Monday 19 April 2021 02:56 PM IST : By സ്വന്തം ലേഖകൻ

ചെവികളിൽ നിർത്താതെ മണിയടിശബ്ദം അനുഭവപ്പെടുന്നുണ്ടോ?: കോവിഡും കേൾവിക്കുറവും, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

covid-ear-154

കേൾവി കുറയുന്നത് കോവിഡിന്റെ ലക്ഷണമോ? ശ്രദ്ധിക്കേണ്ടത് എന്ത്?

കോവിഡ്19 ന്റെ ലക്ഷണമായി അപൂർവമായി പെട്ടെന്നുള്ള കേൾവിനഷ്ടം വരാമെന്നു പുതിയ പഠനങ്ങൾ. ഇന്റർനാഷനൽ ജേണൽ ഒാഫ് ഒാഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്

കോവിഡ് 19 രോഗനിർണയവും കേൾവിക്കുറവും തമ്മിൽ ബന്ധമുണ്ട് എന്നാണ്. ഇറാനിലെ രോഗികളിൽ ജൂണിൽ നടത്തിയ പഠനത്തിൽ ഒരു ചെവിയുടെ കേൾവി നഷ്ടമായതായും ടിനിറ്റസ് അനുഭവപ്പെട്ടതായും പറയുന്നു. കേൾവിപ്രശ്നങ്ങളിൽ തന്നെ മൂന്നു പ്രധാനലക്ഷണങ്ങളാണ് അപകടസൂചനകളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്...

∙ ടിനിറ്റസ്

ഒരു ചെവിയിൽ മാത്രമായോ രണ്ടു ചെവികളിലുമായോ നിർത്താത്ത മണിയടി ശബ്ദമോ ഒച്ചയോ കേൾക്കുന്നത്. ടിനിറ്റസിനൊപ്പം ചെവിവേദന കൂടി ഉണ്ടെങ്കിൽ പ്രത്യേകം സൂക്ഷിക്കണം. കോവിഡ് സുഖമായവരിലും ടിനിറ്റസും ചെവിവേദനയും കാണാറുണ്ട്.

∙ പെട്ടെന്നുള്ള കേൾവിനഷ്ടം

ഒരു ചെവിയിൽ മാത്രമായോ രണ്ടു ചെവികളിലുമോ കേൾവിനഷ്ടം സംഭവിക്കാം. കോറോണ വൈറസ് ബാധ മൂലമുള്ള നീർവീക്കവും ഒാഡിറ്ററി തകരാറുകളും മൂലം കോവിഡിനു ശേഷവും കേൾവി ശോഷണം വർധിച്ചുവരുന്നതായാണ് കാണുന്നത്.

∙ വെർട്ടിഗോ

ബാലൻസ് നഷ്ടമാകുക, തലകറങ്ങുക, ഒാക്കാനം, പെട്ടെന്നുള്ള തലചുറ്റൽ എന്നിവ അനുഭവപ്പെടാം.

2021 ഫെബ്രുവരിയിൽ കോവിഡ് വന്നവരിൽ നടന്ന പഠനത്തിൽ 7.6 ശതമാനം പേർക്ക് കേൾവിനഷ്ടം വന്നതായും 14.8 ശതമാനം പേർക്ക് ടിനിറ്റസ് അനുഭവപ്പെട്ടതായും 7.2 ശതമാനം പേർക്ക് വെർട്ടിഗോ വന്നതായും കണ്ടെത്തി.

കോവിഡ് ബാധിതരിൽ അസുഖം ആരംഭിച്ച് ആഴ്ചകൾക്കു ശേഷം കേൾവിനഷ്ടവും ടിനിറ്റസും വെർട്ടിഗോയും വരുന്നതാണ് താരതമ്യേന സാധാരണമായി കാണുന്നതെന്നു ഗവേഷകർ പറയുന്നു.

പല വൈറൽ–ബാക്ടീരിയൽ അണുബാധകളിലും പെട്ടെന്നുള്ള കേൾവിനഷ്ടം സംഭവിക്കാറുണ്ട്. എന്നാൽ സാർസ് , മേർസ് പോലുള്ള പകർച്ചവ്യാധികൾക്കു കാരണമായ കൊറോണ വൈറസ് വകഭേദങ്ങൾ കേൾവിപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടിട്ടില്ല.

ഒറ്റപ്പെട്ട ചില കേസ് സ്റ്റഡീസ് അല്ലാതെ വിശദമായ പഠനങ്ങളൊന്നും ഇതു സംബന്ധിച്ചു നടന്നിട്ടില്ലാത്തതിനാൽ കോവിഡ് എത്രമാത്രം കേൾവിയെ ബാധിക്കുമെന്നോ എത്രമാത്രം ആളുകൾക്ക് കേൾവിപ്രശ്നങ്ങൾ വന്നിട്ടുണ്ടെന്നോ സംബന്ധിച്ച് വ്യക്തതയില്ല. കേൾവിനഷ്ടവും ടിന്നിറ്റസും കോവിഡിന്റെ സാധാരണ ലക്ഷണങ്ങൾ അല്ലെങ്കിലും രോഗബാധിതരിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അതു ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

കോവിഡ് വാക്സീൻ എടുത്തവർക്ക് രക്തം ദാനം ചെയ്യാമോ?

വാക്സിനേഷൻ എടുത്തവർക്ക് രക്തം ദാനം ചെയ്യാമോ എന്ന ചോദ്യം പലരും ചോദിച്ചു കേൾക്കാറുണ്ട്. രക്തദാതാവിനെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് വാക്സിനേഷനുകൾക്ക് നിശ്ചിത കാലയളവ് പറയാറുണ്ട്. കോവിഡ് വാക്സീനിന്റെ കാര്യത്തിൽ, വാക്സിനേഷൻ രണ്ടാമത്തെ ഡോസും കഴിഞ്ഞ് 28 ദിവസത്തിനു ശേഷമേ രക്തം ദാനം ചെയ്യാവൂ എന്നാണ് നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ മാർഗനിർദേശത്തിൽ പറയുന്നത്. അതായത് ആദ്യത്തെ വാക്സീൻ ഡോസ് എടുത്ത് 56 ദിവസത്തിനു ശേഷമേ രക്തദാനം ചെയ്യാവൂ. കോവിഡിന്റെ ഇൻക്യുബേഷൻ പീരിയഡ് 14 ദിവസമാണ്. അതു കൂടി കണക്കിലെടുത്താണ് 28 ദിവസം നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു ഡോസായാണ് കോവിഡ് വാക്സിനേഷൻ നൽകുന്നത്. ആദ്യത്തെ ഡോസ് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ്. രണ്ടാമത്തെ ഡോസിനു ശേഷം രണ്ടാഴ്ച കൂടി കഴിയുന്നതോടെ കോവിഡിനെതിരെ പൂർണമായ പ്രതിരോധം കൈവരും.

കോവിഡ് വന്നു ഭേദമായവർക്കു രക്തം ദാനം ചെയ്യുന്നതിൽ തടസ്സമില്ല. കോവിഡ് നെഗറ്റീവ് ആയി 28 ദിവസം കൂടി കഴിഞ്ഞ ശേഷമേ അവർ രക്തദാനം ചെയ്യാവൂ എന്നുമാത്രം.

വാക്സീൻ എടുത്തവർ മറ്റുള്ളവരിൽ നിന്നു രക്തം സ്വീകരിക്കുന്നതിൽ പ്രത്യേകിച്ച് തടസ്സമൊന്നുമില്ല.