Friday 26 March 2021 05:16 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കേൾവി കുറയുന്നത് കോവിഡിന്റെ ലക്ഷണമോ ശ്രദ്ധിക്കേണ്ടത് എന്ത്... പുതിയ പഠനങ്ങൾക്കു പിന്നിൽ

covid-hear

കോവിഡ്19 ന്റെ ലക്ഷണമായി അപൂർവമായി പെട്ടെന്നുള്ള കേൾവിനഷ്ടം വരാമെന്നു പുതിയ പഠനങ്ങൾ. ഇന്റർനാഷനൽ ജേണൽ ഒാഫ് ഒാഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് കോവിഡ് 19 രോഗനിർണയവും കേൾവിക്കുറവും തമ്മിൽ ബന്ധമുണ്ട് എന്നാണ്. ഇറാനിലെ രോഗികളിൽ ജൂണിൽ നടത്തിയ പഠനത്തിൽ ഒരു ചെവിയുടെ കേൾവി നഷ്ടമായതായും ടിനിറ്റസ് അനുഭവപ്പെട്ടതായും പറയുന്നു.

കേൾവിപ്രശ്നങ്ങളിൽ തന്നെ മൂന്നു പ്രധാനലക്ഷണങ്ങളാണ് അപകടസൂചനകളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

∙ ടിനിറ്റസ്

ഒരു ചെവിയിൽ മാത്രമായോ രണ്ടു ചെവികളിലുമായോ നിർത്താത്ത മണിയടി ശബ്ദമോ ഒച്ചയോ കേൾക്കുന്നത്. ടിനിറ്റസിനൊപ്പം ചെവിവേദന കൂടി ഉണ്ടെങ്കിൽ പ്രത്യേകം സൂക്ഷിക്കണം. കോവിഡ് സുഖമായവരിലും ടിനിറ്റസും ചെവിവേദനയും കാണാറുണ്ട്.

∙ പെട്ടെന്നുള്ള കേൾവിനഷ്ടം

ഒരു ചെവിയിൽ മാത്രമായോ രണ്ടു ചെവികളിലുമോ കേൾവിനഷ്ടം സംഭവിക്കാം. കോറോണ വൈറസ് ബാധ മൂലമുള്ള നീർവീക്കവും ഒാഡിറ്ററി തകരാറുകളും മൂലം കോവിഡിനു ശേഷവും കേൾവി ശോഷണം വർധിച്ചുവരുന്നതായാണ് കാണുന്നത്.

∙ വെർട്ടിഗോ

ബാലൻസ് നഷ്ടമാകുക, തലകറങ്ങുക, ഒാക്കാനം, പെട്ടെന്നുള്ള തലചുറ്റൽ എന്നിവ അനുഭവപ്പെടാം.

2021 ഫെബ്രുവരിയിൽ കോവിഡ് വന്നവരിൽ നടന്ന പഠനത്തിൽ 7.6 ശതമാനം പേർക്ക് കേൾവിനഷ്ടം വന്നതായും 14.8 ശതമാനം പേർക്ക് ടിനിറ്റസ് അനുഭവപ്പെട്ടതായും 7.2 ശതമാനം പേർക്ക് വെർട്ടിഗോ വന്നതായും കണ്ടെത്തി.

കോവിഡ് ബാധിതരിൽ അസുഖം ആരംഭിച്ച് ആഴ്ചകൾക്കു ശേഷം കേൾവിനഷ്ടവും ടിനിറ്റസും വെർട്ടിഗോയും വരുന്നതാണ് താരതമ്യേന സാധാരണമായി കാണുന്നതെന്നു ഗവേഷകർ പറയുന്നു.

പല വൈറൽ–ബാക്ടീരിയൽ അണുബാധകളിലും പെട്ടെന്നുള്ള കേൾവിനഷ്ടം സംഭവിക്കാറുണ്ട്. എന്നാൽ സാർസ് , മേർസ് പോലുള്ള പകർച്ചവ്യാധികൾക്കു കാരണമായ കൊറോണ വൈറസ് വകഭേദങ്ങൾ കേൾവിപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടിട്ടില്ല.

ഒറ്റപ്പെട്ട ചില കേസ് സ്റ്റഡീസ് അല്ലാതെ വിശദമായ പഠനങ്ങളൊന്നും ഇതു സംബന്ധിച്ചു നടന്നിട്ടില്ലാത്തതിനാൽ കോവിഡ് എത്രമാത്രം കേൾവിയെ ബാധിക്കുമെന്നോ എത്രമാത്രം ആളുകൾക്ക് കേൾവിപ്രശ്നങ്ങൾ വന്നിട്ടുണ്ടെന്നോ സംബന്ധിച്ച് വ്യക്തതയില്ല. കേൾവിനഷ്ടവും ടിന്നിറ്റസും കോവിഡിന്റെ സാധാരണ ലക്ഷണങ്ങൾ അല്ലെങ്കിലും രോഗബാധിതരിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അതു ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

കടപ്പാട്: മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

Tags:
  • Manorama Arogyam
  • Health Tips