്തിൽ വീണ്ടും വ്യതിയാനങ്ങൾ കണ്ട് തുടങ്ങുന്നതിനാൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിൽ ഇനിയങ്ങോട്ട് കൂടുതൽ ജാഗ്രത വേണം.
സ്പർശനം സുരക്ഷിതമാക്കാം
കൊറോണ വൈറസ് പ്രധാനമായും പകരുന്നതു നേരിട്ടല്ല. പ്രതലങ്ങളിൽ വീണു കിടക്കുന്ന സ്രവങ്ങളിലൂടെയാണ്. രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോപ്രതലങ്ങളിൽ പതിക്കുന്ന സ്രവങ്ങളിൽ വൈറസുണ്ടാകും.
ഈ വൈറസുകൾക്ക് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ ആയുസ് ഉണ്ട്. ആരെങ്കിലും മേശ, കസേര, മൊബൈൽ ഫോൺ പോലുള്ള ഈ പ്രതലങ്ങളിൽ സ്പർശിച്ചാൽ അവിടെ പതിച്ച സ്രവങ്ങൾ കയ്യിൽ പുരളുന്നതിന് ഒപ്പം വൈറസും കൈകളിൽ എത്തുന്നു. പിന്നീട് ആ വ്യക്തി കൈകൾ കൊണ്ട് മുഖത്തും വായിലും കണ്ണിലുമൊക്കെ സ്പർശിക്കുമ്പോൾ വൈറസിന്റെ ഉള്ളിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നു. അയാൾ പിന്നീട് ഏതൊക്കെ പ്രതലങ്ങളിൽ സ്പർശിക്കുന്നുവോ അവിടെല്ലാം വൈറസ് പടരാനും ഇടയാകുന്നു.
ഇത് ഒഴിവാക്കാൻ ചെയ്യാവുന്ന കാര്യം അനാവശ്യമായി ഒരിടത്തും സ്പർശിക്കരുത് എന്ന തീരുമാനം എടുക്കുകയാണ്. പലരും തൊടുന്ന വാതിൽപിടി, സ്വിച്ച്, ഗോവണിയുടെ കൈ വരികൾ പോലുള്ള സ്ഥലങ്ങളിലൊന്നും തൊടാതിരിക്കുക. കൂടെക്കൂടെ സോപ്പും വെള്ളവും കൊണ്ട് കൈകൾ കഴുകണം.
പ്രതലങ്ങളിൽ തൊട്ടാൽ ഉടൻ തന്നെ സോപ്പും വെള്ളവും കൊണ്ട് കൈകൾ വൃത്തിയാക്കുക. സോപ്പ് ഇല്ലെങ്കിൽ 60 ശതമാനത്തിലേറെ ആൽക്കഹോൾ അടങ്ങിയ സാനിടൈസർ കൊണ്ട് വൃത്തിയാക്കാം.
നാം ഏതു സ്ഥലത്തു പ്രവേശിച്ചാലും അവിടെ വച്ചു കൈകൾ വൃത്തിയാക്കണം. സോപ്പും വെള്ളവും ലഭ്യമാകാത്ത സാഹചര്യത്തിൽ സാനിറ്റൈസർ കൈയിൽ കരുതുന്നതും നല്ലതാണ്. പൊതുഇടങ്ങളിലേതു മറ്റുപലരും സ്പർശിച്ച സാനിറ്റൈസർ ബോട്ടിലുകൾ ആയിരിക്കുമല്ലോ. കോവിഡിനെ കൂട്ടികൊണ്ട് വരുന്നതിൽ കൈകളാണ് പ്രധാന പങ്കു വഹിക്കുന്നത്എന്ന കാര്യം മനസ്സിൽ ഉറപ്പിക്കണം. അത് കൂടുതൽ കരുതലെടുക്കാനുള്ള പ്രേരക ശക്തിയേകും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ശ്രീജിത്ത് എൻ . കുമാർ,
ഐ എം എ കോവിഡ് കൺട്രോൾ സെൽ
എക്സ്പെർട് മെമ്പർ
തിരുവനന്തപുരം