Saturday 28 March 2020 12:38 PM IST : By സ്വന്തം ലേഖകൻ

കൊറോണ സാന്നിധ്യം മണത്തു കണ്ടുപിടിക്കാൻ പട്ടികളും; പരിശീലിപ്പിക്കാൻ 'മെഡിക്കൽ ഡിറ്റക്‌ഷൻ ഡോഗ്സ്' സംഘടന!

medival-detection-dogs

നോവൽ കൊറോണ വൈറസിനെ മണത്തു കണ്ടുപിടിക്കാൻ പട്ടികളെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.കെ. ആസ്ഥാനമായുള്ള മെഡിക്കൽ ഡിറ്റക്‌ഷൻ ഡോഗ്സ് എന്ന ചാരിറ്റി സംഘടന. അർബുദ ഗവേഷണത്തിലും പ്രമേഹ പരിശോധനയിലും നേരത്തേ തന്നെ നായകളെ പരിശീലിപ്പിച്ച് ഉപയോഗിച്ചിട്ടുണ്ട് ഇവർ. പ്രമേഹമോ അർബുദമോ പാർക്കിൻസൺ രോഗമോ മണത്ത് അറിയുന്നതു പോലെ തന്നെ നായകൾക്ക് കൊറോണ വൈറസിന്റെ സാന്നിധ്യവും മണത്തറിയാനാകും എന്നാണ് സംഘടന പറയുന്നത്.

ലണ്ടൻ സ്കൂൾ ഒാഫ് ഹൈജീൻ  ആൻഡ് ട്രോപിക്കൽ മെഡിസിനും ദർഹാം യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് പരിശീലനം നടത്തുന്നത്. കൊവിഡ് 19 പോലുള്ള ശ്വാസകോശ രോഗങ്ങൾ നമ്മുടെ ശരീരഗന്ധത്തിൽ വ്യത്യാസം വരുത്തും.  ഇത് നായകൾക്ക് വളരെ എളുപ്പത്തിൽ മണത്തറിയാനാകും. അങ്ങനെ യാതൊരു ലക്ഷണങ്ങളും പ്രകടം അല്ലാത്തവരെയും ഉൾപ്പെടെ സ്ക്രീൻ ചെയ്യുക, പരിശോധന നടത്തേണ്ടവരെ തിരിച്ചറിയുക– ഇതാണ് പരിശീലനപദ്ധതിയുടെ ഉദ്ദേശം. നായകളെ ഉപയോഗിച്ചുള്ള ഈ പരിശോധന തികച്ചും പ്രയോജനപ്രദവും വേഗതയേറിയതും ആണെന്നതാണ് മെച്ചം. 

ചർമത്തിലെ താപനിലയിലുണ്ടാകുന്ന സൂക്‌ഷ്മമായ മാറ്റങ്ങൾ പോലും നായകൾക്ക്  തിരിച്ചറിയാനാകും. അതുകൊണ്ടു തന്നെ ആരിലെങ്കിലും താപനില ഉയർന്നുനിന്നാൽ അതു കണ്ടെത്താനാകും. ഗവേഷണം വിജയിച്ചാൽ രാജ്യത്ത് പ്രവേശിക്കുന്നവരിൽ രോഗാണു വാഹകരെ തിരിച്ചറിയാനും നായകളെ ഉപയോഗപ്പെടുത്താനാകും. പൊതുവിടങ്ങളിലും സമാനമായ രീതിയിൽ നായകളെ ഉപയോഗിക്കാനാകും. അങ്ങനെ വന്നാൽ നിലവിൽ രോഗം നിയന്ത്രിച്ചു കഴിഞ്ഞാലും വീണ്ടും  പുതിയ കേസുകൾ ഉണ്ടാവുന്നത് ഫലപ്രദമായി തടയാൻ കഴിയുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. ആറാഴ്ചയ്ക്കുള്ളിൽ ഈ പുതിയ പരിശോധനാരീതി കൊണ്ടുവരാനാവുമെന്നാണ് കരുതുന്നത്. 

Tags:
  • Manorama Arogyam
  • Health Tips