Tuesday 05 January 2021 01:04 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കോവിഡിനേക്കാൾ മാരകമോ ഡിസീസ് എക്സ്? മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയും ഗവേഷകരും

xdis3453 റപ്രസന്റേറ്റീവ് ഇമേജ്

കോവിഡ് അവസാനമല്ല, ആരംഭമാണെന്നും പുതിയ പുതിയ അജ്ഞാത വൈറസുകൾ ഇനിയും വന്നേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഇപ്പോഴിതാ ഡിസീസ് എക്സ് എന്ന പേരിൽ തിരിച്ചറിയാനാകാത്ത ഒരു രോഗാണു പരത്തുന്ന, എബോളയുടേതിനു സമാനമായ ലക്ഷണങ്ങളുള്ള രോഗം കണ്ടെത്തിയിരിക്കുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കൊംഗോയിലാണ് കഴിഞ്ഞമാസം ഹെമറാജിക് ഫീവർ ലക്ഷണങ്ങളുമായി ഒരാൾ ചികിത്സ തേടി എത്തിയിരുന്നു. എബോളയ്ക്കു സമാനമായ ലക്ഷണങ്ങളായതിനാൽ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. സമാന ലക്ഷണങ്ങളുള്ള പല രോഗങ്ങളുടെ പരിശോധന നടത്തിയെങ്കിലും എല്ലാം നെഗറ്റീവായിരുന്നു. അങ്ങനെയാണ് ഗവേഷകർ ഡിസീസ് എക്സ് എന്ന ഹൈപ്പോതെറ്റിക്കൽ രോഗമാകാം  എന്ന അനുമാനത്തിലെത്തിയത്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി.  ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ  നിന്നും ഇനിയും ഇത്തരം പുതിയ, തീവ്രസ്വഭാവമുള്ള വൈറസുകൾ മനുഷ്യരിലേക്ക് എത്താമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

എന്താണ് ഡിസീസ് എക്സ്?

2018ൽ ആരോഗ്യ അടിയന്തരാവസ്ഥകളിൽ ഗവേഷണ പഠനങ്ങൾ വേഗതയിലാക്കുന്നതിനുള്ള ഒരു ആഗോള ആക്ഷൻ പ്ലാൻ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിരുന്നു. കോവിഡും എബോളയും ഉൾപ്പെടുന്ന ആ ലിസ്റ്റിൽ ഡിസീസ് എക്സിനെയും ഉൾപ്പെടുത്തിയിരുന്നു. നിലവിലുള്ളതല്ലാത്ത, തിരിച്ചറിയാനാകാത്ത ഒരു രോഗാണു മൂലമുള്ള ആഗോളതലത്തിൽ ബാധിച്ചേക്കാവുന്ന മാരക പകർച്ചവ്യാധി എന്ന അർഥത്തിലാണ് ഡിസീസ് എക്സിനെ ഉൾപ്പെടുത്തിയതെന്നു ലോകാരോഗ്യസംഘടന പറയുന്നു.

ഡിസീസ് എക്സിനെ പോലെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഇനിയും ഒട്ടേറെ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ടെന്നു ഗവേഷകർ പറയുന്നു. പിന്നാലെ വരുന്നവ കോവിഡ് 19 നേക്കാൾ വ്യാപനശേഷിയുമുള്ള, കൂടുതൽ മാരകമായ പകർച്ചവ്യാധികളാകാമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. യെല്ലോ ഫീവർ, റാബീസ്, ബ്രൂസല്ലോസിസ് , ലൈം ഡിസീസ് പോലുള്ളവ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്നതും വലിയ പകർച്ചവ്യാധികളായതും നമുക്കറിയാവുന്ന ചരിത്രമാണല്ലൊ.

Tags:
  • Manorama Arogyam
  • Health Tips