Saturday 05 January 2019 03:59 PM IST : By സ്വന്തം ലേഖകൻ

അരുൺ സ്വയം ഡയറ്റ് നിശ്ചയിച്ചു; നൂറ്റിപതിനഞ്ച് ദിവസം കൊണ്ട് കുറച്ചത് 33 കിലോ; ഡയറ്റ് പ്ലാനിങ്ങനെ

arun-diet

നൂറ്റിയെട്ടു കിലോയിൽ നിന്ന് 75 കിലോയിലേക്കെത്തിയ എളുപ്പവഴിയേതെന്നു ചോദിച്ചാൽ നെടുമ്പാശ്ശേരി, അത്താണി സ്വദേശി അരുൺ മോഹൻ പറയും–ഒരേ ഒരു എളുപ്പവഴി...നന്നായി മനസ്സുവച്ച് പരിശ്രമിക്കുക. വെറും 115 ദിവസം കൊണ്ട് ആരുടെയും സഹായമില്ലാതെ 33 കിലോ കുറച്ച അനുഭവം വായിക്കുമ്പോൾ നിങ്ങളും സമ്മതിച്ചുപോകും അതു ശരിയാണെന്ന്.

‘‘ചെറുപ്പത്തിൽ നന്നെ ഉരുണ്ടുതുടുത്ത കുട്ടിയായിരുന്നു ഞാൻ. സഹപാഠികളേക്കാൾ ഒരൽപം തടി കൂടുതൽ കാണും. 2010ൽ എന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഞാൻ 90 കിലോയ്ക്കു മുകളിലുണ്ടായിരുന്നു. പിന്നെ കുറേനാൾ 104–105 കിലോയിൽ നടന്നു. അതു പിന്നെ 108 ആയി. വീട്ടി്ൽ ഒരു വെയിങ് മെഷീൻ ഉണ്ടായിരുന്നതുകൊണ്ട് ഭാരം കൂടുന്നത് അറിയാതെ പോയിട്ടൊന്നുമില്ല. 108 കിലോയെത്തിയെങ്കിലും അത്ര ശരീരഭാരം പുറമേ തോന്നില്ലായിരുന്നു. അതുകൊണ്ട് ഭാരം സെഞ്ചുറി കടന്ന കാര്യമൊന്നും ആരും അറിഞ്ഞില്ല. പിന്നെ, ലാലേട്ടനെപ്പോലെ വണ്ണം തോന്നിക്കാതെ ചെരിഞ്ഞ് നടക്കാൻ അറിയാമായിരുന്നുവെന്നും കൂട്ടിക്കോളൂ. പക്ഷേ, ഈ ട്രിക്കൊന്നും എന്റെ അച്ഛന്റെയടുത്ത് ചെലവാകുമായിരുന്നില്ല. അദ്ദേഹം ചെറുപ്പം മുതലേ എന്നെ തടിയാ എന്നാണു വിളിച്ചിരുന്നത്.

പലതരം ഡയറ്റുകൾ പയറ്റിനോക്കി പരാജിതനായി ‘ഈ നൂറ്റിപ്പത്തും കടന്നു ഞാൻ മുന്നേറും ’ എന്നു വിചാരിച്ചിരുന്ന സമയത്താണ് ആ ട്വിസ്റ്റ് സംഭവിക്കുന്നത്. ഞാനും എന്റെ കസിനുമായി ഒരു ബെറ്റ് വച്ചു. ഈ വണ്ണം പുഷ്പം പോലെ കുറയ്ക്കുമെന്നു ഞാനും എന്നാലതൊന്നു കണ്ടിട്ടു തന്നെ കാര്യമെന്ന് അവളും വെല്ലുവിളി മുഴക്കിപ്പിരിഞ്ഞു.

അതോടെ വണ്ണം കുറയ്ക്കേണ്ടത് അഭിമാനപ്രശ്നമായി. ആരോടും ഉപദേശം ചോദിക്കാനൊന്നും നിൽക്കാതെ ഞാൻ തന്നെ ഒരു ഡയറ്റ് പ്ലാൻ രൂപീകരിച്ചു. സംഗതി ഇത്തിരി കടുപ്പമാണെന്ന് ഇതിനേക്കുറിച്ചു കേട്ട പലരും പറഞ്ഞെങ്കിലും ഡയറ്റ് തുടർന്നു.

സംഗതി സിംപിളാണ്. മൂന്നുനേരം ഭക്ഷണം രണ്ടുനേരമാക്കി കുറച്ചു. രാവിലത്തെ ഭക്ഷണം ഉച്ചയ്ക്ക് 12 മണിക്കു കഴിക്കും. രണ്ടു ചപ്പാത്തിയും വെജിറ്റബിൾ കറിയും. വൈകിട്ട് എട്ടു മണിക്കു മുൻപായി രാത്രി ഭക്ഷണം കഴിക്കും. അതും രണ്ടു ചപ്പാത്തിയും വെജിറ്റബിൾ കറിയും. ആദ്യത്തെ രണ്ടുമാസം വിശന്നു വലഞ്ഞുപോയി. ചോറും പപ്പടവും ഭീകരമായി മിസ്സ് ചെയ്തു. ആ സമയത്ത് വല്ലാത്ത ദേഷ്യവുമായിരുന്നു. ഏതു കാര്യവും 21 ദിവസത്തിൽ കൂടുതൽ ചെയ്തുശീലിച്ചാൽ അതു നമുക്കു ശീലമായിക്കോളും. ഡയറ്റ് തുടങ്ങി വളരെപ്പെട്ടെന്നു തന്നെ നാലു കിലോ കുറഞ്ഞു. അതോടെ കൂടുതൽ ഉത്സാഹമായി. വീണ്ടും ഒരു നാലു കിലോ കൂടി കുറഞ്ഞു. പക്ഷേ, പിന്നീടങ്ങോട്ട് വണ്ണം കുറയൽ മന്ദഗതിയിലായി. അതുകൊണ്ട് രാത്രിയിലെ രണ്ട് ചപ്പാത്തി ഒന്നാക്കി കുറച്ചു. വല്ലാതെ വിശന്നാൽ ഒരു റോബസ്റ്റ പഴമോ ഒാറഞ്ചോ കഴിക്കും.

ആ സമയത്ത് സുഹൃത്തുക്കളോടൊപ്പം കാറിൽ ചെന്നൈ–മധുര–രാമേശ്വരം–ധനുഷ്കോടി യാത്ര ചെയ്തിരുന്നു. യാത്രയിൽ വഴിയോരത്തു നിന്നു കരിമ്പിൻ ജ്യൂസോ മുളകിട്ട മാങ്ങയോ കഴിച്ചത് ഒഴിച്ചാൽ ഡയറ്റൊന്നും തെറ്റിച്ചില്ല. ഭാരം 95നു താഴെയായി. അതോടെ നടന്നുതുടങ്ങി. വൈകിട്ട് മൂന്നര കിലോ മീറ്ററെങ്കിലും നടക്കും. രണ്ടാഴ്ച കഴിഞ്ഞതോടെ ജോഗിങ് ആയി. ഒാടിവിയർത്തു വരുമ്പോൾ അൽപം ഇരുന്ന് ഒാറഞ്ചോ റോബസ്റ്റ പഴമോ കഴിക്കും. വ്യായാമം തുടങ്ങിയതോടെ ദിവസം 100 ഗ്രാം വീതം കുറഞ്ഞുതുടങ്ങി.

90നു താഴെയെത്തിയപ്പോൾ വീണ്ടും ഭാരം കുറയൽ മന്ദഗതിയിലായി. അതോടെ ഉച്ചയ്ക്കും ഒരു ചപ്പാത്തി മാത്രമാക്കി. ഉരുളക്കിഴങ്ങോ ചെറുപയറോ കറിവച്ചത് ധാരാളം കഴിച്ചു. നീന്തൽ തുടങ്ങിയതും ഈ സമയത്താണ്. ആഴ്ചയിൽ മൂന്നു തവണയെങ്കിലും നീന്തും. അതോടെ ശരീരഭാരം എൺപത്തി രണ്ടിലെത്തി. എൺപതു വരെ കുറയ്ക്കണമെന്നായിരുന്നു മനസ്സിലെ പ്ലാൻ. മാത്രമല്ല, ഭാരം കുറഞ്ഞതോടെ കയ്യും കാലുമൊക്കെ ശോഷിച്ചുപോയിരുന്നു. രണ്ട് പുഷ് അപ് എടുക്കുമ്പോഴേ വീണുപോകും. അസുഖം വന്ന ഫീലിങ്. അതുകൊണ്ട് ജിമ്മിൽ ചേർന്നു. ഏറ്റവും കുറഞ്ഞത് 10 പുഷ് അപ് ഒറ്റ സ്ട്രെച്ചിൽ എടുക്കാൻ പറ്റുന്ന ആരോഗ്യമായാൽ ജിമ്മിൽ പോക്ക് നിർത്താമെന്നു വിചാരിച്ചാണ് പോയത്. ആ സമയത്ത് രാവിലെ ഒരു ഏത്തപ്പഴം പുഴുങ്ങിയതും വൈകിട്ട് രണ്ടു മുട്ടയുടെ വെള്ളയും കൂടി കഴിച്ചിരുന്നു.

ജിമ്മിൽ ചെയ്തിരുന്നത് കാർഡിയോ വ്യായാമങ്ങളാണ്. കയ്യുടെ ശോഷിപ്പു കുറയ്ക്കാനുള്ള വ്യായാമങ്ങളും ചെയ്തു. 45 ദിവസം കഴിഞ്ഞപ്പോൾ ജിമ്മിൽ പോക്ക് നിർത്തി. അപ്പോഴേക്കും 76 കിലോ ആയിരുന്നു. 30 പുഷ് അപ് ഒറ്റത്തവണ എടുത്തിരുന്നു. 2018 ഫെബ്രുവരി ഒന്നിനാണ് ഡയറ്റ് തുടങ്ങിയത്. ഏതാണ്ട് 115 ദിവസം കൊണ്ട് 108 ൽ നിന്നു 75 കിലോയിലെത്തി.

ഇപ്പോഴും ചോറ് കഴിക്കാറില്ല. പ്രഭാതഭക്ഷണം 12 മണിക്കു തന്നെ. ഇപ്പോൾ ഗോതമ്പുപുട്ടോ ഇഡ്ഡലിയോ ദോശയോ ഒക്കെ കഴിക്കും. ഉച്ചഭക്ഷണമില്ല. വൈകിട്ടും ചപ്പാത്തിയോ മറ്റു പലഹാരങ്ങളോ. ഇടയ്ക്ക് ചിപ്സും ശർക്കരവരട്ടിയും കടലയുമൊക്കെ കൊറിക്കും. നടത്തമില്ല. വീട്ടിൽ തന്നെ 22 കോണിപ്പടിയുണ്ട്. അത് 25 തവണ ഒാടിക്കയറും. അതുകഴിഞ്ഞ് 25 പുഷ് അപ് എടുക്കും. 100 തവണ സ്കിപ്പിങ് ചെയ്യും.

ഭാരം കുറഞ്ഞതോടെ മടിയില്ലാതായി. ഈയടുത്ത് കോയമ്പത്തൂരുള്ള ഒൻപതര കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഏഴു മലകൾ കയറി അന്നുതന്നെ തിരിച്ചുവന്നു. പണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു കാര്യത്തേക്കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്നു. പക്ഷേ ഒന്നിനു മാത്രം മാറ്റമില്ല കേട്ടോ. അച്ഛന്റെ തടിയാ എന്ന വിളിക്ക്. തടിയനല്ലാത്ത എന്നെ തടിയനെന്നു വിളിക്കുന്നത് എന്തു കഷ്ടമാണ്.