Friday 14 June 2019 03:12 PM IST : By സ്വന്തം ലേഖകൻ

നെഞ്ചിൽ നിന്നും വിസിലടി ശബ്ദം, ശ്വാസം മുട്ടൽ; കുഞ്ഞാവയ്ക്ക് ആസ്മയാണോ?; പ്രതിവിധി ഇങ്ങനെ

asthma

എന്റെ മോന് രണ്ടു വയസ്സ്. അവന് കൂടെക്കൂടെ മൂക്കൊലിപ്പ്, ചുമ, ശ്വാസംമുട്ടൽ, നെഞ്ചിൽ നിന്നു വിസിലടി ശബ്ദം ഇവ ഉണ്ടാകാറുണ്ട്. ഒാരോ തവണയും ഡോക്ടറെ കാണിക്കും. രാത്രിയിലോ നേരം പുലരാറാകുമ്പോഴോ ആണ് ചുമ വരുന്നത്. ഇത് ആസ്മ ആണോ? ഉടൻ എന്തെങ്കിലും വിശദപരിശോധന ചെയ്യണോ?

നമ്മുടെ ശ്വാസനാളത്തിലെ വലുതും ചെറുതുമായ കുഴലുകൾ വഴിയാണു ശ്വസനപ്രക്രിയ നടക്കുന്നത്. ഈ കുഴലുകളിൽ ധാരാളം സ്രവം (മ്യൂക്കസ്) ഉണ്ടാക്കുന്ന ഒരു ആവരണം ഉണ്ട്. അതിനടിയിൽ വളരെ വളരെ ചെറിയ മാംസപേശികളും ഉണ്ട്. അതുകൊണ്ടുതന്നെ ശ്വാസനാളത്തിന്റെ ആവരണത്തിന് ഇറിറ്റേഷൻ (അസ്വാസ്ഥ്യം) ഉണ്ടാക്കുന്ന ഏതൊരു കാര്യവും –അതു െെവറസ് ആകാം, പൊടിയാകാം, പൊടിയിലുള്ള ചെറിയ ജീവികളാകാം–ഇവയൊക്കെ ആദ്യം മൂക്കൊലിപ്പും അമിതസ്രവവും വിസിലടിക്കുന്ന ശബ്ദവും പിന്നീട് ശ്വാസനാളത്തിൽ കഫക്കെട്ടും പേശീസങ്കോചവും ശ്വാസതടസ്സവും (Upper & Lower airway obstruction) ഉണ്ടാക്കുന്നു.

ഇതിനു പ്രതിവിധിയായി മൂന്നു കാര്യങ്ങൾ ചെയ്യാം.

(1) കുഞ്ഞിന് രോഗാവസ്ഥ കൂടുന്ന സമയത്തു ഡോക്ടറുടെ നിർദേശപ്രകാരം വേണ്ട മരുന്നു കൊടുക്കുക.

(2) കൂടെക്കൂടെ രോഗാവസ്ഥ വരുന്നതു തടയാനുള്ള മരുന്നുകൊടുക്കുക.

(3) രോഗകാരണമാകുന്ന അലർജൻ ഏതാണെന്നു തിരിച്ചറിയാൻ ശ്രമിക്കുക.

ഏറ്റവും പ്രധാന കാരണം െെവറസ് ആണെങ്കിലും ഇതു തടയാൻ സഹായകമാകുന്ന ചില പ്രായോഗിക കാര്യങ്ങൾ താഴെ പറയുന്നു.

∙പഞ്ഞി തലയിണയും മെത്തയും ഉപയോഗിക്കാതിരിക്കുക.പൂർണമായും ഒഴിവാക്കിയാൽ നല്ലത്.

∙ കുഞ്ഞിനെ കിടത്തുന്നതിനു മുമ്പു ബെഡ് ഷീറ്റു കുടയാതിരിക്കുക.

∙ കുട്ടിയെ കിടത്തുന്ന മുറി തൂത്തു തുടയ്ക്കുന്നതിനു പകരം ആദ്യം നനഞ്ഞ തുണി കൊണ്ടു നന്നായി തുടയ്ക്കുക. ശേഷം മാത്രം തറ വൃത്തിയാക്കുക.

∙ ജനാലകൾ തുറന്നിട്ടു മുറിയിൽ ശുദ്ധവായു സഞ്ചാരം ഉറപ്പു വരുത്തുക. എന്നാൽ കൂടുതൽ തണുപ്പടിക്കാതെയും ശ്രദ്ധിക്കുക.

അതായതു മുറി വൃത്തിയാക്കാൻ ചെയ്യുന്നതെല്ലാം ഗുണത്തെക്കാേളറെ ദോഷമാണു ചെയ്യുന്നത്. കാരണം തറയിൽ കിടക്കുന്ന പൊടിപടലങ്ങളും സൂക്ഷ്മജീവികളും വായുവിൽ കലർന്നു ശ്വാസനാളത്തിൽ പോകുന്നു എന്നതുകൊണ്ട്. ഇനി പ്രധാന ചോദ്യം അവശേഷിക്കുന്നു –ഇത് ആസ്മയാണോ?

ഉത്തരം, ആസ്മ പോലെ തന്നെയാണ്. എന്നാൽ ഈ കുഞ്ഞ് വളർന്നു വലുതാകുമ്പോൾ ഇത് ആസ്മയുടെ പൂർണരൂപത്തിലേക്കു വരാൻ സാധ്യത കുറവാണ്. അതു കൊണ്ട് ആശങ്കപ്പെടാതിരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. എം. കെ. സി. നായർ

വൈസ് ചാൻസലർ,

ആരോഗ്യ സർവകലാശാല,

പ്രശസ്ത ശിശുരോഗവിദഗ്ധനും

മനശ്ശാസ്ത്രജ്ഞനും.

cdcmkc@gmail.com