Tuesday 26 February 2019 06:06 PM IST

അണുബാധ, അലർജി, സൈനസൈറ്റിസ്; ഇഎൻടി ഡോക്ടറെ കാണേണ്ട സന്ദർഭങ്ങൾ; സംശയങ്ങളും മറുപടിയും

Asha Thomas

Senior Sub Editor, Manorama Arogyam

ent

ചെവിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോഴേ ഒരു ഇഎൻടി ഡോക്ടറെ കാണാൻ രണ്ടാമതൊന്ന് ആലോചിക്കാറില്ല നമ്മൾ. എന്നാൽ, മൂക്കും തൊണ്ടയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ടായാൽ ഫിസിഷനെയോ കുടുംബഡോക്ടറെയോ ആണ് കാണുക. ഫിസിഷന്മാർക്ക് വരുന്ന രോഗികളിൽ 50 ശതമാനത്തിനും ഇഎൻടി പ്രശ്നങ്ങളായിരിക്കും എന്നു പൊതുവേ പറയാറുണ്ട്. യഥാർഥത്തിൽ ചെവിരോഗങ്ങൾ മാത്രമല്ല മൂക്ക്, തൊണ്ട പ്രശ്നങ്ങളും ഇഎൻടി വിഭാഗത്തിലാണ് വരുന്നത്.

ചെറിയ രോഗങ്ങൾക്ക് ജനറൽ ഫിസിഷനെയോ കുടുംബഡോക്ടറെയോ കാണുന്നതാണ് നല്ലത്. എന്നാൽ, ചെവിയും മൂക്കും തൊണ്ടയുമായി ബന്ധപ്പെട്ട അണുബാധകൾ നീണ്ടു നിൽക്കുമ്പോഴോ മരുന്നുകൾ കൊണ്ട് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലോ ഒരു ഇഎൻടി ഡോക്ടറെ തന്നെ കാണണം. ഉദാഹരണത്തിന്, സൈനസ് അണുബാധകൾ ആവർത്തിച്ചുവരുന്നതിനു പിന്നിൽ മൂക്കിലെ ദശവളർച്ചയോ മൂക്കിന്റെ പാലം വളയുന്നതോ ആകാം. ഇത്തരം കാര്യങ്ങളിലൊക്കെ വ്യക്തത നൽകാൻ ഒരു ഇഎൻടി വിദഗ്ധനു കഴിയും.

എപ്പോൾ കാണണം?

ചെവി, മൂക്ക്, തൊണ്ട, ഇവയുമായി ബന്ധമുള്ള തലയിലും കഴുത്തിലുമുള്ള ഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയിലും ശസ്ത്രക്രിയയിലും വൈദഗ്ധ്യം ലഭിച്ചവരാണ് ഇഎൻടി സ്പെഷലിസ്റ്റുകൾ. ഇവരെ ഒാട്ടോ റൈനോ ലാരിങ്ഗോളജിസ്റ്റുകൾ എന്നും പറയുന്നു. ഏറെ പഴക്കമുള്ള സ്പെഷ്യൽറ്റി തന്നെയാണ്

ഇഎൻടി. ഇഎൻടി ഡോക്ടറെ കാണേണ്ട പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നു.

∙ ചെവിയിലോ മൂക്കിലോ തൊണ്ടയിലോ അന്യ വസ്തുക്കൾ കുടുങ്ങിയാൽ അല്ലെങ്കിൽ മുറിവോ ക്ഷതമോ ഏറ്റാൽ നേരേ ഒരു ഇഎൻടി ഡോക്ടറെ കാണുക.

∙ ചെവിയിലാണെങ്കിൽ അണുബാധ, കേൾവിനഷ്ടം, ശരീരബാലൻസ് നഷ്ടമാകുക, തലകറക്കം, ചെവിമൂളൽ, ചെവിവേദന, ജന്മനാലുള്ള തകരാറുകൾ എന്നിവയാണ്.

∙ സൈനസ് പ്രശ്നങ്ങൾ, വിട്ടുമാറാത്ത മൂക്കടപ്പ്, ടോൺസിൽ വീക്കം, അഡിനോയ്ഡ് പ്രശ്നങ്ങൾ, മൂക്കിലെ മുഴകളും വളർച്ചകളും, പാലം വളഞ്ഞിരിക്കുക, അലർജി, മണംഅറിയാതെ വരിക, മൂക്കിനോ മുഖത്തിനോ നേർക്കാഴ്ചയിൽ വരുന്ന വ്യത്യാസങ്ങൾ

∙ തൊണ്ടവിങ്ങൽ, ഒച്ചയടപ്പ്, സ്വരം നഷ്ടമാവുക, അന്നനാളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഭക്ഷണം ഇറക്കാൻ പ്രയാസം, മുച്ചുണ്ട്

∙ മുഖവും കഴുത്തും തലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കാഴ്ച, കേൾവി, ഗന്ധം, മുഖചലനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട, തലയിലും കഴുത്തിലുമുള്ള നാഡികൾക്കുള്ള പ്രശ്നങ്ങളും

ഇതുകൂടാതെ സ്ലീപ് അപ്നിയ, ലാരിങ്ഗോ ഫാരിൻജൽ റിഫ്ലക്സ് ഡിസീസ് എന്നൊരുതരം അസിഡിറ്റി പ്രശ്നം എന്നിവയ്ക്കെല്ലാം ഇഎൻടി സ്പെഷലിസ്റ്റിനെയാണ് കാണേണ്ടത്.

ചെവിപ്രശ്നങ്ങൾ

കേൾവിയുടെ മാത്രമല്ല ശരീരബാലൻസുമായി ബന്ധപ്പെട്ട ഘടനകളും ചെവിയിലുണ്ട്. ചെവിയിലെ അണുബാധകൾ, ജന്മനാലുള്ള ചെവിയുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ, ചെവിമൂളൽ പോലെയുള്ള പ്രശ്നങ്ങൾ, ബാലൻസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇഎൻടിയെ കാണാം.

∙ സ്വിമ്മേഴ്സ് ഇയർ– ശ്രവണനാളിയിലെ ഈ അണുബാധയെ തുടർന്നു ചെവിവേദനയും നീരൊലിപ്പും കാണുന്നു. കുളത്തിലും മറ്റും നീന്തിക്കുളിച്ച ഉടനെയാണ് സാധാരണ ഈ അണുബാധ കാണുന്നത്.ചെവിയിൽ ബഡ്സോ സേഫ്റ്റി പിന്നോ ഇട്ടു തോണ്ടുന്നതും അണുബാധയ്ക്കു കാരണമാകാം. ജലദോഷം ഉള്ളപ്പോൾ ശക്തിയായി മൂക്കു ചീറ്റിയാൽ അണുബാധ ചെവിയിലേക്കു കടക്കാം. വേദനാസംഹാരികളും അണുബാധയ്ക്കുള്ള തുള്ളിമരുന്നുകളുമാണ് ചികിത്സ.

∙ ഒാട്ടൈറ്റിസ് മീഡിയ–ബാക്ടീരിയയോ വൈറസോ മൂലം വരാം. ഇതു വൈറസ് രോഗങ്ങളുടെ ഭാഗമായും കാണാറുണ്ട്. തൊണ്ടയിലെ അണുബാധ ചെവിയിലേക്കു വരുന്നതുമാകാം. രണ്ടുതരമുണ്ട്. അക്യൂട്ട് ഒാട്ടൈറ്റിസും സപ്പുറേറ്റീവ് ഒാട്ടൈറ്റിസും. അക്യൂട്ട് ഒാട്ടൈറ്റിസ് മീഡിയയാണ് കുട്ടികളിലെ ചെവിവേദനയുടെ പ്രധാനകാരണം. ഈ അണുബാധ ചികിത്സിക്കാതെയിരുന്നാൽ കർണപുടത്തിൽ ദ്വാരമുണ്ടാകും. ഇതാണ് സെപ്പുറേറ്റീവ് ഒാട്ടൈറ്റിസ്. ഇതുള്ള ചിലരിൽ പഴുപ്പ് മാത്രമേ കാണൂ. ആന്റിബയോട്ടിക് കഴിച്ചാൽ പഴുപ്പുവറ്റും. വേദന കുറയ്ക്കാൻ വേദനാസംഹാരി ഗുളികകളും നൽകുന്നു. ടിംബാനോപ്ലാസ്റ്റി വഴി ചെവിയിലെ ദ്വാരം അടയ്ക്കുന്നു. പഴുപ്പിനൊപ്പം ദുർഗന്ധവുമുള്ള അവസ്ഥയിലാണെങ്കിൽ ശസ്ത്രക്രിയയാണ് പരിഹാരം.

പ്രമേഹരോഗികളിലെ ചെവിപ്രശ്നം

∙ മലിഗ്നന്റ് എക്സ്േറ്റണൽ ഒാട്ടൈറ്റിസ്– പ്രായമുള്ളവരിൽ പ്രത്യേകിച്ച് പ്രമേഹരോഗികളിൽ ഉണ്ടാകുന്ന രോഗമാണിത്. മരണകാരണമായേക്കാവുന്ന ഈ അവസ്ഥയ്ക്ക് കാരണം സ്യൂഡോമൊണാസ് അണുബാധയാണ്. ചെവിവേദനയും ചെവിയുടെ പുറകിൽ നീരും ആണ് ലക്ഷണങ്ങൾ.

ചെവിപരിശോധനയിൽ നീരും ദശവളർച്ചയും കണ്ടാൽ സിടി സ്കാൻ പരിശോധന നടത്തുന്നു. അണുബാധ വേർതിരിച്ചറിയാൻ കൾച്ചർ പരിശോധനയുമുണ്ട്. ആന്റിബയോട്ടിക് കുത്തിവയ്പാണ് ചികിത്സ. ആരംഭത്തിലേ ചികിത്സിച്ചാൽ രോഗിയെ രക്ഷപ്പെടുത്താം.

∙ ബാലൻസ് തകരാറുകൾ– ആന്തരകർണത്തിലെ സെമി സർക്കുലർ കനാലുകളാണ് ശരീരത്തിന്റെ ബാലൻസ് കാക്കുന്നത്. അതിനു നാശം സംഭവിക്കുമ്പോഴാണ് ബാലൻസ് നഷ്ടമാകുന്നത്. തുടർന്നു തലചുറ്റൽ, മനംമറിയൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു.

ശരീരബാലൻസിനായുള്ള ഘടനകൾ ഉൾക്കൊള്ളുന്ന അറയ്ക്കുണ്ടാകുന്ന നീർവീക്കം (ലാബ്രിൻതൈറ്റിസ്), ചില മരുന്നുകൾ, ആന്തരകർണവും തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡിക്കുണ്ടാകുന്ന തകരാറുകൾ എന്നിവയെല്ലാം ഇതിനു കാരണമാകും. തലയുടെ സ്ഥാനം മാറുന്നതനുസരിച്ച് തലകറക്കം വരുന്നതിന് ബിനൈൻ പൊസിഷനൽ വെർട്ടിഗോ (ബിപിവി) എന്നാണു പറയുക. മരുന്നു കൊണ്ട് രോഗലക്ഷണങ്ങൾ കുറയ്ക്കാം. എങ്കിലും പ്രധാനചികിത്സ വെസ്റ്റിബ്യുലാർ വ്യായാമങ്ങളാണ്. പ്രായമായവരിലും തലയ്ക്ക് ക്ഷതമേറ്റിട്ടുള്ളവരിലുമാണ് പ്രധാനമായും ബിപിവി കണ്ടുവരുന്നത്.

ഇതിനു സമാനമായ ലക്ഷണമുള്ള രോഗമാണ് മീനിയേഴ്സ് ഡിസീസ്. ആന്തരകർണത്തിലെ ദ്രാവകത്തിന്റെ അളവു പെട്ടെന്നുവർധിക്കുന്നതു മൂലം മർദം ഉയർന്ന് തലകറക്കവും ചെവിയടപ്പും മൂളലും ഛർദിയുമുണ്ടാകുന്നു. ഈ രോഗമുള്ളവർക്ക് കേൾവിക്കുറവും സംഭവിക്കാം.

∙ ഒാട്ടോസ്ക്ലീറോസ്സ്– ചെവിയിലെ സ്റ്റേപ്പിസ് ഉൾപ്പെടെയുള്ള എല്ലുകൾ കട്ടിപിടിക്കുന്ന അവസ്ഥയാണിത്. ഈ രോഗാവസ്ഥ മൂലം കേൾവിനഷ്ടം വരെ സംഭവിക്കാം. 15–17 വയസ്സിൽ പെൺകുട്ടികൾക്ക് ഇത് സാധാരണ വരാറുണ്ട്. ഗർഭകാലത്തും ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. സ്റ്റേപ്പിസിന്റെ കട്ടിപിടിച്ച ഭാഗങ്ങൾ നീക്കി കൃത്രിമഭാഗം വയ്ക്കുകയാണ് ഇതു പരിഹരിക്കാനുള്ളപോംവഴി. സ്റ്റേപ്പിഡെക്റ്റമി എന്നാണ് ഈ ശസ്ത്രക്രിയയ്ക്കു പറയുന്നത്.

കേൾവിപ്രശ്നങ്ങൾക്ക് ആരെ കാണണം?

∙ കേൾവിപ്രശ്നങ്ങൾ– കേൾവിപ്രശ്നങ്ങൾക്ക് ഒാഡിയോളജിസ്റ്റിനെയാണോ ഇഎൻടി ഡോക്ടറെയാണോ കാണേണ്ടതെന്നു പലർക്കും സംശയമുണ്ട്. ആദ്യം തന്നെ ഒരു ഇഎൻടി ഡോക്ടറെ കാണുക. മെഡിക്കൽ കാരണം അല്ലാതുള്ള കേൾവിക്കുറവ് ( ഉദാ–വാർധക്യാനുബന്ധിയായ കേൾവിക്കുറവ്) ആണെങ്കിൽ ഡോക്ടർ ഒാഡിയോളജിസ്റ്റിനെ കാണാൻ നിർദേശിക്കും. അവർ പരിശോധന നടത്തി കേൾവിനഷ്ടം ഉണ്ടോയെന്ന് ഉറപ്പാക്കും. ഒാരോരുത്തർക്കും അനുയോജ്യമായ ഹിയറിങ് എയ്ഡുകൾ തിരഞ്ഞെടുത്തു നൽകുന്നതും ഇവർ തന്നെ. കേൾവി നഷ്ടത്തിനു പിന്നിൽ മെഡിക്കൽ കാരണങ്ങളാണെങ്കിൽ തുടർ പരിശോധനകൾ നടത്തുന്നതും ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തി കേൾവിക്കുറവ് പരിഹരിക്കുന്നതും ഇഎൻടി ഡോക്ടർമാരാണ്.

മൂക്ക്– അണുബാധയും ദശവളർച്ചയും

മൂക്കിന് 7.5 സെന്റിമീറ്റർ നീളമുണ്ട്. സാധാരണഗതിയിൽ മൂക്ക് പരിശോധിക്കുമ്പോൾ വളരെ ചെറിയൊരു ഭാഗം മാത്രമേ കാണാനാവുകയുള്ളു. സൈനസിന്റെയൊക്കെ ആരംഭഭാഗം പോലും വ്യക്തമാകില്ല. മൂക്കിനുൾവശം വ്യക്തമായി കാണണമെങ്കിൽ ഇഎൻടി ഡോക്ടറെ കണ്ട് നേസൽ എൻഡോസ്കോപി പരിശോധന ചെയ്യേണ്ടിവരും. ചെലവു കുറഞ്ഞതും ലളിതവുമായ ഈ പരിശോധന മൂക്കിലെ മിക്കവാറും രോഗാവസ്ഥകളേക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ സഹായിക്കും.

മൂക്ക് സംബന്ധമായ എന്തൊക്കെ പ്രശ്നങ്ങൾക്ക് ഇഎൻടി ഡോക്ടറെ കാണണമെന്നു നോക്കാം.

∙ മൂക്കിൽ അന്യവസ്തുക്കൾ പോയാൽ– തൊട്ടടുത്തുള്ള ആശുപത്രിയിലല്ല, ഇഎൻടി ഡോക്ടർ ഉള്ള ആശുപത്രിയിലാണ് പോകേണ്ടത്. പ്രഥമശുശ്രൂഷകൾക്കു നിൽക്കാതെ ഒരു ഇഎൻടി ഡോക്ടറെ കാണുകയാണ് ഉചിതം. സ്വയം എടുക്കാൻ ശ്രമിച്ചാൽ മൂക്കിലെ വസ്തു കൂടുതൽ ഉള്ളിലേക്കു പോയി ശ്വാസനാളത്തിലേക്കു കടക്കാൻ സാധ്യതയുണ്ട്.

∙ സൈനസൈറ്റിസ്– മൂക്കിനു സമീപത്തായുള്ള വായു അറകളാണ് സൈനസുകൾ. ഈ സൈനസുകളിൽ ബാക്ടീരിയയോ വൈറസോ ഫംഗസോ മൂലം ഉണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസ്. തലവേദന, പനി, മൂക്കൊലിപ്പ് എന്നിവയോടൊപ്പം മൂക്കിന്റെ ഏതുഭാഗത്തെ സൈനസിലാണോ അണുബാധ, അതിനോടനുബന്ധിച്ചുള്ള ലക്ഷണങ്ങളും കാണുന്നു. ബാക്ടീരിയ മൂലമുള്ള സൈനസൈറ്റിസിന് ആന്റിബയോട്ടിക്കുകൾ മതിയാകും. വൈറൽ സൈനസൈറ്റിസിന് ലക്ഷണമനുസരിച്ചുള്ള മരുന്നുകളും.

സൈനസൈറ്റിസിന് സാധാരണഗതിയിൽ ഫിസിഷന്റെ ചികിത്സ മതി. എന്നാൽ ചില സാഹചര്യങ്ങളിൽ ഇഎൻടി ഡോക്ടറെ കാണേണ്ടി വരാം. ഉദാഹരണത്തിന് മരുന്നു കഴിച്ചിട്ടും ലക്ഷണങ്ങൾക്ക് ഒരു മാറ്റവുമില്ലെന്നു കരുതുക. നാസാദ്വാരങ്ങളുടെ ഉൾവശവും അവയും സൈനസുമായി ബന്ധപ്പെടുന്ന ഭാഗവും പരിശോധിക്കണമെങ്കിൽ നാസോഫാരിങ്ഗോസ്കോപോ സൈനോ നേസൽ എൻഡോസ്കോപോ വേണം. സൈനസ് ഫ്ലൂയിഡ് എടുത്ത് കൾച്ചർ പരിശോധന നടത്തിയാൽ ഏത് തരം അണുബാധയാണ് സൈനസിനു പിന്നിലെന്ന് അറിയാനും അതനുസരിച്ച് ചികിത്സിക്കാനുമാകും. അതല്ലെങ്കിൽ സി ടി സ്കാൻ പരിശോധന വേണ്ടിവരും.

∙ മൂക്കിലെ ദശവളർച്ച (പോളിപ്പുകൾ)– അലർജിയാണ് അടിസ്ഥാനകാരണം. അടിക്കടിയുള്ള അലർജി മൂലം ശ്ലേഷ്മസ്രവത്തിന് അണുബാധയുണ്ടായി മൂക്കിനുള്ളിലെ സ്തരത്തിനു നീർവീക്കം സംഭവിക്കുന്നു. ഇതു പതിയെ ദശവളർച്ചയായി മാറുന്നു. അലർജിയുള്ള എല്ലാവർക്കും ദശവളർച്ച വരണമെന്നില്ല. മുതിർന്നവരിലും കുട്ടികളിലും ഈ പ്രശ്നം കണ്ടുവരുന്നു. ജലദോഷം, തുമ്മൽ, തലവേദന, തൊണ്ടയിലൂടെ കഫം ഒലിച്ചുവരിക, ദശവളർച്ചമൂലം മൂക്കടഞ്ഞ് മണം അറിയാനാകാതെ വരിക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകാം. എൻഡോസ്കോപി പരിശോധന വഴി ദശവളർച്ച എത്രമാത്രമുണ്ടെന്നു വ്യക്തമായി അറിയാം.

ആദ്യഘട്ടങ്ങളിൽ സ്റ്റിറോയ്ഡ് നേസൽ സ്പ്രേയൊ ആന്റിഹിസ്റ്റമിൻ മരുന്നുകളോകൊണ്ട് അലർജി നിയന്ത്രിച്ചുനിർത്താം. എന്നാൽ, ഫംഗൽ അണുബാധകൊണ്ടുള്ള ദശവളർച്ചയാണെങ്കിൽ അത് മറ്റിടങ്ങളിലേക്ക് വ്യാപിക്കും മുൻപേ ആദ്യംതന്നെ നീക്കം ചെയ്യണം. സിടി സ്കാൻ പരിശോധനവഴി ഫംഗസ് അണുബാധയാണോ എന്നറിയാൻ പറ്റും. ദശനീക്കാൻ എൻഡോസ്കോപിക് സൈനസ് സർജറി ചെയ്യുന്നു. ഡീബ്രൈഡർ (Debrider) ഉപയോഗിച്ചുള്ള ശസ്ത്രക്രിയയും പ്രചാരത്തിലുണ്ട്.

∙ രക്തസ്രാവം– മുഖത്തുണ്ടാകുന്ന ചെറിയ ക്ഷതങ്ങൾ, പാലത്തിന്റെ വളവ്, ജലദോഷം പോലുള്ള അണുബാധകൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങി അന്തരീക്ഷമർദ്ദത്തിലെ വ്യതിയാനം വരെ ചെറുതും വലുതുമായ ഒട്ടേറെ കാരണങ്ങളാൽ മൂക്കിലൂടെ രക്തം വരാം. മൂക്കിന്റെ വശങ്ങളിൽ അൽപനേരം ഐസ് പാക്ക് അമർത്തിവച്ചാൽ തന്നെ രക്തം വരവ് നിലയ്ക്കും. വീണ്ടും ഇടയ്ക്കിടെ രക്തസ്രാവം കണ്ടാൽ തുടർപരിശോധനകൾ നടത്തി സാരമായ തകരാറുകളില്ലെന്ന് ഉറപ്പുവരുത്തണം.

കുട്ടികളിലെ അഡിനോയ്ഡ്

കുട്ടികളിലെ അണുബാധകളെ പ്രതിരോധിക്കാനുള്ള സംവിധാനമാണ് അഡിനോയിഡുകൾ. ആറു വയസ്സാകുമ്പോഴേക്കും അവ ചുരുങ്ങിച്ചെറുതായി പോകാറാണ് പതിവ്. എന്നാൽ, ചിലപ്പോൾ അണുബാധ മൂലം അഡിനോയ്ഡ് വലുതായി യൂസ്റ്റേഷ്യൻ നാളിയെ ഞെരുക്കുന്നു. ഇതുമൂലം, മൂക്കിലൂടെ ശ്വാസം എടുക്കാൻ പ്രയാസമാകും. കൂർക്കംവലിക്കാം. മൂക്ക് എപ്പോഴും ഒലിച്ചുകൊണ്ടിരിക്കും. പല്ല് നിരതെറ്റാനോ മുന്നോട്ട് ഉന്താനോ സാധ്യതയുണ്ട്. ചെവിയിലും പ്രശ്നങ്ങൾ ഉണ്ടാകും. ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സ. മരുന്നു ഫലം ചെയ്യുന്നില്ലെങ്കിലോ കുട്ടി ഇടയ്ക്കിടെ അസുഖബാധിതനാകുന്നുണ്ടെങ്കിലോ അഡിനോയ്ഡ് എടുത്തുകളയേണ്ടിവരും. കുട്ടികളുടെ മൂക്കിലെ ദശ അലിയിച്ചു കളയാം എന്നു പറയാറുണ്ട്. കോബ്ലേഷൻ എന്ന രീതി ഉപയോഗിച്ച് അഡിനോയ്ഡ് ദശ നീക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ബൈപോളാർ റേഡിയോഫ്രീക്വൻസി ഊർജം ഉപയോഗിച്ച് കലകളെ നീക്കുന്ന രീതിയാണിത്.

തൊണ്ടയും നാവും

∙ ഫാരിൻജൈറ്റിസ്–അണുബാധ, അലർജി തുടങ്ങി അസിഡിറ്റി വരെ ഫാരിങ്ജൈറ്റിസിനു കാരണമാകാം. തൊണ്ടവേദനയാണ് പ്രധാനലക്ഷണം. തുടരെത്തുടരെയുള്ള തുമ്മലും മൂക്കൊലിപ്പും കൂടിയുണ്ടെങ്കിൽ അലർജി മൂലമുള്ള ഫാരിങ്ജൈറ്റിസാകാം. ഇവരിൽ അലർജി നിയന്ത്രിക്കാനുള്ള മരുന്നുകളും നൽകും.

∙ ടോൺസിലൈറ്റിസ്– തൊണ്ടയുടെ രണ്ടുവശത്തുമായുള്ള ഗ്രന്ഥികളാണ് ടോൺസിലുകൾ. തൊണ്ടയിലേക്കു കടക്കുന്ന രോഗാണുക്കളെ ഫിൽറ്റർ ചെയ്തുമാറ്റി ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടുകയാണ് ടോൺസിലിന്റെ പങ്ക്. എന്നാൽ, ഇവയ്ക്കും അണുബാധകൾ വരാം.

ടോൺസിൽ ചുവന്ന് വിങ്ങിവീർത്ത് ഭക്ഷണം ഇറക്കാൻപോലും പ്രയാസമനുഭവപ്പെടാം. കടുത്ത പനിയുമുണ്ടാകും. കുട്ടികളിൽ വളരെ സാധാരണമായി കണ്ടുവരുന്നു. ടോൺസിലൈറ്റിസ് ആവർത്തിച്ചുവരുകയാണെങ്കിൽ ടോൺസിലെക്ടമിയോ കോബ്ലേഷൻ രീതിയോ വഴി നീക്കം ചെയ്യുന്നതാണ് ഗുണകരം.

∙ തൊണ്ടയിലെ രോഗങ്ങൾ എന്നു പറയുമ്പോൾ അതിൽ നാവിനുണ്ടാകുന്ന രോഗങ്ങളും പറയണം. കാരണം നാവും തൊണ്ടയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാവിനുണ്ടാകുന്ന നിറംമാറ്റവും പൂപ്പലും , വെളുത്തപാടുകൾ, നിറവ്യത്യാസം, വിണ്ടുകീറൽ എന്നിവയെല്ലാം ഇഎൻടി വിദഗ്ധർ ചികിത്സിക്കുന്നു. വലുപ്പം കൂടിയ നാക്കുള്ളവരിൽ അത് പുറകിലേക്ക് വീണ് ശ്വാസതടസ്സം ഉണ്ടാകാം. അങ്ങനെയുള്ളപ്പോൾ നാവിന്റെ വലുപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയ വേണ്ടിവരും.

ശബ്ദപ്രശ്നങ്ങൾക്ക് ലാരിങ്ഗോളജിസ്റ്റ്

∙ശബ്ദപ്രശ്നങ്ങൾ– സ്വനതന്തു (Vocal cord) വിലുണ്ടാകുന്ന വ്രണമോ മുറിവോ പോലുള്ള ലളിതമായ പ്രശ്നങ്ങൾ മുതൽ സ്വനപേടകത്തിനു വരുന്ന ടിബി, അർബുദം എന്നിവ സ്വരവ്യത്യാസത്തിനു കാരണമാകാം. സ്വരവ്യത്യാസം, വേദന എന്നിവ രണ്ടു മൂന്നാഴ്ചയായിട്ടും മാറുന്നില്ലെങ്കിൽ ഇഎൻടിയെയോ ലാരിങ്ഗോളജിസ്റ്റിനെയോ കാണിക്കാം. സ്വനപേടകത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വൈദഗ്ധ്യം ലഭിച്ച ലാരിങ്ഗോളജിസ്റ്റുകൾ ലാരിങ്ഗോസ്കോപി ഉപയോഗിച്ച് രോഗനിർണയം നടത്തുന്നു. സ്വനതന്തുവിലുണ്ടാകുന്ന ദശവളർച്ചകളിലും മറ്റും അതിസൂക്‌ഷ്മമായ മൈക്രോ ലാരിങ്ജൽ ശസ്ത്രക്രിയ ചിലപ്പോൾ വേണ്ടിവരും.

സ്വനതന്തുവിലുണ്ടാകുന്ന കുരുക്കൾ, വിക്ക്, നാവിനു കെട്ടുവീഴുക (ടങ് ടൈ) എന്നിവയ്ക്കെല്ലാം ഇഎൻടി വിദഗ്ധരെ കാണാം. ടങ് ടൈ പോലുള്ള പ്രശ്നങ്ങളിൽ ശസ്ത്രക്രിയാപരിഹാരത്തിനു ശേഷം സംസാരം ശരിയാക്കാൻ സ്പീച്ച് തെറപ്പിസ്റ്റിന്റെ കൂടി സഹായം വേണ്ടിവരും.

ഇഎൻടി ഡോക്ടർ ചികിത്സിക്കുന്ന അസിഡിറ്റി

ഒറ്റനോട്ടത്തിൽ ഇഎൻടി പ്രശ്നമാണെന്നു തോന്നാത്ത ചില രോഗങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് തൊണ്ടയെ ബാധിക്കുന്ന റിഫ്ലക്സ് പ്രശ്നമായ ലാരിങ്ഗോ ഫാരിൻജൽ റിഫ്ലക്സ് ഡിസീസും സ്ലീപ് അപ്നിയ എന്ന ഉറക്കത്തിൽ നിന്നും ശ്വാസംമുട്ടി ഉണരലും.

∙ ലാരിങ്ഗോ ഫാരിൻജൽ റിഫ്ലക്സ് ഡിസീസ്– തൊണ്ടയിൽ ഒരുതരം പൊള്ളുന്നതുപോലുള്ള അനുഭവവുമായി പലരും ഇഎൻടി ഡോക്ടറുടെ അടുത്തെത്താറുണ്ട്. സാധാരണ ഗാസ്ട്രോഈസോഫാഗൽ റിഫ്ലക്സ് രോഗമുള്ളവരിലാണ് ഈ പ്രശ്നമുണ്ടാകാറ്. ആമാശയത്തിലുണ്ടാകുന്ന ദഹനരസങ്ങൾ അന്നനാളത്തിലൂടെ തൊണ്ടയിലേക്കു തികട്ടിവരുന്നതാണ് പൊള്ളാൻ കാരണം.

അമിതവണ്ണമുള്ളവർ, പ്രായമായവർ, അമിതമായ ടെൻഷനുള്ളവർ എന്നിവർക്ക് ഈ പ്രശ്നത്തിനുള്ള സാധ്യത കൂടുതലാണ്. ആദ്യഘട്ടത്തിൽ അസിഡിറ്റി കുറയ്ക്കാനാവശ്യമായ ജീവിതശൈലീമാറ്റങ്ങളും മരുന്നുകളും മതിയാകും. മാറാതെ നിന്നാൽ ഗ്യാസ്്ട്രോ എന്ററോളജിസ്റ്റിനെ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണം.

∙ സ്ലീപ് അപ്നിയ– ഉറക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനമാണ് ഉറക്കത്തിനിടയിൽ ശ്വാസംമുട്ടി എഴുന്നേൽക്കുന്ന സ്ലീപ് അപ്നിയ. മൂക്ക്, തൊണ്ട എന്നിവയുടെ ഘടനാ തകരാറോ ടോൺസിൽ ഗ്രന്ഥിയുടെ വീക്കമോ താടിയെല്ലിന്റെ തകരാറോ ഒക്കെ കാരണം ഉറക്കത്തിൽ ശ്വാസംമുട്ടൽ ഉണ്ടാകാം.

ശ്വാസംമുട്ടലിന്റെ കാരണം കണ്ടുപിടിക്കുന്നതും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ പരിഹരിക്കുന്നതും ഇഎൻടി ഡോക്ടർമാരാണ്. ചികിത്സയ്ക്ക് മുൻപ് സ്ലീപ് സ്റ്റഡിക്കായി പൾമണോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജോൺ മത്തായി
റിട്ട. പ്രഫസർ, ഇഎൻടി വിഭാഗം മെഡി. കോളജ്, കോട്ടയം
കൺസൽറ്റന്റ് കിംസ്
ഹോസ്പിറ്റൽ, കോട്ടയം