Friday 26 March 2021 05:28 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കോവിഡ് വാക്സീൻ എടുത്തവർക്ക് രക്തം ദാനം ചെയ്യാമോ?

covidbloode324

വാക്സിനേഷൻ എടുത്തവർക്ക് രക്തം ദാനം ചെയ്യാമോ എന്ന ചോദ്യം പലരും ചോദിച്ചു കേൾക്കാറുണ്ട്. രക്തദാതാവിനെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് വാക്സിനേഷനുകൾക്ക് നിശ്ചിത കാലയളവ് പറയാറുണ്ട്. കോവിഡ് വാക്സീനിന്റെ കാര്യത്തിൽ, വാക്സിനേഷൻ രണ്ടാമത്തെ ഡോസും കഴിഞ്ഞ് 28 ദിവസത്തിനു ശേഷമേ രക്തം ദാനം ചെയ്യാവൂ എന്നാണ് നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ മാർഗനിർദേശത്തിൽ പറയുന്നത്. അതായത് ആദ്യത്തെ വാക്സീൻ ഡോസ് എടുത്ത് 56 ദിവസത്തിനു ശേഷമേ രക്തദാനം ചെയ്യാവൂ. കോവിഡിന്റെ ഇൻക്യുബേഷൻ പീരിയഡ് 14 ദിവസമാണ്. അതു കൂടി കണക്കിലെടുത്താണ് 28 ദിവസം നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു ഡോസായാണ് കോവിഡ് വാക്സിനേഷൻ നൽകുന്നത്. ആദ്യത്തെ ഡോസ് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ്. രണ്ടാമത്തെ ഡോസിനു ശേഷം രണ്ടാഴ്ച കൂടി കഴിയുന്നതോടെ കോവിഡിനെതിരെ പൂർണമായ പ്രതിരോധം കൈവരും.

കോവിഡ് വന്നു ഭേദമായവർക്കു രക്തം ദാനം ചെയ്യുന്നതിൽ തടസ്സമില്ല. കോവിഡ് നെഗറ്റീവ് ആയി 28 ദിവസം കൂടി കഴിഞ്ഞ ശേഷമേ അവർ രക്തദാനം ചെയ്യാവൂ എന്നുമാത്രം. വാക്സീൻ എടുത്തവർ മറ്റുള്ളവരിൽ നിന്നു രക്തം സ്വീകരിക്കുന്നതിൽ പ്രത്യേകിച്ച് തടസ്സമൊന്നുമില്ല.

Tags:
  • Manorama Arogyam
  • Health Tips