Friday 08 March 2019 06:05 PM IST : By സ്വന്തം ലേഖകൻ

വിട്ടുമാറാത്ത ഇടുപ്പു വേദന, ഉണങ്ങാത്ത വ്രണങ്ങൾ, മുഴയും തടിപ്പും; ശ്രദ്ധിക്കണം ഈ കാൻസർ ലക്ഷണങ്ങളെ

cancer

പെൽവിക് വേദന

ഗർഭാശയഗളം ഉൾപ്പെടെ പ്രത്യുൽപാദനപരമായ അവയവങ്ങൾക്കുണ്ടാകുന്ന രോഗങ്ങളോ അണുബാധയോ പോലുള്ള സാധാരണ കാരണങ്ങൾ മൂലം നടുവിനു താഴ്ഭാഗത്തോ ഇടുപ്പിനോ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഗർഭാശയഗളത്തെ ബാധിക്കുന്ന അർബുദം പോലെയുള്ളവയുടെ ലക്ഷണമായും പെൽവിക്

വേദന കണ്ടുവരുന്നു. പ്രത്യേകിച്ച് തുടർച്ചയായി അനുഭവപ്പെടുന്ന വേദന. ഇത് എൻഡോമെട്രിയൽ കാൻസറിന്റെയും ലക്ഷണമാകാം. അണ്ഡാശയ കാൻസറിന്റെ ആരംഭഘട്ടത്തിൽ അടിവയറ്റിലോ ഇടുപ്പിലോ വേദന അനുഭവപ്പെടാറുണ്ട്. അതോടൊപ്പം നടുവിന് അടിഭാഗത്തും വേദന കണ്ടുവരുന്നു.

ഇത്തരം വേദനകളെ നിസ്സാരമാക്കരുത്. പെൽവിക് പരിശോധനയിലൂടെ അണ്ഡാശയത്തിനോ ഗർഭപാത്രത്തിനോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നു മനസ്സിലാക്കാം.

യോനിയിലൂടെയുള്ള രക്തസ്രാവം

ഗർഭാശയ അർബുദത്തിന്റെ തുടക്കലക്ഷണങ്ങളിലൊന്നാണ് യോനിയിലൂടെയുള്ള അസാധാരണമായുള്ള രക്തസ്രാവം. രണ്ട് ആർത്തവങ്ങൾക്കിടയിൽ രക്തസ്രാവം കണ്ടാലോ ലൈംഗികബന്ധത്തിനു ശേഷം യോനിയിലൂടെ രക്തം വന്നാലോ ഡോക്ടറെ കണ്ട് രോഗമൊന്നുമില്ല എന്ന് ഉറപ്പാക്കണം. ആർത്തവം നിലച്ചശേഷം ഹോർമോൺ തെറപ്പി ചെയ്യുന്നവരിൽ രക്തസ്രാവം കാണാറുണ്ട്. ഇത് അല്ലാതെയുള്ള രക്തസ്രാവം ഉണ്ടായാൽ ഉടനെ തന്നെ വിദഗ്ധപരിശോധന ചെയ്യണം.

ലൈംഗികമായി സജീവമായ സ്ത്രീകൾ രണ്ടുവർഷം കൂടുമ്പോഴെങ്കിലും പാപ്സ്മിയർ പരിശോധന ചെയ്യണം. ഇത് ഗർഭാശയഗള കാൻസറിന്റെ ഭാഗമായുള്ള മാറ്റങ്ങളെ ആരംഭത്തിലേ അറിയാൻ സഹായിക്കും.

മുഴയോ തടിപ്പോ

ചിലതരം അർബുദങ്ങളെ നമുക്കു തൊട്ടറിയാം. ഉദാ: സ്തനങ്ങൾ, ലിംഫ് നോഡുകൾ, വൃഷണങ്ങൾ എന്നിവിടങ്ങളിലെ മുഴകളോ തടിപ്പുകളോ അവിടെ ബാധിച്ചിരിക്കുന്ന അർബുദത്തിന്റെ ലക്ഷണമാകാം. മുഴകൾക്ക് വലുപ്പം വയ്ക്കുന്നില്ലെങ്കിലും വേദനയില്ലെങ്കിലും നിരുപദ്രവകരമാണെന്ന് ഉറപ്പുവരുത്തണം. സ്തനാർബുദം ആരംഭത്തിലേ അറിയാൻ സ്വയം സ്തനപരിശോധന സഹായിക്കും. 20 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വന്തം സ്തനങ്ങൾ പരിശോധിച്ച് അപകടസൂചന ഇല്ലെന്നുറപ്പാക്കണം. മുഴകളുണ്ടോ എന്നുമാത്രം നോക്കിയാൽ പോര. സ്തനങ്ങളുടെ വലുപ്പം, ആകൃതി,നിറം എന്നിവയിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നു നോക്കണം. മുലഞെട്ട് ഉള്ളിലേക്കാകുന്നതും മുലയിൽ നിന്നും രക്തം കലർന്ന സ്രവങ്ങൾ വരുന്നതും നല്ല സൂചനകളല്ല. കക്ഷത്തിലുണ്ടാകുന്ന വീക്കം, മുലഞെട്ടിലെ വ്രണങ്ങൾ എന്നിവയും നിസ്സാരമാക്കരുത്. ഇവ കണ്ടാൽ സർജനെ കണ്ട് സ്തനം വിശദമായി പരിശോധിപ്പിക്കണം.

∙ വൃഷണങ്ങളിൽ

വൃഷണങ്ങളിലെ വേദനയില്ലാത്ത മുഴകൾ വൃഷണകാൻസറിന്റെ ലക്ഷണമാകാം. ചിലരിൽ വൃഷണങ്ങൾ വലുതാകുന്നതായും കാണുന്നു. അണുബാധയുടെയോ സിരകളിലെ നീർക്കെട്ടിന്റെയോ ഭാഗമായും കാണാറുണ്ടെങ്കിലും ഇവ നിസ്സാരമാക്കരുത്.

ഉണങ്ങാത്ത വ്രണങ്ങൾ

ഉണങ്ങാത്ത എല്ലാ വ്രണങ്ങളും അർബുദ സൂചനയാണെന്നർഥമില്ല. പ്രമേഹരോഗികളിൽ ഏതു വ്രണവും ഉണങ്ങാൻ താമസം ഉണ്ടാകാറുണ്ടല്ലോ. എന്നാൽ ദീർഘകാലമായിട്ടും ഉണങ്ങാത്തതോ വലുതായി വരുന്നതോ വേദന കൂടിവരുന്നതോ ആയ വ്രണങ്ങളെ നിസ്സാരമാക്കരുത്. ഇവ ചർമഅർബുദത്തിന്റെ സൂചനയായേക്കാം. വായിലുള്ള ദീർഘകാലമായി ഉണങ്ങാത്ത വ്രണങ്ങൾ, വദനാർബുദത്തിന്റെ സൂചനയാകാം. പ്രത്യേകിച്ച് പുകവലിക്കുന്നവരിലും പുകയില ചവയ്ക്കുന്നവരിലുമുള്ളത്. വൃഷണങ്ങളിലും യോനിയിലുമുള്ള മാറാവ്രണങ്ങളും അർബുദ സൂചനയാകാം.

മൂത്രത്തിൽ രക്തച്ഛവി

മൂത്രത്തിൽ അണുബാധയോ വൃക്കയിലെ കല്ലുകളോ മൂലം മൂത്രത്തിൽ രക്തം കാണപ്പെടാം. ഇതിനു ഹെമറ്റൂറിയ എന്നു പറയുന്നു. എന്നാൽ ചിലപ്പോൾ മൂത്രാശയത്തിന്റെയോ വൃക്കയുടെയോ അർബുദ ലക്ഷണമായും മൂത്രത്തിൽ രക്തം കാണപ്പെടാം. അടിക്കടി മൂത്രമൊഴിക്കേണ്ടി വരിക, കുറച്ചു മാത്രം മൂത്രം വരിക തുടങ്ങിയവയും ശ്രദ്ധയോടെ നിരീക്ഷിക്കണം. മിക്ക പുരുഷന്മാരിലും പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതിനെ തുടർന്ന് ഇതേ ലക്ഷണങ്ങൾ കാണാം. ചിലപ്പോൾ പ്രോസ്‌റ്റേറ്റ് കാൻസറിന്റെയും സൂചനയാകാം. അതുകൊണ്ട് ഈ ലക്ഷണങ്ങളുള്ളവർ യൂറോളജിസ്റ്റിനെ കണ്ട് അർബുദമല്ല എന്നുറപ്പാക്കണം. ഇതിന് രക്തപരിശോധനകളും മലദ്വാര പരിശോധനകളും വേണ്ടിവരും. മൂത്രാശയ കാൻസറോ പെൽവിക് ട്യൂമറോ മൂലവും മൂത്രം ഒഴിക്കുന്നതിൽ പ്രശ്നങ്ങൾ വരാം.

വിവരങ്ങൾക്കു കടപ്പാട്;
അമേരിക്കൻ കാൻസർ സൊസൈറ്റി