Friday 08 January 2021 04:37 PM IST : By സ്വന്തം ലേഖകൻ

തൊലി കളഞ്ഞു കഴിക്കാവുന്ന പഴങ്ങളാണ് നല്ലത്, പച്ചക്കറികൾ പച്ചയ്ക്ക് നൽകരുത്: ശ്രദ്ധിക്കാം അർബുദരോഗിയുടെ പരിചരണത്തിൽ ഈ കാര്യങ്ങൾ...

chemo435

അര്‍ബുദരോഗികളുടെ ഗൃഹപരിചരണം ആശുപത്രിപരിചരണത്തോളം പ്രാധാന്യമേറിയതാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചികിത്സാരീതികളാണ് കാന്‍സര്‍ ചികിത്സയില്‍ ഏറിയ പങ്കും. രോഗിയും കുടുംബാംഗങ്ങളും അല്പം ഗൗരവത്തോടെ ശ്രദ്ധിക്കുകയാണെങ്കില്‍ നീണ്ട ആശുപത്രിവാസം ഒഴിവാക്കി ചികിത്സയുടെ നല്ലൊരുഭാഗം ഗൃഹാന്തരീക്ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതു രോഗിയുടെ മാനസിക സംഘര്‍ഷവും ചികിത്സാച്ചെലവുമൂലമുള്ള കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഒരു പരിധിവരെ കുറയ്ക്കും. രോഗിയും കുടുംബാംഗങ്ങളും ശ്രദ്ധ പതിപ്പിക്കേണ്ട ചില െെദനംദിന കാര്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ചികിത്സ മുടക്കാതിരിക്കുക

നേരത്തെ സൂചിപ്പിച്ചതുപോലെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കാന്‍സര്‍ ചികിത്സയ്ക്ക് ഒട്ടേറെ കാരണങ്ങളാല്‍ ഇടയ്ക്കുവച്ചു മുടക്കം വരുത്തുന്നവരുണ്ട്. ചികിത്സാമുടക്കത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം സാമ്പത്തിക ഞെരുക്കം തന്നെയാണ്. ഇക്കൂട്ടരില്‍ നല്ലൊരു വിഭാഗം ചികിത്സയുടെ ആദ്യഭാഗം സ്വകാര്യ ആശുപത്രികളില്‍ നടത്തി സാമ്പത്തിക ബാധ്യതകളിലകപ്പെട്ട് തുടര്‍ചികിത്സ മുടങ്ങിപ്പോകുന്നവരാണ്. എന്നാല്‍ നമ്മുടെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും കുറഞ്ഞ ചെലവില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാണ്. ഇതു കൂടാതെ തിരുവനന്തപുരത്തുള്ള ആര്‍സിസി എന്ന സര്‍ക്കാര്‍ ആശുപത്രി എല്ലാവിധ കാന്‍സര്‍ ചികിത്സയും കുറഞ്ഞ ചെലവില്‍ പ്രദാനം ചെയ്യുന്നു. ഇതുകൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ കാന്‍സര്‍ രോഗ ചികിത്സാഫണ്ടുകളും നല്‍കിവരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ അകപ്പെടുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ വിവിധ എന്‍.ജി.ഒ. ഏജന്‍സികളും മുൻപോട്ടു വരാറുണ്ട്. ഒാരോ രോഗിയും തങ്ങളുടെ സാമ്പത്തികശേഷിക്ക് അനുസൃതമായ ചികിത്സാസംവിധാനങ്ങളെ തുടക്കം മുതല്‍ ആശ്രയിക്കുകയാണെങ്കില്‍ ഇടയ്ക്കുവച്ചുള്ള ചികിത്സാമൂടക്കം ഒഴിവാക്കാനാകും.

തുടര്‍ചികിത്സ നിര്‍ബന്ധം

ഒട്ടുമിക്ക കാന്‍സര്‍ ചികിത്സകളും വിവിധ ഘട്ടങ്ങളായാണു നടക്കുന്നത്. ആയതിനാല്‍ പലപ്പോഴും ചികിത്സ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാം. ഇതിനോട് രോഗിയും കുടുംബവും പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. തുടര്‍ചികിത്സയില്‍ മുടക്കം വരുത്തുന്നവരില്‍ അര്‍ബുദം വീണ്ടും വരുവാനും അത് ആദ്യത്തേതിനെക്കാള്‍ മൂര്‍ച്ഛിക്കാനും കാരണമാകാം. പൂര്‍ണമായ കാന്‍സര്‍ ചികിത്സയ്ക്കുശേഷം പലപ്പോഴും അഞ്ചു വര്‍ഷം വരെ വര്‍ഷത്തിലൊരിക്കലുള്ള ചെക്കപ്പുകള്‍ക്കായി രോഗികളോടു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഈ നിര്‍ദേശം ഗൗരവപൂര്‍വം പാലിക്കേണ്ടതാണ്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കീമോതെറപ്പി മരുന്നുകള്‍ രോഗിയുടെ രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നതിനാല്‍ ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തണം.

∙ വൃത്തിയുള്ളതും നന്നായി േവവിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍ മാത്രമേ രോഗിക്കു നല്‍കാവൂ.

∙ കഴിയുന്നതും വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുക.

∙ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണം ഒരു കാരണവശാലും രോഗിക്കു നല്‍കരുത്.

∙ ധാരാളം മസാലചേര്‍ത്ത ആഹാരവും ഫാസ്റ്റ് ഫൂഡും മാറ്റിനിര്‍ത്തണം.

∙ പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാമെങ്കിലും ഇവ പച്ചയ്ക്കു കഴിക്കുന്നത് ഒഴിവാക്കണം.

∙ പഴവര്‍ഗങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക.

∙ തൊലി കളഞ്ഞു കഴിക്കുന്ന പഴങ്ങള്‍ (ഉദാഹരണത്തിന് മാമ്പഴം, വാഴപ്പഴം, ഒാറഞ്ച് മുതലായവ) ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

∙ മത്സ്യവും മാംസവും കഴിക്കുന്നതിനു വിലക്കില്ലെങ്കില്‍ കൂടി നന്നായി േവവിച്ചു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.

∙ പകുതി വേവിച്ച മുട്ട, പച്ചമുട്ട മുതലായവ ഒഴിവാക്കണം.

∙ പാസ്ചുെെറസ് ചെയ്ത പാലും പാല്‍ ഉല്‍പന്നങ്ങളും മാത്രമേ ഉപയോഗിക്കാവൂ.

∙ ആവിയില്‍ േവവിച്ച ആഹാരപദാര്‍ഥങ്ങള്‍ അത്യുത്തമമാണ്. (ഇഡ്ഡലി, പുട്ട്, ഇടിയപ്പം മുതലായവ).

∙ അശ്രദ്ധയോടെ തുറന്നുവച്ച ഭക്ഷണം കഴിക്കരുത്.

∙ ആഹാരം കഴിവതും ചെറുചൂടോടെ മാത്രം കഴിക്കുക.

∙ രോഗിക്ക് ഒാേരാ സമയത്തും വേണ്ട ഭക്ഷണം അതാതു സമയത്ത് ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കണം.

∙ പഴകിയതും ഫ്രിഡ്ജില്‍ വച്ച ഭക്ഷണവും കഴിയുന്നത്ര ഒഴിവാക്കുക.

∙ തിളപ്പിച്ചാറിയ വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കേണ്ടത്.

∙ ഭക്ഷണം കഴിക്കുന്നതും പാചകം ചെയ്യുന്നതുമായ പരിസരവും പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം.

ഒഴിവുസമയങ്ങള്‍ ഫലപ്രദമാക്കാം

∙ രോഗാവസ്ഥയിലും ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ക്കിടയിലും രോഗിക്കു ധാരാളം ഒഴിവുസമയം ലഭിക്കും.

ആ സമയങ്ങളില്‍ രോഗത്തെക്കുറിച്ചും ചികിത്സയുടെ തിക്തഫലങ്ങളെക്കുറിച്ചും ചിന്തിക്കാതെ കഴിവതും ടെന്‍ഷന്‍ ഫ്രീ ആയി ഇരിക്കാന്‍ ശ്രദ്ധിക്കണം.

∙ അവരവരുടെ താത്പര്യങ്ങൾക്കനുസൃതമായ ഹോബികളില്‍ മുഴുകാം.

∙ വായന ഇഷ്ടമുള്ളവര്‍ നല്ല നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കാന്‍ ശ്രമിക്കണം. ഇതിനായി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം തേടാം.

∙ മനസ്സില്‍ പോസറ്റീവ് ചിന്തകള്‍ ഉണര്‍ത്തുന്ന പുസ്തകങ്ങള്‍, ആത്മീയ ഗ്രന്ഥങ്ങള്‍, കാന്‍സര്‍ രോഗത്തെ വിജയകരമായി നേരിട്ടവരുടെ ജീവിതാനുഭവങ്ങള്‍ മുതലായവ വായിക്കുന്നത് ഉത്തമമായിരിക്കും.

∙ യോഗയിലും ധ്യാനത്തിലും താല്‍പര്യമുള്ളവര്‍ അതു ശീലമാക്കണം.

∙ ഈശ്വരവിശ്വാസമുള്ളവര്‍ വ്യക്തിപരമായ പ്രാര്‍ഥനകള്‍ക്കായി കുറച്ചുനേരം മാറ്റിവയ്ക്കണം. ഇതു മാനസ്സിക ഉന്മേഷത്തിനും െെധര്യത്തിനും മരണഭയം ഒഴിവാക്കുന്നതിനും സഹായിക്കും.

∙ സംഗീതത്തിന് രോഗശമനത്തിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും കഴിവുള്ളതായി പല ഗവേഷണ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഒഴിവു സമയങ്ങളില്‍ ഇഷ്ടസംഗീതം ശ്രവിക്കുന്നതു മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.

∙ നല്ല സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്നതിനായി ഒഴിവുസമയം ഉപയോഗപ്പെടുത്താം.

∙ മാനസിക പിന്തുണ നല്‍കുന്ന സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ക്കായി ദിവസവും കുറച്ചുസമയം മാറ്റിവയ്ക്കണം.

∙ ഒഴിവുസമയങ്ങളിൽ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയാസരഹിതമായ ചെറുവ്യായാമമുറകളില്‍ ഏര്‍പ്പെടാം.

∙ ദിവസം തോറുമുള്ള വ്യായാമം രോഗിക്കു ശാരീരികവും മാനസികവുമായ ഉല്ലാസമേകും.

ശുചിത്വത്തിൽ വിട്ടുവീഴ്ച പാടില്ല

∙ വ്യക്തിശുചിത്വവും പരിചസരശുചിത്വവും അര്‍ബുദരോഗികളില്‍ വളരെ പ്രാധാന്യമുള്ളതാണ്.

∙ ദിവസവും ഒരുനേരമെങ്കിലും കുളിക്കണം.

∙ വൃത്തിയുള്ള വസ്ത്രങ്ങള്‍ മാത്രമേ രോഗി ധരിക്കാവൂ.

∙ വസ്ത്രങ്ങള്‍ അണുവിമുക്ത ലായനികളില്‍ മുക്കി കഴുകിയെടുക്കുക.

∙ വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുന്നതുമൂലം അണുവിമുക്തമാകും.

∙ വായയുടെയും പല്ലുകളുടെയും ശുചിത്വം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

∙ മലമൂത്രവിസര്‍ജനത്തിനു ശേഷമുള്ള ശുചിത്വത്തിനു വിട്ടുവീഴ്ച വരുത്തരുത്.

∙ നഖങ്ങള്‍ വെട്ടി സൂക്ഷിക്കുക.

∙ ഈ കോവിഡ് കാലത്തു കൂടെക്കൂടെ െെകകള്‍ കഴുകുന്നതും സാനിെെടസര്‍ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കണം.

∙ സാമൂഹിക അകലവും മാസ്ക്കിന്റെ ഉപയോഗവും മറക്കരുത്.

∙ കീമോതെറപ്പിയുടെ സമയത്തു കഴിവതും സന്ദര്‍ശകരെ ഒഴിവാക്കുക.

∙ രോഗിയുടെ മുറിയില്‍ വായുസഞ്ചാരവും വെളിച്ചവും ഉറപ്പുവരുത്തുക.

∙ അണുവിമുക്തലായിനി കൊണ്ടു രോഗിയുടെ മുറിയും ടോയ്െലറ്റും ദിവസവും വൃത്തിയാക്കുക.

∙ കഴിയുമെങ്കില്‍ രോഗി ഉപയോഗിക്കുന്ന മുറിയും ടോയ്െലറ്റും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.

∙ രോഗി കൊതുകുവല ഉപയോഗിക്കുന്നത് നന്നായിരിക്കും

∙ കീമോതെറപ്പി എടുക്കുന്ന ദിവസങ്ങളിലും അതിനുശേഷമുള്ള ദിവസങ്ങളിലും രോഗിയുടെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ രോഗീപരിചരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

വിവിധ ചികിത്സാസമ്പ്രദായങ്ങളില്‍ ഒരേ സമയം ആശ്രയിക്കാതെ രോഗിക്കും കുടുംബത്തിനും താല്‍പര്യമുള്ളതും വിശ്വാസമുള്ളതും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ശാസ്ത്രീയ ചികിത്സ തന്നെ രോഗിക്കു നല്‍കുവാന്‍ നാം ബാധ്യസ്ഥരാണ്.

തയാറാക്കിയത്

മാത്യു വര്‍ഗീസ് വി.

നഴ്സിങ് ഒാഫീസര്‍

(ഒാങ്കോളജി വിഭാഗം )

ഒാൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് , ന്യൂഡല്‍ഹി

Tags:
  • Manorama Arogyam
  • Health Tips