Monday 26 October 2020 05:41 PM IST : By ഡോ. മണികണ്ഠൻ

മൗത്ത്‌വാഷ് കൊറോണ വൈറസിനെ തടയുമോ?യാഥാർഥ്യമറിയാം; ഒപ്പം മൗത്ത്‌വാഷിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ

mouthwash324

ദന്തശുചിത്വം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. ദന്തശുചിത്വം കുറഞ്ഞവരിൽ ന്യുമോണിയ വന്നാൽ അതിൻ്റെ തീവ്രതയേറുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു .ഇത്തരം അന്തരീക്ഷമുള്ള വായിൽ കോവിഡ് അണുബാധയുണ്ടായാൽ അതു കാരണമുണ്ടാവുന്ന ശ്വാസകോശപ്രശ്നങ്ങളുടെ തീവ്രത കൂടാനുമിടയുണ്ട്.  ഇവിടെയാണ് മൗത്ത് വാഷുകളുടെ പ്രസക്തി. ഈയടുത്ത്  നടത്തിയ ഒരു പഠനത്തിൽ, കുറച്ച് നേരത്തേയ്ക്ക് കോറോണ വൈറസിനു സമാനമായ  ചില വൈറസുകളുടെ വളർച്ചയും അതിപ്രസരവും തടയാൻ മൗത്ത് വാഷുകൾക്ക് കഴിയുമെന്ന് കണ്ടിരുന്നു.  ഇതുവഴി രോഗബാധിതരിൽ നിന്നുമുള്ള വൈറസ് വ്യാപനം കുറയ്ക്കാനാകുമെന്നും പഠനം സൂചിപ്പിച്ചു.  ഇൻഫക്‌ഷ്യസ് ഡിസീസ് ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

വൈറസിനെ തടുക്കുമെന്നു കരുതി മൗത്ത് വാഷ് പതിവാക്കുന്നതിനു മുൻപ് വായിച്ചറിയാം ചില കാര്യങ്ങൾ.  ആദ്യം തന്നെ പറയട്ടെ ഒരിക്കലും ബ്രഷിംഗിന് പകരമല്ല മൗത്ത് വാഷ് ചില അവസ്ഥകളിൽ നേരിയൊരു സഹായി അത്ര മാത്രം

1.എന്താണ് മൗത്ത് വാഷ് ?

വായ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനിയാണെന്ന് ലളിതമായി പറയാം. പ്രധാന ഘടകമായ അണുവിമുക്തി വരുത്തുന്നതും അഴുക്കിളക്കുന്നതുമായ രാസപദാർത്ഥത്തോടൊപ്പം രുചിക്കും, നിറത്തിനുമുള്ള വസ്തുക്കളും ഇവയിൽ ഉണ്ടാവും.

2. ഇവ എത്ര തരമുണ്ട് ?

വെറുതെ ഉപയോഗിക്കാവുന്ന തരത്തിൽ കോസ്മറ്റിക് രീതിയിലും ഏതെങ്കിലും പ്രത്യേക അവസ്ഥയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സയുടെ ഭാഗമായി തെറാപ്യൂട്ടിക് രീതിയിലും ഇവ ലഭ്യമാണ്. മറ്റൊരു തരത്തിൽ ആൾക്കഹോൾ അടങ്ങിയവയും ഇല്ലാത്തതും എന്നും തരം തിരിക്കാൻ കഴിയും

3.ഇവ ഏതൊക്കെ അവസ്ഥയിൽ ഉപയോഗിക്കാറുണ്ട് ?

മോണവീക്കം, വായ്നാറ്റം, ദന്തക്ഷയം,വായ്പ്പുണ്ണ്, വായ വരണ്ടുണങ്ങുന്നവരിൽ, പല്ലിൽ കമ്പിയിട്ടിരിക്കുന്നവരിൽ... ഓരോ അവസ്ഥയിലും ഉപയോഗിക്കുന്ന തരം വ്യത്യസ്ഥമായിരിക്കും. സ്ഥിരമായി കുറച്ച് നാൾ ഉപയോഗിക്കേണ്ട കാര്യം പല്ലിൽ കമ്പിയിട്ടിരിക്കുന്നവരിലാണ് വരിക.

4.എന്താണ് പ്രധാന ഘടകം ?

അണുവിമുക്തി വരുത്തുന്നതിൽ മുൻപന്തിയിലുള്ളത് ക്ലോർഹെക്സിഡിൻ എന്ന തന്മാത്ര അടങ്ങിയതാണ്.സിറ്റൈൽ പിരിഡിനിയം ക്ലോറൈഡാണ് മറ്റൊരു ഘടകം. ദന്തക്ഷയം ചെറുക്കേണ്ടവയിൽ ഫ്ലൂറൈഡും അടങ്ങിയിരിക്കും. വായ്നാറ്റം ചെറുക്കേണ്ടവയിൽ കാരണമായ സൾഫർ വാതക തന്മാത്രകളെ നശിപ്പിക്കാൻ സഹായിക്കുന്ന ഫ്ളാവനോയിഡുകൾ അടങ്ങിയിട്ടുണ്ടാവും. വായ വരണ്ടുണങ്ങുന്നവരിൽ മീഥൈൽ സെല്ലുലോസ് അടങ്ങിയ മൗത്ത് വാഷാണ് ഉപയോഗിക്കാറ്. ദീർഘനാളുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ മധുരമില്ലാത്തതും ചാരായത്തിൻ്റെ അംശമില്ലാത്തതുമായ മൗത്ത് വാഷുകളാണ് അഭികാമ്യം

5. പാർശ്വഫലമുണ്ടോ ?
സ്ഥിരമായി ഉപയോഗിച്ചാൽ ക്ലോർഹെക്സിഡിൻ പോലുള്ളവ പല്ലുകളിൽ ബ്രൗൺ നിറം, നാവിലെ രസമുകുളങ്ങൾക്ക് കേടുപാട്, രുചി വ്യത്യാസം എന്നിവ ഉണ്ടാക്കാറുണ്ട്. ആൾക്കഹോൾ അടങ്ങിയവ ചെറിയ പുകച്ചിലും ഉണ്ടാക്കാറുണ്ട്. ആൾക്കഹോൾ വദനാർബുദത്തിനും കാരണമാവുന്നതിനാൽ കഴിവതും ആൾക്കഹോൾ അടങ്ങിയ മൗത്ത് വാഷ് ഒഴിവാക്കുന്നതാണ് നല്ലത് (ചില വൈരുദ്ധ്യ ഫലം കാണിക്കുന്ന പഠനങ്ങളും ഉണ്ട്)

6.എങ്ങനെ ഉപയോഗിക്കണം ?

പ്രധാനമായും 0.12 % ,0.2% എന്നീ രണ്ട് അളവിലാണ് ക്ലോർ ഹെക്സിഡിൻ അടങ്ങിയിട്ടുള്ളത്. അതിൽ 0.12 % കൂടുതൽ അണുവിമുക്തി വരുത്തും എന്ന് പഠനങ്ങൾ സ്ഥിതീകരിക്കുന്നു.നേർപ്പിക്കാതെയും നേർപ്പിച്ചും ഉപയോഗിക്കാറുണ്ട്. അവയിലുള്ള ഘടകങ്ങളുടെ അവസ്ഥ അനുസരിച്ച് ഉപയോഗക്രമം പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. ഒരു കാൽ ഭാഗം വലിയ ഗ്ലാസിൽ അഞ്ച് മില്ലിലിറ്ററോളം ചേർത്ത് നേർപ്പിച്ചും ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം അര മണിക്കൂർ ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ല. അര മണിക്കൂർ കഴിഞ്ഞ് വായ പച്ച വെളളത്തിൽ നന്നായി കഴുകണം. രണ്ടാഴ്ച ഉപയോഗിച്ച് നിർത്തുന്നതാണ് നല്ലത്. അധികമായാൽ അമൃതും വിഷം എന്ന കാര്യം ഇവിടെയും ആപ്തവാക്യമാക്കാം.

7. കുട്ടികളിൽ ഉപയോഗിക്കുമ്പോൾ

പല്ലിനു കമ്പിയിട്ടിട്ടുള്ള കുട്ടികളിൽ മൗത്ത് വാഷ് കൊടുക്കാറുണ്ട്. കുട്ടികളിൽ ചിലപ്പോൾ മോണരോഗം മൂലം മോണവീക്കം വരാറുണ്ട്. ആ സമയത്ത് മൗത്ത് വാഷ് നിർദേശിക്കാറുണ്ട്. കൊച്ചുകുട്ടികൾക്ക്, പ്രത്യേകിച്ച് ദന്തക്ഷയം ഒരുപാടുള്ള കുട്ടികൾക്ക് ഫ്ളൂറൈഡ് അടങ്ങിയ മൗത്ത് വാഷ് നിർദേശിക്കാറുണ്ട്.  എന്നാൽ, വലിയ ആൾക്കാർക്കുള്ള മൗത്ത് വാഷ് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. 

8. പ്രമേഹരോഗികളിൽ ശ്രദ്ധിക്കാൻ

പ്രമേഹരോഗികളിൽ പഴം ചീഞ്ഞളിഞ്ഞതുപോലുള്ള ഒരു ഫ്രൂട്ടി ഗന്ധം വായിൽ അനുഭവപ്പെടാം. അവർക്ക് പ്രത്യേക സന്ദർഭങ്ങളിൽ സാധാരണ മൗത്ത് വാഷ് ഉപയോഗിക്കാം. പക്ഷേ, സ്ഥിരമാക്കരുത്. പ്രമേഹമുള്ളവർ വർഷത്തിൽ നാലു തവണ എങ്കിലും ദന്തപരിശോധന നടത്തുകയും ദന്തരോഗവിദഗ്ധന്റെ നിർദേശപ്രകാരം മൗത്ത് വാഷ് ഉപയോഗിക്കുകയും ചെയ്യുക. 

(ലേഖകൻ ഇന്ത്യൻ ഡന്റൽ അസോസിയേഷൻ, കൗൺസിൽ ഒാൺ ഡെന്റൽ ഹെൽത് കൺവീനർ ആണ്)

Tags:
  • Manorama Arogyam
  • Health Tips