Friday 16 November 2018 11:46 AM IST : By സ്വന്തം ലേഖകൻ

‘കുത്തുവാക്കുകളല്ല വേണ്ടത് കരുതൽ’; വീട്ടിലൊരാള്‍ കിടപ്പിലായാൽ ; ശ്രദ്ധിക്കേണ്ട 18 കാര്യങ്ങൾ

kidappu

വാഹനത്തിന് കേട് പറ്റി യാത്ര വൈകുന്നതു പോലെയോ, പ്രതീക്ഷിച്ച ഉദ്യോഗക്കയറ്റം നിഷേധിക്കപ്പെട്ടതു പോലെയോ ഉള്ള “മഹാദുരന്തങ്ങള്‍” മാത്രം സംഭവിച്ചിട്ടുള്ള നമ്മുടെയൊക്കെ ശരാശരി ജീവിതത്തില്‍ എന്നെങ്കിലും പ്രിയപ്പെട്ട ഒരു കുടുംബാംഗം കിടപ്പിലാകും. അത് അച്ഛനോ അമ്മയോ ജീവിതപങ്കാളിയോ ആരുമാകട്ടെ; കുടുംബത്തിലെ എല്ലാവരുടെയും ജീവിതത്തെ അത് പിടിച്ചു കുലുക്കും.അശുഭകരമായ കാര്യങ്ങള്‍ എന്തിനു പറയുന്നു? വഴിയില്‍ എവിടെയെങ്കിലും ചെളി കാണുമെന്നു കരുതി ഇപ്പൊഴേ മുണ്ട് മടക്കി കുത്തി നടക്കണോ? ഇങ്ങനെ സംശയിക്കുന്നവർക്കുള്ള മറുപടി എന്തിനും ഒരു തയാറെടുപ്പ് നല്ലതാണ് എന്നതാണ്.

രോഗം ചിലര്‍ക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ല. നമ്മില്‍ പത്തില്‍ ഒന്‍പതു പേരും കുറച്ചുകാലം കിടപ്പിലായേ പോകൂ. അതിനുമാകാം ഒരു തയാറെടുപ്പ്. കിടപ്പിലായ ഒരു രോഗിയെപറ്റി ഒരല്‍പം ഇപ്പൊഴേ ചിന്തിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമല്ല ഒരു സുഹൃത്തിനോ, അയല്‍ക്കാരനോ ഒക്കെ പ്രയോജനമുണ്ടായേക്കാം.

സാമൂഹികതലം: രോഗമുണ്ടായതു കൊണ്ടും അവശനായതുകൊണ്ടും വ്യക്തി വ്യക്തിയല്ലാതെആവുന്നില്ലല്ലോ? പക്ഷേ പലപ്പോഴും നാമിതു മറന്നു പോകും.

1. രോഗിയുടെ വ്യക്തിത്വം മറക്കേണ്ട:

കിടപ്പിലായിപ്പോയ രോഗിക്ക് അതുവരെ കുടുംബത്തില്‍ ഉണ്ടായിരുന്ന സ്ഥാനം പെട്ടെന്ന് ഇല്ലാതായാല്‍ ഉണ്ടാകാവുന്ന വ്യഥ ഓര്‍ക്കുക. “അച്ഛനു വയ്യ; നമുക്ക് ആ ആശുപത്രിയില്‍ കൊണ്ടുപോകാം”; അല്ലെങ്കില്‍ “മോളുടെ കല്യാണം മാറ്റിവയ്‌ക്കാം” എന്ന ചര്‍ച്ച നടക്കുമ്പോള്‍ ആ ചര്‍ച്ചയില്‍ വ്യക്തിയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വല്ലാത്ത മാനസികവിഷമം വരാന്‍ സാധ്യതയുണ്ട്. രോഗചികിത്സയുടെ കാര്യത്തില്‍ മാത്രമല്ല; വീട്ടിലെ എല്ലാ കാര്യത്തിലും കിടപ്പിലായ ആളിനെയും ഉള്‍പ്പെടുത്തണം.

2. വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുത്

സ്വന്തം ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കാനുള്ള ശാരീരിക കഴിവ് താല്‍ക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെട്ട ആളാണ്‌ കിടക്കുന്നത്. അതു മനസ്സിനെ ബുദ്ധിമുട്ടിക്കും; ഉറപ്പ്. അതിനാൽ രോഗിക്ക് ആവുന്നിടത്തോളം സ്വാതന്ത്ര്യം കൊടുക്കണം. തന്നത്താന്‍ എണീറ്റ് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ സഹായം നിരസിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക തന്നെ വേണം. ശാരീരിക ശുശ്രൂഷ പോലെ തന്നെ പ്രധാനമാണ് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കുന്നതും. ‌

3. സഹായിക്കാന്‍ ഞാനുണ്ട്

ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്നല്ലോ എന്ന തോന്നല്‍ രോഗിക്ക് ഉണ്ടാകുന്നത് സ്വാഭാവികം. ആവശ്യമെങ്കില്‍ സഹായിക്കാന്‍ ഞാനുണ്ട് എന്നത് ഭാവത്തിലും വാക്കാലും അറിയിക്കാന്‍ ശ്രമിക്കണം. ഇഷ്ടപ്പെട്ട സുഹൃത്തിന്റെ സന്ദർശനം ശുശ്രൂഷയുടെ പ്രധാന ഭാഗമായി കരുതണം.

മാനസികതലം: വ്യക്തികൾ വ്യത്യസ്തരല്ലേ? അവർ രോഗത്തോട് പ്രതികരിക്കുന്നതു സ്വന്തം രീതിയിലാകും. അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കി വേണം ഇട പഴകാൻ. ശാരീരികനില പെട്ടെന്ന് മോശമാകുമ്പോൾ രോഗി പലതരത്തിൽ പ്രതികരിച്ചേക്കാം.

4. ദുഃഖമുണ്ടാകും , അത് മനസ്സിലാക്കണം

രോഗിക്കു ദുഃഖമുണ്ടാകും.ദുഃഖത്തില്‍ നിന്നും കരകയറണമെങ്കില്‍ പ്രതീക്ഷയുണ്ടാകണം. പ്രതീക്ഷ, നേടിയെടുക്കാവുന്നതിനെ പറ്റി ആവുകയും വേണം. നല്ലത് വരട്ടെ എന്ന് തന്നെ ആശിക്കുന്നതോടൊപ്പം തല്‍ക്കാലം എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒരു ലക്ഷ്യം മനസ്സില്‍ വയ്ക്കുന്നതാണു നല്ലത്. അരയ്ക്കു കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട ആളിന് ചലനശേഷി തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, നേടിയെടുക്കാവുന്ന കാര്യങ്ങളില്‍ തല്‍ക്കാലം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രോഗിയെ പ്രേരിപ്പിക്കാം. ഉദാഹരണത്തിന് “നമുക്ക് ആദ്യം സ്വയം എഴുന്നേറ്റിരിക്കാന്‍ പഠിക്കാം. എഴുന്നേറ്റു ഇരിക്കാനും ആവണമല്ലോ” അല്ലാതെ “സാരമില്ല, വിഷമിക്കേണ്ട”, എന്നിങ്ങനെ അർഥമില്ലാത്ത വാക്കുകള്‍ പറഞ്ഞതു’ കൊണ്ട് സങ്കടം മാറുകയില്ല.

kidappu-2

5. വിഷാദരോഗം വരാം

കുറച്ചു ദിവസത്തില്‍ സാവകാശം അവസ്ഥയുമായി രോഗി പൊരുത്തപ്പെട്ട് ദുഃഖത്തിന്‍റെ തീവ്രത കുറയാനാണ് കൂടുതല്‍ സാധ്യത. പക്ഷേ ചിലര്‍ കഠിനവ്യഥയിലേക്ക് കൂപ്പുകുത്താം. ഉറക്കം ആകെ അവതാളത്തില്‍ ആവുക, വിശപ്പ് വളരെ കൂടുതല്‍ ആവുകയോ, തീരെ ഇല്ലാതാവുകയോ ചെയ്യുക, കഠിനമായ ക്ഷീണം, മലബന്ധം, തന്‍റെ ജീവിതത്തിന് ഒരു വിലയുമില്ല എന്ന തോന്നല്‍, ഇവയൊക്കെ ഇത്തരം വിഷാദരോഗാവസ്ഥയില്‍ സംഭവിക്കാവുന്നതാണ്‌. ഇങ്ങനെയുണ്ടെങ്കില്‍, ആ അവസ്ഥക്ക് പ്രത്യേകമായി ചികിത്സ വേണം.

6. കോപം നിയന്ത്രിക്കാം

ഏറ്റവും അടുപ്പമുള്ള ആളുകളോടായിരിക്കും കോപം പ്രകടിപ്പിക്കുക. നിസ്സാര കാര്യത്തിനു ജീവിതപങ്കാളിയെയോ കുട്ടികളെയോ വഴക്ക് പറഞ്ഞേക്കാം. ശുശ്രൂഷിക്കുന്നവരും മനപ്രയാസമുള്ളവരാണ്. അവര്‍ക്കും പെട്ടെന്ന് കോപം വന്നേക്കാം. കോപാവസ്ഥയില്‍ പറയുന്ന ചില വാക്കുകള്‍ വല്ലാതെ മുറിവേല്‍പ്പിക്കാന്‍ സാധ്യതയുണ്ട് എന്നോര്‍ക്കുക. കോപം രോഗത്തോടോ വിധിയോടോ ഒക്കെയാണ്; അടുത്തുള്ളവരോടു കാണിക്കുന്നുവെന്നേയുള്ളൂ എന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞാൽ പ്രശ്നത്തിന് അൽപം ആശ്വാസമുണ്ടാകും.

7. കുറ്റബോധം

ഞാന്‍ കാരണം എല്ലാവരും കഷ്ടപ്പെടുന്നല്ലോ എന്നോ ഞാന്‍ കാരണം എന്‍റെ കുട്ടികളുടെ ഭാവി കുഴപ്പത്തില്‍ ആവുമല്ലോ എന്ന ഒക്കെയുള്ള കുറ്റബോധം രോഗിയെ വേട്ടയാടിയേക്കാം. ആ സമയത്ത് “ഞാന്‍ പറഞ്ഞതല്ലേ സിഗരറ്റ് വലിക്കരുതെന്ന്” എന്ന മട്ടില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായാല്‍ അതിന്‍റെ പരിണിതഫലം ദയനീയമായിരിക്കാം. അത്തരം കുറ്റപ്പെടുത്തല്‍ കൊണ്ട് ഈ അവസ്ഥയില്‍ ഒന്നും നേടാനില്ലായെന്നും പലതും നഷ്ടപ്പെടാന്‍ ഉണ്ടാകാമെന്നും തിരിച്ചറിയണം.

8. വാക്ക് പാലിക്കുക

രോഗിക്കു വേണ്ടി ചെയ്യാമെന്ന് ഏറ്റ ഒരു കാര്യം ചെയ്യാതിരിക്കുകയാണെങ്കില്‍ ആര്‍ക്കും വേണ്ടാത്തവനാണെന്ന തോന്നല്‍ കൂടുതല്‍ ശക്തമാകാം. കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാതെയിരുന്നാല്‍ കുറഞ്ഞ പക്ഷം ഒരു ക്ഷമാപണം ചെയ്യുകയും സാധിക്കുമെങ്കില്‍ പിന്നീട് അത് ചെയ്യുകയും വേണം.

9. അന്തസ്സ് ഹനിക്കരുത്

ആത്മാഭിമാനം വ്രണപ്പെടുത്തുന്ന വിധം കളിയാക്കുകയോ, തമാശ പറയുകയോ പെരുമാറുകയോ ചെയ്യാതിരിക്കണം. കൃത്രിമമായി പെരുമാറണമെന്നല്ല. പക്ഷേ, രോഗിയുടെ മാനസികാവസ്ഥ ഒരൽപം ലോലമാകാൻ സാധ്യതയുണ്ട്. വേഗം മുറിവേൽക്കും എന്നു മനസ്സിലാക്കുക.

kidappu-1

10. സ്വകാര്യത ഭഞ്ജിക്കരുത്

വസ്ത്രം മാറുമ്പോഴോ കുളിപ്പിക്കുമ്പോഴോ ഒക്കെ കതക് അടച്ചിടാൻ ശ്രദ്ധിക്കണം. രോഗി പറഞ്ഞ സ്വകാര്യങ്ങൾ മറ്റുള്ളവരോട് പറയാൻ പാടില്ല എന്നതും പ്രധാനമാണ്.

11. സാമ്പത്തിക പ്രശ്നങ്ങൾ

സാമ്പത്തിക പ്രശ്നങ്ങൾ കുടുംബത്തിനുള്ളിൽ തുറന്നു സംസാരിച്ചു പരിഹാര മാർഗങ്ങൾ തേടണം. തുടരാനാവാത്ത ചികിത്സ പകുതി നടത്തി ഉപേക്ഷിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞ മറ്റൊരു മരുന്ന് ആദ്യമേ തുടങ്ങുന്നതല്ലേ നല്ലത്? സർക്കാരിന്റെ സഹായ പദ്ധതികളെ പറ്റി പറഞ്ഞു തരാൻ പാലിയേറ്റിവ് കെയർ സ്ഥാപനത്തിന് കഴിഞ്ഞേക്കും.

ശാരീരികതലം: ആശുപത്രിയിൽ നിന്നും രോഗി വീട്ടിലെത്തിക്കഴിക്കുമ്പോൾ കുടുംബാംഗത്തിന് പെട്ടെന്ന് ഡോക്ടറും നഴ്സുമൊക്കെ ആവേണ്ടി വരുന്നു. ഒരൽപം തയ്യാറെടുപ്പു വേണം. അടുത്ത പാലിയേറ്റീവ് കെയർ സ്ഥാപനവുമായി ബന്ധപ്പെടുന്നതു നന്നാവും. മരണത്തോടടുത്തവർക്കു മാത്രമുള്ളതാണ് പാലിയേറ്റീവ് കെയർ എന്നത് തെറ്റിദ്ധാരണ ആണ്. രോഗചികിത്സയോടൊപ്പം സൗഖ്യം നൽകാനും പാലിയേറ്റീവ് കെയർ സ്ഥാപനം സഹായിക്കും.

12. ചർമശുശ്രൂഷ

"രണ്ടു മണിക്കൂർ കൂടുമ്പോൾ രോഗിയെ തിരിച്ചു കിടത്തണം" എന്നോ മറ്റോ ഹ്രസ്വമായ ഒരു നിർദേശം ആശുപത്രിയിൽ നിന്നു കിട്ടിയിരിക്കും. തിരിക്കുന്നതെങ്ങനെ?, ശയ്യാവ്രണം വരാതിരിക്കാൻ വേറെ എന്തൊക്കെ ചെയ്യണം?, വായ എങ്ങനെയൊക്കെ വൃത്തിയാക്കി വയ്‌ക്കാം?, മൂത്രം പോകാനുള്ള കുഴൽ ഇട്ടിട്ടുണ്ടെങ്കിൽ അത് എങ്ങനെ ശ്രദ്ധിക്കാം എന്നൊക്കെ പരിചയ സമ്പന്നയായ നഴ്സിൽ നിന്ന് പഠിച്ചാൽ നന്നായി.

13. സന്ധികളും പേശികളും

സന്ധികളും പേശികളും സാധാരണ മട്ടിൽ ഉപയോഗിക്കാതിരിക്കുമ്പോൾ ഭാവിയിൽ പല ബുദ്ധിമുട്ടും ഉണ്ടാകാം. എല്ലാ സന്ധികളും ചലിക്കത്തക്ക വിധത്തിൽ ദിവസവും പല പ്രാവശ്യം രോഗിയുടെ കൈകാലുകൾ മടക്കുകയും നിവർക്കുകയും വേണം.

kidappu-3

14. ഭക്ഷണം ശ്രദ്ധയോടെ

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം രോഗിക്ക് കിട്ടണം. അത് രോഗിക്ക് ഇഷ്ടപ്പെട്ടതുമാകണം. ഇഷ്ടപ്പെടാത്ത ഭക്ഷണം നിർബന്ധിച്ചു കൊടുക്കുമ്പോൾ ഉള്ള വിശപ്പ് കൂടി നഷ്ടപ്പെടും. വയർ നിറഞ്ഞാൽ നിർബന്ധിച്ചു കൂടുതൽ കഴിപ്പിക്കാനുള്ള ശ്രമം വിപരീത ഫലം ഉണ്ടാക്കാം.

ആത്മീയതലം: താന്‍ ജീവിച്ചിരുന്നിട്ടെന്തു ഫലം എന്നു രോഗി ചിന്തിക്കാൻ ഏറെ സാധ്യതയുണ്ട്. തന്നെ എല്ലാവര്‍ക്കും വേണമെന്ന തോന്നല്‍ രോഗിയില്‍ ഉണ്ടാക്കല്‍ മാത്രമാണ് പരിഹാരം. ശാരീരികശുശ്രൂഷക്കു മാത്രമല്ലാതെ രോഗിയോടൊപ്പം സമയം ചിലവഴിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുമ്പോള്‍ ഈ തോന്നല്‍ ഇല്ലാതാകും.

15. സ്നേഹം പ്രകടിപ്പിക്കാം

ഉറ്റവര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നോ, പഴയപോലെ സമയം ചിലവഴിക്കുന്നില്ല എന്നോ വ്യഥ ഉള്ളവർക്ക്‌ കൂടുതല്‍ ശ്രദ്ധയും സ്നേഹവും കൊടുക്കുന്നതാണ് ഏക പരിഹാരം. നേടിയ ബിരുദങ്ങൾക്കോ വീടിന്റെ മോടിക്കോ ഒക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയത്തു കിട്ടുന്ന സ്നേഹം മറ്റെന്തിനെക്കാളും വിലപ്പെട്ടതാവും. സ്നേഹം ഉള്ളിലൊതുക്കേണ്ട. പ്രകടിപ്പിക്കാൻ ഇതാണവസരം.

16. ശീലങ്ങൾ മാനിക്കാം

ചിലര്‍ക്ക് അന്ത്യകാലത്ത് പോലും കുടുംബത്തിലോ പുറത്തോ ഉള്ള സ്നേഹബന്ധങ്ങള്‍ വളരെ പ്രധാനമായിരിക്കാം. രോഗാവസ്ഥ ഉണ്ടെങ്കിലും ആശുപത്രിയേക്കാൾ വീട്ടില്‍ കഴിയുവാന്‍ സാധിക്കുന്നിടത്തോളം അത് തന്നെയായിരിക്കും രോഗിക്ക് സൗഖ്യം. ശീലിച്ച മുറിയും ജനലിൽ കൂടി കാണുന്ന കാഴ്ചകളും ഒക്കെ വളരെ പ്രധാനമാകാം.

17. വിശ്വാസം തുടരട്ടെ

മതപരമായ ചടങ്ങുകളും ദൈവവിശ്വാസവും പലര്‍ക്കും പല തരത്തിലാകും. രോഗാവസ്ഥയോടുകൂടി ദൈവവുമായുള്ള ബന്ധം ചിലര്‍ക്ക് ഗാഢമാകാം; മറ്റു പലര്‍ക്കും താല്‍ക്കാലികമായെങ്കിലും ഇളക്കം തട്ടിയെന്നും വരാം. “ദൈവം എന്നോടിത് ചെയ്തല്ലോ” എന്നോ “ദൈവവും ഇല്ല, ഒന്നും ഇല്ല; ഉണ്ടെങ്കില്‍ എനിക്ക് ഇങ്ങിനെ വരില്ലായിരുന്നു”എന്നോ പറയുന്ന രോഗിയോട് “അയ്യോ, അങ്ങനെ പറയല്ലേ” എന്ന് പ്രതികരിക്കുന്നതിനെക്കാളും എത്രയോ നല്ലതാണ് അടുത്തൊരു കസേര ഇട്ട് ഇരുന്ന് അദ്ദേഹത്തിനു പറയാനുള്ളതെല്ലാം കേൾക്കുകയെന്നത്. അവിടെ നാം വിധി കര്‍ത്താവിന്‍റെ മേലങ്കി അണിയരുത്. ഒന്ന് ഉള്ളു തുറന്നു കഴിയുമ്പോള്‍, ഒന്നിച്ചൊന്നു കരയുമ്പോള്‍ ദുഃഖവും കോപവും ഒക്കെ അലിഞ്ഞ്, “അല്ലെങ്കില്‍ നമുക്ക് എന്തറിയാം; ദൈവം എന്തെങ്കിലും കരുതിയിട്ടുണ്ടാകുമെന്ന” മട്ടിലേക്ക് ചിന്ത ചായാനാണ് സാധ്യത.ഒരു ആരാധനാലയത്തില്‍ പോകണമെന്നോ മറ്റോ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കണം.

18. ജീവിതത്തിന്‍റെ അര്‍ഥം

രോഗത്തിന്‍റെ ഈ അവസ്ഥയില്‍ രോഗിക്ക് “എന്തായിരുന്നു എന്‍റെ ജീവിതത്തിന്‍റെ അർഥം?” എന്നൊക്കെ തോന്നാം. “എന്‍റെ ജീവിതം പാഴായിപ്പോയി” എന്ന തോന്നല്‍ ഈ അവസരത്തില്‍ വളരെ വേദനയുണ്ടാക്കും. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന മട്ടിലേക്ക് ആ ചിന്ത ചായാനിടയുണ്ട്. ക്ഷമയുള്ള ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ അദ്ദേഹത്തിന്‍റെ ജീവിതകഥ ഒന്നു കേള്‍ക്കാന്‍ അവസരം കൊടുത്താല്‍ സ്വയം ജീവിതത്തിന്‍റെ അർഥം ആ വ്യക്തി കണ്ടെത്തിയേക്കാം.

“അമ്മയുടെ കുട്ടിക്കാലത്തെ കഥകള്‍ പറഞ്ഞു തരൂ” എന്നോ, “എവിടെയായിരുന്നു അമ്മ താമസിച്ചിരുന്നത്” എന്ന് സാധാരണ ശൈലിയില്‍ ഒരു സംഭാഷണം തുടങ്ങിയാല്‍ രോഗിക്ക് സ്വന്തം ജീവിതകഥ പറയാന്‍ ഒരവസരം ഉണ്ടാകും. എത്രയോ വര്‍ഷം ഒന്നിച്ച് താമസിച്ചിട്ടും നമ്മള്‍ കേട്ടിട്ടില്ലാത്ത പല കാര്യങ്ങളും പുറത്ത് വരും. കേട്ട കഥയില്‍ നമുക്ക് ബഹുമാനം ജനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എടുത്ത് പറയാന്‍ മടിക്കണ്ട.

“ഒന്നുമില്ലായ്മയില്‍ നിന്നും അമ്മ ഞങ്ങളെയൊക്കെ ഈ നിലയില്‍ എത്തിച്ചില്ലെ?” എന്ന മട്ടില്‍ ഒരു പ്രസ്താവന കേള്‍ക്കുമ്പോള്‍ “അപ്പോള്‍ എന്‍റെ ജീവിതം വെറുതെയായില്ല” എന്ന് രോഗിക്കു തോന്നും. “അമ്മയുടെ സത്യസന്ധതയില്‍ എനിക്ക് അഭിമാനം തോന്നുന്നു”എന്ന ഒരു വാചകം ഒരാളിന്‍റെ ആത്മീയശക്തിയെ വളരെയേറെ ഉയര്‍ത്തിയേക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ.എം. ആർ. രാജഗോപാൽ
ചെയർമാൻ, പാലിയം ഇന്ത്യ
ഡയറക്ടർ, ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
പാലിയേറ്റീവ് സയൻസസ്, തിരുവനന്തപുരം.