Thursday 24 September 2020 04:40 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ഡെങ്കിപ്പനി വന്നവരിൽ കോവിഡ്19 നെതിരെ പ്രതിരോധശേഷി ലഭിച്ചേക്കാം: പുതിയ പ്രതീക്ഷയേകി ഗവേഷകർ

dengue444

ഉർവ്വശീ ശാപം ഉപകാരമായെന്നു കേട്ടിട്ടില്ലേ. അതായത് ശാപം പോലും പ്രയോജനകരമാകുന്ന അവസ്ഥ. കോവിഡ് കാലത്ത് അത്തരമൊരു പ്രയോജനം ഉണ്ടാകാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മറ്റാർക്കുമല്ല, ഡെങ്കിപ്പനി വന്നവർക്ക് കോവിഡ്19 നെതിരെ രോഗപ്രതിരോധശേഷി ലഭിച്ചേക്കാം എന്നാണ് പഠനഫലം വെളിപ്പെടുത്തുന്നത്.

ഡ്യൂക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ബ്രസീലിൽ നടത്തിയ പഠനത്തിൽ 2019–20 ലെ ഡെങ്കിപ്പനി വ്യാപനവും കോവിഡ് 19 വ്യാപനവും തമ്മിൽ താരതമ്യം ചെയ്തിരുന്നു. നിലവിൽ കോവിഡ്19 അണുബാധ സാവധാനത്തിലായതോ കുറഞ്ഞതോ ആയ സ്ഥലങ്ങളെല്ലാം തന്നെ 2019, 2020 ൽ കടുത്ത ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളാണെന്നു കണ്ടു. വൻതോതിൽ ഡെങ്കിപ്പനി വന്നുപോയ സ്ഥലങ്ങളിൽ ഉള്ളവരിൽ, കോവിഡ്19 നിരക്കും മരണവും വ്യാപനനിരക്കും ഗണ്യമായി കുറവാണെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ഡെങ്കിക്കു കാരണമാകുന്ന ഫ്ലാവി വൈറസ് സീറോടൈപ്പുകളും സാർസ് കോവ്–2 വൈറസും തമ്മിൽ പ്രതിരോധപരമായ പ്രതിപ്രവർത്തനം നടന്നിട്ടുണ്ടാകാമെന്നും അതാവാം മേൽപറഞ്ഞ സാധ്യതയ്ക്ക് കാരണമാകുന്നതെന്നുമാണ് ഗവേഷകരുടെ ഊഹം.

ഗവേഷകരുടെ ഈ അനുമാനത്തിന് ശക്തി പകരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മുൻപ് നടന്ന ചില പഠനങ്ങളിൽ, രക്തത്തിൽ ഡെങ്കിക്കെതിരെ ആന്റിബോഡികൾ ഉള്ളവരിൽ കോവിഡ്19 പരിശോധനയിൽ തെറ്റായ പൊസിറ്റീവ് ഫലം ലഭിച്ചേക്കാമെന്നു കണ്ടിരുന്നു. രണ്ടു രോഗങ്ങളുടെയും വൈറസുകൾ തമ്മിൽ പ്രതിരോധ പ്രതിപ്രവർത്തനം നടന്നേക്കാമെന്നു തന്നെയാണ് ഈ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നതെന്നാണ് ഡ്യൂക് ഗവേഷകരുടെ അഭിപ്രായം.

ബ്രസീലിൽ മാത്രമല്ല, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ ദ്വീപുകൾ എന്നിവിടങ്ങളിലും ഡെങ്കിയും കോവിഡ് 19–ഉം തമ്മിൽ സമാനമായ ബന്ധം കണ്ടതായി ഗവേഷകർ വെളിപ്പെടുത്തുന്നു. രണ്ടു വൈറസുകളും രണ്ടുതരം ഫാമിലി ആയതിനാൽ ഇങ്ങനെയൊരു പ്രതിപ്രവർത്തനത്തിന്റെ സാധ്യത പോലും പലരും ചിന്തിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ ഏറെ അദ്ഭുതകരമായ ഒരു കണ്ടെത്തലായാണ് ഇതിനെ ശാസ്ത്രലോകം കരുതുന്നത്.

ഗവേഷകരുടെ ഈ തിയറി ശരിയാണെന്നു തെളിഞ്ഞാൽ സുരക്ഷിതവും ഫലപ്രദവുമായ ഡെങ്കി വാക്സീൻ ഒരളവു വരെ കോവിഡ്19 നെതിരെ പ്രതിരോധശേഷി ലഭിക്കാനായി ഉപയോഗിക്കാനാകും.

ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നിർണായകമായ പഠനഫലങ്ങൾ ഡ്യൂക് ഗവേഷകർ വെളിപ്പെടുത്തിയത് റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണ്. .

Tags:
  • Manorama Arogyam
  • Health Tips