Wednesday 15 April 2020 12:35 PM IST

കോവിഡ് കാലത്തു രക്തദാനം പാടുണ്ടോ? അറിയേണ്ടതെല്ലാം...

Shyama

Sub Editor

blood

രക്തദാനം മഹാദാനം തന്നെയാണ്.  ഹെപ്പറ്റൈറ്റിസ് ബിയോ എച്ച്.ഐ.വിയോ ഒക്കെ പകരുന്നത് പോലെ കോവിഡ്19 വൈറസ് രക്തത്തിലൂടെ പകരുമെന്ന് ഇതേവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ പറയുമ്പോൾ തന്നെ ചൈനയിൽ ഗർഭിണിയായ അമ്മയിൽ നിന്നും പ്രസവശേഷം കുഞ്ഞിന് വൈറസ്ബാധ വന്നതായി കണ്ടിട്ടുണ്ട്. ഇത് വായുവിലൂടെയാണോ പ്ലാസെന്റാ വഴി രക്തത്തിലൂടെ കലർന്നതാണോ എന്നൊന്നും തൽക്കാലം അറിയില്ല. അതിനൊക്കെ ഇനിയും വിശദമായ  കൂടുതൽ പഠനങ്ങകളും പരീക്ഷണങ്ങളും  നടക്കേണ്ടിയിരിക്കുന്നു.


ഐ. സി. എം. ആർ. ൽ നിന്ന് ഇതേവരെ  കോവിഡ്19ന് വേണ്ടി എന്ന തരത്തിൽ  പ്രതീകമായൊരു രക്തദാന നിയമം എന്ന തരത്തിലൊന്നും വന്നിട്ടില്ല.
എന്നിരുന്നാലും കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ രക്തദാനത്തിന് മുൻപ് ശ്രദ്ധിക്കേണ്ട ചിലതുണ്ട്.


1. കോവിഡ്19 രോഗബാധ സംബന്ധിച്ച്  നിരീക്ഷണത്തിലുള്ളവർ രക്തദാനം ചെയ്യേണ്ടതില്ല. നിരീക്ഷണത്തിലുള്ള സമയം കഴിഞ്ഞ് ഡോക്ടറോട് ചോദിച്ചിട്ട് മാത്രം ചെയ്യുക.

2. 14 ദിവസത്തിനിടയിൽ  ദീർഘദൂര യാത്ര ചെയ്തവരാരും രക്തദാനം തൽക്കാലം ചെയ്യേണ്ടതില്ല. വിദേശത്ത് നിന്ന് വന്നവർ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇത് ബാധകമാണ്. രോഗം കൂടുതലുള്ള സംസ്ഥാനത്തിനകത്തെ സ്ഥലങ്ങളിൽ നിന്ന് വരുന്നവരും  ഇക്കാര്യം  ശ്രദ്ധിക്കുക.
രോഗലക്ഷണങ്ങൾ ഒന്നും തൽക്കാലം പുറത്ത് പ്രകടമാകാത്ത ആളുകൾ ഉണ്ടാക്കാം,  ചിലപ്പോൾ അവരിൽ ചിലരെങ്കിലും രോഗത്തിന്റെ ക്യാരിയേസുമാകാം.

3. പനി, ചുമ, ശ്വാസതടസം പോലെയുള്ള രോഗലക്ഷങ്ങളെന്തെങ്കിലും ഉള്ളവരും തൽക്കാലം രക്തദാനം ചെയ്യേണ്ടതില്ല.

4. പിന്നെ സാധാരണ രക്തദാനത്തിന്റെ സമയത്ത് പാലിക്കുന്ന നിയമങ്ങൾ ഇതോടൊപ്പം പാലിക്കുക. 50 കിലോ ശരീരഭാരത്തിൽ താഴെയുള്ളവർ,  രക്തക്കുറവും വിളർച്ചയും ഉള്ളവർ ഒക്കെ രക്തദാനം ചെയ്യരുത്...എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

5. വീട്ടിൽ ആരെങ്കിലും ക്വാറന്റീൻ ആയിട്ടുണ്ടെങ്കിൽ അവരെ പരിചരിക്കുന്നവരും  ആ വീട്ടിലുള്ളവരും രക്തദാനം ചെയ്യരുത്.

6. പൊതുപ്രവർത്തങ്ങളിൽ ഉള്ളവരും രക്തദാനത്തിന് മുതിരുമ്പോൾ ശ്രദ്ധിക്കണം. ഒരുപാട് ആളുകൾക്ക് ഭക്ഷണം,  മരുന്ന്,  ആവശ്യവസ്തുക്കൾ ഒക്കെ എത്തിക്കുന്നവർ ആരോഗ്യപ്രവർത്തകരെപോലെയോ,  പോലിസിസുകാരെ പോലെയോ ഒക്കെ തന്നെ രോഗം വരാനുള്ള റിസ്ക് കൂടുതലുള്ള വിഭാഗത്തിൽ പെടുന്നവരാണ്.


പലപ്പോഴും പല ഫോട്ടോസ്/ വീഡിയോസ് കാണുമ്പോൾ ശ്രദ്ധയിൽ പെടുന്നൊരു കാര്യം ഇവരിൽ ചിലരെങ്കിലും ആവശ്യമായ മാസ്‌കോ കയ്യുറകളോ ധരിക്കാതെ കൃത്യമായ ഇടവേളകളിൽ കൈ കഴുകാനോ സാനിട്ടൈസർ ഇടാതെയോ പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ട്. ഇക്കാര്യത്തിൽ ഇവർ അതീവ ജാഗ്രത പുലർത്തണം. ഗവണ്മെന്റ് തലത്തിൽ എത്ര പേർ ഒരിടത്ത്‌ പോകണം,  എന്തൊക്ക നടപടികൾ സ്വീകരിക്കണം എന്നൊക്കയുള്ള മാർഗരേഖ  ശക്തമാക്കണം.

കടപ്പാട്: ഡോ. എബിൻ തോമസ്, കൺസൽറ്റന്റ് ഫിസിഷ്യൻ,
ഇന്ദിരഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,  കടവന്ത്ര,  എറണാകുളം.