Friday 09 April 2021 03:53 PM IST : By സ്വന്തം ലേഖകൻ

കോവിഡ് കാലത്തെ അസന്തുലിതാവസ്ഥ മാറാൻ വരേണ്ടത് ഈ മാറ്റങ്ങൾ: കൊറോണയുടെ രണ്ടാം വരവ്: ലോകാരോഗ്യ ദിനത്തിലെ സന്ദേശം

health-day-covid

ലോകാരോഗ്യ ദിനമായിരുന്നു ഇന്നലെ.  കൊറോണാ വ്യാപനം അതിന്റെ രണ്ടാംഘട്ടത്തില്‍ ലോകമെമ്പാടും അലയടിക്കുന്ന ഈ അവസരത്തില്‍ ലോകാരോഗ്യദിനത്തിന് വളരെയധികം പ്രസക്തിയുണ്ട്. ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമാണസൂക്തം 'നീതിയുക്തവും ആരോഗ്യകരവുമായ ലോകത്തെ കെട്ടിപ്പടുക്കുക' എന്നതാണ്. ആരോഗ്യം നമുക്ക് ഔദാര്യമല്ല അവകാശമാണെന്നും: ആരോഗ്യസംരക്ഷണം ലോകജനതയ്ക്ക് ലിംഗ ജാതി, മത വര്‍ണ്ണ വിവേചനമില്ലാതെ നീതിപൂര്‍വ്വമായി, സന്തുലിതമായ് ലഭിക്കണം എന്നതുമാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്നത്.

കോവിഡ്-19 വ്യാപനം ആരോഗ്യപരിപാലനവും സേവനവും എത്ര അസന്തുലിതമായാണ് ലോകജനതയ്ക്ക് ലഭ്യമായിട്ടുള്ളത് എന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. അന്നന്നത്തേക്കുള്ള ഭക്ഷണം വേണോ അതോ ആ പണം തന്റെയോ കുടുംബത്തിന്റെയോ ആരോഗ്യപരിപാലനത്തിന് ചിലവാക്കണോ എന്നത് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ സ്ഥിരം നേരിടുന്ന ഒരു പ്രശ്‌നമാണ്. ഈ സ്ഥിതിവിശേഷം കൊറോണ വ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നാം കണ്ടറിഞ്ഞതാണ്. വികസിത രാജ്യങ്ങളില്‍ രോഗനിയന്ത്രണത്തില്‍ പാളി മരണസംഖ്യ പലപ്പോഴും കുതിച്ചുയര്‍ന്നപ്പോള്‍ വികസ്വര രാജ്യങ്ങളില്‍ മരണസംഖ്യ കുതിച്ചുയര്‍ന്നത് ഭക്ഷണം, മരുന്ന്, പ്രാഥമികാരോഗ്യ സംരക്ഷണമില്ലായ്മ എന്നിവ മൂലമായിരുന്നു.

ലോകത്തിന്റെ തന്നെ വാക്‌സീന്‍ കേന്ദ്രം എന്ന് ഇന്ത്യക്കാരായ നമുക്ക് അഭിമാനിക്കാമെങ്കിലും പല അവികസിത രാജ്യങ്ങളിലും പ്രതിരോധ കുത്തിവെപ്പ് ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ അവയുടെ വിതരണം അസന്തുലിതമായ രീതിയിലോ ആണ്. ആരോഗ്യമേഖലയില്‍ പോലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന സമയം കൂടിയാണ് കൊറോണ വ്യാപനം. ഈ അസന്തുലിതാവസ്ഥ മാറണമെങ്കില്‍ സാമൂഹിക ആരോഗ്യവ്യവസ്ഥയില്‍ മാറ്റം വരണം. പ്രാഥമികമായി ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സ്ത്രീ-ശിശു സംരക്ഷണം, ആരോഗ്യ-അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയിലൂന്നിയിട്ടുള്ളതാവണം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വീക്ഷണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെയും, സര്‍ക്കാറുകളുടെയും സഹകരണം അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 'വസുദൈവക കുടുംബം'എന്ന ഇന്ത്യന്‍ തത്ത്വദര്‍ശനം നാമെല്ലാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

കടപ്പാട്:

ഡോ. ജിതേഷ് കെ

സീനിയര്‍ കണ്‍സല്‍ട്ടന്റ്- ഇന്റേണല്‍ മെഡിസിന്‍

മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്‌