Friday 25 January 2019 02:55 PM IST : By സ്വന്തം ലേഖകൻ

കോഴിമുട്ട കഴിക്കുമ്പോൾ ശരീരമാകെ തടിച്ചുവീർക്കുന്നു, താറാമുട്ട കുഴപ്പമുണ്ടാക്കുന്നില്ല; അലർജിയെപ്പറ്റി അറിയേണ്ടതെല്ലാം

egg-allergy13456

ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലർജി. വായുവിലൂടെയും ആഹാരത്തിലൂടെയും ചർമത്തിലൂടെയും അലർജിക്കു കാരണമാകുന്ന പ്രോട്ടീനുകൾ അഥവാ അലർജനുകൾ ശരീരത്തിനകത്തു കടക്കാം.

ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്നത് ഭക്ഷണത്തോടുള്ള അലർജിയാണ്. ഏതാണ്ട് പത്തു ശതമാനം ആളുകൾക്കു വ്യത്യസ്ത തരം ആഹാരങ്ങളോട് അലർജിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ആസ്ത്‌മ, തുടർച്ചയായ തുമ്മലും മൂക്കടപ്പും ജലദോഷവും (അലർജിക് റൈനൈറ്റിസ്), തൊലിപ്പുറമെയുള്ള അലർജി, കണ്ണിനു തുടർച്ചയായ ചൊറിച്ചിലും തടിപ്പും (അലർജിക് കൺജക്റ്റിവൈറ്റിസ്), മരുന്നുകളോടുള്ള അലർജി പോലുള്ള മറ്റ് അസ്വസ്ഥതകളും അലർജിയോടൊപ്പം കാണാറുണ്ട്. ഫുഡ് അലർജിയെക്കുറിച്ചുള്ള ചില സംശയങ്ങളും അവയ്ക്ക് വിദഗ്ധ ഡോക്ടർ നൽകുന്ന മറുപടിയും ഇതാ...

1. കളർ ചേർത്ത പാനീയങ്ങളും ലഡു, ജിലേബി പോലുള്ള പലഹാരങ്ങളും കഴിക്കുമ്പോൾ ശരീരം ചൊറിഞ്ഞു തടിക്കുന്നു. പ്രതിവിധിയെന്ത്?

ഫുഡ് അലർജിയുടെ ഏറ്റവും സാധാരണ ലക്ഷണമാണ് ശരീരം ചൊറിഞ്ഞു തടിക്കുന്നത്. ചിലർക്ക് കഴിച്ചാലുടൻ ലക്ഷണം പ്രകടമാകുമെങ്കിൽ മറ്റു ചിലർക്ക് രണ്ടു മണിക്കൂറിനു ശേഷമാകും ലക്ഷണങ്ങൾ പ്രകടമാകുക.

ആഹാരത്തിനു നിറം നൽകാനായി ചേർക്കുന്ന വസ്തുക്കളാണ് അലർജിയുണ്ടാക്കുന്നത്. ഈ വസ്തുക്കളെല്ലാം രാസഗുണമുള്ളതാണ്. അതുകൊണ്ടാണ് അവയോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനത്തിന്റെ ഫലമാണ് ചൊറിച്ചിലും തടിപ്പുമായി ചർമത്തിൽ പ്രകടമാകുന്നത്. സ്കിൻ ടെസ്റ്റ് വഴി എന്താണ് അലർജിക്കു കാരണമാകുന്നതെന്നു കണ്ടുപിടിക്കുകയും അത് ഒഴിവാക്കുകയുമാണ് അതിനുള്ള പ്രതിവിധി.

2. നാളികേരം ഫ്രിഡ്ജിൽ വച്ച് പിറ്റേന്ന് ഉപയോഗിച്ചാൽ അലർജിയുണ്ടാകുന്നു. ഇതു തടയാനാകുമോ?

തേങ്ങ പോലെയുള്ള വസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും അതിൽ ഫംഗസ് അഥവാ പൂപ്പൽ വളരാനുള്ള സാധ്യതയുണ്ട്. അലര്‍ജിയുണ്ടാക്കാൻ നല്ല കഴിവുണ്ട് പൂപ്പലിന്. പക്ഷേ, എല്ലാവർക്കും അലർജി ഉണ്ടാക്കണമെന്നുമില്ല. പഴകിയ തേങ്ങയാണ് അലർജിയുണ്ടാക്കുന്നതെന്ന് മനസ്സിലായാൽ അത്തരം വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക മാത്രമേ വഴിയുള്ളൂ.

food-1

3. ചൊറിച്ചിലും അസ്വസ്ഥതയും കാരണം ബീഫ്, മട്ടൺ, പോലെയുള്ള മാംസാഹാരവും ചെമ്മീൻ, ഞണ്ട് പോലുള്ള സീഫുഡും കഴിക്കാനാകുന്നില്ല. എന്താണു പരിഹാരം?

അലർജിയുണ്ടാക്കുന്ന ഭക്ഷണം എന്താണെന്നു കണ്ടെത്തി അതൊഴിവാക്കുക മാത്രമാണ് ഫുഡ് അലർജിക്കുള്ള ചികിത്സ. അലർജി ഉണ്ടാക്കാൻ കാരണമാകുന്ന ഏതെങ്കിലും ഭക്ഷണം അറിയാതെ കഴിച്ചു പോയാൽ തൽക്കാലം അതിന്റെ ലക്ഷണങ്ങൾ മാറ്റാൻ മരുന്നുകൾ കഴിക്കാം. അല്ലാതെ, അലർജി പരിപൂർണമായി മാറ്റിയെടുക്കാൻ ഒരു ചികിത്സയും ഇല്ല. അലർജിയുണ്ടെന്നു തിരിച്ചറിഞ്ഞാൽ അത്തരം ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക തന്നെയാണ് അലർജി വരാതിരിക്കാനുള്ള പോംവഴി.

അലർജിയുണ്ടാക്കുന്ന ഭക്ഷണസാധനം തീർത്തും ഒഴിവാക്കുകയാണെങ്കിൽ ചിലപ്പോൾ അഞ്ചോ ആറോ വർഷങ്ങൾ കൊണ്ട് അലർജി മാറാനും സാധ്യതയുണ്ട്. പക്ഷേ, ഇടയ്ക്ക് രുചിച്ചു നോക്കുക പോലും ചെയ്യാതിരുന്നാൽ ശരീരം അതിനോടു പ്രതികരിക്കാതാകും. അതുവരെ ക്ഷമയോടെ കാത്തിരിക്കുകയും അലർജിക്കു കാരണമാകുന്ന ആഹാരം കഴിക്കാതിരിക്കുകയും തന്നെ വേണം. ആ ഘട്ടത്തിലെത്തിയാൽ പണ്ട് അലർജിയുണ്ടാക്കിയ ഭക്ഷണവും ബുദ്ധിമുട്ടുണ്ടാക്കില്ല.

4. കോഴിമുട്ട കഴിക്കുമ്പോൾ ശരീരമാകെ തടിച്ചു വീർക്കുന്നു. താറാമുട്ട കുഴപ്പമുണ്ടാക്കുന്നില്ല. എന്താണങ്ങനെ?

എല്ലാ മുട്ടകളിലും പൊതുവിൽ അടങ്ങിയ ഘടകങ്ങൾ പലതും ഒന്നാണെങ്കിലും താറാമുട്ടയിലെയും കോഴിമുട്ടയിലെയും ചില ആന്റീജനുകൾ തമ്മിൽ വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിനും ഓരോ വർഗത്തിനും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. ചിലർക്ക് കോഴിമുട്ട കഴിച്ചാൽ കുഴപ്പമുണ്ടാകില്ല, താറാമുട്ടയാകും പ്രശ്നം. ചിലർക്ക് തിരിച്ചും. രണ്ടിലുമുള്ള വ്യത്യസ്ത തരം അലർജനുകളാണ് അലർജിയുണ്ടാക്കുന്നത്. ഇവിടെയും പ്രതിവിധി ആ ഭക്ഷണം ഒഴിവാക്കുക മാത്രമാണ്.

5. ഭക്ഷണസാധനങ്ങളില‍്‍ രുചി കൂട്ടാൻ ചേർക്കുന്ന അ ജിനോമോട്ടോ അലർജിയുണ്ടാക്കാറുണ്ടോ?

തീർച്ചയായും. അലർജിയുണ്ടാക്കുന്നതിൽ കുപ്രസിദ്ധി നേടിയ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തുവാണ് അ ജിനോമോട്ടോ. ചൈനീസ് ഭക്ഷണത്തിൽ ഭൂരിഭാഗത്തിലും ഈ രാസവസ്തു ചേർക്കാറുണ്ട്. ചിലർക്ക് സോസ്, ഫ്രൈഡ് റൈസ്, നൂഡിൽസ്, മയൊണൈസ് പോലെയുള്ള ചൈനീസ് ചേരുവയുള്ള ഭക്ഷണം കഴിച്ചാലുടൻ ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നതിന്റെ കാരണം ഈ രാസവസ്തുവിനോടുള്ള അലർജിയാണ്. മയൊണൈസിലെ മുട്ടയാണ് അലർജിയുണ്ടാക്കുന്നതെങ്കിൽ എഗ്‌ലെസ് മയൊണൈസ് കഴിച്ചു നോക്കാം. എന്നിട്ടും അലർജിയുണ്ടെങ്കിൽ പാടെ ഒഴിവാക്കാം.

അജിനോമോട്ടോ അലർജിയുള്ളവർ ചൈനീസ് ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. അജിനോമോട്ടോ ചേർക്കാതെ, വീട്ടിൽ സുരക്ഷിതമായ രീതിയിൽ പാചകം ചെയ്തു കഴിക്കാം.

6. ഗോതമ്പിൽ അടങ്ങിയ ഗ്ലൂട്ടൻ അലർജിയുണ്ടാക്കുന്നത് ഏതെല്ലാം തരത്തിലാകാം? പരിഹാരമില്ലേ?

ഗ്ലൂട്ടൻ ഒരു തരം പ്രോട്ടീൻ ആണ്. ഗോതമ്പ്, ബാർലി പോ ലെ യുള്ള ധാന്യങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്. ഗ്ലൂട്ടൻ അലർജിയുള്ളവർ അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക. ബാർലി ചേർന്ന ചില ബീയറുകളും മറ്റും ഒഴിവാക്കേണ്ടി വരും. മൈദ, ആട്ട, റവ ഇതെല്ലാം ഗോതമ്പിന്റെ ഉൽപന്നങ്ങളായതുകൊണ്ട് അവ ഉപയോഗിച്ചുണ്ടാക്കുന്ന ചപ്പാത്തി മുതൽ ബേക്കറി പലഹാരങ്ങൾ വരെയുള്ളവയെല്ലാം ഒഴിവാക്കി അരി കൊണ്ടുള്ള ആഹാരം മാത്രം കഴിക്കേണ്ടി വരും. അരിയിൽ ഗ്ലൂട്ടൻ ഒട്ടും തന്നെയില്ല.

ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ കൊണ്ട് വയറിനുണ്ടാകുന്ന അസുഖമാണ് സീലിയാക് ഡിസീസ്. അത് അലർജിയല്ല, ഉദര രോഗമാണ്. അപ്പോഴും ഗ്ലൂട്ടൻ ഇല്ലാത്ത ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഗ്ലൂട്ടൻ അലർജി ഇന്ത്യയിൽ അത്ര പൊതുവായി കാണാറില്ല. യൂറോപ്യൻരാജ്യങ്ങളിലാണിതു കൂടുതലുള്ളത്. നമ്മുടെയിടയിൽ, ഗോതമ്പിലെ മറ്റ് പ്രോട്ടീനുകളാണ് അലർജിക്ക് കാരണമാകുന്നത്.

7. െഎസ്ക്രീം, പാൽ, പാലുൽപന്നങ്ങൾ ഇവ കഴിച്ചാൽ ടോയ്‌ലറ്റിൽ പോകണമെന്നു തോന്നുന്നു. കാരണമെന്ത്?

ഐസ്ക്രീമിലും പാൽ ചേരുന്നതുകൊണ്ട് അത് പാലിനോടുള്ള അലർജിയാവാൻ സാധ്യതയുണ്ട്. എന്നാൽ അതുപോലെ പാലിലുള്ള ലാക്ടോസ് എന്ന കാർബോഹൈഡ്രേറ്റിനെ ദഹിപ്പിക്കാനുള്ള എൻസൈമുകൾ ശരീരത്തിലില്ലാതെ വന്നാലും ഇതേ അസുഖം കാണാറുണ്ട്. അത് അലർജിയാകണമെന്നില്ല. ലാക്ടോസ് ഇൻടോളറൻസ് എന്നാണിതിനു പറയുന്നത്. വയറിളക്കം മാത്രമാണെങ്കിൽ അത് ലാക്ടോസ് ഇൻടോളറ ൻസ് ആകാം. അലർജിയാണെങ്കിൽ ശരീരം ചൊറിഞ്ഞു തടിക്കുകയും ചെയ്യും.

ചിലരിൽ വായിലും നാക്കിലും ചൊറിച്ചിൽ, വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ രൂപത്തിലാകും അലർജി പ്രകടമാകുക. ശരീരത്തിൽ ചൊറിച്ചിലില്ലാതെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ എങ്കിൽ അത് ദഹനപ്രശ്നം കൊണ്ടുണ്ടാകുന്നതാെണന്നു മനസ്സിലാക്കാം. ഇതു രണ്ടിൽ ഏതാണെന്നു തിരിച്ചറിയാൻ പരിശോധനകൾ വേണ്ടി വരും. കുട്ടികളിൽ കാണുന്ന കരപ്പൻ പലപ്പോഴും പശുവിൻ പാലിനോടുള്ള അലർജി മൂലമാകാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

പ്രഫസർ ഡോ. പി. വേണുഗോപാൽ, മേധാവി, പൾമണറി മെഡിസിൻ വിഭാഗം, ഗവ. ടി. ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ