Tuesday 09 October 2018 04:11 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കളിയല്ല, കാരണങ്ങള്‍ മനസ്സിലാക്കി ചികിത്സിച്ചാൽ നടുവേദനയെ അകറ്റിനിർത്താം

back

മിക്ക സ്ത്രീകളെയും ക്ഷ, ണ്ണ... വരപ്പിക്കുന്നതാണ് നടുവേദന. പല കാരണങ്ങൾ കൊണ്ട് നടുവേദന വരാം. കഴുത്തിന്റെ താഴ്‌വശം മുതൽ നട്ടെല്ലിന്റെ അറ്റം വരെ എവിടെ വേദന വന്നാലും പൊതുവായി ബാക് പെയ്ൻ എന്നാണ് നമ്മൾ പറയാറ്. എന്നാൽ നട്ടെല്ലിന്റെ താഴ്‌വശത്ത് വരുന്ന വേദനയെ ലോവര‍്‍ ബാക് പെയ്നെന്നും കഴുത്ത് ഭാഗത്ത് വരുന്നതിന് സെർവിക്കൽ പെയ്ൻ എന്നുമാണ് ഡോക്ടർമാർ പറയുക.

കഴുത്തിലും നടുവിലും ഡിസ്ക് തകരാറുകൾ കൊണ്ടും വേദന വരാറുണ്ട്, അതിന് ഡിസ്ക് പ്രൊലാപ്സിസ് എന്നാണ് പറയുന്നത്. 33 കശേരുക്കൾ ചേർന്നതാണ് നമ്മുടെ നട്ടെല്ല്. അതിന് സ്വതവേയുള്ള വളവും തിരിവും ഉണ്ട്. രണ്ട് കശേരുക്കൾക്കിടയിലുള്ള ഷോക് അബ്സോർബറാണ് ഇന്റർ വെർട്ടിബ്രേയ്റ്റ് ഡിസ്ക് അല്ലെങ്കിൽ ഐവിഡി. ഈ ഡിസ്കിനകത്ത് കാരംസിന്റെ കോയിൻ പോലുള്ള ന്യൂക്ലിയസ് പൾപോസിസും അതിനു ചുറ്റുമായി വേറൊരു ആവരണം കൂടിയുണ്ട്. ഇത്രയും ചേർന്നാണ് നമ്മുടെ നട്ടെല്ലിന്റെ സംരക്ഷണം ഒരുക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ച് ന്യൂക്ലിയസ് പൾപോസിസിന്റെ സ്ഥാനം തെറ്റുമ്പോഴോ ഡിസ്കിനു ക്ഷയം സംഭവിക്കുമ്പോഴോ ഡിസ്കിലെ ഫ്ലൂയിഡ് കുറയുമ്പോഴോ ഒക്കെ നടുവേദന വരും.

സാധാരണ ഗതിയിൽ വേദന വരുന്നത് നട്ടെല്ലിന്റെ താഴേയറ്റത്തും കഴുത്തിന്റെ പിന്നിലുമാണ്. ഇതിനിടയിലുള്ള ഭാഗങ്ങളില്‍ എവിടെ വേദന വന്നാലും അത് ടി.ബി, കാൻസർ പോ ലുള്ള ഗുരുതരമായ അസുഖം എന്തെങ്കിലുമാണോ എന്ന് സംശയിക്കണം.

∙ നടുവേദന വരാനുള്ള ഏറ്റവും പ്രധാന കാരണം ശരിയായ ബോഡി പോസ്ചർ ശീലിക്കാത്തതാണ്. പുറംഭാഗത്തിന് ആവശ്യത്തിനു സപ്പോർട്ടില്ലാത്ത കസേരയിൽ ചാഞ്ഞും ചരിഞ്ഞും ഇരിക്കുമ്പോഴും സോഫയിൽ കിടന്നു ടിവി കാണുമ്പോഴും അറിയാതെ തന്നെ നമ്മൾപുറം വേദനയ്ക്കുള്ള കളമൊരുക്കുകയാണ്.

∙ വ്യായാമ കുറവാണ് അടുത്ത വില്ലൻ. വ്യായാമം ചെയ്യാതെ വരുമ്പോൾ ശരീരഭാരം കൂടും. അത് നിരന്തരം അലട്ടുന്ന നടുവേദനയ്ക്കുള്ള കാരണമാകും.

∙ ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്തതു മൂലം പുതു തലമുറയ്ക്ക് നടുവേദന കൂടുതൽ വരാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്നു കിട്ടുന്ന വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നത് കാത്സ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവു കുറയ്ക്കും. ഇത് എല്ലുകൾക്കു ബലക്ഷയമുണ്ടാക്കും.

∙ ഗർഭകാല പരിചരണം ശരിയായി ലഭിക്കാത്തവർക്കു ബാക്പെയ്ൻ പതിവ് ശല്യക്കാരനായി മാറാം.

∙ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ സ്ഥിരമായി ഇരുചക്രവാഹനമോടിക്കുന്നതും ബാക്പെയ്ൻ വരുത്തും. ഓരോ തവണ ഗട്ടറിൽ വീഴുമ്പോൾ ഹാൻഡിലിൽ വരുന്ന സമ്മർദം കൈകൾ വഴി തോളിലേക്കും അവിടെനിന്ന് കഴുത്തിലേക്കുമാണ് എത്തുന്നത്.

∙ സ്ത്രീകളിലെ അമിത വെള്ളപോക്കും വജൈന, യൂട്രെസ്, ഓവറി, ഫലോപ്പിയൻ ട്യൂബ് എന്നിവിടങ്ങളിൽ ഏതിലെങ്കിലും വരുന്ന അണുബാധ ഇവയൊക്കെയും നടുവേദനയ്ക്ക് കാരണമാകാം.

∙ സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവർക്കും ഭാരമുയർത്തുന്ന ജോലി ചെയ്യുന്നവർക്കും ബാക് പെയ്ൻ ഉണ്ടാകാം.

∙ യൂറിനറി ഇൻഫെക്‌ഷൻ, കിഡ്നി സ്റ്റോൺ, യൂട്രസ്/ബ്ലാഡർ പ്രശ്നങ്ങൾ, ഡിപ്രഷൻ എന്നിവയ്ക്കനുബന്ധമായും ബാക് പെയ്ൻ വരാം.

∙ ആർത്തവ സമയത്തു വരുന്ന നടുവേദന നട്ടെല്ലിന്റെ പ്രശ്നം കൊണ്ടല്ല. ഈ സമയത്ത് ഈസ്ട്രെജന്‍, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവു കൂടും. ഇത് എല്ലാ സ്ത്രൈണ അവയവങ്ങളുടെയും വലുപ്പം കൂട്ടും. അതിന്റെ വലിഞ്ഞു മുറുക്കമാണ് നടുവേദനയായി വരുന്നത്.

കരുതലോടെ മാറ്റി നിർത്താം വേദനയെ

∙ ശരിയായ പോസ്ച്ചർ ശീലിച്ചാൽ തന്നെ പാതി പരിഹാരമായി. കൈകാലുകള‍്‍ തോന്നും പോലെ വച്ച് ചാരി റിലാക്സ്ഡായിട്ടല്ല ഇരിക്കേണ്ടത്. പകരം കസേരയുടെ പിന്നിൽ ശരീരം ചേർത്തു വയ്ക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്ക് മാത്രമേ മുന്നോട്ടാഞ്ഞ് ഇരിക്കാനും ചാരി കിടക്കാനും പാടുള്ളൂ. നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ അതേപോലെ നിലനിർത്തുന്ന തരത്തിൽ നിർമിച്ച കസേരകൾ വാങ്ങുക. നടുവേദനയുള്ള ചിലർക്ക് കസേരയിൽ കുഷ്യൻ വച്ചിരുന്നാലോ പിന്നിൽ സപ്പോർട്ട് ചെയ്താലോ ആശ്വാസം കിട്ടാറുണ്ട്. വേദന മാറുന്നില്ലെങ്കിൽ ഇരിക്കുന്ന കസേര കൂടി മാറ്റി നോക്കുക.

∙ തുടർച്ചയായുള്ള ഇരുപ്പെന്നാൽ അമിത വണ്ണം എന്നാണ് ഡോക്ടർമാർ പറയുന്നത്. അധിക നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ ഒരു മണിക്കൂർ ഇരുന്നാൽ 10 മിനിറ്റ് നടപ്പ് എന്ന രീതി ശീലിക്കുക. നടക്കാൻ പറ്റാത്തവർ എഴുന്നേറ്റ് നിന്നും ഇരുന്നും സ്ട്രെച്ച് ചെയ്യുക.

∙ മാസമുറ അവസാനിക്കുന്നതോടെയാണ് സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് വരുന്നത്. ആർത്തവവിരാമത്തോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവു കുറയുകയും അ തുമൂലം ശരീരത്തിലെ കാത്സ്യത്തിന്റെ മെറ്റബോളിസം കുറ യുകയും ചെയ്യുന്നതാണ് കാരണം. പാലും പാലുൽ‍പന്നങ്ങളും കഴിക്കാത്തതും കാത്സ്യം സപ്ലിമെന്റുകൾ പതിവാക്കാത്തതും നടുവേദന കൂട്ടും.

∙ അധികനേരം കുനിഞ്ഞു നിന്നു ചെയ്യേണ്ട ജോലികൾ സ്റ്റൂളിൽ ഇരുന്ന് ചെയ്യാൻ ശ്രമിക്കുക. ഭാരമെടുക്കേണ്ടി വരുമ്പോൾ മുട്ടു മടക്കി ഇരുന്നശേഷം ഭാരമുയർത്തി ഘട്ടം ഘട്ടമായി എഴുന്നേൽക്കുക.

∙ വേദനയുള്ളവർ കിടക്കുമ്പോൾ കാൽ മുട്ടിനടിയിൽ ചെറിയ തലയിണ വച്ച് കിടക്കുക. മസിലുകൾ അയഞ്ഞ് വിശ്രമം കിട്ടാൻ ഇത് സഹായിക്കും.

∙ നട്ടെല്ലിന്റെ വളവുകൾക്കും തിരിവുകൾക്കും പ്രശ്നമുണ്ടാക്കാത്ത കിടക്കകൾ വാങ്ങുക. ശരീരത്തിന്റെ സ്വാഭാവിക ഘടന മാറ്റുന്ന തരത്തിൽ കൂടുതൽ കട്ടിയോ കുഴിവോ ഒക്കെയുള്ള കിടക്കകളാണ് മിക്കവരുടെയും നടുവേദനയുടെ രഹസ്യകാരണം. ഇതിന് ആരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല.

∙ വേദന വന്നവരും വരാത്തവരും ഒരു ഫിസിക്കൽ ട്രെയ്നറെയോ ഫിസിയോതെറപ്പിസ്റ്റിനെയോ കണ്ട് നട്ടെല്ലിന് ബലം കൊടുക്കുന്ന കോർ സ്റ്റെബിലൈസേഷൻ എക്സർസൈസുകൾ പഠിച്ച് ചെയ്തു ശീലിക്കുന്നത് നല്ലതാണ്.

∙ നടുവേദനയുള്ളപ്പോൾ അത് പൂർണമായി മാറും വരെ ഓടാനും വ്യായാമം ചെയ്യാനും നിൽക്കരുത്. വേദനയുള്ളവർ ഏ റെ നേരം നിൽക്കേണ്ടി വരുമ്പോൾ രണ്ടു കാലുകളിലും മാറി മാറി ഭാരം കൊടുത്തു നിൽക്കാനും ശ്രദ്ധിക്കുക.

∙ ഭാരം കൈകളിലേന്തി നിൽക്കുമ്പോൾ കാലുകൾ അൽപം അകത്തി വച്ചു നിൽക്കാൻ ഓർക്കുക.

∙ ഹൈഹീൽസ് ചെരിപ്പുകൾ പതിവായി ധരിക്കുന്നത് നട്ടെല്ലിന്റെ സ്വാഭാവിക ഘടന തന്നെ മാറ്റും. കഴിവതും ഒരിഞ്ച് പൊക്കമുള്ള ചെരിപ്പ് ഉപയോഗിച്ചു ശീലിക്കുക.

വേദന എന്നാൽ ശരീരം കാണിക്കുന്ന ചുവന്ന അപായക്കൊടിയാണ്. അതുകൊണ്ട് ഉടനെ വൈദ്യസഹായം തേടുക തന്നെ വേണം.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

Foot.cramps1.625x488

പല രോഗങ്ങളുടെയും ഭാഗമായി നടുവേദന വരാം. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് ആവശ്യമുള്ള പരിശോധന ചെയ്യുക.

∙ നട്ടെല്ലിന്റെ താഴെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുക.

∙ നടുവിൽ നിന്നു കാലിലേക്കു പടരുന്ന വേദന.  കാലുക ൾ പൊക്കാൻ പറ്റാതാകുക, നടക്കുമ്പോൾ ഇടയ്ക്കിടെ ചെരിപ്പ് കാലിൽ നിന്നു തെന്നിപ്പോകുക.

∙ വേദനയോടു കൂടി മാത്രമേ നിവർന്നു നിൽക്കാൻ സാധിക്കുന്നുള്ളൂവെന്ന അവസ്ഥ. 

∙ ചലിക്കാൻ ബുദ്ധിമുട്ട് തോന്നുക, നടുവ് പുറകിലേക്കുവളയ്ക്കാൻ പറ്റാതാകുക.

∙ ഒരു കാലിലോ  ഇരുകാലിലുമായോ തരിപ്പ്, വിറയൽ, കഴപ്പ് എന്നിവ തോന്നുക

∙ വീഴ്ചയ്ക്കു  ശേഷമുള്ള ശക്തമായ നടുവേദന.

∙ രാത്രിയാകുമ്പോൾ കാഠിന്യം കൂടുന്ന വേദന.  ഉറക്കത്തിൽ വേദന വന്ന് എഴുന്നേൽക്കേണ്ടി വരിക. 

∙ വേദനസംഹാരികൾ കഴിച്ചിട്ടും കുറയാത്ത വേദന, നടുവേദനയ്ക്കൊപ്പം വിട്ടുമാറാത്ത പനി.