കോവിഡ് കാലത്തെ മറ്റൊരു ആശങ്ക ആശുപത്രിയിൽ പോകുന്നതിനെ കുറിച്ചാണ്. ആശുപത്രിയിൽ പോയാൽ അവിടെ നിന്ന് രോഗബാധ ഉണ്ടാകുമോ എന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. അത്യാവശ്യഘട്ടമുണ്ടായാൽ ആശുപത്രിയിൽ പോകേണ്ടിവരും. എന്നാൽ കരുതലോടെയാകണം അവിടുത്തെ ഓരോ ചുവടുകളും. കാരണം രോഗാണുക്കളുടെ കാര്യത്തിൽ ഒരു പൊട്ടൻഷ്യൽ ഇടം തന്നെയാണ് ആശുപത്രികൾ.
ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപേ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അല്ലെങ്കിൽ സാനിടൈസർ കൊണ്ട് വൃത്തിയാക്കണം. സാനിടൈസർ കയ്യിൽ കരുതാം. മാസ്ക് നിർബന്ധമായും ധരിക്കണം. പനിയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ആശുപത്രിയുടെ പുറത്ത് തന്നെ ശരീരതാപനില പരിശോധിക്കണം. ഇപ്പോൾ എല്ലാ ആശുപത്രികളിലും അതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. താപനില ഉയർന്നു കാണുന്നവർ മറ്റു രോഗികൾ ഡോക്ടറെ കാത്തിരിക്കുന്ന ഭാഗത്ത് പോകേണ്ടതില്ല. പനിയുള്ളവർക്കായി ഒരു പ്രത്യേക ക്ലിനിക് ഇപ്പോൾ എല്ലാ ആശുപത്രികളിലും സജ്ജീകരിച്ചിട്ടുണ്ട്. അവിടെ പ്രത്യേകമായി എൻട്രൻസും എക്സിറ്റും ഉണ്ടാകും.
രോഗിക്ക് കാണേണ്ട ഡോക്ടർ സാമൂഹിക അകലം പാലിച്ചു കൊണ്ട് അവിടെ വന്നു പരിശോധിച്ചു കൊള്ളും.
ആശുപത്രികളിൽ കസേരകൾ രോഗികൾ ക്ക് ഒന്നിടവിട്ട് ഇരിക്കാവുന്ന വിധത്തിലാണ് സജ്ജീകരിക്കുന്നത്. ആ അകലം കൃത്യമായി പാലിക്കണം.
ആശുപത്രിയിലെ നടകൾ, ലിഫ്റ്റുകൾ എന്നിവ ഉപയോഗിക്കുന്നവർ അതിൽ തൊടാതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിക്കുക. ആശുപത്രികളിലെ മറ്റിടങ്ങളിലും തൊടാതിരിക്കുക.
ലിഫ്റ്റുകളിൽ നാലു പേരിൽ കൂടുതൽ പേർ കയറാത്തതാണ് നല്ലത്. ലിഫ്റ്റ് പ്രത്യേക കരുതലെടുക്കേണ്ട സ്ഥലമാണ്. ഒന്ന് ചുമച്ചാൽ തന്നെ സ്രവങ്ങളും കണികകളുമെല്ലാം അതിനുള്ളിൽ തങ്ങി നിൽക്കും. ലിഫ്റ്റിൽ കയറുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.
ത്രീ ലയർ മാസ്ക് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഫാർമസിയിലും കരുതലെടുക്കണം. തിരക്ക് കൂട്ടാതെ അകന്നു നിൽക്കുക.
കാന്റീനിലും ഇതേ പോലെ മുൻകരുതലുകൾ പാലിക്കുക. കാന്റീനിൽ കഴിവതും ഡിസ്പോസിബിൾ സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാന്റീനിലെ ഗ്ലാസ്, പ്ലേറ്റ് ഇവയൊക്കെ ഡിസ്പോസിബിൾ ആയാൽ കൂടുതൽ സുരക്ഷിതരാകാം. ലാബിൽ പരിശോധനയ്ക്കു പോകുമ്പോഴും റിസൾട്ട് വാങ്ങാൻ പോകുമ്പോഴും കരുതൽ വേണം.
ആശുപത്രിയിലെ വാട്ടർ കൂളറും വാട്ടർ പ്യൂരിഫയറും ഉപയോഗിക്കുമ്പോൾ അവിടെയും ഡിസ്പോസിബിൾ ഗ്ലാസ്സ് ഉപയോഗിക്കാം. ഒരു ഗ്ലാസ്സ് ആയിരിക്കും പലപ്പോഴും ഇവിടെ വച്ചിട്ടുണ്ടാവുക.ഇതിനേക്കാൾ എളുപ്പമുള്ള കാര്യം കൈയിൽ ഒരു കുപ്പി വെള്ളവും ഗ്ലാസും കരുതുന്നതാണ്.
അന്തരീക്ഷമലിനീകരണം കുറഞ്ഞതിനാലും കാലാവസ്ഥ മെച്ചപ്പെട്ടതിനാലും സാമൂഹികഅകലം നന്നായി പാലിക്കുന്നതിനാലും ആളുകളിൽ മറ്റു രോഗങ്ങൾ ഇപ്പോൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതു കൊണ്ടു ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് വീട്ടിലിരുന്നു ചികിത്സിച്ചാൽ മതിയാകും. ഡോക്ടറുടെ ഉപദേശം തേടാം.
എന്നാൽ വിട്ടു മാറാത്ത പനി, തൊണ്ടവേദന, ചുമ, ശ്വാസംമുട്ടൽ, അസഹനീയമായ ശരീരവേദന ഈ ലക്ഷണങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക. ഇവ കൊറോണ വൈറസ് ബാധയുടെ മുന്നറിയിപ്പുകളാകാം. ഇവർ നിർബന്ധമായും ഡോക്ടറുടെ നിർദേശങ്ങൾ തേടണം. മൂത്രത്തിൽ
അണുബാധ പോലെയുള്ള പ്രശ്നങ്ങൾക്കെല്ലാം വീട്ടിലിരുന്നു ചികിത്സ തേടാം. അതിനായി ഇപ്പോൾ ടെലിമെഡിസിൻ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. മിക്ക ഹോസ്പിറ്റലുകളിലും ഈ സംവിധാനം ഉണ്ട്. ഇതിന് ഒരു ചെറിയ പേയ്‌മെന്റ് നൽകിയാൽ മതിയാകും. വീഡിയോ കോൾ ചെയ്യാം. ഡോക്ടറെ തിരഞ്ഞെടുക്കാം. മരുന്നുകൾ ഡോക്ടർ നിർദേശിക്കും.
ഡോക്ടറെ നേരിട്ടു തന്നെ കാണേണ്ടവർ കുറഞ്ഞ സമയം കൊണ്ട് ഡോക്ടറുടെ അടുത്തു നിന്ന് പരിശോധന പൂർത്തിയാക്കി മടങ്ങണം. കാരണം ഡോക്ടർ നിരവധി രോഗികളെ കാണുന്ന ആളാണ്. അതിനാൽ ഡോക്ടറിൽ നിന്നും സുരക്ഷിത അകലം പാലിക്കണം. അത്യാവശ്യകാര്യങ്ങൾ മാത്രം ഡോക്ടറോട് സംസാരിക്കുക. കൂടുതൽ കാര്യങ്ങൾ ഡോക്ടറോട് പറയണമെങ്കിൽ അത് വീട്ടിൽ നിന്നും എഴുതിക്കൊണ്ടു വരാം. ഈ കോവിഡ് കാലത്ത് ഏറ്റവും കുറച്ചു സമയം ചെലവഴിക്കേണ്ട ഇടമാണ് ആശുപത്രി എന്നത് എല്ലാവരും പ്രത്യേകം ഓർമിക്കണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. എ. സദക്കത്തുള്ള
കൺസൽറ്റന്റ് ഫിസിഷ്യൻ,
കിംസ് ഹോസ്പിറ്റൽ,
കോട്ടയം