Friday 12 July 2019 10:28 AM IST

മധുരത്തിന് ഗെറ്റ് ഔട്ട്! പുളികുറഞ്ഞ തൈരും സാലഡും ഡയറ്റ് സീക്രട്ട്; ഭാമയെ സുന്ദരിയാക്കുന്നത് ഈ രഹസ്യം

Asha Thomas

Senior Sub Editor, Manorama Arogyam

bhama

ഒരു ഒാണക്കാലത്ത് നിവേദ്യം എന്ന സിനിമയിലൂടെ മലയാളസിനിമയ്ക്കു ലഭിച്ചതാണ് ഭാമ എന്ന തുമ്പപ്പൂവു പോലുള്ള സുന്ദരി. നീണ്ട മുടി മുറിച്ച് ക്യൂട്ടായതല്ലാതെ, താമരനൂലു പോലെ നേർത്തുവന്നതല്ലാതെ ആ സൗന്ദര്യത്തിനു തെല്ലും മങ്ങലില്ല. തന്റെ ഭക്ഷണ–ആരോഗ്യ– സൗന്ദര്യ രഹസ്യങ്ങൾ ഭാമ പങ്കുവയ്ക്കുന്നു...

രാസവസ്തുക്കൾ കുറച്ചുമതി

സൗന്ദര്യം കൂട്ടാൻ കൃത്രിമക്കൂട്ടുകളുടെ പിറകേ പോകാത്തതാണ് നല്ലത്. ഞാൻ ഫേഷ്യൽ പോലും ചെയ്യാറില്ല. പതിവായി ചെയ്യുന്നത് ഒാക്സിപീൽ മാത്രമാണ്. അത് ഡെർമറ്റോളജിസ്റ്റ് നിർേദശിച്ചതാണ്. ഒാക്സിജനും ജലവും ത്വക്കിലേക്ക് കടത്തിവിട്ട് ത്വക്കിനു തിളക്കം കൂട്ടുന്നു പുറത്തുപോയാലും ഇല്ലെങ്കിലും എന്നും സൺസ്ക്രീൻ നിഷ്ഠയോടെ പുരട്ടാറുണ്ട്. മോയിസ്ചറൈസിങ് ക്രീം, ചുണ്ടു വരളാതിരിക്കാൻ ലിപ് ബാം. ഇത്രയുമാണ് പതിവായി ഉപയോഗിക്കുന്നത്. ഹെവി മേക്കപ്പിനോട് ഒരു ഇഷ്ടക്കേടുണ്ട്. ചടങ്ങുകൾക്കൊക്കെ പോകുമ്പോൾ പുരികമൊന്ന് മിനുക്കും. മോയിസ്ചറൈസർ സ്പ്രേ അ ടിക്കും. ഡ്രസ്സിനു ചേരുന്ന ഏതെങ്കിലും ബ്രൈറ്റ് കളർ ലിപ്സ്റ്റിക് ഇടും. തീർന്നു... ഫ്രീ ആയി... കൂളായി നടക്കാം.

വെളിച്ചെണ്ണ മസാജ്

മുഖത്ത് സോപ്പ് തൊടില്ല. ഡെർമറ്റോളജിസ്റ്റ് നിർദേശിച്ചിട്ടുള്ള ഫെയ്സ് വാഷ് ആണ് ഉപയോഗിക്കുന്നത്. പുറത്തൊക്കെ പോയി ചർമം കരുവാളിച്ചാൽ തൈരും കടലമാവും യോജിപ്പിച്ച് മുഖത്തുപുരട്ടി കഴുകിക്കളയും. രണ്ടു ദിവസം കൂടുമ്പോൾ മുഖത്ത് നന്നായി വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ച് ഫെയ്സ് വാഷിട്ട് കഴുകും. ഇത് ചർമത്തിനു നല്ല തിളക്കം നൽകും. രണ്ടു മൂന്നു ദിവ സം കൂടുമ്പോൾ തലയോട്ടിയിലും എണ്ണ പുരട്ടി മസാജ് ചെയ്ത് ഷാംപൂവിട്ട് കഴുകും. ആയുർവേദിക് ഷാംപൂവാണ് ഉപയോഗിക്കാറ്.

പുളി കുറഞ്ഞ തൈരും സാലഡും

bhama-1

ശുദ്ധ സസ്യഭുക്കായിരുന്നു, രണ്ടുവർഷം മുൻപു വരെ. ഇപ്പോൾ വല്ലപ്പോഴും മീൻ കഴിക്കും. ചോറും നാടൻ കറികളുമാണ് ഇഷ്ടം. കൃത്യസമയത്ത് കഴിക്കാൻ ശ്രമിക്കുമെന്നൊഴിച്ചാൽ ഡയറ്റ് നിയന്ത്രണമില്ല. മധുരത്തോട് പണ്ടേ താൽപര്യമില്ല. വിദേശങ്ങളിലൊക്കെ പോയാൽ കേരളഭക്ഷണം കിട്ടുമോ എന്നാണ് ആദ്യം നോക്കുക. അതില്ലെങ്കിൽ അടുത്ത് ഒപ്ഷൻ മെക്സിക്കൻ ഫുഡാണ്. അൽപം എരിവു കൂടിയ മെക്സിക്കൻ രുചികളോട് എനിക്കു വലിയ ഇഷ്ടമാണ്.

തൈരാണ് എന്റെ ബ്യൂട്ടി ഡയറ്റെന്നു പറയാം. അധികം പുളിയില്ലാത്ത തൈര് ചർമത്തിനു നല്ലതാണ്. എണ്ണയിൽ വറുത്ത സ്നാക്കുകളൊന്നും പതിവില്ല. പകരം രാവിലെയും രാത്രിയിലുമൊക്കെ സാലഡുകൾ കഴിക്കും. പക്ഷേ, ഇപ്പോഴത്തെ വാർത്തകൾ കണ്ടാൽ പച്ചക്കറി വിശ്വസിച്ച് എങ്ങനെ വാങ്ങും?. കോട്ടയത്തെ അയ്മനത്തുള്ള സ്വന്തം സ്ഥലത്ത് വിഷമിടാത്ത പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. വിഷരഹിത പച്ചക്കറി മറ്റുള്ളവർക്കു കൂടി നൽകണമെന്നാണാഗ്രഹം.

കൊച്ചുകൊച്ചു സന്തോഷങ്ങൾ

നല്ല ഭക്ഷണം കഴിക്കുക, സമാധാനത്തോടെ ഉറങ്ങാനാവുക. അത് പ്രധാനമാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാളാണ് ഞാൻ. ഗാർഡനിങ് ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനിങ് കോഴ്സ് ചെയ്തിരുന്നു. വീടു പണിതപ്പോൾ അതിന്റെ ഇന്റീരിയർ ഞാനാണ് ഡിസൈൻ ചെയ്തത്. ഇടയ്ക്ക് യാത്രകൾ പോകും. പണ്ടത്തെ ഞാൻ ഇങ്ങനെയായിരുന്നില്ല. ചെറിയ കാര്യങ്ങളിൽ പോലും വല്ലാത്ത ടെൻഷൻ ആയിരുന്നു. ഇപ്പോൾ വ്യക്തികളിലാണെങ്കിലും നല്ലത് കണ്ടറിഞ്ഞ് അതിനെ ഇഷ്ടപ്പെടാനാണ് ശ്രമിക്കുക. അപ്പോൾ ഒന്നിലും പരാതി തോന്നില്ല. വിവാഹകാര്യങ്ങളൊക്കെ വീട്ടുകാരെ ഏൽപിച്ചിരിക്കുകയാണ്. ഇപ്പോൾ എല്ലാ കാര്യങ്ങളും തനിച്ചാണ് ചെയ്യുന്നത്. സ്വയം തീരുമാനമെടുക്കുന്നു, ജീവിതം സ്വന്തമായി ഡിസൈൻ ചെയ്യുന്നു. ഇങ്ങനെ സ്വതന്ത്രമായി നിൽക്കുന്നതിന് ഒരു സുഖമുണ്ട്.

bhama-2

നെഗറ്റീവ് മൂഡ് ‘ഔട്ട് ’

പണ്ട് എളുപ്പം ദേഷ്യം വരുമായിരുന്നു. പെട്ടെന്ന് മൂഡ് മാറും. ഇപ്പോൾ അത്തരം നെഗറ്റീവ് വികാരങ്ങളെ രണ്ടു മിനിറ്റിനപ്പുറത്തേക്ക് കടക്കാൻ അനുവദിക്കില്ല. മൂഡിയാകുന്നു എന്നു തോന്നിയാൽ സുഹൃത്തുക്കളെ കൂട്ടി വണ്ടിയെടുത്തു നൈറ്റ് ഡ്രൈവിനു പോകും. പാട്ടുകേട്ട് രാത്രിയിലെ നഗരക്കാഴ്ചകളും വെളിച്ചവും കണ്ട് മനസ്സ് തണുത്ത് തിരികെ വരും. എവിടെ പോയാലും കുടുംബവും സുഹൃത്തുക്കളും ചേർന്ന ആ കംഫർട്ട് സോൺ മതി എനിക്ക് കൂട്ടിന്.

Tags:
  • Celebrity Interview
  • Diet Tips