Saturday 16 January 2021 12:04 PM IST : By സ്വന്തം ലേഖകൻ

ഇത്ര പെട്ടെന്ന് കോവിഡിന് മരുന്ന്, എത്രത്തോളം വിശ്വസിക്കും?: വാക്സീൻ ആശങ്കകളും മറുപടിയും

covid-vaccine

Q കോവിഡ് വാക്സീനിൽ എന്താണ് ഉള്ളത്? നമ്മുടെ ശരീരത്തിന് ദോഷകരമായ ഘടകങ്ങളുണ്ടോ?

A  കോവിഡ് വാക്സീൻ നിർമാണത്തിന് വൈറസിനെ മുഴുവനായി ഉൾപ്പെടുത്തുന്നില്ല.  പകരം വൈറസ് ഘടകങ്ങളെയും നിഷ്ക്രിയമായ വൈറസിനെയുമാണ് ഉൾപ്പെടുത്തുന്നത്. നിഷ്ക്രിയമായ വൈറസിനെ ഉപയോഗിച്ചുള്ള വാക്സീനാണ്    ഭാരത് ബയോടെക്കിന്റെ കോവാക്സീൻ.

കൊറോണ വൈറസ് എംആർഎൻഎയും ഡിഎൻഎയുമാണ് വാക്സീൻ നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റു ഘടകങ്ങൾ. കൊറോണവൈറസ് ഡിഎൻഎയെ രോഗങ്ങളൊന്നും ഉണ്ടാക്കാത്തതരം അഡിനോവൈറസിൽ ഉൾച്ചേർത്താണ്  മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് ഒളിച്ചുകടത്തുന്നത്. ഈ വൈറസ് ശരീരത്തിലെത്തുമ്പോൾ കോശങ്ങൾ അണുബാധിതമാകുമെങ്കിലും നശിക്കുകയില്ല.  അണുബാധിതമായ കോശങ്ങൾക്കുള്ളിൽ  വൈറസ് ഡിഎൻഎ ആക്ടീവായി എംആർഎൻഎ (മെസ്സഞ്ചർ ആർഎൻഎ) രൂപപ്പെടും.  പ്രോട്ടീൻ നിർമിക്കാനുള്ള സന്ദേശമാണ് ഈ എംആർഎൻഎയിലുള്ളത്. ഈ സന്ദേശം  കോശങ്ങൾക്ക് ലഭിക്കുന്നതോടെ കൊറോണവൈറസിന്റേതിനു സമാനമായ സ്പൈക് പ്രോട്ടീൻ  ഉൽപാദിപ്പിക്കപ്പെടും.   ഉടനെ തന്നെ ഈ പ്രോട്ടീൻ ശരീരത്തിന്റേതല്ല എന്നു  നമ്മുടെ പ്രതിരോധസംവിധാനം  മണത്തറിയുകയും പ്രതിരോധനടപടികൾ ആരംഭിക്കുകയും ചെയ്യും.  റഷ്യൻ വാക്സീനായ സ്പുട്നികും  കോവിഷീൽഡും വൈറസിന്റെ ഡിഎൻഎ ഘടകങ്ങൾ ഉപയോഗിച്ചുള്ള വാക്സീനുകളാണ്.

ഇനി, ഡിഎൻഎ ഒളിച്ചുകടത്തുന്നതിനു പകരം  എംആർഎൻഎ തന്നെ കടത്താം.  ഫൈസർ, മൊഡേണ വാക്സീനുകൾ എംആർഎൻ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. കോശങ്ങൾക്ക് എളുപ്പം ആഗിരണം ചെയ്യാൻ പ്രത്യേകമായി നിർമിച്ച കൊഴുപ്പുരുളകൾക്കുള്ളിൽ (Fat globules) എംആർഎൻഎ പായ്ക്ക് ചെയ്താണ് ശരീരത്തിലെത്തിക്കുക. ഈ കൊഴുപ്പുരുളകൾ കോശത്തിനുള്ളിലെത്തുമ്പോൾ പൊട്ടി എംആർഎൻഎ പുറത്തുവരികയും അതു നൽകുന്ന സന്ദേശമനുസരിച്ച് ശരീരം  സ്പൈക് പ്രോട്ടീൻ ഉൽപാദിപ്പിച്ച് പ്രതിരോധപ്രതികരണം സൃഷ്ടിക്കുകയും ചെയ്യും.സന്ദേശം കൈമാറിക്കഴിഞ്ഞാൽ  ഉടൻ തന്നെ എംആർഎൻഎ നശിച്ചുപോകും. ഇതു ശരീരത്തിൽ അവശേഷിക്കുകയോ എന്തെങ്കിലും പ്രശ്നങ്ങൾക്ക് ഇടയാക്കുകയോ ഇല്ല.

Q ഏതു വാക്സീനാണ് ഏറ്റവും      ഫലപ്രദം?

A നിഷ്ക്രിയമായ വൈറസിനെ ഉപയോഗിച്ചുള്ള ചില വാക്സീനുകൾ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഉദാഹരണം റാബീസ് വാക്സീൻ.  ആ ടെക്നോളജി ഫലപ്രദമാണെന്നു  പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. പക്ഷേ, എംആർഎൻഎ, ഡിഎൻഎ  ഘടകങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വാക്സീൻ നിർമാണവും പരീക്ഷണവും ലോകത്ത് ഇതാദ്യമാണ്. പുതിയ ടെക്നോളജിയാണ്. അതുകൊണ്ട് ഏതു തരം വാക്സീനാണ് കൂടുതൽ മെച്ചമെന്ന് ഇപ്പോൾ പറയാനാവില്ല.

Q ഇത്രയും പെട്ടെന്ന് ഒരു രോഗത്തിനു വാക്സീൻ വരുന്നത് പുതിയ കാര്യമാണല്ലോ. ഇതു സ്വീകരിക്കുന്നത് സുരക്ഷിതമാണോ?

A നോവൽ കൊറോണ വൈറസ് കണ്ടെത്തി വളരെ പെട്ടെന്നു തന്നെ തന്നെ ശാസ്ത്രജ്ഞർ അതിന്റെ ജീനോം  സീക്വൻസ് ചെയ്തെടുത്തു. പെട്ടെന്നു തന്നെ ട്രയലുകളും ആരംഭിച്ചു. പെട്ടെന്നാണ് രൂപപ്പെടുത്തിയതെങ്കിലും സാധാരണ വാക്സീൻ പരീക്ഷണങ്ങളിലേതു പോലെയുള്ള ഒട്ടേറെ ഘട്ടം ട്രയലുകളും  കണിശമായ വിശകലനങ്ങളും  സ്ഥിതിവിവരക്കണക്കുകളും കഴിഞ്ഞാണ് ഈ വാക്സീനും പുറത്തുവന്നിരിക്കുന്നത്.   മരുന്നുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും നിരീക്ഷിക്കാൻ ഒാരോ     രാജ്യത്തിനും അതിന്റേതായ നിയന്ത്രണസമിതികളും ഉണ്ട്.  ഇന്ത്യയിൽ, സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് ഒാർഗനൈസേഷന്റെ പിന്തുണയോടെ  ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (DCGI) യാണ്  ഇക്കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്.

വാക്സീൻ തൃപ്തികരമായ രീതിയിൽ പ്രതിരോധപ്രതികരണം ഉളവാക്കുന്നുണ്ടോ എന്നതും  അണുബാധകളിൽ നിന്നു സംരക്ഷിക്കുന്നുണ്ടോ എന്നും  സംശയലേശമില്ലാതെ തെളിയിക്കേണ്ടതുണ്ട്. അതിന് ആദ്യം  ലാബിൽ മൃഗങ്ങളിൽ സുരക്ഷാപരീക്ഷണങ്ങൾ ( പ്രീ ക്ലിനിക്കൽ ടെസ്റ്റിങ്)  നടത്തും.  തുടർന്ന് മൂന്നു ഘട്ടമായിട്ടുള്ള   ക്ലിനിക്കൽ ട്രയലുകൾ (3 ഫേസ്) നടത്തും.  ഒാരോ ഘട്ടത്തിന്റെയും വിശദമായ പഠനപ്രോട്ടോക്കോൾ  ഇൻസ്റ്റിറ്റ്യൂഷനൽ  എതിക്സ് കമ്മറ്റി  അംഗീകരിക്കണം. ഐസിഎംആറിന്റെ കീഴിലുള്ള നാഷനൽ ക്ലിനിക്കൽ ട്രയൽ റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്.  തുടർന്ന് ഡിസിജിഐയുടെ അംഗീകാരത്തിന് സമർപ്പിക്കണം. അവരുടെ അംഗീകാരം കൂടി നേടിയശേഷമേ വാക്സീൻ പുറത്തിറക്കൂ. അങ്ങനെ ലഭിക്കുന്ന വാക്സീൻ തികച്ചും വിശ്വസിക്കാവുന്നതാണ്.

Q ഇന്ത്യയിൽ വാക്സീൻ എപ്പോൾ ലഭ്യമായി തുടങ്ങും?

A ഇന്ത്യയിലെ വാക്സീൻ പരീക്ഷണങ്ങളെല്ലാം തന്നെ അവസാനഘട്ടത്തിലാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സീൻ,  
ഒാക്സ്ഫഡ് വാക്സീൻ,  ഇവയെല്ലാം അവസാനഘട്ട ട്രയലിലാണ്. പരീക്ഷണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക്  വിപണിയിലെത്തിക്കാനാകും. എന്തായാലും 2021 ജനുവരിയോടെ വാക്സീൻ നൽകിത്തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 2021 ജൂലൈ മാസത്തോടെ എല്ലാവർക്കും തന്നെ വാക്സീൻ നൽകാനായേക്കും.

Q ഇന്ത്യയിൽ ലഭ്യമായ വാക്സീനുകൾ ഏതൊക്കെ?

എട്ട് കോവിഡ് വാക്സീൻ കാൻഡിഡേറ്റുകളാണ് ഇന്ത്യയിലുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് എണ്ണം ചുവടെ.

∙  ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായ ഡിഎൻഎ വാക്സീൻ കോവിഷീൽഡ് ഫേസ് 2 ഘട്ടത്തിലാണ്. ആസ്ട്രാ സെനക്കയും ഒാക്സ്ഫഡ് യൂണിവേഴ്സിറ്റിയും  ചേർന്ന് സംയുക്തമായി വികസിപ്പിച്ച ഈ വാക്സീൻ പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്നത്.  വാക്സീന്റെ അടിയന്തിര അംഗീകാരത്തിനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

∙ നിർവീര്യമാക്കപ്പെട്ട വൈറസ് കൊണ്ടുള്ള  കോവാക്സീൻ (ഭാരത് ബയോടെക്–ഐസിഎംആർ)  ഫേസ് 3 ട്രയലിലാണ്.

∙  വൈറസ് ഡിഎൻഎ ഉപയോഗിച്ചുള്ള ZY-Cov-D (സൈഡസ് കാഡില) ഫേസ് 2 ട്രയലിലാണ്.

∙  റഷ്യൻ ഡിഎൻഎ വാക്സീനായ  സ്പുട്നിക്കിന്റെ  ഫേസ് 3 ട്രയൽ ഉടൻ ആരംഭിക്കും. റഷ്യയിലെ ഗാമാലേയ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം  ഇന്ത്യയിൽ റെഡ്ഡിസ് ലാബും ചേർന്നാണ് ഇത് ഇന്ത്യയിൽ നിർമിക്കുന്നത്.)

∙ NVX-COV-2373  (സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ–നോവാവാക്സ്)  ഫേസ് 3 ട്രയലിലേക്ക് കടക്കുന്നു. ഇവയിൽ കോവാക്സീനും കോവിഷീൽഡും ഫൈസറും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. ജേക്കബ് ടി. ജോൺ
വൈറോളജിസ്റ്റ്,
വെല്ലൂർ

2. ഡോ. പത്മനാഭ ഷേണായി
മെഡി. ഡയറക്ടർ,
സെന്റർ ഫോർ
ആർത്രൈറ്റിസ്
ആൻഡ്
റുമാറ്റിസം
കൊച്ചി