Friday 13 November 2020 05:34 PM IST : By ഡോ. ബി. സുമാദേവി

ഒരു മണിക്കൂർ കഴിയുമ്പോൾ 15 മിനിറ്റ് ഇടവേള ; 4 മണിക്കൂറിൽ കൂടുതൽ ഒറ്റയടിക്ക് ഉപയോഗിക്കരുത്: ഇയർഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത് അറിയാം

ear4546

മിക്ക ചെറുപ്പക്കാരും പഠിക്കുമ്പോഴും യാത്രാവേളകളിലും ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴും പാട്ടുകേള്‍ക്കാനും എല്ലാം ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ട്. കൂടുതല്‍ ശബ്ദത്തില്‍ ഏറെ നേരം ഇയര്‍ഫോൺ ഉപയോഗിച്ചാല്‍ അതു കേൾവിശക്തിയെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുമെന്ന് പലരും മനസ്സിലാക്കുന്നില്ല. ആന്തരിക കര്‍ണത്തിലെ ഹെയര്‍ സെല്ലുകളെ കേടുവരുത്തിക്കൊണ്ടാണ് ശബ്ദജന്യബധിരത ഉണ്ടാകുന്നത്. ശബ്ദതരംഗങ്ങള്‍ കൂടുതല്‍ അളവിലും കൂടുതല്‍ സമയത്തേക്കും കോക്ലിയായിലെ ഹെയര്‍ സെല്ലുകളില്‍ ചലനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവ കേടുവരുന്നു. ഇത് താല്‍ക്കാലിക ബധിരതയ്ക്കും കാരണമാകും. ഇതില്‍ നിന്നു പൂര്‍വസ്ഥിതിയില്‍ എത്താന്‍ ഏറെ സമയം വേണ്ടിവരും. എന്നാല്‍ ചെവിക്കു വിശ്രമം കൊടുക്കാതിരുന്നാല്‍ ഇതു സ്ഥിരമായ ബധിരതയിലേക്കു മാറും. ചെവിക്കുള്ളില്‍ തിരുകിവയ്ക്കുന്ന ഇയര്‍ഫോണുകളുടെ ശബ്ദവിന്യാസം വളരെ മേന്മയുള്ളതാണെങ്കിലും ചെവിക്കുള്ളിലെ വായുസഞ്ചാരം നിൽക്കുന്നതിനാല്‍ അണുബാധയ്ക്കിടയാക്കും. ഒരു വ്യക്തിയുടെ ഇയര്‍ഫോണ്‍ മറ്റു പലരും ഉപയോഗിക്കുന്നണ്ടെങ്കിൽ ഈ അണുബാധ പകരുകയും ചെയ്യും.

ഇയര്‍ഫോണുകളില്‍ ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതു തലച്ചോറിനെയും ഹാനികരമായി ബാധിക്കും. ബ്ലൂ ടൂത്തും ഇയര്‍ഫോണും ഏറെനാള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പാട്ടു കേള്‍ക്കുമ്പോൾ 70–80 ഡെസിബെല്ലില്‍ കൂടുതല്‍ അളവില്‍ പാട്ടുവയ്ക്കരുത്. മുപ്പതു മിനിറ്റ് ഇടവിട്ട് ഇയര്‍ഫോൺ മാറ്റിവച്ച് ചെവിക്കു വിശ്രമം നല്‍കണം. ചെവിക്കുട ആകെ മൂടിനില്‍ക്കുന്ന ഹെഡ്ഫോണാണ് ഇയര്‍ഫോണുകളെക്കാൾ ഭേദം, കൂടുതല്‍ സമയം വേണ്ടിവരുമ്പോൾ. ബധിരതയ്ക്ക് മുന്നോടിയായി ചില അപായസൂചനകള്‍ നമുക്കു ലഭിക്കും. ചെവിക്കുള്ളില്‍ മൂളലോ, മണിയടിയൊച്ചയോ റേഡിയോയുടെയും മറ്റും ശബ്ദം കൂട്ടിവയ്ക്കേണ്ട അവസ്ഥയോ ഒക്കെ തോന്നാം. ചെവിക്കുള്ളില്‍ വേദനയും തോന്നാം, വലിയ ശബ്ദം േകള്‍ക്കുമ്പോൾ ഇത്തരം ലക്ഷണങ്ങള്‍ തോന്നിയാലുടൻ ശബ്ദം തീരെ താഴ്ത്തി ഉപയോഗിക്കണം.

കുട്ടികളുടെ ചെവിയുടെ പ്രശ്നങ്ങൾ നിസ്സാരമാക്കരുതേ...

മൂന്നു നാലു മാസത്തെ ലോക് ഡൗൺ കഴിഞ്ഞപ്പോഴേക്കും തന്നെ കുട്ടികളിലും ചെറുപ്പക്കാരിലും കംപ്യൂട്ടറും ഇയര്‍ഫോണും കൂടുതലായി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കുട്ടികളില്‍ ചെവിവേദന, തലവേദന, ഇയര്‍ഫോണ്‍ തിരുകികയറ്റുമ്പോഴുള്ള വേദന, മണിമുഴക്കം പോലുള്ള ശബ്ദം, ചെവിക്കുള്ളില്‍ ഫംഗസ് അണുബാധയുടെ ചൊറിച്ചിലും വേദനയും, കേൾവിക്കുറവ് ഇതൊക്കെ കണ്ടുവരുന്നുണ്ട്. മാനസികാരോഗ്യത്തെയും ബുദ്ധിയെയും ഒാര്‍മശക്തിയെയും പോലും ഇതു ബാധിക്കാം. തലകറക്കം, മാനസികപിരിമുറുക്കം, തളര്‍ച്ച, ഉറക്കമില്ലായ്മ, ക്ലാസ്സുകളില്‍ ശ്രദ്ധക്കുറവ് എന്നിവയും രക്ഷിതാക്കളുടെ പരാതികളാണ്. ഇവയെല്ലാം ഈ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതോപയോഗം കൊണ്ടാണെന്ന് മനസ്സിലാക്കണം. കൂടുതല്‍ സമയം ശാരീരികമായി സജീവമല്ലാതിരിക്കുന്നത് അമിതവണ്ണത്തിനും ഇടയാക്കും.

ജന്മസിദ്ധമായി തന്നെ മനുഷ്യകര്‍ണത്തിന് ശബ്ദത്തെ ഉയര്‍ത്താനും മന്ദിപ്പിക്കാനുമുള്ള കഴിവുണ്ട്. ശബ്ദസ്രോതസ്സിനെക്കാൾ 40 മുതല്‍ 70 ഡെസിബെല്‍ വരെ ശബ്ദം ഉയര്‍ത്തുന്നത് ആന്തരിക കര്‍ണത്തിന്റെ സ്വതസിദ്ധമായ സുരക്ഷാക്രമീകരണം തകര്‍ത്ത് ഹെയര്‍െസല്ലുകളെ നശിപ്പിക്കും. കൊച്ചുകുട്ടികളില്‍ കൂടുതൽ ഹാനികരമാണുതാനും.

ശബ്ദത്തിന്റെ തോത്             ഹാനികരമാവാത്ത സമയപരിധി          ഉദാഹരണം

– 80 ഡെസിബെൽ-             25 മണിക്കൂര്‍                                    ടെലിഫോണ്‍ ഡയല്‍ ടോൺ

– 86 ഡെസിബെൽ -            ആറര മണിക്കൂര്‍                               സിറ്റി ട്രാഫിക്

– 92 ഡെസിബെൽ-             ഒന്നര മണിക്കൂര്‍                               െെഹവേ ട്രാഫിക്

– 95 ഡെസിബെല്‍ -            45 മിനിറ്റ്                                        ചുറ്റിക കൊണ്ടുള്ള അടി

– 101 ഡെസിബെല്‍                                                                 12 മിനിറ്റ് ഹാന്‍ഡ് ഡ്രില്‍

– 107 ഡെസിബെല്‍             3 മിനിറ്റ്                                         പുല്ലുമാന്തല്‍ യന്ത്രം

– 113 ഡെസിബെല്‍             ഒരു മിനിറ്റില്‍ കുറവ്                     മരം അറക്കുന്ന യന്ത്രം, അതിശബ്ദത്തിലുള്ള ഗാനമേള

നിര്‍ഭാഗ്യവശാല്‍ ഇയര്‍ഫോണിന് ഇത്തരത്തിലൊരു മാനദണ്ഡം കല്‍പിക്കാന്‍ സാധിക്കില്ല. കാരണം ഇയര്‍ഫോൺ ഉപയോഗിക്കുന്നയാളുടെ ആഗ്രഹാനുസരണം ശബ്ദത്തിന്റെ തോതും സമയവും വ്യത്യസ്തമാണ്. സാധാരണയായി ഇയര്‍ഫോണിലൂടെ 90 മുതല്‍ 120 ഡെസിബെല്‍ ശബ്ദമാണ് ചെവിക്കുള്ളിലേക്ക് കടത്തിവിടുന്നത്. ഫോണിലെയോ, കംപ്യൂട്ടറിലെയോ ശബ്ദം ഏറ്റവും കൂടിയ തോതില്‍ ഉയര്‍ത്തിവയ്ക്കുമ്പോൾ ഇത് 45 മിനിറ്റില്‍ കൂടുതല്‍ സമയം തുടര്‍ന്നാല്‍ കേൾവിക്കു ഹാനിയുണ്ടാകും. ഇയര്‍ഫോണിന്റെ ഗുണമേന്മ അതുമൂലം ഉണ്ടാകുന്ന ഹാനിക്കു കുറവുണ്ടാക്കും.

ഒാണ്‍െെലന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ നല്ല ഗുണമേന്മയുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കണമെന്നും ശബ്ദത്തിന്റെ തോത് അനുവദനീയമായ പരിധിയിലും വേണ്ടത്ര ഇടവേള നല്‍കിയും വേണമെന്നുമാണ് ഇഎന്‍ടി ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ബാഹ്യകര്‍ണനാളിക്കുള്ളില്‍ കയറ്റിവയ്ക്കുന്ന ഇയര്‍ഫോണിനെക്കാള്‍ ഹെഡ്ഫോണ്‍ മാതൃകയിലുള്ളതാണ് ഭേദം. സ്പീക്കറിലൂടെ 80 ഡെസിബെല്‍ വരെയുള്ള ശബ്ദം കേള്‍ക്കുന്നതാണ് എപ്പോഴും ഉചിതം. ബാഹ്യ അന്തരീക്ഷത്തിലെ ശബ്ദം ഒഴിവാക്കുന്നതും പഠിക്കുന്ന കുട്ടികളില്‍ ഇയര്‍ഫോണ്‍ ശരിയായ രീതിയില്‍ വേണ്ടത്ര തോതിൽ ഉപയോഗിക്കാന്‍ സഹായിക്കും. ഒരു മണിക്കൂര്‍ ഉപയോഗം കഴിഞ്ഞാൽ 15 മിനിറ്റ് ഇടവേള നല്‍കണം. ആന്തരിക കര്‍ണത്തിനു വേണ്ടത്ര വിശ്രമം ലഭിക്കാന്‍ ഒരു ദിവസം നാലു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ഫോണിന്റെ ഉപയോഗം വേണ്ട. കുട്ടികളില്‍ ശബ്ദജന്യബധിരതയുടെ അപായസൂചനകളായ തലവേദന, ചെവിവേദന, കേൾവിക്കുറവ്, തലകറക്കം, മൂളലോ, മണിമുഴക്കമോ പോലുള്ള ശബ്ദം ചെവിക്കുള്ളില്‍ അനുഭവപ്പെടുന്നത് എന്നിവ രക്ഷിതാക്കള്‍ മനസ്സിലാക്കി വേണ്ടത്ര ശ്രദ്ധ നല്‍കണം. വേണ്ടിവന്നാല്‍ ഇഎന്‍ടി ഡോക്ടറുടെ സേവനവും തേടണം.

ഡോ. ബി. സുമാ ദേവി

ഇ എൻ ടി സർജൻ

ഇ എസ് െഎ ഹോസ്പിറ്റൽ,

ഉദ്യോഗമണ്ഡൽ, എറണാകുളം

Tags:
  • Daily Life
  • Manorama Arogyam
  • Health Tips