Saturday 17 November 2018 05:22 PM IST

23 ആഴ്ചയുടെ വളർച്ച, 440 ഗ്രാം ഭാരം; ഇവൾ മാലാഖക്കുട്ടി, ഉറപ്പില്ലാതിരുന്നിട്ടും ദൈവം ജീവനോടെ തിരികെതന്ന പിഞ്ചോമന!

Asha Thomas

Senior Sub Editor, Manorama Arogyam

_AJI2250 ഏയ്ഞ്ചൽ അച്ഛനും അമ്മയ്ക്കുമൊപ്പം. ഫോട്ടോ: അജി ചോറ്റി

ചുരുട്ടിപ്പിടിച്ച ഇളംപിങ്കുവിരലുകളിൽ തലചായ്ച്ച് ഏതോ സുന്ദരസ്വപ്നത്തിന്റെ മധുരമുണ്ട് നേർത്തൊരു നിലാച്ചിരിയുമായി ഉറങ്ങുകയായിരുന്നു അവൾ. ഇടയ്ക്കൊന്നുറക്കം ഞെട്ടിയുണർന്നപ്പോൾ കുഞ്ഞിക്കൈ വിരലുകൾ അമ്മയ്ക്കായി പരതി.  അമ്മയെ അടുത്തുകിട്ടാഞ്ഞാകണം കുഞ്ഞു കണ്ണുകൾ ചിമ്മിത്തുറന്ന് ചുറ്റിനും പരതി.  മ്മേ.. എന്ന കിളിക്കൊഞ്ചലിലും അമ്മ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ചുണ്ടോളം വന്നൊരു പരിഭവക്കരച്ചിൽ തടഞ്ഞു.  അപ്പോഴേക്കും അമ്മ അലു അവളെ എടുത്തു മാറോടു ചേർത്തു.  

ഇവൾ ഏയ്ഞ്ചൽ ജോമി. വെറും 23 ആഴ്ചയുടെ വളർച്ചയും 440 ഗ്രാം തൂക്കവുമായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു ഭൂമിയിലേക്കു പിറന്നുവീണവൾ. 24 ആഴ്ചയ്ക്കു മുൻപ് പിറന്നുവീണ കുഞ്ഞുങ്ങൾ അതിജീവിച്ച സംഭവം  ലോകത്ത് തന്നെ  അപൂർവം.  അവൾ പിറന്നുവീണ കോട്ടയം കാരിത്താസ് ആശുപത്രിയിലെ  ഡോക്ടർമാർക്കു പോലും ഉറപ്പു പോരായിരുന്നു അവളെ രക്ഷിച്ചെടുക്കാമെന്ന്.  എല്ലാ പ്രതികൂല സാഹചര്യങ്ങളെയും  അതിജീവിച്ച ദൈവത്തിന്റെ ആ കുഞ്ഞുമാലാഖ ഭൂമിയുടെ പുത്രിയായിട്ട് ഇപ്പോൾ ഏഴു മാസം.

കാത്തിരുന്നു കിട്ടിയ കുഞ്ഞ്

കാഞ്ഞിരപ്പള്ളി സ്വദേശികളായ  അഡ്വ. ജോമി വാളിപ്ലാക്കലിന്റെയും അലു അൽഫോൻസയുടേയും ആദ്യത്തെ കുഞ്ഞാണ് ഏയ്ഞ്ചൽ. ‘‘മൂന്നു വർഷത്തെ കാത്തിരിപ്പിനുശേഷം വയറ്റിൽ കുരുത്തതാണ് ഏയ്ഞ്ചൽ. ആൺകുട്ടി വേണമെന്നോ പെൺകുട്ടി വേണമെന്നോ സ്വപ്നം കണ്ടിരുന്നില്ല. കാത്തിരുന്ന് കിട്ടിയ കുഞ്ഞല്ലേ... കേടുപാടൊന്നും ഇല്ലാതിരിക്കണമെന്നേ വിചാരിച്ചിരുന്നുള്ളു’’–അലു പറയുന്നു.

‘‘എനിക്ക്  പിസിഒഡിയും ഫൈബ്രോയിഡും ഒക്കെ ഉണ്ടായിരുന്നു. അതിന്റെ ചികിത്സകളും ചെയ്തിരുന്നു.  വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായിട്ടും കുട്ടികളായില്ല.  തുടർന്ന് കാരിത്താസ് ആശുപത്രിയിലെ ഡോ. റെജിയുടെ അടുത്ത്  ഒാവുലേഷൻ കൃത്യമാക്കാനുള്ള ചികിത്സകൾ ചെയ്തു. 2017 ജൂണിൽ ചികിത്സ തുടങ്ങി. ഒക്ടോബറിൽ ഗർഭിണിയായി. കുറച്ച് സങ്കീർണതകൾ ഉണ്ടായിരുന്നതുകൊണ്ട് മൂന്നാം മാസത്തിൽ സെർവിക്കൽ സ്റ്റിച്ച് ഇട്ടു. പിന്നീട് കഠിനമായ ജോലികളൊന്നും ചെയ്തില്ല. ഇടയ്ക്ക് അനിയത്തിയുടെ എൻഗേജ്മെന്റിന് പോയിരുന്നു. അന്ന് ചെറിയൊരു ബ്ലീഡിങ് പോലെ വന്നു. അതുകൊണ്ട് റിസ്ക് വേണ്ട എന്നുകരുതി കല്യാണത്തിനു പോയില്ല.

ഫെബ്രുവരി 21 ന് പെട്ടെന്ന് ഒരു ചെറിയ വേദനയും അസ്വാസ്ഥ്യവും തോന്നി. ഫ്ലൂയിഡ് ലീക്കായതിന്റെ ലക്ഷണം കണ്ടു. ഉടനെ തന്നെ കാരിത്താസ് ആശുപത്രിയിലെത്തി.  പരിശോധിച്ചപ്പോഴാണ് അറിയുന്നത് മൂത്രാശയ അണുബാധയുടെ ലക്ഷണമാണെന്ന്.  അണുബാധ വല്ലാതെ കൂടി  രക്തത്തിലേക്കും  കടന്നിരിക്കുന്നു. ആന്റിബയോട്ടിക്കുകൾ നൽകി അണുബാധ കുറച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. ഫ്ലൂയിഡ് ചോർന്നുപോയിട്ട് ഒരാഴ്ച ആയിരുന്നു. ഡ്രിപ് ആയി കുഞ്ഞിനാവശ്യമുള്ള പോഷകങ്ങളും മറ്റും നൽകുന്നുണ്ടെങ്കിലും ഇനിയും കുഞ്ഞിനെ ഗർഭപാത്രത്തിൽ  സൂക്ഷിക്കുക സാധ്യമല്ലായിരുന്നു. അങ്ങനെ ഫെബ്രുവരി 26ാം  തീയതി പ്രസവം നടത്താമെന്ന് തീരുമാനിച്ചു.

_ARI7813

ഗർഭപാത്രത്തിന്റെ സുരക്ഷിതത്വമില്ലാതെ

പ്രസവത്തിനു മുൻപ് നവജാതശിശുപരിചരണ വിഭാഗത്തിലെ ഡോ. സാജനെ കണ്ടു. അദ്ദേഹം കാര്യങ്ങളൊക്കെ വിശദീകരിച്ചു. കുഞ്ഞിന്റെ അവയവങ്ങളൊന്നും പൂർണ വളർച്ചയെത്തിയിട്ടില്ല.   അതുകൊണ്ടുണ്ടാകാവുന്ന  പ്രശ്നങ്ങളെന്താണെന്നു പറഞ്ഞു. കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ രക്ഷിച്ചെടുക്കാമെന്ന് ധൈര്യപ്പെടുത്തി. മാസം തികയാതെ പിറന്ന് വിജയകരമായി ജീവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കാണിച്ചു.  

അയ്യോ... വല്ലാത്തൊരു വിഷമഘട്ടമായിരുന്നു അത്. ഞങ്ങൾ സ്വപ്നം കണ്ട ആദ്യത്തെ കുഞ്ഞല്ലേ... എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും സാരമില്ല. അവളെ ഞങ്ങൾക്കു വേണമെന്നു തീരുമാനിച്ചു.  അധൈര്യപ്പെട്ടുപോകുന്ന മനസ്സിനെ  ദൈവത്തിനു വിട്ടുകൊടുത്ത്  മനമുരുകി പ്രാർഥിച്ചു. പരിചയക്കാരോടെല്ലാം വിളിച്ച് പ്രാർഥനാസഹായം തേടി. ഭർത്താവ് ജോമി ഞാൻ ആശുപത്രിയിലായപ്പോൾ മുതൽ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോഴും അദ്ദേഹം മുടങ്ങാതെ അത് തുടരുന്നു.

സാധാരണ പ്രസവം നടക്കണം. എന്തെങ്കിലും കാരണത്താൽ  പ്രസവം നടന്നില്ലെങ്കിൽ മാത്രമേ ഒാപ്പറേഷനു ശ്രമിക്കൂ എന്നു ഡോക്ടർ പറഞ്ഞിരുന്നു. 26–ാം തീയതി വൈകുന്നേരം പ്രസവിപ്പിക്കാനുള്ള മരുന്നു തന്നു.

ഫെബ്രുവരി 27... രാവിലെയായിട്ടും വേദന വരുന്നില്ല.   മനസ്സുനിറച്ച് പ്രാർഥനയുമായി കാത്തിരുന്ന് മയങ്ങിപ്പോയി. അർധരാത്രിയായപ്പോൾ ചെറിയൊരു നടുവേദന വന്നു. എന്നെ കിടത്തിയിരുന്നത്  ഹൈ റിസ്ക് പ്രഗ്നൻസിയുടെ വിഭാഗത്തിലായിരുന്നു. പെട്ടെന്നു തന്നെ ഡോക്ടർമാരെത്തി, താമസിയാതെ പ്രസവം നടന്നു.  കുഞ്ഞ് ജീവനോടെയുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ സമാധാനമായി. പക്ഷേ, ഒരുനോക്ക് കാണാനായില്ല. നേരേ എൻഐസിയുവിലേക്ക് മാറ്റി. മൂന്നു മാസം എൻഐസിയുവിലായിരുന്നു. ഇടയ്ക്ക് ശരീരഭാരം 440 ഗ്രാമിൽ നിന്നും 360 ഗ്രാം ആയി കുറഞ്ഞെന്നൊക്കെ കേട്ടു. അപ്പോഴൊന്നു പേടിച്ചെങ്കിലും പതിയെ ഭാരം കൂടിവന്നു. ആദ്യം പാൽ പിഴിഞ്ഞുകൊടുക്കുകയായിരുന്നു. അവളെ കൺനിറച്ച് കാണാം. കുഞ്ഞിക്കാലിൽ തൊടാം. എങ്കിലും ഒന്നു മാറോടു ചേർക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഭാരം കൂടി, പാൽ വലിച്ചുകുടിക്കാമെന്നായപ്പോഴാണ് ഫീഡിങ്ങിനായി കയ്യിൽ തരുന്നത്. പിറന്ന്, മൂന്നുമാസം കഴിഞ്ഞ് ആദ്യമായി അവളെ കയ്യിലെടുത്തപ്പോൾ  സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കരയുകയായിരുന്നു.

മേയ് 30ന് കുഞ്ഞിനെ നിയോനേറ്റൽ കെയറിൽ നിന്നും റൂമിലേക്കു തന്നു. ജൂൺ രണ്ടിന് ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ ശരീരഭാരം മൂന്നു കിലോ 200 ഗ്രാം ആയി.  കമിഴ്ന്നു വീണിട്ടില്ല. പക്ഷേ, ചെരിഞ്ഞുതുടങ്ങി.  കട്ടിലിന്റെ ഒരറ്റത്തു കിടത്തിയാൽ ഉരുണ്ട് ഇങ്ങേയറ്റം വരെ വരും. ഇടയ്ക്കെങ്ങാനും അവളെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടാൽ നമ്മൾ തിരിഞ്ഞുനോക്കും വരെ ഒച്ചയുണ്ടാക്കും. അവളുടെ ചിരിയും കരച്ചിലുമാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ സംഗീതം.

അദ്ഭുതങ്ങളുടെ രാവ്

_ARI7843 ഡോ. റെജി. ഡി

അലുവിനെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് 

ഡോ. റെജി ഡി. സംസാരിക്കുന്നു

മൂത്രാശയ അണുബാധയുമായാണ് അലു എത്തിയത്.  രക്തപരിശോധനയിൽ കടുത്ത അണുബാധയുടെ സൂചനയുണ്ടായിരുന്നു. ആന്റിബയോട്ടിക്കുകൾ നൽകി അണുബാധ കുറയ്ക്കാൻ ശ്രമിച്ചു. അതു വിജയിച്ചു. എന്നാൽ ഫ്ലൂയിഡ് മുഴുവൻ തന്നെ പുറത്തുപോയതിനാൽ ഡ്രിപ് ഇട്ട് ഫ്ലൂയിഡ് വർധിപ്പിക്കാൻ ശ്രമിച്ചതു ഫലിച്ചില്ല. ഈ അവസ്ഥയിൽ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ചുകൊണ്ടിരിക്കുന്നത് അപകടമാണ്. അങ്ങനെയാണ് പ്രസവത്തേക്കുറിച്ച് ചിന്തിക്കാൻ പറയുന്നത്. വെറും 23 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞാണ്. ജീവനോടെ കിട്ടുമെന്ന് അഞ്ചു ശതമാനം പോലും പ്രതീക്ഷയില്ല. അതുകൊണ്ട് വെറുതേ എന്തിനാണ് അമ്മയുടെ ശരീരത്തിൽ കത്തിവയ്ക്കുന്നത് എന്ന ചിന്തയും ഈ തീരുമാനത്തിനു പുറകിലുണ്ടായിരുന്നു. ഭാഗ്യത്തിന് താമസമില്ലാതെ പ്രസവം നടന്നു. കുഞ്ഞിനെ ജീവനോടെ കിട്ടുകയും ചെയ്തു. അപ്പോഴാണ് അടുത്ത പ്രതിസന്ധി.  അർധരാത്രി 12 മണിക്ക് പ്രസവം. കഴിഞ്ഞ് വെളുപ്പിനെ 4 മണി വരെ കാത്തിരുന്നിട്ടും പ്ലാസന്റ വന്നില്ല.  അത് ഗർഭപാത്രവുമായി ഒട്ടിച്ചേർന്നിരിക്കുകയാണ്. പ്ലാസന്റ പുറത്തെടുക്കുകയേ വഴിയുള്ളു. ഇങ്ങനെ എടുക്കുമ്പോൾ അമിതരക്തസ്രാവത്തിനു സാധ്യത കൂടുതലാണ്. പക്ഷേ, അന്നത്തെ രാത്രി അദ്ഭുതങ്ങളുടേതായിരുന്നു. യാതൊരു പ്രശ്നവുമില്ലാതെ പ്ലാസന്റ പുറത്തെടുത്തു. ’’

ഒരു നിയോനേറ്റൽ വിജയഗാഥ

ഏയ്ഞ്ചലിനെ പരിചരിച്ച കാരിത്താസ് ആശുപത്രിയിലെ നിയോനേറ്റൽ വിഭാഗം ഡോ. സാജൻ തോമസ് പറയുന്നു.

‘‘ 24 ആഴ്ചയിൽ താഴെ പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അഞ്ചു മാസം പൂർത്തിയായതേയുള്ളു. കുഞ്ഞിന്റെ അവയവങ്ങളൊന്നും പൂർണ വളർച്ച എത്തിയിരുന്നില്ല. 440 ഗ്രാം തൂക്കമേയുള്ളു. അതായത് നമ്മുടെ ഉള്ളംകയ്യിൽ കൊള്ളുന്നത്ര മാത്രം. കാൽപാദങ്ങൾ മാത്രം പുറത്തേക്കു തള്ളിനിൽക്കും. അവിടെ നിന്നാണ് അവൾ പിടിച്ചുകയറിവന്നത്.

 മാനദണ്ഡങ്ങളനുസരിച്ച് 22 ആഴ്ചയ്ക്ക് താഴെ പിറക്കുന്ന കുഞ്ഞിന്റെ ജീവൻ കൃത്രിമമാർഗങ്ങൾ ഉപയോഗിച്ച് നിലനിർത്താൻ ശ്രമിക്കരുതെന്നാണ്. പാർശ്വഫലങ്ങൾക്കു സാധ്യത കൂടുതലാണ്. 22–23 ആഴ്ചയ്ക്ക് ഇടയിലാണെങ്കിൽ മാതാപിതാക്കൾക്ക് കൗൺസലിങ് കൊടുത്ത്, അപകടസാധ്യതകളെല്ലാം ബോധ്യപ്പെടുത്തി, അവർക്കു സമ്മതമാണെങ്കിൽ കൃത്രിമമാർഗങ്ങളുപയോഗിക്കാം.

കുഞ്ഞുണ്ടായി ആദ്യത്തെ ദിവസം വെന്റിലേറ്റർസി–പാപ്പ് സപ്പോർട്ട് നൽകി. 10–15 ദിവസം കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ ഭാരം 440 ഗ്രാമിൽ നിന്നും 360 ഗ്രാമായി കുറഞ്ഞു.  മാസംതികയാതെ പിറക്കുന്ന കുട്ടികളിൽ ഇതു  സാധാരണമാണ്.    

രണ്ടു രീതിയിലാണ് കുഞ്ഞിന് പോഷകങ്ങൾ നൽകിയിരുന്നത്.  അമിനോ ആസിഡുകളും പ്രോട്ടീനും, ഗ്ലൂക്കോസും ഇലക്ട്രോലൈറ്റുകളുമെല്ലാം ഞരമ്പുകളിലേക്ക് നേരിട്ട് (ഇൻട്രാവെനസ്) നൽകി.  24 മണിക്കൂറും തുടരുന്ന പ്രക്രിയയാണിത്.  പാരന്ററൽ ന്യൂട്രീഷൻ എന്നാണ് ഇതിനു പറയുന്നത്.  ഗ്യാസ്ട്രിക് ഫീഡിങ് ആണ് രണ്ടാമത്തേത്. മൂക്കിലൂടെ ഒരു വളരെ ചെറിയ ട്യൂബ് കടത്തി ആമാശയത്തിലേക്ക് ബന്ധിപ്പിച്ച് അതിലൂടെ മുലപ്പാൽ നൽകുന്നു.  പതിയെ പാരന്ററൽ ന്യൂട്രീഷൻ കുറച്ചുകൊണ്ടുവരുകയും ഗ്യാസ്ട്രിക് ഫീഡിങ് കൂട്ടിക്കൊണ്ടുവരുകയുമാണ് ലക്ഷ്യം.  കി.ഗ്രാമിന് 20 മി.ലീ എന്ന നിരക്കിലാണ് ഫീഡിങ് തുടങ്ങുക. സാവധാനം 10–15 മി.ലീറ്റർ വീതം കൂട്ടിക്കൊണ്ടുവരും.  

രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും 1.1 കി.ഗ്രാം ശരീരഭാരം ആയി. പാൽ വലിച്ചുകുടിക്കാൻ അത്യാവശ്യം സാധിച്ചിരുന്നു. ആ സമയത്ത് കംഗാരു മദർ കെയർ നൽകി. കുഞ്ഞിനെ അമ്മയുടെ നെേഞ്ചാടു ചേർത്തുകിടത്തുന്ന രീതിയാണിത്. ഇടയ്ക്ക് മുലപ്പാലും നൽകണം.  എങ്കിലും ട്യൂബ് ഫീഡിങ് തുടർന്നുപോന്നിരുന്നു. 1.2 കി.ഗ്രാം ആയപ്പോഴേക്കും പാലഡൈ ഫീഡിങ് (Paladai feeding) ആരംഭിച്ചു. പരമ്പരാഗത രീതിയിലുള്ള ഒരുതരം ചെറിയ സ്പൂണാണ് ഇതിനുപയോഗിക്കുക. പാലഡെയിൽ മുലപ്പാലെടുത്ത് ഇടുങ്ങിയ അഗ്രഭാഗം വഴി കുഞ്ഞിനു നൽകുന്നു. കാലറി വർധിപ്പിക്കാൻ ഫോർട്ടിഫയർ കൂടി ചേർക്കും.

_ARI7856 ഡോ. സാജൻ തോമസ്

അവയവങ്ങൾക്ക് പ്രത്യേക ചികിത്സ

വൈകല്യങ്ങളില്ലാതാണ് ജനിച്ചതെങ്കിലും അവയവങ്ങളുടെ വളർച്ച പൂർത്തിയായിരുന്നില്ല. അതിനെല്ലാം വെവ്വേറേ ചികിത്സ നൽകി. നിയോനേറ്റൽ ടീമിനൊപ്പം കാർഡിയോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരും  ചേർന്നാണ് ചികിത്സ നടത്തിയിരുന്നത്.  

കാഴ്ച കൃത്യമാക്കാൻ ലേസർ ചെയ്തു.  മാസംതികയാതെ പിറക്കുന്ന കുട്ടികളിൽ സാധാരണമായുള്ള പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (Patent Ductus Arteriosus)  എന്ന ഹൃദയത്തിൽ ദ്വാരമുള്ള അവസ്ഥ ഈ കുഞ്ഞിനും ഉണ്ടായിരുന്നു. അതും സുഖമാക്കി. എട്രിയൽ സെപ്റ്റൽ ഡിഫക്റ്റ് എന്ന ഹൃദയത്തിൽ സുഷിരമുള്ള അവസ്ഥ കൂടി മാറാനുണ്ട്. അത് തനിയെ മാറും.

മാസംതികയാത്ത കുട്ടികളിൽ അണുബാധ തടയേണ്ടതു പ്രധാനമാണ്, ദുഷ്കരവുമാണ്.  അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാര്യത്തിൽ ഇരട്ടി ശ്രദ്ധ വേണ്ടിയിരുന്നു. കുഞ്ഞിന്റെ അമ്മയെ പോലും നേരിട്ടു കുട്ടിയെ തൊടാൻ അനുവദിച്ചിരുന്നില്ല ആദ്യം.  എങ്ങനെ ഗൗണും മാസ്കും ധരിക്കണം, കൈ കഴുകണം എന്നൊക്കെ പരിശീലിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ആദ്യമായി കയ്യിൽ നൽകിയത്.  

ലെവൽ 3 എൻഐസിയുവാണ് കാരിത്താസിലേത്. എത്ര നേരത്തേ പിറന്ന കുട്ടികളേയും പരിചരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. ലെവൽ 2 ആണെങ്കിൽ 34 ആഴ്ചയ്ക്കു മുകളിലുള്ള കുട്ടികളെ മാത്രം പരിചരിക്കാനുള്ള സംവിധാനമേ കാണൂ. ഈ സാങ്കേതിക സംവിധാനങ്ങളോടൊപ്പം മികച്ച ഒരു നിയോനേറ്റൽ ടീമിന്റെ കൂടി കഠിനപരിശ്രമമാണ്് ഏയ്ഞ്ചലിന്റെ അതിജീവനത്തിനു പിന്നിൽ.

ചെറിയൊരു ഉദാഹരണം പറയാം.  പിഞ്ചുകുഞ്ഞുങ്ങളിൽ  കൈയിലെയോ കാലിലെയോ ഞരമ്പിൽ ഐവി (പെരിഫറൽ ഐവി) ഇടാൻ ബുദ്ധിമുട്ടാണ്. പകരം പൊക്കിൾക്കൊടി മുറിച്ച് ഒരു കതീറ്റർ കടത്തിയാണ് ഐവി കൊടുക്കുന്നത്. ഇതിനു സെൻട്രൽ ലൈൻ ഐവി എന്നു പറയും.  ഈ രീതിയിൽ അണുബാധയ്ക്കുള്ള സാധ്യത വളരെയധികമാണ്. ചെറിയൊരു അണുബാധ പോലും മാസം തികയാതെ പിറക്കുന്ന കുട്ടികളിൽ ജീവനു ഭീഷണിയാണെന്നോർക്കണം.  ഏയ്ഞ്ചലിന്റെ കാര്യത്തിൽ ഞങ്ങളുടെ ടീമിലെ നഴ്സുമാർ വിജയകരമായി പെരിഫറൽ ലൈൻ വഴി ഐവി നൽകി.

ഡിസ്ചാർജ് ചെയ്തെങ്കിലും കൃത്യമായ ഫോളോ അപ് ആവശ്യമാണ്. പേശീസംബന്ധമായ ശേഷികൾ, സാമൂഹികവും ഭാഷാപരവുമായ ശേഷികൾ എന്നിവ കൃത്യമാണെന്നുറപ്പു വരുത്തണം. പോഷകങ്ങൾ ആവശ്യത്തിനു ലഭിച്ചാലേ വളർച്ചയിൽ പുരോഗതിയുണ്ടാകൂ. അയൺ, മൾട്ടിവൈറ്റമിനുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ടോ എന്നു നോക്കണം. ഇതുവരെയുള്ള കുഞ്ഞിന്റെ വളർച്ചയിൽ ഞങ്ങൾ തൃപ്തരാണ്.  സ്ഥായിയായ വളർച്ചയാണ്. നല്ല പുരോഗതിയുമുണ്ട്.’’ ഡോ. സാജൻ പറയുന്നു

ഫോട്ടോയ്ക്കായി കുഞ്ഞ് ഏയ്ഞ്ചലിനെ എടുത്തപ്പോ ൾ ഉറക്കം ഞെട്ടി അവൾ ഒന്നനങ്ങി. കയ്യും കാലും കുടഞ്ഞ് അമ്മയോടു പ്രതിഷേധിച്ചു. അവൾക്കായി എന്നും പാടുന്ന ആ താരാട്ട് ...നന്മ നിറഞ്ഞവളെ...കന്യാമറിയമേ...മൂളിയപ്പോൾ കുഞ്ഞിക്കണ്ണുകൾ അമ്മയുടെ മുഖത്തൂന്നി അവൾ ശാന്തയായി....