Wednesday 01 August 2018 05:25 PM IST : By ഡോ. ആർ.പി. മൈത്രേയി

മദ്യപനായ അച്ഛൻ പിശാചായി മാറിയ ആ രാത്രി; ഒരു ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന നേർസാക്ഷ്യം

ira-cover 25 വർഷങ്ങൾക്കു മുമ്പ്, മദ്യം തകർത്തുടച്ച ജീവിതവുമായി തന്റെ മുന്നിൽ വന്ന ഒരു കൗമാരക്കാരിയുടെ നടുക്കുന്ന ജീവിതാനുഭവം പങ്കു വയ്ക്കുകയാണ് പ്രശസ്ത സ്ത്രീരോഗ ചികിത്സാവിദഗ്ധ ഡോ. ആർ.പി. മൈത്രേയി. മദ്യം സുലഭമായ ഇന്നുകൾക്ക് ഒരു മുന്നറിയിപ്പാണ് ഈ അനുഭവം...

മധ്യകേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ മറ്റേണിറ്റി സെന്റർ നടത്തുന്ന െെഗനക്കോളജിസ്റ്റാണു ഞാൻ. ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് ഒരു മാർച്ച് മാസക്കാലം. രാത്രി പത്തരയായപ്പോൾ ഹോസ്പിറ്റലിൽ നിന്ന് ഒരു കോൾ വന്നു. ഡ്യൂട്ടിയിലുള്ള ഡോക്ടറാണു വിളിക്കുന്നത്. പ്രീഡിഗ്രിക്കു പഠിക്കുന്ന വിവാഹിതയല്ലാത്ത ഒരു പെൺകുട്ടി പ്രസവവേദനയുമായി വന്നിട്ടുണ്ട്. കുറേയേറെ നിർബന്ധിച്ചുവെങ്കിലും അവർ മറ്റൊരിടത്തേക്ക് പോകാൻ കൂട്ടാക്കുന്നില്ല. ഇവിടെ നിന്നു പറഞ്ഞുവിട്ടാൽ ആറ്റിൽ ചാടി മരിക്കുകയേ ഞങ്ങൾക്കു മാർഗമുള്ളൂ എന്ന് ആ അമ്മ കരഞ്ഞുപറഞ്ഞു. (ഹോസ്പിറ്റലിന്റെ അടുത്തായി ഒരു ആറ് ഉണ്ടുതാനും.)

ഗവൺമെന്റ് ഹോസ്പിറ്റൽ ഉൾപ്പെടെ മൂന്നു ഹോസ്പിറ്റലുകൾ പിന്നിട്ട് ഈ കുരിശ് എങ്ങനെ നമ്മുടെ തലയിൽ വന്നു എന്നു ചോദിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞതു മേഡം തന്നെയാണു കാരണക്കാരി എന്നാണ്. ആ കുട്ടിയുടെ ചേച്ചി ഇവിടെ പ്രസവിച്ചപ്പോൾ, പുറമ്പോക്കിലാണു താമസം എന്നുപറഞ്ഞു മാഡം അവർക്ക് ബില്ലിൽ ഇളവു ചെയ്തുകൊടുത്തു എന്ന് ആ അമ്മ പറഞ്ഞത്രേ.

‘‘അന്ന് ഇവർ എല്ലാവരും ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ അവളുടെ സ്വന്തം അച്ഛൻ ബോധമില്ലാതെ അവളോടു കാണിച്ച അതിക്രമത്തിന്റെ ബാക്കിഭാഗമാണ് അവളെ പ്രസവമുറിയിൽ എത്തിച്ചത്. അവൾ ഇതുവരെ എന്നോടുപോലും ഇതിനെപ്പറ്റി പറഞ്ഞിരുന്നില്ല. അതിനെപ്പറ്റി പറയാതെ എന്റെ കുഞ്ഞ് എല്ലാം സഹിച്ചു.’’ കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു.

‘‘ഗർഭിണിയാണെന്ന് അവൾക്കു മനസ്സിലായപ്പോൾ, അപ്പനു ബോധമുള്ള സമയത്ത് അവൾ കാര്യം പറഞ്ഞു. അവളോടു തൂങ്ങിച്ചത്തോളാൻ പറഞ്ഞിട്ട്, അന്നു തന്നെ അയാൾ തൂങ്ങിമരിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്തു ചേമ്പു നടാനായി, ചാണകം ചുമക്കുകയായിരുന്നു അവൾ. വേദന കടുത്തപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തുടങ്ങി. അപ്പോഴാണ് അവൾ പറഞ്ഞത്, ചേച്ചിയെ കൊണ്ടുപോയ ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ മതി, ഞാൻ ഗർഭിണിയാണെന്ന്.’’

അത്രയും കേട്ടപ്പോൾ എവിടെയോ ഒരു വിങ്ങൽ... അപ്പോൾ തന്നെ ഞാൻ ഹോസ്പിറ്റലിൽ എത്തി. പ്രസവമുറിയുടെ വാതിൽക്കൽ നിന്നിരുന്ന ആ അമ്മ എന്നെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ കാൽക്കൽ വീണു. ‘രക്ഷിക്കണം, ഞങ്ങൾക്ക് വേറൊരു ആശ്രയമില്ല.’ അവരെ സമാധാനിപ്പിച്ച് ലേബർറൂമിൽ ചെന്നപ്പോൾ, കണ്ടത് ഒരു മെലിഞ്ഞ പെൺകുട്ടി കണ്ണടച്ച് ഒരുവശം ചെരിഞ്ഞ് മിണ്ടാതെ കിടക്കുന്നതാണ്. നല്ല വേദന വരുമ്പോൾ കാലിന്റെ ഒരു പാദം കൊണ്ട് മറ്റേ പാദം ഉരച്ചു വേദന കടിച്ചമർത്തുന്നുണ്ട് അവൾ.

ira-2

അരമണിക്കൂറിനകം അവൾ നിശ്ശബ്ദയായി പ്രസവിച്ചു. കുട്ടി പുറത്തേക്കു വന്നപ്പോൾ മാത്രം അവൾ ഉറക്കെ ചോദിക്കുന്നതു കേട്ടു: ‘‘എന്തിനാണ് അപ്പാ എന്നോട് ഇത് ചെയ്തത്.’’ കുട്ടിയെ കാണാൻ അവൾ കൂട്ടാക്കിയില്ല. അന്ന് അവളെ പ്രസവമുറിയിൽ തന്നെ കിടത്തി. അതിനിടയിൽ അവളുടെ ആങ്ങള വന്നു. അമ്മ അതുകണ്ട് ഒളിച്ചുനിന്നു. അവൾ ഗർഭിണിയായിരുന്നെന്നും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചെന്നും പറഞ്ഞപ്പോൾ അയാൾ പറഞ്ഞു; ‘‘അവളെ ഇങ്ങോട്ട് ഇറക്കിവിടൂ... കൊന്നുകളയും അവളെ’’.

‘‘നിങ്ങൾ കൊല്ലേണ്ടിയിരുന്നത് നിങ്ങളുടെ അപ്പനെ ആയിരുന്നു. അതു പേടിച്ചാകണം അയാൾ ആത്മഹത്യ ചെയ്തത്. ബഹളം വയ്ക്കാതെ ഇരുന്നാൽ പെങ്ങളുടെ മാനം എങ്കിലും രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ’’. ഞാൻ പറഞ്ഞു. അയാൾ പിന്നെ ഒന്നും മിണ്ടിയില്ല.

പിറ്റേന്നു രാവിലെ ഡ്യൂട്ടിക്കു വന്നപ്പോൾ തന്നെ എല്ലാ സ്റ്റാഫിനെയും വിളിച്ച് കാര്യം പറഞ്ഞു. ‘‘ആ കുട്ടിയെ നമ്മൾ വിചാരിച്ചാൽ നാണക്കേടിൽ നിന്നും രക്ഷിക്കാൻ പറ്റും. അവളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആ ജീവൻ നശിപ്പിക്കാൻ അവൾ ശ്രമിച്ചില്ല. അപ്പൻ തൂങ്ങിമരിച്ചപ്പോൾ പോലും അപ്പന്റെ മാനംകാത്ത് അവൾ നിശ്ശബ്ദയായിനിന്നു. നല്ല മാർക്കുണ്ടെങ്കിൽ മാത്രം അഡ്മിഷൻ കിട്ടുന്ന ഒരു കോളജിൽ പഠിക്കുന്നതുകൊണ്ട് പഠിത്തത്തിൽ മിടുക്കിയാണെന്ന് നമുക്ക് ഊഹിക്കാം. അതുകൊണ്ടു പുറത്താരും ഇതറിയരുത്.’’ നനഞ്ഞ കണ്ണുകളോടെ എല്ലാവരും സമ്മതംമൂളി.

പന്ത്രണ്ടു മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും അവളുടെ അവശതകൾ മാറി. പലരും കാണാനും അറിയാനും ഇടവരും എന്നുള്ളതുകൊണ്ട് റൂമിൽ കിടക്കാൻ ഞാൻ നിർബന്ധിച്ചു. ആരെങ്കിലും കണ്ടുചോദിച്ചാൽ, ആർത്തവപ്രശ്നത്തിന്റെ ചികിത്സയ്ക്കായി വന്നതാണെന്ന് പറഞ്ഞാൽ മതിയെന്ന് അവരോടു പറഞ്ഞു.

കുട്ടിയെ ഏൽപിക്കാൻ അനാഥമന്ദിരത്തിൽ തിരക്കിയപ്പോൾ ഒരു മാസം എങ്കിലും കഴിയാത്ത കുട്ടിയെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ് എന്ന് അവർ പറഞ്ഞു. ആ ഒരു മാസക്കാലം കുഞ്ഞിനെ ഹോസ്പിറ്റലിൽ കിടത്തി സ്റ്റാഫുകൾ തന്നെ പരിചരിച്ചു.

അവളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടി. മോള് ഒരു തെറ്റും ചെയ്തിട്ടില്ല എന്നും, ഭാവി കളയാതെ പഠിച്ച് പരീക്ഷ എഴുതണമെന്നും നിരന്തരം അവളെ ഉപദേശിച്ചു. അന്നത്തെ ഞങ്ങളുടെ പീഡിയാട്രീഷന്റെ കൗൺസലിങ് ആയിരുന്നു അവളെ നോർമൽ ആക്കിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തുവിട്ടു. കുഞ്ഞിനെ ഒരു മാസത്തിനുശേഷം അനാഥാലയത്തിൽ ആക്കി. അവിടെ നിന്നു പിന്നീടാരോ ദത്തെടുത്തെന്നറിഞ്ഞു.

ഒരു മാസം കഴിഞ്ഞപ്പോൾ വളരെ സ്മാർട്ടായ ഒരു കുട്ടി ഒ പിയിൽ കയറിവന്ന് ‘മാഡം , ഞാൻ പരീക്ഷ എഴുതി’ എന്നു സന്തോഷത്തോടെ പറഞ്ഞപ്പോൾ ഉണ്ടായ ഒരു മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ.

രണ്ടുമൂന്നു മാസത്തിനകം ആ കുടുംബം മലബാർ െെസഡിലേക്കു പോയെന്നും ആ കുട്ടിക്കു നഴ്സിങ്ങിനു ഗവൺമെന്റ് കോളജിൽ അഡ്മിഷൻ കിട്ടിയെന്നും അറിഞ്ഞു. അവൾ എവിടെയായിരുന്നാലും നന്മയുള്ള ഒരു നഴ്സായി രോഗികളെ പരിചരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ira-1

ഈയിടെ ഒരു വനിതാവേദിയിൽ മദ്യപന്മാരുടെ കുടുംബത്തെപ്പറ്റിയുള്ള ചർച്ചയിൽ പേരും നാളും ഒന്നും പറയാതെ ഈ സംഭവം ഞാൻ പറഞ്ഞു. കുട്ടിയെ അന്നു പഠിപ്പിച്ച ഒരു പ്രഫസറും ഉണ്ടായിരുന്നു. ‘ടീച്ചറു പഠിപ്പിച്ച ഒരു കുട്ടി സ്റ്റഡിലീവിന്റെ സമയത്തു പ്രസവിച്ചിട്ട് വന്നു പരീക്ഷ എഴുതി പാസ്സായ വിവരം അറിഞ്ഞിട്ടുണ്ടോ?’ എന്നു ചോദിച്ചപ്പോൾ അദ്ഭുതത്തോെട ടീച്ചറെന്നെ നോക്കിയിരുന്നു.

ഈ സംഭവത്തിൽ, സത്യത്തിൽ ആ പാവം പെൺകുട്ടി എന്തു തെറ്റാണു ചെയ്തത്?. മദ്യത്തിന്റെ ലഹരിയിൽ, ആ ഉന്മാദാവസ്ഥയിൽ, തന്നെത്തന്നെ മറന്ന ആ അച്ഛന്റെ മുൻപിൽ വന്നുപെട്ട ഇരയായിരുന്നു നിഷ്കളങ്കയായ ആ പെൺകുട്ടി. അനേകം സ്ത്രീകളിൽ ഒരുവൾ മാത്രം. ചാരായനിരോധനം വന്നപ്പോൾ സ്ത്രീകൾ അന്നത്തെ മുഖ്യമന്ത്രി ആന്റണി സാറിനെ െെദവത്തെപ്പോലെ കരുതി. ഇപ്പോഴത്തെ സ്ഥിതി എന്താണ്? എവിടെ വേണമെങ്കിലും മദ്യം വിൽക്കാം. ആരും ചോദിക്കില്ല. കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി ഇങ്ങനെ ഖജനാവിലേക്ക് െെപസ ഉണ്ടാക്കിയിട്ട് എന്തുകാര്യം. ?

25 വർഷങ്ങൾക്ക് മുമ്പത്തെ അവസ്ഥ ഇതാണെങ്കിൽ കുടുംബബന്ധങ്ങളിൽ ഇഴയടുപ്പം കുറഞ്ഞ, മദ്യം എങ്ങും സുലഭമായ ഇന്നത്തെ അവസ്ഥ എത്രയോ ഭീകരമായിരിക്കും.?, എത്രയെത്ര കൗമാരക്കാരികൾ തങ്ങളുടെ വയറ്റിൽ കുരുത്ത ജീവനെ തള്ളാനോ തലോടാനോ നിവൃത്തിയില്ലാതെ അബോർഷൻ മുറികൾക്കു മുന്നിൽ കണ്ണുനീരോടെ കാത്തുനിൽക്കുന്നുണ്ടാവാം?..

(തൊടുപുഴ അർച്ചന ഹോസ്പിറ്റലിലെ സ്ത്രീരോഗവിദഗ്ധയാണ് ലേഖിക)