Thursday 28 March 2019 05:35 PM IST

കട്ടയ്ക്ക് ജിം, കൈവിടാതെ ഡയറ്റ്! 122ൽ നിന്നും 83ലേക്ക് ആകാശിന്റെ സ്വപ്നയാത്ര

Asha Thomas

Senior Sub Editor, Manorama Arogyam

ak-1

നൂറ്റിയിരുപത്തി രണ്ടു കിലോ ഭാരത്തിൽ നിന്നും താഴേക്കിറങ്ങാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ആകാശിന് പ്രേരണയായത് ഒരു പരീക്ഷാ അവധിയാണ്!! 122 കിലോയാണെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പോയിരുന്ന ആകാശ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്ത സാഹചര്യത്തെക്കുറിച്ച് ‘ആരോഗ്യ’ത്തോടു പറയുന്നു.

‘‘ സ്കൂൾ കാലം മുതലേ എനിക്ക് നല്ല വണ്ണമുണ്ട്. പ്ലസ്ടു കാലത്ത് 119 കിലോയായിരുന്നു ശരീരഭാരം. പക്ഷേ, ഭാരം കൂടുതലാണെങ്കിലും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ അങ്ങനെയങ്ങു പോയി. തടിയുണ്ടായിരുന്നതുകൊണ്ട് സ്കൂളിൽ അത്യാവശ്യം ഫേമസ് ആയിരുന്നു. സ്കൂളിലെ ആസ്ഥാന മാവേലിയും ക്രിസ്മസ് ഫാദറും ഞാനായിരുന്നു.

ബി ടെക് പഠിക്കുമ്പോഴാണ് വണ്ണം കുറയ്ക്കുന്നത്. ബി ടെക് രണ്ടാം വർഷം 40 ദിവസത്തെ സ്റ്റഡി ലീവ് കഴിഞ്ഞ് പരീക്ഷയുടെ അന്ന് കോളജിൽ പോകാൻ യൂണിഫോം ഇടാൻ നോക്കിയപ്പോൾ ഷർട്ട് ഭയങ്കര ടൈറ്റ്. പാന്റും കയറുന്നില്ല. 40 ദിവസം കൊണ്ട് ഞാൻ വല്ലാതെ വണ്ണംവച്ചു. അന്ന് യൂണിഫോം പാന്റല്ലാതെ വേറൊരു ജീൻസ് ഇട്ടാണ് പരീക്ഷയ്ക്കു പോയത്. പരീക്ഷയെഴുതിച്ചെങ്കിലും യൂണിഫോം ഇടാത്തതിന് നല്ല വഴക്ക് കിട്ടി. അന്നാണ് വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ചത്. പരീക്ഷ തീർന്ന ദിവസം തന്നെ മാസ്േറ്റഴ്സ് എന്ന ജിമ്മിൽ പോയി. അവിടെ ഭാരം നോക്കിയപ്പോൾ 122 കിലോ!!!. വയറും നന്നായി ചാടിയിട്ടുണ്ട്. ജിമ്മിൽ പോകുമ്പോഴുള്ള എന്റെ വിചാരം ഒറ്റ മാസം കൊണ്ട് ഈ വണ്ണം കുറയ്ക്കാമെന്നാണ്. ജിമ്മിലെ ട്രെയിനർ അത് പൊളിച്ചു കയ്യിൽ തന്നു. ‘മോനേ ഇതു കുറയ്ക്കണമെങ്കിൽ നിന്റെ ഫുൾ സപ്പോർട്ടും വേണം. വർക് ഔട്ട് കൊണ്ടുമാത്രം ഭാരം കുറയില്ല. ഡയറ്റ് ക്രമീകരണം കൂടി വേണം’ എന്നു പറഞ്ഞു.

ജിമ്മിൽ ചേർന്ന് ആദ്യത്തെ രണ്ടു മൂന്നു മാസം കൂടുതലും ഗ്രൗണ്ട് എക്സർസൈസ് ആയിരുന്നു. കാർഡിയോ വ്യായാമങ്ങളാണ് കൂടുതൽ. ആ വണ്ണവും വച്ച് സിറ്റ് അപ്പും പുഷ് അപും ഒക്കെ എടുത്തു. സാധാരണ പോലെ പുഷ് അപ് പറ്റാത്തതുകൊണ്ട് മുട്ടുകുത്തി നിന്നാണ് എടുത്തത്. ആദ്യത്തെ ദിവസം ഒരു സംഭവമുണ്ടായി. പറഞ്ഞുതന്ന വ്യായാമമൊക്കെ കൂളായി ചെയ്തു പോകാനിറങ്ങി. ജിം രണ്ടാം നിലയിലാണ്. സ്െറ്റപ് ഇറങ്ങി താഴേക്ക് പോകാൻ നോക്കിയിട്ട് കാൽ മടങ്ങുന്നില്ല. അന്ന് എല്ലാവരും കൂടി താങ്ങിപ്പിടിച്ച്

സ്െറ്റപ് ഇറക്കുകയായിരുന്നു. പോകാൻനേരം അവർ പറഞ്ഞു. ‘മിക്കവരും ഇതോടെ വേണ്ടെന്നു വയ്ക്കും. പക്ഷേ, നീ നിർത്തരുത്. എങ്ങനെയെങ്കിലും നാളെയും വരണം’.

ഞാൻ പക്ഷേ ജിം മുടക്കിയില്ല. തുടർച്ചയായി പോയി. ഡയറ്റിങ്ങും തുടങ്ങി. ചോറും മധുരപലഹാരങ്ങളും എണ്ണയും ഗ്രേവിയും പൂർണമായും ഒഴിവാക്കി. രാവിലെ ആറ് ഏഴ് മണിക്ക് മൂന്നു ചപ്പാത്തി കഴിക്കും. കൂടെ പച്ചക്കറികൾ. ഒരു ഗ്രീൻ ടീയും കുടിക്കും. ഒാട്സ് വെള്ളത്തിൽ വേവിച്ച് ഉപ്പിട്ടത് കൊണ്ടുപോകും. അത് 10 മണിക്ക് കഴിക്കും. ഉച്ചയ്ക്ക് മൂന്നു ചപ്പാത്തി. കൂടെ ബീറ്റ്റൂട്ട്, കാരറ്റ്, ബീൻസ് എന്നിവ കുറച്ച് ഉള്ളിയും അരിഞ്ഞിട്ട് വേവിച്ചത്. വൈകുന്നേരം വീട്ടിൽ വന്ന് വർക് ഔട്ടിനു പോകുന്നതിനു മുൻപ് ഒരു ബ്രൂ കോഫി കുടിക്കും. ഏഴു മുതൽ എട്ടര വരെയാണ് വർക് ഔട്ട്. രാത്രി ഭക്ഷണം ഒരു ചപ്പാത്തിയും പച്ചക്കറികൾ ചേർന്ന ഉപ്പിടാത്ത സാലഡും. പ്രോട്ടീൻ ലഭിക്കാൻ രണ്ടോ മൂന്നോ മുട്ട വെള്ള കഴിച്ചു.

മീനും മാംസവും കുറച്ചു.

നാലു മാസം കഴിഞ്ഞപ്പോഴേക്കും വർക് ഔട്ടിന്റെ രീതി മാറി. ഭാരമെടുത്തുള്ള വ്യായാമം തുടങ്ങി. മസിൽ പെരുപ്പിക്കാനുള്ള വെയ്റ്റ് ട്രെയിനിങ്ങിൽ നിന്നും വ്യത്യസ്തമാണ് ഭാരം കുറയ്ക്കാനുള്ളത്. മസിൽ പെരുപ്പിക്കാൻ കൂടുതൽ ഭാരം എടുക്കും, ചെയ്യുന്ന തവണ കുറയും. ശരീരഭാരം കുറയ്ക്കാനാണെങ്കിൽ ചെറിയ ഭാരമാണ് എടുക്കുക. പക്ഷേ, ചെയ്യുന്ന തവണകളുടെ എണ്ണം കൂടുതലായിരിക്കും. അപ്പോൾ ശരീരത്തിലെ കൊഴുപ്പ് വിയർത്തുരുകി പോകും.

ഡയറ്റും വർക് ഔട്ടും പുരോഗമിച്ച് 7–8 മാസമായപ്പോഴേക്കും നല്ല മാറ്റം കണ്ടുതുടങ്ങി. കോളജിൽ പഴയ യൂണിഫോം ഇട്ടാണ് പോയിരുന്നത്. മെലിഞ്ഞയാൾ നല്ല തടിയുള്ളയാളുടെ ഡ്രസ്സ് ധരിച്ചതുപോലെ ഒരു ചേർച്ചക്കുറവ് തോന്നിയെങ്കിലും കൂട്ടുകാരൊന്നും ഭാരം കുറഞ്ഞത് ആദ്യം ശ്രദ്ധിച്ചില്ല. ബിടെക് മൂന്നാം വർഷം പകുതി ആയപ്പോഴേക്കും 83 കിലോയായി ശരീരഭാരം. 46 ആയിരുന്നു അരക്കെട്ടളവ്. അത് 38 ആയി. 180 സെ.മീ ആണ് എന്റെ ഉയരം. അതിന് ആനുപാതികമായി 80 കിലോയായി കുറയ്ക്കണം എന്നായിരുന്നു ആഗ്രഹം. അപ്പോഴേക്കും പ്രോജക്റ്റ് തുടങ്ങി. ജിമ്മിൽ പോകാൻ സമയം കിട്ടാതായി. ഇടയ്ക്ക് ആക്സിഡന്റ് പറ്റി കൈവിരൽ ഒടിഞ്ഞു. അതോടെ വർക് ഔട്ട് അപ്പാടെ മുടങ്ങി. ശരീരഭാരം 87 കിലോയായി.

ഫെയ്സ് ബുക്കിൽ വൈറലായിരുന്ന 10 വർഷത്തെ ചാലഞ്ചിന് എന്റെ പഴയതും പുതിയതുമായ ഫോട്ടോ ഇട്ടിരുന്നു. അതുകണ്ട് പഴയ ജിം സുഹൃത്തുക്കൾ വിളിച്ചു. അങ്ങനെ രണ്ടാഴ്ച മുൻപ് വീണ്ടും വർക് ഔട്ട് തുടങ്ങി. ഡയറ്റും ആരംഭിച്ചു. രണ്ടാഴ്ച കൊണ്ടുതന്നെ നല്ല മാറ്റം ഉണ്ട്. ഇപ്പോൾ ജിമ്മിൽ പോകുന്നവർക്ക് ഒരു വാട്സ് ആപ്പ് ഗ്രൂപ് ഉണ്ട്. അതുകൊണ്ട് വർക് ഔട്ട് മുടങ്ങില്ല. ചെല്ലാൻ ഇത്തിരി സമയം വൈകിയാലുടനേ മെസേജ് വരും. ആകാശ് ഇന്നു വരുന്നില്ലേ എന്ന്...

80 കിലോയെന്ന സ്വപ്നത്തിലേക്ക് അധികദൂരമില്ല എന്ന ആത്മവിശ്വാസം നിറയുന്നു ആകാശിന്റെ പുഞ്ചിരിയിൽ.