Saturday 28 March 2020 12:23 PM IST : By സ്വന്തം ലേഖകൻ

പെട്ടെന്ന് ഉണ്ടാകുന്ന അമിത ഉത്കണ്ഠയും പരിഭ്രമവും അപകടം; കൊറോണ ഭയം പാനിക് അറ്റാക്കിൽ എത്തിച്ചാൽ!

panic-attackhhfds

കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ള ഭീതി പലരേയും പലതരത്തിലാണ് ബാധിക്കുന്നത്. ചിലരിൽ അമിതമായ ആശങ്കകൾ പെരുകി പാനിക് അറ്റാക്ക് എന്ന അവസ്ഥയിലെത്താം. ലക്ഷണങ്ങൾ കണ്ടാൽ ഹൃദയാഘാതമാണോ എന്നു തെറ്റിധരിച്ചു പോകാനിടയുണ്ട്. എന്നാൽ ശാരീരിക പരിശോധനകളിൽ ഒന്നിലും യാതൊരു തകരാറും ഉണ്ടായിരിക്കുകയുമില്ല. 

എന്താണ് പാനിക് അറ്റാക്ക്? 

പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്ക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ, മണിക്കൂറുകളോ മാത്രമേ നീണ്ടുനിൽക്കൂ. വാഹനമോടിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, വിശ്രമിക്കുമ്പോഴോ അനുഭവപ്പെടാം. ഉറങ്ങുന്ന സമയത്തു പോലും പരിഭ്രമലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇത്തരം രോഗികൾ എല്ലായ്പോഴും അമിതമായ ആശങ്ക പ്രകടിപ്പിക്കുന്നു. 

എനിക്ക് പാനിക് ഡിസോഡർ ആണോ?

താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാല് എണ്ണമെങ്കിലുമുള്ളവർക്ക് പാനിക് ഡിേസാഡർ ആണെന്ന് ഉറപ്പിക്കാം.

 ∙ കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ് 

∙ വിയർപ്പ് 

∙ വിറയൽ

∙ ശ്വാസം കിട്ടുന്നില്ലെന്ന തോന്നൽ  

∙ നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ 

∙ വയറ്റിൽ കാളിച്ച, മനംപിരട്ടൽ 

∙ തലചുറ്റുന്നതുപോലെയുള്ള തോന്നൽ  

∙ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടൽ 

∙ നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നൽ 

∙ ഉടൻ മരിച്ചുപോകുമോയെന്ന പേടി 

∙ െെകകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കുക.

ഉടൻ ചെയ്യേണ്ടത് 

പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ ശ്വാസോച്ഛ്വാസഗതിയിൽ വ്യത്യാസം വരും. വളരെ പെട്ടെന്ന് ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യും. അതിന് ഹൈപ്പർ വെന്റിലേഷൻ എന്നാണ് പറയുക. ഈ അവസ്ഥ ഉണ്ടാകുമ്പോൾ ശ്വാസകോശത്തിൽ നിന്ന് പെട്ടെന്ന് ഒാക്സിജനും കാർബൺ ഡൈ ഓക്സൈഡും പുറത്തുവരുന്ന സ്ഥിതിയുണ്ടാകും.  ഈ സമയത്ത്  ഒരു പ്ലാസ്റ്റിക് കൂട് എടുത്ത് അതിലേക്ക് ശ്വാസം വിടുകയും എടുക്കുകയും ചെയ്യുക.  ഇത് ശരീരത്തിലെ കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയാതെ നിർത്തും. റെസ്പിറേറ്ററി ആൽക്കലോസിസ് എന്ന അവസ്ഥ തടയും. 

പാനിക് അറ്റാക്കിന്റെ സൂചനയായി നെഞ്ചിടിപ്പ് ഉയരുന്നതേ ആഴത്തിൽ ശ്വാസമെടുത്ത് പുറത്തുവിടുന്നതും (ഡീപ് ബ്രീതിങ്)  നല്ലതാണ്. ഇതുകൊണ്ടൊന്നും നെഞ്ചിടിപ്പ് താഴുന്നില്ലെങ്കിലോ വേദന കൂടുതലായാലോ ഉടൻ ആശുപത്രിയിൽ എത്തിക്കുക.

തടയാൻ ഡയഫ്രമാറ്റിക് ബ്രീതിങ്

പാനിക് അറ്റാക്ക് തടയാൻ ഡയഫ്രമാറ്റിക് ബ്രീതിങ് ഗുണം ചെയ്യും.  നെഞ്ചിനെയും വയറിനെയും വേർതിരിക്കുന്ന പേശിയാണ് ഡയഫ്രം. ഈ ഡയഫ്രം  ചുരുക്കി ശ്വാസോച്ഛ്വാസം എടുക്കുന്നതാണ് ഡയഫ്രമാറ്റിക് ബ്രീതിങ്. ഇത് മനസ്സിന് ശാന്തത നൽകും. ഒാം എന്നുച്ചരിച്ച് ശ്വസനം നടത്തുന്നത് ഡയഫ്രമാറ്റിക് ബ്രീതിങ്ങിന്റെ ഫലം നൽകും. നിത്യേന യോഗയും മെഡിറ്റേഷനുമൊക്കെ ശീലിക്കുന്നതും ഭാവിയിൽ പാനിക് അറ്റാക്കുണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി. എൻ. സുരേഷ്കുമാർ, മനോരോഗ വിദഗ്ധൻ, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips