Friday 15 February 2019 06:03 PM IST : By സ്വന്തം ലേഖകൻ

മറുകിലെ മാറ്റം, രക്തസ്രാവം, മുഴയും തടിപ്പും; അർബുദം നൽകും അപകട സൂചനകൾ ഇവയൊക്കെ

cancer

കാൻസർ അത്ര നിശബ്ദനായ ഒരു കൊലയാളി അല്ല. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. ചില അർബുദങ്ങളിൽ കോശങ്ങൾ വളർന്നുപെരുകി മറ്റു ശരീരഭാഗങ്ങളിലേക്ക് അശ്വമേധം നടത്തും മുൻപേ ചില അപകടസൂചന നൽകാറുണ്ട്. ശരീരത്തിലെന്തോ അസ്വഭാവികമായ പ്രവർത്തനം നടക്കുന്നു എന്നതിന്റെ സൂചന. നിർഭാഗ്യവശാൽ അത്തരം മിക്ക സൂചനകളും സാധാരണരോഗങ്ങളുടെയും കൂടി ലക്ഷണമാണ്. ഉദാഹരണത്തിന് ക്ഷീണം, പെട്ടെന്നുള്ള ഭാരം കുറയൽ എന്നിവ.

അമേരിക്കൻ കാൻസർ അസോസിയേഷൻ ഉൾപ്പെടെ അംഗീകരിച്ച ചില മുന്നറിയിപ്പുകളാണ് ചുവടെ. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടതുകൊണ്ട് നിങ്ങൾക്ക് കാൻസർ ഉണ്ടെന്നു കരുതി പരിഭ്രമിക്കേണ്ട. എന്നാൽ, ഇവയെ നിസ്സാരമാക്കുകയും ചെയ്യരുത്. ഇത്തരം ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്ന മറ്റു രോഗങ്ങളോ സാഹചര്യങ്ങളോ ഇല്ലെങ്കിൽ പ്രത്യേകിച്ചും.

ലക്ഷണങ്ങൾ നീണ്ടുനിന്നാലോ വഷളായാലോ വിദഗ്ധ പരിശോധന നടത്തി കാരണമെന്താണെന്നു കണ്ടെത്തുക തന്നെ വേണം. ഇടയ്ക്കിടെയുള്ള മെഡിക്കൽ പരിശോധനകളിൽ ഈ ലക്ഷണങ്ങൾ കൂടി ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണം.

1. മുഴയോ തടിപ്പോ

ചിലതരം അർബുദങ്ങളെ നമുക്കു തൊട്ടറിയാം. ഉദാ: സ്തനങ്ങൾ, ലിംഫ് നോഡുകൾ, വൃഷണങ്ങൾ എന്നിവിടങ്ങളിലെ മുഴകളോ തടിപ്പുകളോ അവിടെ ബാധിച്ചിരിക്കുന്ന അർബുദത്തിന്റെ ലക്ഷണമാകാം. മുഴകൾക്ക് വലുപ്പം വയ്ക്കുന്നില്ലെങ്കിലും വേദനയില്ലെങ്കിലും നിരുപദ്രവകരമാണെന്ന് ഉറപ്പുവരുത്തണം. സ്തനാർബുദം ആരംഭത്തിലേ അറിയാൻ സ്വയം സ്തനപരിശോധന സഹായിക്കും. 20 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വന്തം സ്തനങ്ങൾ പരിശോധിച്ച് അപകടസൂചന ഇല്ലെന്നുറപ്പാക്കണം. മുഴകളുണ്ടോ എന്നുമാത്രം നോക്കിയാൽ പോര. സ്തനങ്ങളുടെ വലുപ്പം, ആകൃതി,നിറം എന്നിവയിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നു നോക്കണം. മുലഞെട്ട് ഉള്ളിലേക്കാകുന്നതും മുലയിൽ നിന്നും രക്തം കലർന്ന സ്രവങ്ങൾ വരുന്നതും നല്ല സൂചനകളല്ല. കക്ഷത്തിലുണ്ടാകുന്ന വീക്കം,

മുലഞെട്ടിലെ വ്രണങ്ങൾ എന്നിവയും നിസ്സാരമാക്കരുത്. ഇവ കണ്ടാൽ സർജനെ കണ്ട് സ്തനം വിശദമായി പരിശോധിപ്പിക്കണം.

2 പെൽവിക് വേദന

ഗർഭാശയഗളം ഉൾപ്പെടെ പ്രത്യുൽപാദനപരമായ അവയവങ്ങൾക്കുണ്ടാകുന്ന രോഗങ്ങളോ അണുബാധയോ പോലുള്ള സാധാരണ കാരണങ്ങൾ മൂലം നടുവിനു താഴ്ഭാഗത്തോ ഇടുപ്പിനോ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഗർഭാശയഗളത്തെ ബാധിക്കുന്ന അർബുദം പോലെയുള്ളവയുടെ ലക്ഷണമായും പെൽവിക് വേദന കണ്ടുവരുന്നു. പ്രത്യേകിച്ച് തുടർച്ചയായി അനുഭവപ്പെടുന്ന വേദന. ഇത് എൻഡോമെട്രിയൽ കാൻസറിന്റെയും ലക്ഷണമാകാം. അണ്ഡാശയ കാൻസറിന്റെ ആരംഭഘട്ടത്തിൽ അടിവയറ്റിലോ ഇടുപ്പിലോ വേദന അനുഭവപ്പെടാറുണ്ട്. അതോടൊപ്പം നടുവിന് അടിഭാഗത്തും വേദന കണ്ടുവരുന്നു.

ഇത്തരം വേദനകളെ നിസ്സാരമാക്കരുത്. പെൽവിക് പരിശോധനയിലൂടെ അണ്ഡാശയത്തിനോ ഗർഭപാത്രത്തിനോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നു മനസ്സിലാക്കാം.

3. ഉണങ്ങാത്ത വ്രണങ്ങൾ

ഉണങ്ങാത്ത എല്ലാ വ്രണങ്ങളും അർബുദ സൂചനയാണെന്നർഥമില്ല. പ്രമേഹരോഗികളിൽ ഏതു വ്രണവും ഉണങ്ങാൻ താമസം ഉണ്ടാകാറുണ്ടല്ലോ. എന്നാൽ ദീർഘകാലമായിട്ടും ഉണങ്ങാത്തതോ വലുതായി വരുന്നതോ വേദന കൂടിവരുന്നതോ ആയ വ്രണങ്ങളെ നിസ്സാരമാക്കരുത്. ഇവ ചർമഅർബുദത്തിന്റെ സൂചനയായേക്കാം. വായിലുള്ള ദീർഘകാലമായി ഉണങ്ങാത്ത വ്രണങ്ങൾ, വദനാർബുദത്തിന്റെ സൂചനയാകാം. പ്രത്യേകിച്ച് പുകവലിക്കുന്നവരിലും പുകയില ചവയ്ക്കുന്നവരിലുമുള്ളത്. വൃഷണങ്ങളിലും യോനിയിലുമുള്ള മാറാവ്രണങ്ങളും അർബുദസൂചനയാകാം.

4. യോനിയിലൂടെയുള്ള രക്തസ്രാവം

ഗർഭാശയ അർബുദത്തിന്റെ തുടക്കലക്ഷണങ്ങളിലൊന്നാണ് യോനിയിലൂടെയുള്ള അസാധാരണമായുള്ള രക്തസ്രാവം. രണ്ട് ആർത്തവങ്ങൾക്കിടയിൽ രക്തസ്രാവം കണ്ടാലോ ലൈംഗികബന്ധത്തിനു ശേഷം യോനിയിലൂടെ രക്തം വന്നാലോ ഡോക്ടറെ കണ്ട് രോഗമൊന്നുമില്ല എന്ന് ഉറപ്പാക്കണം. ആർത്തവം നിലച്ചശേഷം ഹോർമോൺ തെറപ്പി ചെയ്യുന്നവരിൽ രക്തസ്രാവം കാണാറുണ്ട്. ഇത് അല്ലാതെയുള്ള രക്തസ്രാവം ഉണ്ടായാൽ ഉടനെ തന്നെ വിദഗ്ധപരിശോധന ചെയ്യണം. ലൈംഗികമായി സജീവമായ സ്ത്രീകൾ രണ്ടുവർഷം കൂടുമ്പോഴെങ്കിലും പാപ്സ്മിയർ പരിശോധന ചെയ്യണം. ഇത് ഗർഭാശയഗള കാൻസറിന്റെ ഭാഗമായുള്ള മാറ്റങ്ങളെ ആരംഭത്തിലേ അറിയാൻ സഹായിക്കും.

5. മറുകിൽ മാറ്റം

എബിസിഡി റൂൾ വച്ച് നിരീക്ഷിക്കുക. എ (അസിമിട്രി)– മറുകിന്റെ എല്ലാ ഭാഗവും ഒരുപോലാണോ? ബോർഡർ– അരികുകളില്ലാതെ പടരുന്നുണ്ടോ? സി (കളർ)– നിറവ്യത്യാസമുണ്ടോ? ഡി (ഡയമീറ്റർ)– വലുപ്പം കൂടുന്നുണ്ടോ? മെലനോമ എന്ന ചർമവുമായി ബന്ധപ്പെട്ട അർബുദത്തിന്റെ തുടക്കത്തിൽ ചർമത്തിനുനിറംമാറ്റവും കാണാറുണ്ട്.

വിവരങ്ങൾക്കു കടപ്പാട്;

അമേരിക്കൻ കാൻസർ സൊസൈറ്റി