Tuesday 08 June 2021 10:53 AM IST : By സ്വന്തം ലേഖകൻ

ആദ്യലക്ഷണമായി അപസ്മാരം വരാം; വിഴുങ്ങാൻ പ്രയാസം വരാം, നടക്കുമ്പോൾ ബാലൻസ് പോകാം: ബ്രെയിൻ ട്യൂമറിന്റേതാകാം ഈ സൂചനകൾ

brainvidr345

തലച്ചോറിൽ പല തരത്തിലുള്ള മുഴകൾ വളരാറുണ്ട്. ഇവയുടെ സ്വഭാവം ഓരോരുത്തരിലും ഓരോ രീതിയിലായിരിക്കും. വളരുന്ന വലിയ മുഴകളും തികച്ചും അപകടരഹിതമായ, ഒട്ടും തന്നെ വളരാത്ത അൽപ്പം പോലും രോഗലക്ഷണമുണ്ടാക്കാത്ത മുഴകളും ഉണ്ട്. രോഗിയുടെ പ്രായത്തിനനുസരിച്ച് പല പ്രായത്തിലും പല തരത്തിലുള്ള മുഴകളാണ് തലച്ചോറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു തലവേദന വന്നാൽ പോലും ട്യൂമർ സംശയിക്കുന്നവരുണ്ട്. എന്നാൽ തലച്ചോറിനെ സാധാരണയായി ബാധിക്കുന്ന തലവേദനയുമായി തട്ടിച്ചു നോക്കുമ്പോൾ തലച്ചോറിൽ വരുന്ന മുഴകൾ വളരെ അപൂർവ്വമാണ്.

തലച്ചോറിലെ മുഴകളുടെ രോഗനിർണ്ണയം ബുദ്ധിമുട്ടിലാക്കുന്നത് രോഗലക്ഷണങ്ങൾ പലരിലും പല തരത്തിലാണ് എന്നുള്ളതാണ്. ഒരേ വ്യക്തിയിൽ തന്നെ മുഴകൾ ഉണ്ടാക്കുന്ന രോഗലക്ഷണങ്ങൾ രോഗത്തിന്റെ ഓരോ അവസ്ഥയിലും വ്യത്യസ്തമായിട്ടുള്ളതായിരിക്കും. മുഴകൾ ഏതു പ്രായത്തിൽ പ്രത്യക്ഷപ്പെടുന്നോ തലച്ചോറിന്റെ ഏതു ഭാഗത്തു പ്രത്യക്ഷപ്പെടുന്നോ എത്ര പെട്ടെന്നു വളരുന്നു തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗലക്ഷണങ്ങൾ കാണുക.

ലക്ഷണങ്ങൾ, പലരിലും പലത്

ശരീരത്തിന്റെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണല്ലോ. അതുകൊണ്ടുതന്നെ തലച്ചോറിന്റെ ഏതു ഭാഗത്താണ് മുഴകൾ പ്രത്യക്ഷപ്പെടുന്നത്, ആ ഭാഗം കൈകാര്യം ചെയ്തുകൊണ്ടിരുന്ന പ്രത്യേക പ്രവൃത്തികൾ വേണ്ട രീതിയിൽ രോഗിക്ക് ചെയ്യാൻ പറ്റാതെ വരുന്നു. ഇത്തരത്തിൽ ഏതെങ്കിലുമൊരു പ്രവൃത്തിയിൽ വീഴ്ച വരുമ്പോഴാണ് ആ പ്രവൃത്തി നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രത്യേക ഭാഗത്ത് ഒരസുഖമുണ്ട് അല്ലെങ്കിൽ ഒരു മുഴയുണ്ട് എന്ന് സംശയിക്കുന്നത്.

ഉദാഹരണത്തിന് 8-ാമത്തെ ഞരമ്പിന്റെ പ്രവർത്തനം കേൾവിക്ക് ഏറ്റവും ആവശ്യമാണ്. 8-ാമത്തെ ഞരമ്പിൽ മുഴ വരുമ്പോൾ പതുക്കെ പതുക്കെ കേൾവിശക്തി കുറയുന്നു. കേൾവിക്കുറവിന്റെ കാരണം കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോഴാണ് മുഴ തിരിച്ചറിയുക.

കൈയ്ക്കും കാലിനും ശക്തി കുറവ്, മരവിപ്പ്, നടക്കുമ്പോൾ വേണ്ട രീതിയിൽ ബാലൻസ് കിട്ടാതിരിക്കുക, കാഴ്ചയ്ക്കു വരുന്ന മാറ്റങ്ങൾ, കോങ്കണ്ണ്, മുഖം കോടിപ്പോവുക, വിഴുങ്ങാൻ പ്രയാസം വരുക തുടങ്ങി അപസ്മാര രോഗം വരുക, ഉഗ്രമായ തലവേദന വരുക, പെരുമാറ്റത്തിൽ വ്യത്യാസം ഉണ്ടാവുക, മറവിരോഗം വരുക ഇതെല്ലാം തന്നെ മുഴകളുടെ രോഗലക്ഷണങ്ങളിൽ പെടുന്നു. ചിലർക്കെങ്കിലും മുഴകളുടെ ആദ്യത്തെ രോഗലക്ഷണമായി അപസ്മാരരോഗവും കാണാറുണ്ട്.

തീവ്ര സൂചനകൾ

തലച്ചോറിൽ മുഴകൾ വന്നതിന്റെ ഭാഗമായി ചില തീവ്രാവസ്ഥകളും സൂചനകളായി കാണാം. ഓർമയില്ലാത്ത അവസ്ഥയിലേക്ക് എത്തുക, ശരീരഭാഗങ്ങൾ അൽപ്പം പോലും ചലിപ്പിക്കാൻ പറ്റാതാവുക തുടങ്ങിയവയാണ് ഗൗരവമായിട്ടുള്ള രോഗലക്ഷണങ്ങൾ‌. ഇവയെത്തുടർന്ന് മരണവും സംഭവിക്കാം.

നേരേ മറിച്ച്, രോഗലക്ഷണങ്ങൾ ഇല്ലാതെ മുഴകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഉദാഹരണത്തിന്  മൈഗ്രെയ്ൻ തലവേദനയുടെ പരിശോധനയ്ക്കായി സ്കാന്‍ ചെയ്തപ്പോൾ ഒരു മുഴ കണ്ടു. ഒരു ചെറിയ മുഴ ആണെങ്കിൽ ഇത് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ഒരുപക്ഷേ ഒരിക്കലും രോഗലക്ഷണം ഉണ്ടാക്കിയെന്നും വരില്ലല്ല. അപ്പോൾ ഇത്തരത്തിൽ രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഭാവിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ, വളരാതെ അടങ്ങിയിരിക്കുന്ന മുഴകളും ഉണ്ട് എന്നു നാം പ്രത്യേകം തിരിച്ചറിയേണ്ടതാണ്.

അതിവേഗം വളരുന്നവ

കേവലം മാസങ്ങൾ കൊണ്ടു മാത്രം വളർന്ന് വലുതായി തലച്ചോറിനെ നശിപ്പിച്ച് രോഗിയുടെ മരണത്തിലേക്ക് തള്ളി വിടുന്ന മുഴകളുണ്ട്. ഇങ്ങനെ വളരെ വേഗത്തിൽ വളരുന്ന മുഴകളാണ് ഏറ്റവും അപകടകാരികൾ. മുഴകൾ വളരുമ്പോൾ ശരീരത്തിന്റെ മറ്റു ഭാഗത്ത് സംഭവിക്കുന്നതുപോലെ ഇത് വളരുന്നതിന്റെ ഭാഗമായി ചുറ്റുമുള്ള പ്രവർത്തന സജ്ജമായിരിക്കുന്ന തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുന്നു. അതിന്റെ ഫലമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും.

മുഴ വളർന്ന് ക്രമാതീതമായ വലുപ്പത്തില്‍ എത്തുമ്പോഴേക്കും തലച്ചോറിനെ നശിപ്പിച്ചാൽ മാത്രമേ അതിന് അവിടെ ഇരിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ പരിമിതമായ സ്ഥലത്ത് പെട്ടെന്നു തന്നെ വളർന്നു വലുതാവാൻ മുഴ ശ്രമിക്കുമ്പോൾ അത് തലച്ചോറിന് തന്നെ ക്ഷതം വരുത്തുന്നതിനാൽ രോഗി മരണത്തിലേക്കും നീങ്ങും.

സാവധാനം വളരുന്ന മുഴകളാണെങ്കിൽ തലച്ചോറിന് ഒരു പരിധിവരെ അതുമായി പൊരുത്തപ്പെടാനും അതുമൂലം ഉണ്ടാവാൻ സാധ്യതയുള്ള ക്ഷതം ഏറ്റവും പരിമിതമായ രീതിയിലാക്കാനും സാധിക്കുന്നു.

തലവേദനയുണ്ടോ?

ത‌ലവേദന മുഴകളുടെ പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ്. എല്ലാ മുഴകൾ ഉള്ളവർക്കും ഏതെങ്കിലും ഒരു ഘട്ടത്തിൽ തലവേദന അനുഭവപ്പെടാറുണ്ട്. അസുഖം വളരെ മൂർച്ഛിച്ച ഘട്ടത്തിൽ അനുഭവപ്പെടുന്ന തലവേദന ഉഗ്രമായതും വിട്ടുമാറാത്തതുമാണ്. ഇത്തരത്തിലുള്ള തലവേദന വന്നു കഴി‍ഞ്ഞാൽ അസുഖത്തിന് പരിഹാരം കാണുന്നതുവരെ തലവേദന നീണ്ടു നിൽക്കും. ഉറക്കം തടസ്സപ്പെടുത്തുന്ന രീതിയിൽ അതിതീവ്രമായിരിക്കും വേദന.

എല്ലാ തലവേദനകളും ട്യൂമറിന്റെ തലവേദനയാണ് എന്നുള്ള തെറ്റിധാരണ വേണ്ട. ബഹുഭൂരിപക്ഷവും അല്ലാതെയുള്ള തലവേദനകളാണ്. മാത്രമല്ല തലവേദന മാത്രമായി പ്രത്യക്ഷപ്പെടുന്ന മുഴകളും അപൂർവ്വമാണ്. സാധാരണ ഗതിയിൽ തലയിൽ മുഴ പ്രത്യക്ഷപ്പെടുമ്പോൾ അത് കൈവേദനയോ, കൈയ്ക്കു ബലക്കുറവോ, കാലിനു ബലക്കുറവോ, അല്ലെങ്കിൽ കോങ്കണ്ണായോ, വിഴുങ്ങാനുള്ള പ്രയാസമായോ ഒക്കെയുള്ള രോഗലക്ഷണങ്ങൾ എന്തെങ്കിലും അതിനോടൊപ്പം ഉണ്ടാകും. മറ്റു ലക്ഷണങ്ങൾ തുടങ്ങി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞിട്ടായിരിക്കും മുഴ കാരണമുള്ള തലവേദന കാണുന്നത്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടു വരുന്ന തലവേദന, മുഴയുടെ തലവേദന ആകാനുള്ള സാധ്യത വളരെ കുറവാണ്.

കുറച്ചു സമയം മാത്രം വന്നുപോകുന്ന തലവേദന, തലവേദന വന്നു ഏതാനും മണിക്കൂറുകൾ കൊണ്ട് അത് മാറി വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും വരുകയും ചെയ്യുന്നു. അങ്ങനെ വിട്ടുവിട്ടു വരുന്ന തലവേദന മുഴയുടെ തലവേദന ആകാനുള്ള സാധ്യത വളരെ കുറവാണ്. ചുരുക്കി പറഞ്ഞാൽ തലവേദന, മുഴയുടെ ഒരു ലക്ഷണമാണെങ്കിലും തലവേദനക്കാരിൽ അപൂർവ്വമായി മാത്രമേ തലയിൽ മുഴകൾ ഉണ്ടായിരിക്കുകയുള്ളൂ.

മരുന്നുകൊണ്ട് മാറ്റാമോ?

ഇവിെട പരമാർശിച്ച മുഴകൾക്കെെല്ലാം തന്നെ ശസ്ത്രക്രിയ ആവശ്യമായി വരും. അതേ സമയം മരുന്നിലൂടെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്ന മുഴകളുമുണ്ട്. തലച്ചോറിനെ ബാധിക്കുന്ന ക്ഷയരോഗം, തലച്ചോറിൽ ബാധിക്കുന്ന പ്രത്യേക തരത്തിലുള്ള അണുബാധകൾ, തലച്ചോറിനുള്ളിൽ വളരുന്ന ചില പ്രത്യേക രക്ത‌സ്രാവം ഇതൊക്കെയുണ്ടാക്കുന്ന മുഴകളെ മരുന്നിലൂടെ ചികിത്സിച്ചു മാറ്റാൻ സാധിക്കും. സ്കാനിങ്ങ് ഉൾപ്പെടെയുള്ള ആധുനിക പരിശോധനാ മാർഗങ്ങളിലൂെട മാത്രമേ ഏതുതരം ചികിത്സയാണ് വേണ്ടത് എന്നു നിശ്ചയിക്കാനാവൂ.

ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽ മുഴ കണ്ടാൽ അതിൽ നിന്നും കുത്തിയെടുത്തു പരിശോധിക്കുന്ന FNAC പരിശോധന തലയ്ക്കുള്ളിലെ മുഴകൾക്ക് അസാധ്യമാണ്. സാധാരണമായി മുഴ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സിടി സ്കാൻ മതിയാകും. എന്നാൽ മുഴയുടെ വിശദമായ ലക്ഷണങ്ങൾ അറിയാനും സ്വഭാവം മനസിലാക്കാനും എംആർഐ സ്കാൻ അത്യാവശ്യമായിവരും.

ഡോ. റോബർട്ട് മാത്യു

ചീഫ് ന്യൂറോളജിസ്റ്റ്, മറവിരോഗ വിദഗ്ധൻ

അനുഗ്രഹം ന്യൂറോകെയര്‍,

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips