Friday 17 July 2020 04:43 PM IST : By സ്വന്തം ലേഖകൻ

കോവിഡ് മരണശീട്ടെഴുതി മടുത്തു, ഡോക്ടർമാരുടെ മരണക്കണക്കുകളും ഭയപ്പെടുത്തുന്നു; ആശങ്കയേറ്റുന്ന അനുഭവം പങ്കുവച്ച് ഡോ.കല

doc story5667

കോവിഡു കാലം കേരളത്തിലും തീവ്രഭാവത്തിലേക്കു കടക്കാനൊരുങ്ങുന്നു. മഹാമാരി സമൂഹവ്യാപനത്തിന്റെ വക്കിൽ നിൽക്കുമ്പോൾ, രോഗപ്പകർച്ച പകരുന്ന മനോവ്യാപാരങ്ങളിലൂെട സഞ്ചരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോ. കല വി എൽ.

മാർച്ച് മാസം, തമാശകൾ നിറഞ്ഞു നിന്ന സോഷ്യൽ മീഡിയ അന്തരീക്ഷം മാറിയത് വളരെ പെട്ടന്നായിരുന്നു. വർഷങ്ങളായി മുടക്കാത്ത ആറ്റുകാൽ പൊങ്കാലയ്ക്കു പോകാനൊരുങ്ങിയപ്പോൾ, ‘‘പോകുന്നതു തീക്കൊള്ളി കൊണ്ടു തല ചൊറിയലാകും പിന്മാറണം. മറ്റുള്ളവരെ മാറ്റണം’’ എന്ന സുഹൃത്തുക്കളുടെ ശാസന ചിരിച്ചു തള്ളി പൊങ്കാല ഇട്ടു. പിന്നെ യൂറോപ്പ് അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിക്കുന്നതിന്റെ വാർത്തകൾ വന്നു തുടങ്ങി. അവിടെ, അതിനിടയിൽ ജോലി ചെയ്യേണ്ടി വരൂന്ന സുഹൃത്തുക്കളെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിൽ ‘ഇവിടെ നിയന്ത്രണാധീനമാണല്ലോ’ എന്നായിരുന്നു ആശ്വാസം. അവിടെ സംഭവിച്ചതുപോലെ പോലെ പടർന്നാൽ കേരളത്തിനോ ഇന്ത്യക്കോ താങ്ങാൻ പറ്റുമോ എന്ന ഭീതി എന്നും ഉള്ളിലെവിടെയോ പതിയിരുന്നു.

ഇംഗ്ലണ്ടിലുള്ള സുഹൃത്ത് ഡോക്ടർ വാട്സാപ് ഗ്രൂപ്പില്‍ വന്നു പറഞ്ഞു "ഒരാശ്വാസത്തിന് കയറിയതാണ്, ഡെത്ത് സർട്ടിഫൈ ചെയ്തു മടുത്തൂ...’’എന്ന്. അല്പ സമയം വേദന തൊട്ടറിഞ്ഞ മനസ്സുകൾ മറുപടി " ടേക്ക് കെയർ സ്റ്റേ സേഫ് " എന്ന വാചകത്തിൽ ഒതുക്കി. "അടുത്തതിനു വിളിക്കുന്നു പോട്ടെ "എന്നു പറഞ്ഞു അദ്ദഹം പോയപ്പോൾ മനസ്സിൽ നിറഞ്ഞു നിന്ന അസ്വാസ്ഥ്യം പറയാനറിയില്ല.

കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്കും കോടിയിലേക്കും കടന്നാൽ? മരുന്നോ വാക്സിനോ കണ്ടു പിടിക്കപ്പട്ടിട്ടില്ല. അശാന്തിക്കിടയിലും മനസ്സൊരുങ്ങുകയായിരുന്നു നേരിടാൻ. ദിവസങ്ങൾ ചിലപ്പോൾ വീട്ടിലേക്ക് വരാൻ കഴിഞ്ഞെന്ന് വരില്ല. ഭക്ഷണത്തിനും മറ്റാവശ്യങ്ങൾക്കും മറ്റുള്ളവരും സ്വയം പര്യാപ്തത നേടേണ്ടതായിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന കഥകൾ വല്ലാതെ പേടിപ്പെടുത്തുന്നതായിരുന്നു. ഒന്നും രണ്ടും മാസങ്ങളായി പുറത്തിറങ്ങാതെ കഴിയുന്നവർ.അതിവിടെയും ആവർത്തിച്ചാൽ. ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കാനെങ്കിലും വീട്ടിൽ ഉള്ളവർക്കു കഴിയണം.ശവശരീരങ്ങൾ സ്വപ്നം കണ്ടു ഞെട്ടി ഉണർന്ന രാത്രികൾ. നഷ്ടപ്പെടേണ്ടി വരുന്നത് ഉറ്റവരെയോ തന്നെത്തന്നെയോ ആകാമെന്ന തിരിച്ചറിവ് വല്ലാത്ത ഒരു വിഷാദത്തിലേക്കു തള്ളി വിട്ടു.

ലോക് ഡൗൺ കാലത്തിന്റെ രണ്ടാം പകുതി. മനസ്സു തണുത്തു തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണാധീനമായി.രാവിലെ ഉണരുമ്പോൾ കേൾക്കാൻ കൊതിച്ചിരുന്ന കിളികളുടെ പാട്ട്. തെളിഞ്ഞ ആകാശം ഒക്കെ വല്ലാതെ മോഹിപ്പിച്ചു. പ്രകൃതി എല്ലാം പകയോടെ തിരിച്ചു പിടിക്കുകയാണെന്ന തിരിച്ചറിവ്. അതിലെന്തെല്ലാം കട പുഴകി വീഴും? അതുമാത്രമായിരുന്നു ആശങ്ക.

ലോക്ഡൗൺ കഴിഞ്ഞ് പതിയെ രോഗികളുെട എണ്ണം കൂടാൻ തുടങ്ങി. ഒഴിച്ചിട്ടിരുന്ന കിടക്കകൾ നിറഞ്ഞു തുടങ്ങി . "ഞാൻ ജോലി ചെയ്യൂന്ന ആശുപത്രിയിൽ എനിക്ക് ഒരാവശ്യം വന്നാൽ ഒരു കിടക്ക കിട്ടാതാകുന്ന അവസ്ഥ വന്നാൽ എന്തു ചെയ്യും " എന്ന ഉറ്റ സുഹൃത്തിന്റെ വാക്കുകൾ കടുത്ത തിരിച്ചറിവായി. ഡോക്ടർമാർക്ക് സാധാരണ കിട്ടുമെന്നു പ്രതീക്ഷിക്കുന്ന പരിഗണനയും അതിൽ നിന്നും ഉളവാകുന്ന സുരക്ഷിതത്വ ബോധവും വെറും മിഥ്യയാണെന്ന് മനസ്സിലാകാൻ തുടങ്ങിയത് അപ്പോഴാണ്.

കുറെയധികം പേർക്ക് രോഗം ബാധിച്ചു കഴിയുമ്പോൾ.വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡി വലിയൊരു വിഭാഗം ജനങ്ങളുടെ ശരീരത്തിൽ ഉണ്ടായാൽ വൈറസ് ബാധയെ ചെറുക്കാൻ പറ്റും. അതിനെയാണ് ഹേർഡ് ഇമ്മ്യൂണിറ്റി എന്നു വിളിക്കുന്നത്. പക്ഷേ, കോവിഡ് പടർന്നു പിടിച്ചാൽ ഹേർഡ് ഇമ്മ്യൂണിറ്റി നേടുമ്പോഴേക്കും സംഭവിക്കാവുന്ന ഭയാനകമായ മരണനിരക്കിനെ ക്കുറി‍ച്ചുള്ള ചിന്തകൾ മനസ്സിനെ നിലയില്ലാ കയങ്ങളിലേക്ക് തള്ളിയിടുകയാണ്.

ഇന്ന്, ഇപ്പോൾ ഇവിടെ കാര്യങ്ങൾ ചെനയിലും ഇറ്റലിയിലുമൊക്കെ കണ്ടതുപോലെ ആവുന്നു. കോവി‍ഡ് രോഗിയുടെ എണ്ണം ദിവസം ഒന്ന രണ്ടോ എന്നതിൽ നിന്ന് 700 കവിയുമ്പോൾ കൊറോണയോടുള്ള ഭീതി പലർക്കും മാറി വന്ന പോലെ. മാസ്ക് വേണ്ട രീതിയിൽ ഉപയോഗിക്കാത്ത, സാമൂഹിക അകലം പാലിക്കാത്ത കുറച്ചു പേരെയെങ്കിലും കാണേണ്ടി വരുന്നു. മറ്റുള്ളവരുടെ സ്രവങ്ങൾ നമ്മുടെ മൂക്കിലും വായിലും വീഴാതെ ഒരു പരിധിവരെ സംരക്ഷിക്കും മാസ്കും സാമൂഹിക അകലവും മറിച്ചും....അതു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ചിലരിലെങ്കിലും അതൊക്കെ അനാവശ്യമാണെന്ന ചിന്തിക്കുന്നതായി തോന്നി. ."നിങ്ങളുടെ ഇവിടെ മാത്രം എന്താ നിർബന്ധം മാസ്ക് ധരിക്കണമെന്ന്?" എന്നൊരാൾ കയർത്തു. സത്യത്തിൽ തോന്നിയത് സങ്കടമാണ്. പക്ഷേ, എതിരെ ഇരുന്ന 70നടുത്തു പ്രായം വരുന്ന ഒരാൾ ആ മനുഷ്യനെയും എന്നെയും മാറിമാറി നോക്കി ദയനീയമായിപ്പറഞ്ഞു..."ഇവർക്കൊക്കെ ഇനി എന്നാ ഡോക്ടറെ.. ബോധം ഉണ്ടാകുന്നത്’’ എന്ന്.

90ശതമാനം ആൾക്കാരും നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ, എല്ലാം കാറ്റിൽപ്പറത്തി നടക്കാൻ താൽപര്യപ്പെടുന്ന ചെറിയൊരുവിഭാഗം പേരുണ്ട് .ചടങ്ങു പോലെ മാസ്ക് കഴുത്തിൽ ധരിക്കുന്നവർ, മൂക്കു മൂടാതെ വാ മാത്രം മൂടി നടക്കുന്നവർ, സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തുന്നവർ, സാമൂഹിക അകലമൊക്കെ മറന്ന് കൂട്ടം കൂടുന്നവർ. പറഞ്ഞു കൊടുക്കുമ്പോൾ മനസ്സിലായതായി ഭാവിക്കുമെങ്കിലും വീണ്ടും അതൊക്കെ തന്നെ ആവർത്തിക്കുന്നവർ.

ഡോക്ടർമാർക്കിടയിലെ മരണനിരക്കിന്റെ കണക്കുകൾ, ചില സ്പെഷ്യാലിറ്റികളിൽ രോഗബാധ കൂടുതലാണെന്ന കണക്കുകൾ സൗഹൃദ ഗ്രൂപ്പുകളിൽ വന്നു തുടങ്ങിയതോടെ ഭയം വീണ്ടും മറ നീക്കിവന്നു. തലസ്ഥാനത്ത് വീണ്ടും ലോക്ഡൗണിനു സമാനമായ അന്തരീക്ഷം. രോഗം സംശയിക്കപ്പെടുമ്പൊഴും ധാരാളം ജനങ്ങളുമായി ഇടപഴകിയ ആട്ടോ റിക്ഷാ ഡ്രൈവർ...മെഡിക്കൽ കോളേജിലെ സെക്യൂരി സ്റ്റാഫ്. .കായംകുളത്ത് ഒരു വീട്ടിൽ ത്തന്നെ രോഗം ബാധിച്ച 16പേർ... ഒരു സമൂഹവ്യാപനത്തിലേക്കാണോ കേരളം? ഒരോ പുലരിയിലും കൺതുറക്കുന്നത് ആ അശാന്തിയിലേക്കാണ്.

നിപ്പയെ ചെറുത്ത, പ്രളയത്തെ അതി ജിവിച്ച മലയാളി കൊറോണയെയും നേരിടും. മനസ്സ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ...

ഡോ. കല വി.എൽ

അസിസ്റ്റന്റ് പ്രഫസർ

ട്രാൻസ്ഫ്യൂഷൻ‌ മെഡിസിൻ വിഭാഗം

ഗവ. മെഡിക്കൽ കോളജ് , കോട്ടയം

kilakish@yahoo.co.in

Tags:
  • Manorama Arogyam
  • Health Tips