Friday 08 November 2019 12:28 PM IST : By സ്വന്തം ലേഖകൻ

ശിരോധാര, തളം വയ്ക്കൽ, നസ്യം... ഡിപ്രഷന് ആയുർവേദമാണ് ബെസ്റ്റ്

depression

എന്റെ മോൾക്ക് 24 വയസ്സ്. അവൾക്കു ഡിപ്രഷൻ വന്നതിനെത്തുടർന്ന് ആറുമാസത്തോളം അലോപ്പതി മരുന്നു കഴിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നു നിർത്തിയിട്ട് ഒരു മാസം കഴിഞ്ഞു. ഇപ്പോഴും വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ഒറ്റയ്ക്കിരുന്നു കരയുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകൾ ഉണ്ടോ?

ജോസ് ജോർജ്, പത്തനംതിട്ട

A നിങ്ങളുടെ മകളുടെ വിഷാദം പൂർണമായി വിട്ടുമാറിയിട്ടില്ല എന്നാണു കത്തിൽ നിന്ന് മനസ്സിലാകുന്നത്.നമ്മുടെ സമൂഹത്തിൽ ഏതാണ്ട് 5 ശതമാനം ആളുകൾക്കു വിഷാദം ഉണ്ടെന്നാണു ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മാനസിക നിലവാരം താഴ്ന്നുപോകുകയും െെധര്യവും കാര്യങ്ങൾ ചെയ്യുവാനുള്ള താൽപര്യവും കുറയുകയും ദുഃഖകരമായ ചിന്തകൾ മനസ്സിലേക്കു തുടരെയെത്തുകയും ചെയ്യുന്ന അവസ്ഥയാണിത്.

ദിവസത്തിൽ ഏറിയ പങ്കും മനസ്സിൽ കടുത്ത വിഷമം തോന്നുന്ന അവസ്ഥ തുടർന്നുകൊണ്ടിരിക്കും. എന്തു സംഭവിച്ചാലും അതിനോടു പ്രതികരിക്കാനോ, സന്തോഷിക്കാനോ കഴിയാത്ത സ്ഥിതി, ഒരു കാര്യവും ചെയ്യാൻ താൽപര്യമില്ലായ്മ, അകാരണമായ ക്ഷീണവും ആലസ്യവും, ശരീരഭാരം കൂടുക, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, തീരുമാനങ്ങളെടുക്കാനോ പഠിക്കാനോ കഴിവില്ലായ്മ, നിരാശാബോധവും ആത്മഹത്യാചിന്തയും, നിഷ്ക്രിയാവസ്ഥ, അകാരണമായ കുറ്റബോധം, മറ്റുള്ളവർ കളിയാക്കുന്നു എന്ന തോന്നൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിഷാദത്തിൽ പാരമ്പര്യത്തിനും ഒരു പങ്കുണ്ട്. െെതറോയ്ഡ് ഹോർമോൺ, കോർട്ടിസോൾ എന്നീ ഹോർമോണുകളുടെ പ്രവർത്തനവ്യത്യാസം വിഷാദരോഗികളിൽ കാണാറുണ്ട്.

സ്വസ്ഥമായ ജീവിതസാഹചര്യങ്ങളിലുണ്ടാകുന്ന തടസ്സങ്ങളും കുടുംബ–സമൂഹബന്ധങ്ങളിലെ വിള്ളലുകളും വിഷാദം വരുത്തും. ആത്മവിശ്വാസക്കുറവും ബാല്യകാലത്തെ ദുരനുഭവങ്ങളും കാരണമാകാം. വിഷാദം കുറഞ്ഞശേഷം അവശിഷ്ടലക്ഷണങ്ങളായി (Residual Symptoms) ഉറക്കക്കുറവ്, ഉത്കണ്ഠ, മനഃപ്രയാസം, വയറുവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം. പെട്ടെന്നുണ്ടാകുന്ന വിഷാദം, ചെറുപ്രായത്തിലുണ്ടാകുന്ന–പ്രത്യേകിച്ച് ബാഹ്യകാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന–ഡിപ്രഷൻ എന്നിവ ഭേദപ്പെടാൻ എളുപ്പമാണ്. വിഷാദത്തിനു സമാനലക്ഷണങ്ങളുണ്ടാക്കുന്ന ശാരീരിക രോഗങ്ങളെന്തെങ്കിലും കുട്ടിക്കുണ്ടോ എന്നു നിർണയിക്കാനുള്ള ശാരീരികപരിശോധനകളും െെതറോയ്ഡ് ഹോർമോൺ, കരളിന്റെയും വൃക്കകളുടെ പ്രവർത്തനക്ഷമത എന്നിവ അറിയാനുള്ള ടെസ്റ്റുകളും ചെയ്യാം.

മൃദ്വീകാദികഷായം, അശ്വഗന്ധാരിഷ്ടം, ധാന്വന്തരാരിഷ്ടം, സാരസ്വതാരിഷ്ടം, സാരസ്വതചൂർണം, ശംഖപുഷ്പീചൂർണം, പഞ്ചഗവ്യഘൃതം, കല്യാണകഘൃതം, മാനസമിത്രം ഗുളിക തുടങ്ങിയ മരുന്നുകൾ വിദഗ്ധ നിർദേശത്തിൽ ഇത്തരം രോഗാവസ്ഥയിൽ പ്രയോജനപ്രദമായി കണ്ടിട്ടുണ്ട്. ക്ഷീരബലാെെതലം, പഞ്ചഗന്ധചൂർണം ചേർത്തു ശിരോധാര ചെയ്യുന്നത്, തളം വയ്ക്കുക, നസ്യം ചെയ്യുക, തലപൊതിച്ചിൽ, ശിരോവസ്തി എന്നിവ യുക്തിപൂർവം വിദഗ്ധ മേൽനോട്ടത്തിൽ ചെയ്യാം. സ്നേഹവാത്സല്യങ്ങളോടെയുള്ള പെരുമാറ്റം, നല്ല വാക്കുകൾ പറഞ്ഞു സമാശ്വസിപ്പിക്കൽ ഇവയും ആവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ.കെ.മുരളീധരൻ പിള്ള
തൃശൂർ വൈദ്യരത്നം ആയുർവേദ കോളജ്
മുൻ പ്രിൻസിപ്പലും  പ്രമുഖ ചികിത്‌സകനും.
ഇപ്പോൾ  വൈദ്യരത്നം  ആയുർവേദ
ഫൗണ്ടേഷൻെറ മെഡിക്കൽ ഡയറക്ടർ.
drkmpillai@yahoo.co.in

Tags:
  • Health Tips