Monday 03 May 2021 05:27 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളെ ടൂവീലറിന്റെ ഇന്ധന ടാങ്കിന്റെ മുകളിൽ ഇരുത്തിയും കാറിനുള്ളിൽ ലോക്ക് ചെയ്തിട്ടും പോകരുത്: കുട്ടികളെയും കൊണ്ട് വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

drivekids324

ടൂവീലറിന്റെ ഇന്ധനടാങ്കിന്റെ മുകളിൽ കുട്ടികളെയും വച്ച് പറക്കുമ്പോൾ ആരും ഒാർക്കാറില്ല അതിലെ അപകടം. യാതൊരു സപ്പോർട്ടുമില്ലാതെ കുട്ടികളെ പിന്നിലിരുത്തി ടൂവീലർ ഒാടിക്കുക, കുട്ടികളെ തനിച്ച് കാറിനുള്ളിലാക്കി പോവുക എന്നിങ്ങനെ കു‍ഞ്ഞുങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന കാര്യങ്ങളും ഒഴിവാക്കണം.

∙ ടൂവീലർ യാത്രയിൽ തീരെ ചെറിയ കുട്ടികളെ (നാല് വയസ്സിന് താഴെ) ഒറ്റക്കുള്ള യാത്രയിൽ കൂടെ കൂട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക. അതിന് മുകളിലേക്ക് ഉള്ള കുട്ടികളാണെങ്കിൽ നിർബന്ധമായും അവർക്ക് ഹെൽമെറ്റ് വാങ്ങി നൽകുകയും കൃത്യമായി ധരിച്ചു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ആദ്യ ശീലങ്ങൾ എന്നേക്കും നിലനിൽക്കും. നിയമം അനുശാസിക്കുന്നത് നാലു വയസ്സിനു മുകളിലുള്ള യാത്രക്കാർ ആരായാലും അതു വാഹനമോടിക്കുന്ന ആയാലും പുറകിലിരിക്കുന്ന ആളായാലും എടുത്തു കൊണ്ട് പോകുന്ന ആളാണെങ്കിലും നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് ആണ്.

∙  കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വലുപ്പമനുസരിച്ച് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമോ (ചൈൽഡ് സീറ്റ് ) ഉപയോഗിക്കണം. എയർബാഗ് വരുന്ന ഭാഗത്ത് ചൈൽഡ് സീറ്റിന്റെ പുറകു വശം വരുന്ന രീതിയിൽ ഉറപ്പിക്കരുത്.

∙ ഒരു കാരണവശാലും കൈക്കുഞ്ഞുങ്ങളെ തല മുൻപോട്ട് വരുന്ന രീതിയിൽ മടിയിൽ കിടത്തി കൊണ്ട് യാത്ര ചെയ്യരുത്. പ്രത്യേകിച്ച് മുൻസീറ്റിൽ.

∙ കഴിയുന്നതും കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുകയോ സ്റ്റിയറിങ്ങിന് ഇടയിൽ ഇരുത്തുകയോ ചെയ്യരുത്. അപകടമുണ്ടായാൽ കുഞ്ഞിനെ തന്റെ ശരീരഭാരം കൊണ്ട് (Inertia) ഞെക്കുന്നതിന് കാരണമാകും. കുട്ടികളെ പിൻസീറ്റിൽ ഇരുത്തുക.

∙  ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കുക.

 ∙ കുട്ടികളെ ഡോർ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി പരിശീലിപ്പിക്കുക. അതായത് ഡോറിന്റെ വശത്തിനെതിർവശത്തുള്ള കൈ കൊണ്ട് ഡോറിൽ പിടിക്കുക, ശരീരം തിരിച്ച് വിൻഡോയുടെ നേരേ കൊണ്ടുപോയി പുറത്ത് വണ്ടികളുണ്ടോ എന്നു തലതിരിച്ചു മുൻപോട്ടും പുറകോട്ടും നോക്കുക. റോഡ് ക്ലിയറാണെന്നു കണ്ടാൽ മാത്രം ഡോർ തുറക്കുക. ∙ കടകളിലും മറ്റും കയറുമ്പോൾ കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകരുത്. പ്രത്യേകിച്ചും ചെറിയ കുട്ടികളെ. സെന്റർ ലോക്ക് ആയി കുഞ്ഞുങ്ങൾ വാഹനത്തിൽ കുടുങ്ങിപ്പോകാം.

∙ വാഹനം നിർത്തിയിടുമ്പോൾ എൻജിൻ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക. കുട്ടികൾ ആക്സിലറേറ്ററിൽ അറിയാതെ തിരിച്ചും ഗിയർ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.
∙ വാഹനത്തിന് പുറത്തിറങ്ങുമ്പോൾ ചാവി ഊരി എടുക്കണം.

∙ കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന വീട്ടുമുറ്റത്തും പരിസരങ്ങളിലും വാഹനം എടുക്കുമ്പോൾ അത്യന്തം കരുതൽ വേണം. ∙  സ്വന്തം സഹായത്തിനാണെങ്കിൽ പോലും18 വയസ്സിൽ താഴെയുള്ള മക്കളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയോ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതോ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്.

ദിലീപ് കുമാർ കെ. ജി.

എസ്ആർടിഒ, കൊണ്ടോട്ടി, മലപ്പുറം

Tags:
  • Manorama Arogyam
  • Kids Health Tips