Monday 04 January 2021 01:07 PM IST : By സ്വന്തം ലേഖകൻ

കോവിഡ് കാലത്ത് മരണപ്പെട്ടവരില്‍ കൂടുതലും രക്തസമ്മര്‍ദമുള്ളവർ: ബിപി നിശബ്ദനായ കൊലയാളി

covid-and-bp

ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരില്‍ ഏതാണ്ടു 90 ശതമാനം രോഗികളും തീവ്രപരിചരണവിഭാഗത്തില്‍ അകപ്പെടുമ്പോഴാണ് തങ്ങള്‍ക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീര്‍ണതകളെയും പറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍വച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങള്‍ക്കു വര്‍ധിച്ച കൊളസ്ട്രോളും അമിതരക്തസമ്മര്‍ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസ്സിലാക്കുന്നത്. ഈ രോഗാതുരതകള്‍ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാപദ്ധതികളും പ്രതിരോധമാര്‍ഗങ്ങളും ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താനകപ്പെട്ട മാരകാവസ്ഥയില്‍ നിന്നു രക്ഷപ്പെട്ടു നില്‍ക്കാമായിരുന്നുവെന്ന് വ്യാകുലപ്പെട്ട് അവര്‍ തളരുന്നു.

എന്നാല്‍ ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലില്‍ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുമ്പോള്‍, ജീവനെ താങ്ങി നിര്‍ത്തുന്ന പല സുപ്രധാന ഘടകങ്ങളെയും പറ്റി ഒാര്‍ക്കാന്‍ ആര്‍ക്കു സമയമിരിക്കുന്നു. മുൻപ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോള്‍ കോവിഡ്–19 െെവറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തില്‍ രോഗങ്ങളോടുള്ള ഭയം അമിതമായി വര്‍ധിക്കുന്നതായി കാണുന്നത്. എന്നാല്‍ ചില യാഥാര്‍ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്–19 രോഗബാധ മൂലമല്ല ലോകത്ത് കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതെന്ന് ഒാര്‍ക്കണം.

പ്രതിദിനം ലോകത്താകമാനമായി ഏകദേശം ഒന്നര ലക്ഷം പേരാണ് ആകെ മരണപ്പെടുന്നതെന്നാണ് കണക്ക്. ഇതില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ മരണപ്പെടുന്നത് ഇപ്പോഴും ഹൃദയധമനീരോഗങ്ങള്‍ കൊണ്ടുതന്നെ (48,742). അതുകഴിഞ്ഞാല്‍ അര്‍ബുദം (26,181). പിന്നെ വിവിധ ശ്വാസകോശരോഗങ്ങള്‍ (10,724). അതിനു പിന്നില്‍ മറവിരോഗം, ആമാശയത്തിലെ രോഗങ്ങള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയാണ്. ഈ കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ കോവിഡ്–19 ബാധമൂലം പ്രതിദിനം 7500ഒാളം പേരാണ് ഇപ്പോഴത്തെ അവസ്ഥയില്‍ മരണമടയുന്നത്.

ഹൃദ്രോഗം പ്രതിരോധിക്കാം

ഹൃദ്രോഗസാധ്യതയും അതേത്തുടര്‍ന്നുള്ള മരണവും പിടിയിലൊതുക്കാന്‍ ഏറ്റവും മെച്ചം പ്രതിരോധമാര്‍ഗങ്ങളാണോ ചികിത്സാപദ്ധതികളാണോ എന്നതിനെപ്പറ്റി ചര്‍ച്ചകളും പഠനങ്ങളും തുടങ്ങിയിട്ട് ദശകങ്ങളായി. ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തില്‍ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണം കൊണ്ടു മാത്രമാണെന്നു കണ്ടെത്തി.

ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40–50 ശതമാനത്തോളം സംഭവിക്കുന്നത് നേരത്തെ രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലാണെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെ തന്നെ കണ്ടുപിടിച്ച് പ്രാഥമിക പ്രതിരോധനടപടികള്‍ (െെപ്രമറി പ്രിവന്‍ഷന്‍) നടത്തുക തികച്ചും അന്വര്‍ഥമാണ്. അതിനു പ്രധാനമായി അഞ്ചു കാരണങ്ങളാണുള്ളത്:

1. അനേകരെ കൊന്നൊടുക്കുന്ന സാധാരണവും ഭീതിദവുമായ ഒന്നായി മാറിക്കഴിഞ്ഞു ഹൃദ്രോഗം.

2. സമുചിതവും കര്‍ക്കശവുമായ ജീവിതവീക്ഷണക്രമീകരണങ്ങള്‍ കൊണ്ടും കൃത്യവും സ്ഥിരവുമായ വ്യായാമമുറകള്‍ കൊണ്ടും നിയന്ത്രിക്കാവുന്നതാണ് ഈ രോഗം.

3. രോഗം വന്നുപെട്ടാല്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും.

4. രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഹാര്‍ട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവു ഹ്രസ്വമാണ്.

5. ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന പൊതുവായ ജരിതാവസ്ഥ ഗുരുതരമായാല്‍ ശാശ്വതപരിഹാരമില്ല.

രോഗാതുരതയിലേക്കു വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങളെ കാലേകൂട്ടി തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പ്രവണത ഇന്നു നന്നേ കുറവാണ്. അതിനു തുനിയുന്ന ഭിഷഗ്വരന്മാരും വിരളം. ആന്‍ജിയോപ്ലാസ്റ്റിയും െെബപ്പാസ് സര്‍ജറിയുമെല്ലാം ഗുരുതരമായ രോഗാവസ്ഥയ്ക്കുള്ള ചികിത്സ മാത്രമാണ്. രോഗിയില്‍ രൂഢമൂലമായിരിക്കുന്ന സമൂലമായ രോഗാതുരതയ്ക്കുള്ള ശാശ്വത പരിഹാരമല്ല ഇവയെന്നോര്‍ക്കേണ്ടതുണ്ട്.

ബിപി അമിതമാകരുത്

കോവിഡ്–19 വ്യാപനകാലത്ത് മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനം അമിത രക്തസമ്മര്‍ദമുള്ളവരാണ്. അമിതരക്തസമ്മര്‍ദം സമുചിതമായി നിയന്ത്രിക്കാതിരുന്നാല്‍ ഹാര്‍ട്ട് അറ്റാക്ക്, ഹൃദയപരാജയം, സ്ട്രോക്ക്, വൃക്കപരാജയം, അന്ധത, മറവിരോഗം തുടങ്ങിയ രോഗാവസ്ഥകളിലേു രോഗിയെ എത്തിക്കുന്നു. പ്രഷര്‍ ചികിത്സയ്ക്കായി വിപണിയില്‍ നിരവധി മരുന്നുകള്‍ സുലഭമാണെങ്കിലും പ്രതിരോധമാര്‍ഗങ്ങളിലൂടെ ഈ ‘നിശ്ശബ്ദകൊലയാളി’യുടെ പിടിവിട്ട് നില്‍ക്കുന്നതുതന്നെ ഉചിതം. അതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍:

1. സമീകൃതാഹാരം കഴിക്കുക. കറിയുപ്പ് കുറഞ്ഞ, ഇന്തുപ്പ് കൂടുതലുള്ള ഭക്ഷണമുറകള്‍ക്കു പ്രാമുഖ്യം കൊടുക്കുക.

2. കൃത്യവും ഊര്‍ജസ്വലവുമായ എയ്റോബിക് വ്യായാമമുറകള്‍ പരിശീലിക്കുക (നടത്തം, ജോഗിങ്, െെസക്ലിങ്, നീന്തല്‍, ഡാന്‍സിങ്). ദിവസേന കുറഞ്ഞത് 30–45 മിനിറ്റ് വ്യായാമം ആഴ്ചയില്‍ ആറു ദിവസമെങ്കിലും ചെയ്യുക.

3. ശരീരഭാരം സന്തുലിതമാക്കുക. ബിഎംെഎ 25ല്‍ താഴെ നിലനിര്‍ത്തണം. 25ല്‍ കൂടിയാല്‍ അമിതഭാരവും 30ല്‍ കൂടിയാല്‍ അപകടകരമായ ദുര്‍മേദസ്സുമായി. പൊക്കവും ഭാരവും തമ്മിലുള്ള അനുപാതമാണ് ബോഡി മാസ് ഇന്‍ഡക്സ്.

4. മദ്യം ഒഴിവാക്കുക. സ്ഥിരമായി മദ്യം കഴിക്കുന്നവരിൽ രക്തസമ്മർദം അമിതമാകുന്നു,

5. പുകവലി നിർത്തുക. പുകവലിക്കുമ്പോൾ രക്തസമ്മര്‍ദം കുതിച്ചുകയറുന്നു.

6. സ്ട്രെസ്സ് നിയന്ത്രിക്കപ്പെടാതിരുന്നാല്‍ സ്ഥിരമായ അമിതരക്തസമ്മര്‍ദമാണ് ഫലം. സ്ട്രെസ് മാ േനജ്മെന്റ് തെറപ്പി ഏറെ പ്രധാനം. ദിവസേന 7–8 മണിക്കൂര്‍ ഉറങ്ങണം. ഉറക്കക്കുറവ് പ്രഷര്‍ വര്‍ധിക്കുന്നതിനുള്ള കാരണമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജോർജ് തയ്യിൽ

സീനിയർ കൺസൽറ്റന്റ്
കാർഡിയോളജി വിഭാഗം
ലൂർദ് ഹോസ്പിറ്റൽ
കൊച്ചി