Friday 07 May 2021 05:46 PM IST : By സ്വന്തം ലേഖകൻ

വയറിളക്കാനുള്ള മരുന്നുകൾ മലബന്ധത്തിനു പരിഹാരമല്ല: വിദഗ്ധ നിർദേശം അറിയാം

cost23423

മലബന്ധം മാറ്റാനുള്ള മരുന്നുകളുടെ ദുരുപയോഗം വളരെ സാധാരണമാണ്. വയറിളക്ക ഗുളികകൾ അമിതമായി ഉപയോഗിക്കുന്ന ചിലർ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന വയറിളക്കവുമായി (Factitious diarrhea) വൈദ്യസഹായം തേടാറുണ്ട്. പലപ്പോഴും ഇത്തരക്കാർ വയറിളക്ക ഗുളികകൾ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ഡോക്ടർമാരിൽനിന്നും മറച്ചു വയ്ക്കാറാണു പതിവ്. മലബന്ധം മാറ്റുന്ന ഇത്തരം മരുന്നുകളുെട ദുരുപയോഗത്തെ പൊതുവെ രണ്ടായി തിരിക്കാം. ഹാബിച്വൽ ലാക്സേറ്റീവ് അബ്യൂസ്, സറെപ്റ്റീവ് ലാക്സേറ്റീവ് അബ്യൂസ് (Habitual laxative abuse, Surreptitious laxative abuse) എന്നിവയാണവ.

മധ്യവയസ്കരിലും പ്രായമുള്ളവരിലുമാണ് ഹാബിച്വൽ ലാക്സേറ്റീവ് അബ്യൂസ് സാധാരണ കാണുന്നത്. ഒരു ദിവസം മലവിസർജനം മുടങ്ങിയാൽ പോലും അതിനെ കുറിച്ച് ആശങ്കപ്പെടുന്നവരാണ് ഇത്തരത്തിൽ സാധാരണയായി വയറിളക്കാനുള്ള മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കുന്നത്. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാത്തതുകൊണ്ടും, ആവശ്യമായ തോതിൽ വ്യായാമം ഇല്ലാത്തതുകൊണ്ടും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് വിവിധതരം മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ടും ഉണ്ടാകുന്ന ചെറിയ മലബന്ധം പോലും വലിയ പ്രശ്നമായി തോന്നുന്നതിനാൽ ഇക്കൂട്ടർ വയറിളക്കാനുള്ള ഗുളികകളും മരുന്നുകളും അനാവശ്യമായി ഉപയോഗിക്കുന്നു.

അമിത ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കകളുള്ളവരിൽ കാണുന്ന രോഗങ്ങളാണ് അനോറെക്സിയ നെർവോസയും ബുളീമിയ നെർവോസയും. അനോറെക്സിയ ബാധിതർ ഭക്ഷണം വളരെയധികം നിയന്ത്രിച്ച് മെലിഞ്ഞ് ശോഷിച്ചിരിക്കും. എന്നാൽ ബുളീമിയ നെർവോസ ബാധിച്ചവർ ഇടയ്ക്ക് അമിതമായ ഭക്ഷണം കഴിക്കുകയും (Binge eating), അതിനുശേഷം തടി കുറയ്ക്കാൻ അമിത വ്യായാമം, കഴിച്ച ഭക്ഷണം ഛർദിപ്പിക്കൽ, വയറിളക്ക മരുന്നുകൾ കഴിക്കൽ എന്നിവയും കാണും.

വയറിളക്ക ഗുളികകളുടെ അമിത ഉപയോഗമോ ദുരുപയോഗമോ കൊണ്ടു പല പ്രശ്നങ്ങളും ഉണ്ടാകാം. അമിതമായ ശോധനയും വയറിളക്കവും ഇത്തരം ഗുളികകൾ ദുരുപയോഗം ചെയ്യുന്നവർ നേരിടേണ്ടിവരും. വയറിളക്കം ദിവസം 20 തവണവരെ ഉണ്ടാകാം. ഇതോടൊപ്പം വയറ്റിൽ അസ്വസ്ഥതയും വേദനയും കാണാം. ശരീരത്തിൽനിന്ന് വെള്ളം, സോഡിയം, പൊട്ടാസ്യം എന്നിവ കുറയുന്നതിനും സങ്കീർണ്ണതകൾക്കും ഇത് കാരണമാകാം.

ശരീരത്തിൽനിന്ന് അമിതമായി ജലാംശം നഷ്ടപ്പെട്ട് നിർജലീകരണം, രക്തസമ്മർദം കുറയൽ, തലകറക്കം എന്നിവയ്ക്ക് ഇത് കാരണമാകാം. ശരീരത്തിലെ വിവിധ ഹോർമോണുകളുടെ പ്രവർത്തനത്തേയും താറുമാറാക്കും. പൊട്ടാസ്യത്തിന്റെ അളവ് അനിയന്ത്രിതമായി കുറഞ്ഞാൽ പേശികൾക്ക് ബലക്ഷയവും ക്ഷീണവും, വൃക്കകളുടെ പ്രവർത്തന വൈകല്യവും ഉണ്ടാവാം.
ഹൃദയമിടിപ്പിൽ താളപ്പിഴകൾ ഉണ്ടാവുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

ശരീരത്തിലെ ക്ലോറിന്റെയും, കാൽസ്യത്തിന്റെയും, മഗ്നീഷ്യത്തിന്റെയും അളവിലും pH ലും വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം ഗുളികകളുടെ അമിത ഉപയോഗം ഭക്ഷണത്തിൽനിന്ന് വൈറ്റമിനുകളും പോഷകങ്ങളും ആഗിരണം ചെയ്യുന്നത് തടയുകയും അതുമൂലം പോഷകക്കുറവിനും കാരണമാവുന്നു.

Tags:
  • Manorama Arogyam
  • Health Tips