Friday 20 September 2019 05:08 PM IST

‘രാവിലെ ഉണരുമ്പോൾ പാമ്പ് പടം പൊഴിച്ചതു പോലെ തൊലി അടർന്നു കിടക്കുന്നു’; മരണത്തെ മുഖാമുഖം കണ്ട കാൻസർ നാളുകൾ

Asha Thomas

Senior Sub Editor, Manorama Arogyam

cancer-fight

ആ അവിട്ടം നാൾ അഡ്വക്കറ്റ് പ്രശാന്ത് രാജന് മറക്കാനാവില്ല. മറക്കാനാവില്ല എന്നു പറയുന്നതിലും ശരി അത് ഒാർത്തുകൊണ്ടേയിരിക്കുന്നു എന്നതാണ്. യഥാർഥത്തി്ൽ ആ ഒാർമകളാണ് ഇന്നത്തെ പ്രശാന്ത് രാജനിലേക്കുള്ള വളർച്ചയുടെ മൂലധനം. 2002ലെ ചിങ്ങമാസത്തിലെ അവിട്ടം നാളിലാണ് പ്രശാന്ത് രാജന് രക്താർബുദം സ്ഥിരീകരിച്ചത്!!! ഇതിനുശേഷമുള്ളത് കദനകഥയല്ല, സമരഗാഥയാണ്. അത് പ്രശാന്ത് തന്നെ പറയട്ടെ.

‘‘ 2000ത്തിലാണ് എൽഎൽബി പഠനം പൂർത്തിയാക്കി അഡ്വക്കറ്റായി എൻറോൾ ചെയ്തത്. ഇടതുപക്ഷ വിദ്യാർഥി യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനാണ് ക്യാംപസ് കാലം മുതലേ. ആ ഒാഗസ്റ്റ് 15ന് ഒരു പാർട്ടി ക്യാംപെയ്‌ൻ ഉണ്ടായിരുന്നു. അതിന്റെ ഒാട്ടത്തിലായിരുന്നു കുറെ ദിവസം. അതുകൊണ്ട് അവിട്ടത്തിന്റെ തലേന്ന് നടുവേദന വന്നപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ശ്വാസംമുട്ടലും ഉണ്ടായി. അസഹ്യമായപ്പോൾ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്നു. പരിശോധനയിൽ കുഴപ്പമൊന്നും കണ്ടില്ല. അന്നു രാത്രി തന്നെ വീട്ടിൽ പോയി. വീടിനോട് ചേർന്ന് ഒരു ചായ്പ് പോലുള്ള മുറിയിലാണ് എന്റെ കിടപ്പ്. ആകെ ക്ഷീണിതനായതുകൊണ്ട് കഴിക്കാനൊന്നും വേണ്ട എന്നു പറഞ്ഞ് കിടന്നതാണ്. ഇടയ്ക്ക് ടോയ്‌ലറ്റിൽ പോകാൻ തോന്നി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, എഴുന്നേൽക്കാൻ വയ്യ. ആവുന്നത്ര ശക്തിയെടുത്ത് ജനാലയിൽ തട്ടി. അപ്പോഴേക്കും വയറ്റിൽ നിന്നും പോയി. ഉടനെ കോട്ടയത്തെ മാതാ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവർ പരിശോധനയിൽ തോന്നിയ സംശയം എന്റെ ചേട്ടനോട് പറഞ്ഞു, കാൻസറാണോയെന്ന്. തിരുവനന്തപുരത്ത് ആർസിസിയിലേക്ക് പോകുന്നതാണു നല്ലതെന്ന് ഡോക്ടർമാർ പറഞ്ഞു.

സഖാവ് വെളിയം ഭാർഗവനുമായി എനിക്കു നല്ല അടുപ്പമുണ്ടായിരുന്നു. പിറ്റേന്ന് തിരുവോണത്തിന്റെയന്ന് രാവിലെ പാർട്ടി ഒാഫിസിൽ പോയി ആശാനെ കണ്ടു. ‘ എടാ...നീ പേടിക്കുകയൊന്നും വേണ്ട. എനിക്കു പരിചയമുള്ള ഒരു ഡോക്ടറുണ്ട് ആർസിസിയിൽ. ഡോ. വി.പി. ഗംഗാധരൻ. നീ പോയി ഡോക്ടറെ കാണ്. ഒക്കെ ശരിയാകും. ’ ആശാൻ പറഞ്ഞു.

ആർസിസിയിൽ ചെന്നു ഗംഗാധരൻ ഡോക്ടറെ കണ്ടു. പരിശോധനകൾ നടത്തി. കാൻസർ തന്നെ. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താർബുദമാണ്. രണ്ടര വർഷം ചികിത്സ വേണം. 16 വർഷം മുൻപാണെന്നോർക്കണം. കാൻസർ എന്നു കേട്ടതേ ബന്ധുക്കളെല്ലാം ആകെ വിറങ്ങലിച്ച് നിൽക്കുകയാണ്. എനിക്കു പക്ഷേ, കണ്ണ് നിറഞ്ഞില്ല. ഒറ്റ കാര്യം മാത്രം വീട്ടുകാരോട് പറഞ്ഞു. എനിക്ക് വൃത്തിയും മെനയുമുളളിടത്ത് ചികിത്സിച്ചാൽ മതി. അങ്ങനെ ആർസിസിക്കടുത്ത് മൂൺ സ്റ്റാർ എന്ന ഹോട്ടലിൽ മുറിയെടുത്തു. കയ്യിൽ വലിയ പൈസയുണ്ടായിട്ട് എടുത്തതല്ല. രണ്ടുദിവസത്തേക്ക് എന്നു കരുതി എടുത്തതാണ്. പിന്നെ അവിടംവിട്ട് ഇറങ്ങിയത് രണ്ടുവർഷം കഴിഞ്ഞാണ്.

cancer-1

വിറപ്പിച്ച കീമോ

കീമോ തുടങ്ങുന്നതിനു മുൻപ് ഒരു നഴ്സ് വന്നുപറഞ്ഞു. മോനേ കീമോ തുടങ്ങുമ്പോൾ അൽപം പ്രയാസമൊക്കെ വരും. ഛർദിയുണ്ടാകും. വയറിളക്കം വരും. ചിലപ്പോ മുടി പോകും’’ എനിക്കത് കേട്ട് പേടിയൊന്നും തോന്നിയില്ല. ആദ്യത്തെ കീമോയ്ക്കു ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു ഇപ്പോൾ പ്രശാന്ത് നടന്നാണ് വന്നത്. ചിലപ്പോൾ കീമോ കഴിഞ്ഞ് സ്ട്രെച്ചറിലാകും തിരിച്ചുപോകുന്നത്. അതൊരു സൂചനയായിരുന്നു. പക്ഷേ ആദ്യത്തെ കീമോ കഴിഞ്ഞ് ഞാൻ നടന്നുതന്നെയാണ് തിരിച്ചുപോന്നത്. ശ്ശെടാ ഇതിനാണോ ഇവരൊക്കെ പേടിപ്പിച്ചത് എന്നൊരു പുച്ഛം തോന്നാതിരുന്നില്ല.

എന്നാൽ ആദ്യത്തെ കോഴ്സ് കീമോ കഴിഞ്ഞപ്പോൾ സംഗതി മാറി. ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ വയ്യ. ഛർദിക്കും. മുറിയിൽ കിടക്കുമ്പോൾ ഹോട്ടലിൽ ഭക്ഷണമുണ്ടാക്കുന്ന മണം കിട്ടുമ്പോഴേ ഛർദിക്കാൻ വരും. ഇതിനിടയ്ക്ക് റേഡിയേഷൻ തുടങ്ങി. അന്നൊക്കെ പൊലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി പോലെയൊരു സ്ഥലമാണ് റേഡിയേഷൻ മുറി. രാവിലെ തന്നെ നഴ്സ് വന്ന് മുഖത്തൊക്കെ മാർക്കർ വച്ച് അടയാളങ്ങളിടും.

ഭക്ഷണവും വെള്ളവും കഴിക്കാതെ ഞാൻ തീരെ കിടപ്പായി. ഒരു ദിവസം കാലത്ത് എണീറ്റു നോക്കുമ്പോൾ പാമ്പ് പടം പൊഴിച്ചിട്ടതുപോലെ നീളത്തിൽ തൊലി കിടക്കുന്നു. മരുന്നിന്റെ റിയാക്‌ഷൻ കൊണ്ട് എന്റെ തൊലി പൊളിഞ്ഞുവീണതാണ്. ഇനി രക്ഷപ്പെടില്ല, ഇതോടെ ജീവിതം തീർന്നു എന്ന് ആദ്യമായി പേടി തോന്നി. വൈകുന്നേരം പതിവു തെറ്റിക്കാതെ ഭാർഗവൻ ആശാൻ വന്നു. ഞാൻ ആർസിസിയിൽ ആയതിൽ പിന്നെ മുടങ്ങാതെ വൈകുന്നേരങ്ങളിൽ ആശാൻ വരാറുണ്ടായിരുന്നു. ഞാനിക്കാര്യം പറഞ്ഞപ്പോൾ ആശാൻ പറഞ്ഞു–‘‘എടാ, ഇതൊക്കെ ചികിത്സയുടെ ഭാഗമാണ്. നിനക്കൊന്നും സംഭവിക്കില്ല.’’ അതോടെ ധൈര്യമായി.

മനക്കരുത്തിൽ മുന്നോട്ട്

ഡോക്ടറും പറഞ്ഞു ഇതു ചികിത്സയുടെ ഭാഗമാണ്. കിട്ടുന്നതെല്ലാം കഴിച്ച് ആരോഗ്യം വീണ്ടെടുത്താലേ കീമോ തുടരാൻ പറ്റൂ. പതിയെ ഞാൻ മനക്കരുത്ത് വീണ്ടെടുത്തു. ഒാരോ സാധനവും കഴിക്കാൻ എടുക്കുമ്പോൾ മനസ്സിൽ ഉറപ്പിക്കും, ഇല്ല...ഞാൻ ഛർദിക്കില്ല. അങ്ങനെ കുറച്ചൊക്കെ കഴിച്ചുതുടങ്ങി. അന്നൊക്കെ തിരുവനന്തപുരത്ത് നിന്ന് രാവിലെ ഫോൺ ചെയ്ത് അമ്മയോട് പറയും... അേമ്മ കൂൺ കഴിക്കാൻ തോന്നുന്നു... എന്നിട്ട് കാത്തിരിക്കും. അമ്മ സാധനം റെഡിയാക്കി വൈകിട്ടത്തെ ട്രെയിനിൽ സുഹൃത്തുക്കളുടെ കയ്യിൽ കൊടുത്തുവിടും.

പതിയെ മാസികകളും പത്രങ്ങളും വായിച്ചുതുടങ്ങി. വായനയും എഴുത്തും സജീവമായതോടെ ചികിത്സയുടെ പ്രയാസം മറന്നുതുടങ്ങി. പിന്നങ്ങോട്ട് കീമോയൊന്നും പ്രശ്നമല്ലാതായി. മനക്കരുത്തു പോലെ പ്രധാനമാണ് ഡോക്ടറിലുള്ള വിശ്വാസവും. ബോൺ മാരോ എടുക്കുമ്പോൾ ‘ഏതു കമ്യൂണിസ്റ്റുകാരനും ദൈവത്തെ വിളിച്ചുപോകും.’ ഞാൻ ഡോ. ഗംഗാധരനെ കൊണ്ടേ ബോൺ മാരോ എടുപ്പിക്കുമായിരുന്നുള്ളു. അത്ര സാന്ത്വനിപ്പിക്കുന്ന ജൈവസാന്നിധ്യമായിരുന്നു ഡോക്ടർ. പാർട്ടിപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ചികിത്സ നടത്തിയത്.

പണ്ടേ മുടി അൽപം കുറവാണ്. കീമോ കഴിഞ്ഞ് പിന്നെ മുടി വളർന്നില്ല. മൊട്ടത്തലയുമായി നടക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് തൊപ്പി സ്ഥിരമാക്കി. പക്ഷേ, വക്കീൽ തൊപ്പി വച്ച് കോടതി കേറുന്നതെങ്ങനെ? അതുകൊണ്ട് ഒാഫിസിൽ കേസ് എഴുത്തും മറ്റുമായിരുന്നു. എന്റെ കയ്യക്ഷരം നല്ലതായത് അനുഗ്രഹമായി. എഴുത്തിന്റെ ഭംഗി കണ്ട് അന്നത്തെ ജഡ്ജ് എന്നെ വിളിപ്പിച്ച് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ‘വക്കീല് തൊപ്പി വച്ച് ധൈര്യമായി ഇങ്ങുപോരേ’ എന്നുപറഞ്ഞു.

നാലു വർഷം കഴിഞ്ഞും രോഗം വന്നില്ലെങ്കിൽ പിന്നെ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. ആ ആത്മവിശ്വാസത്തിലാണ് 2012ൽ കല്യാണാലോചന തുടങ്ങിയത്. അപ്പോഴാണ് മനസ്സിലായത് പൊതുസമൂഹത്തിന് കാൻസർ വന്നവരോടുള്ള മനോഭാവം മോശമാണെന്ന്. കാൻസർ സുഖമായി, ജീവിതം തിരിച്ചുകിട്ടിയില്ലേ...അതുമതി. കല്യാണം കഴിക്കുന്നതൊക്കെ അധികപ്പറ്റാണ് എന്ന മട്ട്. വിവാഹാലോചനയുമായി വന്ന ഒരു പെൺകുട്ടിയുടെ അമ്മയോട് എനിക്കു കാൻസറായിരുന്നു എന്നു പറഞ്ഞപ്പോൾ അവർ ബോധം മറഞ്ഞു വീണു. ഇക്കാര്യം തുറന്നുപറഞ്ഞ് മകളെ രക്ഷിച്ചതിന് നന്ദി പറഞ്ഞാണ് അവർ പോയത്.

ബിന്ദുവിന്റെ ആലോചന വന്നത് മാട്രിമോണിയൽ സൈറ്റ് വഴിയാണ്. അവളന്ന് മുംബൈയിൽ അക്കൗണ്ടന്റാണ്. അസുഖത്തിന്റെ കാര്യം അവളോട് പറഞ്ഞിരുന്നു. വീട്ടുകാരോട് അസുഖവിവരം പറയേണ്ടെന്നും കല്യാണം കഴിഞ്ഞ് പറഞ്ഞു മനസ്സിലാക്കാമെന്നും ബിന്ദു പറഞ്ഞു. പക്ഷേ, വീട്ടുകാർ രോഗവിവരം അറിഞ്ഞതോടെ കല്യാണം മുടങ്ങി. ബിന്ദു പക്ഷേ, പിന്മാറിയില്ല. ഈ വിവാഹം വേണ്ടെന്നു പറയാനുള്ള അടുപ്പമേ തമ്മിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ, അവൾ ചിന്തിച്ചത് അങ്ങനെയല്ല. രോഗം വരുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. മാത്രമല്ല വിവാഹം നടന്നാൽ സമൂഹത്തിന് അതൊരു നല്ല സന്ദേശമായിരിക്കും. കാൻസർ രോഗത്തോടും രോഗികളോടുള്ള സമൂഹത്തിന്റെ ഭയം നീക്കാനുള്ള ബോധവൽകരണ ശ്രമം എന്ന നിലയിൽ നാടറിഞ്ഞുതന്നെ കല്യാണം നടത്തി. ഡോ. ഗംഗാധരനാണ് കന്യാദാനം നടത്തിയത്.

പ്രതിരോധമാണ് വേണ്ടത്

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് മകൻ സൂര്യനാരായണൻ ജനിച്ചത്. അപ്പോഴേക്കും കാൻസർ വന്നതുകൊണ്ട് കുട്ടികളുണ്ടാകില്ല എന്ന് ആളുകൾ പറഞ്ഞുതുടങ്ങിയിരുന്നു. ഇരട്ടക്കുട്ടികളായിരുന്നു. ഒരാൾക്ക് വളർച്ചാസംബന്ധമായ പ്രശ്നം. ഒരാളെ മാത്രമേ രക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ. സങ്കീർണ അവസ്ഥയായിരുന്നതുകൊണ്ട് ഇടപ്പള്ളിയിലെ സൈമർ ആശുപത്രിയിലായിരുന്നു ചികിത്സ. അതോടെ ട്രീറ്റ്മെന്റ് ചെയ്താണ് കുട്ടിയുണ്ടായത് എന്നായി സംസാരം.

ആർസിസിയിലെ ജീവിതകാലത്ത് ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അർബുദം വന്നവരധികവും കൊഴുപ്പ് കൂടിയ ഭക്ഷണം ശീലിച്ചവരാണ്. ഞാനും സ്ഥിരമായി പുറത്തുനിന്നു ഭക്ഷണം കഴിച്ചിരുന്നു. എന്റെ അവസ്ഥ കുടുംബത്തിൽ ആർക്കും വരരുതെന്നുണ്ട്. അതുകൊണ്ട് കഴിവതും വീട്ടുഭക്ഷണമേ കഴിക്കാറുള്ളു. ബീഫ് വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം. ഇലക്കറികളും പച്ചക്കറികളും കഴിച്ചുതുടങ്ങി. ധാരാളം വെള്ളവും പഴങ്ങളും കഴിക്കും. ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ് ഭക്ഷണത്തിൽ ചേർക്കുന്നത്. ചെറുമീനുകളേ വാങ്ങാറുള്ളു. വ്യായാമം ചെയ്യാറില്ലെങ്കിലും ദൈനംദിന പ്രവൃത്തികളെ വ്യായാമമാക്കും.... വീട് വൃത്തിയാക്കും, വെള്ളം കോരിക്കൊടുക്കും. അടുക്കളയിൽ സഹായിക്കും.

46 വയസ്സായി. ചികിത്സയുടെ പാർശ്വഫലമായി ഷുഗർ ഉണ്ട്. അതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഏറ്റുമാനൂർ കോടതിയിൽ ക്രിമിനൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്നു. ഒരു മാഗസിന്റെ എഡിറ്ററുമാണ്.എഴുത്തും വായനയും കോടതിയുമായി ഊർജസ്വലമായി ജീവിതം മുൻപോട്ടുപോകുമ്പോൾ അർബുദത്തിന് ഞാൻ നന്ദി പറയുകയാണ്. ഉടച്ചുകളഞ്ഞെങ്കിലും നല്ല മനക്കരുത്തുള്ളവനായി വാർത്തെടുത്തതിന്. കാൻസർ ഒരു പ്രശ്നമല്ല എന്ന് ചൂണ്ടിക്കാട്ടാൻ എന്നെ പണിതുയർത്തിയതിന്.

Tags:
  • Inspirational Story