Saturday 16 January 2021 11:39 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡെസ്ക്

നൽകുന്നത് 2 ഡോസ്, രണ്ട് ആഴ്ച കഴിയുമ്പോൾ പൂർണമായ പ്രതിരോധ ശേഷി: കോവിഡ് വാക്സീൻ കേരളത്തിൽ എത്തുമ്പോൾ

covaccine

കോവിഡ് വാക്സീനേഷന് ഇന്നു തുടക്കം കുറിക്കുന്നു. കേരളത്തിൽ ഇതുവരെ 3.6 ലക്ഷത്തോളം പേരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 4,33,500 ഡോസ് വാക്സീനുകളാണ് ആദ്യഘട്ടത്തിൽ കേരളത്തിലെത്തിയിരിക്കുന്നത്.

വാക്സീനേഷൻ സൗകര്യങ്ങൾ

പതിനാല് ജില്ലകളിലായി 133 വാക്സീൻ സൈറ്റുകളാണ് തയാറാക്കിയിരിക്കുന്നത്. എറണാകുളത്ത് 12, തിരുവനന്തപുരത്ത് 11, കോഴിക്കോട് 11, മറ്റ് 11 ജില്ലകളിൽ 9 എണ്ണം വീതം. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്സീൻ നൽകും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സീൻ നൽകുക.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ നാലു വാക്സിനേഷൻ ഒാഫിസർമാർ വീതമാണ് ഉണ്ടാവുക. ഒാരോ കേന്ദ്രത്തിലും കാത്തിരിപ്പു സ്ഥലങ്ങളും വാക്സീനേഷൻ സ്ഥലങ്ങളും നിരീക്ഷണ മുറികളും ഒരുക്കും. ഡോക്ടർ വേണമെന്നു നിർബന്ധമില്ലെങ്കിലും സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും.

എത്ര ഡോസ്?

രണ്ടു ഡോസായാണ് വാക്സീൻ നൽകുക. ആദ്യത്തെ ഡോസ് നൽകി 28 ദിവസം (നാല് ആഴ്ച) കഴിഞ്ഞ് അടുത്ത ഡോസ് എന്നാണ് കണക്ക്. രണ്ടാമത്തെ വാക്സീൻ ഡോസ് കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞാൽ പൂർണമായുള്ള പ്രതിരോധശേഷി ലഭിക്കും.

കേരളത്തിന് കോവിഷീൽ‌ഡ്

കേരളത്തിൽ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത് കൊവിഷീൽഡ് വാക്സീനാണ്. ആസ്ട്രാ സെനക്കയും ഒാക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്ന് സംയുക്തമായി വികസിപ്പിച്ച ഈ വാക്സീൻ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്നത്. വൈറസിന്റെ ഡിഎൻഎ ഘടകങ്ങൾ ഉപയോഗിച്ചുള്ള വാക്സീനാണ് ഇത്. മൂന്നാംഘട്ട ട്രയലുകൾ പൂർത്തിയാക്കിയ ഈ വാക്സീന് 70 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2 മുതൽ 8 ഡിഗ്രി സെൽഷ്യസിലാണ് ഇതു സൂക്ഷിക്കേണ്ടത്.

കോവാക്സീൻ

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലെ ഔഷധനിർമാണ നിയന്ത്രണ സമിതിയായ സെൻട്രൽ ഡ്രഗ് സ്റ്റാൻഡാർഡ്സ് കൺട്രോൾ ഒാർഗനൈസേഷൻ 2020 ജനുവരി 2 ന് കൊവിഷീൽഡിനൊപ്പം ഭാരത് ബയോടെക്കിന്റെ കോവാക്സീനും നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നൽകുകയായിരുന്നു.

ഇന്ത്യയിൽ ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ വാക്സീനാണ് കോവാക്സീൻ(COVAXIN) . ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചും നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സീൻ വികസിപ്പിച്ചിരിക്കുന്നത്. 26,000 പേരിൽ 25 കേന്ദ്രങ്ങളിലായി അവസാനഘട്ട ഫേസ് 3 ട്രയലുകൾ നടക്കുകയാണ്. നിഷ്ക്രിയ (ഇൻആക്ടിവേറ്റഡ് ) വൈറസ് വാക്സീനാണ് ഇത്. 2–8 ഡിഗ്രി സെൽഷ്യസിലാണ് ഇതും സൂക്ഷിക്കണ്ടത്.

വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 104 ൽ വിളിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദിശ നമ്പറായ 1075ൽ ബന്ധപ്പെടാം