Thursday 22 April 2021 03:02 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

പല രാജ്യങ്ങളിലായി ഒരേ സമയം ഒരേതരം വൈറസ് മ്യൂട്ടേഷനുകൾ: കൊറോണ വൈറസിന്റെ കൺവർജന്റ് ഇവല്യൂഷൻ സൂചിപ്പിക്കുന്നതെന്ത്? വിദഗ്ധ അഭിപ്രായം അറിയാം

covid3324

മനുഷ്യർ വാക്സീനും മറ്റുമായി പ്രതിരോധമുയർത്തുമ്പോഴേക്കും അതിനെ മറികടക്കാൻ പുതിയ ജനിതക മാറ്റങ്ങളുമായി തീവ്രതയേറിയ ഭാവത്തിലേക്കു മാറുകയാണ് കൊറോണ വൈറസ്. ബ്രസീൽ, സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് പുതിയ വൈറസ് വ്യതിയാനങ്ങൾ ആദ്യമായി കണ്ടത്. ഈ മൂന്ന് രാജ്യങ്ങളിലെ വൈറസ് വ്യതിയാനങ്ങളിലും സമാനതകളുണ്ടെന്നു പറയുകയാണ് ഗവേഷകർ. അതായത് മൂന്നു രാജ്യങ്ങളിലും ഉള്ള വൈറസിന്റെ ജനിതക പരിവർത്തനം സംഭവിച്ചിരിക്കുന്നത് മനുഷ്യശരീരത്തിലേക്ക് കയറാൻ ഉപയോഗിക്കുന്ന സ്പൈക് പ്രോട്ടീൻ ഭാഗത്താണ്. ലോകത്ത് പല ഭാഗത്തായുള്ള വൈറസുകളിൽ നടക്കുന്ന ഇങ്ങനെയുള്ള സമാനമായ ജനിതക പരിവർത്തനങ്ങളെ കൺവർജന്റ് ഇവല്യൂഷൻ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.

ഒരേ തരത്തിലുള്ള ജനിതക പരിവർത്തനം ആണെങ്കിൽ എല്ലായിടത്തും ഒരേ വാക്സീൻ തന്നെ മതിയാകുമെന്നു വന്നേക്കാം എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

‘‘ വൈറസ് പോലുള്ള സൂക്‌ഷ്മ ജീവിവർഗ്ഗങ്ങളിൽ മ്യൂട്ടേഷൻ അഥവാ ജനിതക പരിവർത്തനത്തിനു സാധ്യത കൂടുതലാണ്. സാധാരണഗതിയിൽ വൈറസിന് ഒാരോ രാജ്യത്തെയും അതിന്റെ പരിതസ്ഥികൾക്ക് അനുസരിച്ചുള്ള പരിവർത്തനമാണ് സംഭവിക്കാറ്. എന്നാൽ സാർസ് കോവ് 2 വൈറസിന്റെ കാര്യത്തിൽ, പല രാജ്യങ്ങളിലെ വൈറസ് വ്യതിയാനങ്ങൾ പരിശോധിച്ചപ്പോൾ അവയിൽ സമാനതയുണ്ടെന്നാണ് ഗവേഷകർ നിരീക്ഷിച്ചത്. ഉദാഹരണത്തിന് E484K, N501Y,K417N മുതലായ മ്യൂട്ടേഷനുകൾ ഭൂഗോളത്തിന്റെ പല ഭാഗങ്ങളിൽ വച്ച് ഏകദേശം ഒരേസമയം ഉണ്ടായവയാണ്. ’’

ഐഎംഎ കേരള , റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു.

‘‘പരസ്പരം ബന്ധമില്ലെങ്കിലും മരുഭൂമിയിൽ വസിക്കുന്ന ജീവിവർഗ്ഗങ്ങളിൽ സമാനമായ നിറം കാണുന്നത് ഈ കൺവർജന്റ് ഇവല്യൂഷന് ഉദാഹരണമാണ്. അതുപോലെ മനുഷ്യരിൽ പാലിലെ ലാക്ടോസ് ദഹിപ്പിക്കാനുള്ള കഴിവ് ഉണ്ടായതും കൺവർജന്റ് ഇവല്യൂഷന് ഉദാഹരണമാണെന്നു പറയാം. കാരണം പ്രായപൂർത്തിയായവരിൽ പുരാതന കാലത്ത് പാൽ ദഹിപ്പിക്കാനുള്ള ഈ കഴിവിന്റെ ആവശ്യകത ഇല്ലായിരുന്നു. എന്നാൽ ക്ഷീരോത്പാദനം വ്യാപകമായപ്പോൾ അതിന്റെ ആവശ്യകത ഉണ്ടായി ’’ ഡോക്ടർ വിശദീകരിക്കുന്നു.

വൈറസിന്റെ പരിവർത്തനങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നതിൽ അർഥമില്ലെന്നും അത് പെരുകാനുള്ള സാധ്യതകൾ തടയാനുള്ള നടപടികളിൽ ശ്രദ്ധിക്കുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും ഡോക്ടർ പറയുന്നു. ‘‘ആളുകൾ ഉത്തരവാദിത്തബോധത്തോടെ പെരുമാറിയതുകൊണ്ടാണ് നമ്മൾ വലിയ പരിക്കുകളില്ലാതെ ഇതുവരെ പിടിച്ചുനിന്നത്. വൈറസ് പെരുകുന്നതിൽ കുറവു വരുത്താൻ സാധിച്ചാൽ ഒരു പരിധിവരെ ജനിതക പരിവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കും. അതായത് വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്കു കൈമാറ്റം ചെയ്യപ്പെട്ട് പെരുകാനുള്ള സാധ്യതയ്ക്ക് തടയിടുകയാണ് നാം ചെയ്യേണ്ടത്. A Virus cannot mutate if it cannot replicate’’ ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു.